top of page

വി. ഫ്രാൻസിസ് അസ്സീസി

Oct 4, 2025

2 min read

സാബു എടാട്�ടുകാരന്‍
St Francis of Assisi with a halo interacts gently with a wolf in a pastoral scene, under a tree with flowers, creating a serene, harmonious mood.

വി. ഫ്രാൻസിസ് അസ്സീസിയെപ്പോലെ ക്രൈസ്തവരേയും ലോകത്തേയും സ്വാധീനിച്ച അധികം പേർ ഉണ്ടായിട്ടില്ല. ഇന്നും അദ്ദേഹത്തെ മാതൃകയാക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. തുറന്ന പുസ്തകമായിരുന്ന അദ്ദേഹത്തെ മറ്റോരു സുവിശേഷമായി കരുതാം. സർവ്വ ജീവജാലങ്ങളേയും സഹോദരനും സഹോദരിയുമായി കാണുവാനുള്ള കൃപ അദ്ദേഹത്തിനു സിദ്ധിച്ചിരുന്നു. പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുവാനുള്ള ഭാഷയും ദൈവം അദ്ദേഹത്തിനു കൊടുത്തിരുന്നു. ഒരു കുഷ്ഠരോഗിയെ ശുശ്രൂഷിക്കുമ്പോൾ പോലും അതു യേശുവാണെന്ന് ചിന്തിച്ച വിശുദ്ധൻ. രണ്ടാം ക്രിസ്തുവെന്ന് ലോകം വിളിച്ച വിശുദ്ധൻ.


അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.


തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം, ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.


തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരെ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'നിസ്സാര സഹോദര സംഘം' (Order of Friars Minor) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി.

വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം.

.

പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഫ്രാൻസിസിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും(പഞ്ചക്ഷതം) ആദ്യമായി ലഭിച്ചത്‌ എന്ന് വിശ്വസിക്കപ്പെടുന്നു . 1224-ൽ ആയിരുന്നു ഇത്.


ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.


കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം, 1228 ൽ ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


തിരുനാളായി വിശുദ്ധനെ സഭ വണങ്ങുന്നത് - ഒക്ടോബർ നാലിനാണ്.


അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രാർത്ഥന നമുക്കെന്നും ചൊല്ലാം :-


കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻ്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും,

സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും,

അന്ധകാരമുള്ളിടത്ത് പ്രകാശവും,

സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും,

മനസ്സില്ലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുവാനും,

സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.

എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.

ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്.

മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്.

ആമ്മേൻ .

Recent Posts

bottom of page