top of page

എൻ്റെ ഫ്രാൻസീസ്

Oct 4, 2001

2 min read

സച്ചിദാനന്ദന്‍

St Francis poem by Satchitanandan

സെൻ്റ് ഫ്രാൻസീസിനേക്കുറിച്ച് ഞാനാദ്യമായറിയുന്നത് സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുത്ത 'അസ്സീസിയിലെ പുണ്യവാളൻ' എന്ന ലഘുഗ്രന്ഥത്തിൽ നിന്നാണ്. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ മാത്യ എം. കുഴിവേലിയുടെ 'ബാലൻ' പ്രസിദ്ധീകരണങ്ങളിലൊന്നായിരുന്നു ആ ജീവചരിത്രം. അന്ന് എൻ്റെ ചെറുമനസ്സിൽ പതിഞ്ഞ അസ്സീസിയുടെ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. ശിരസ്സിലും ചുമലിലും പക്ഷികളെ ഏറ്റി പ്രിയ മൃഗ ങ്ങളാൽ വളയപ്പെട്ട പുണ്യവാളന്റെ വിശുദ്ധ ബിംബം. ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ഞാൻ ആ വിഗ്രഹം മനസ്സിൽ കൊണ്ടു നടന്നു. മാർക്‌സിയൻ രീതിയിലുള്ള ഒരു സാമൂഹ്യ സംക്രമണത്തിൻ്റെ വക്താവായിരുന്ന വർഷങ്ങളിൽപോലും അതിന് ഇളക്കം തട്ടിയിട്ടില്ലെന്നതിന്ന് തെളിവാണ് ആ കാലഘട്ടങ്ങളിൽ എഴുതിയ 'ഫ്രാൻസീസ്' എന്ന കവിത. ആ കവിതയിൽ ഫ്രാൻസീസ് പീഡിതരുടെ സ്വപ്‌നമായി മാറുന്നു. ഒരു ഏകഭാഷണമാണ് കവിത.


"ഞാൻ അസ്സീസിയിലെ ഫ്രാൻസീസ്,

ഇല കൾക്കൊപ്പം വിടരുന്നവൻ,

വേരു കൾക്കൊപ്പം പടരുന്നവൻ,

പൂക്കളിൽ മണക്കുന്നവൻ,

പഴങ്ങളിൽ മധുരിക്കുന്നവൻ.

ഭൂമി മുഴുവൻ എൻ്റെ മുറ്റം.

മല എൻ്റെ മുത്തച്ഛൻ, എന്നെ മുതുകിലേറ്റി ഓമനിച്ചു:

മഴ, എൻ്റെ മുത്തശ്ശി, എന്നെ കുളിരുകൊണ്ടു പുതപ്പിച്ചു.

എൻ്റെ അമ്മ കാട്, അവൾ എനിക്ക് തണലും കനിയും തന്നു;

എൻ്റെ അച്ഛൻ കാറ്റ്, അവൻ എന്നെ ഉലകം മുഴുവൻ കാട്ടിത്തന്നു.

ചന്ദ്രൻ എന്നെ സ്വ‌പ്നം കാണിച്ചുറക്കി,

സൂര്യൻ എന്നെ തൊട്ടുവിളിച്ചുണർത്തി.

എൻ്റെ ചുമലിൽ പറന്നിരിക്കുന്നു,

പിറാക്കളും മേഘങ്ങളും,

എൻ്റെ മടിയിൽ തുള്ളിക്കളിക്കുന്നു

ചെന്നായ്ക്കുട്ടികളും തിരമാലകളും......"


ഇങ്ങനെയാണ് ഫ്രാൻസീസ് സ്വയമവതരിപ്പിക്കുന്നത്. പ്രകൃതിയുടെ മൂലകങ്ങളുമായുള്ള പുണ്യവാളൻ്റെ സമ്പൂർണ്ണ താദാത്മികമാണ് ഈ വരികളിൽ പ്രതി ഫലിപ്പിക്കുന്നത്. ഈ താദാത്മികത്വത്തിൽ നിന്നുളവാകുന്ന അത്ഭുത ശക്തിയാണ് പിന്നീടുള്ള വരികളിൽ:


"അലറുന്ന മൂന്ന കൊടുംകാറ്റിനെ

ഞാൻ സട തലോടി മെരുക്കുന്നു.

കടിഞ്ഞാൺ പൊട്ടിയ പ്രളയം

എനിക്ക് സവാരി യ്ക്കായി കുനിഞ്ഞുതരുന്നു.

കുതിച്ചുയരുന്ന കാട്ടുതീ എൻ്റെ നെടുവീർപ്പിൽ

വാൽ അകിട്ടിലാക്കി പിൻവാങ്ങുന്നു.

സോദരൻ മിന്നൽ എന്നെ കാൺകെ

വെള്ളികെട്ടിയ പത്തി താഴ്ത്തുന്നു.

സോദരി ജലം എന്റെ വിളി കേൾക്കെ

കുടമണി കിലുക്കി ഓടിയെത്തുന്നു."


എന്നാൽ ഈ ശക്തി മനുഷ്യരേയും മാറ്റുന്നതാണ്.

"അധികാരദാഹിയുടെ ഗർവ്വിഷ്‌ടമായ നെറ്റിയും

പ്രതികാരമോഹിയുടെ ചുട്ടുതിളയ്ക്കുന്ന രക്തവും

എൻ്റെ വിരൽ തൊട്ടാൽ തണുക്കുന്നു."

'ഊമയുടെ വാക്കും' 'കുരുടൻ്റെ കാഴ്ച'യുമാണ് ഇവിടെ ഫ്രാൻസീസ്;

ദെക്കാർത്തെയുടെ 'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് 'ഞാൻ നില നിൽക്കുന്നു' എന്ന വാക്യം അവൻ ഇങ്ങനെ തിരുത്തുന്നു:

'ഞാൻ സ്നേഹിക്കുന്നു

അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു.'

കവിത അവസാനിക്കുന്നത് അക്കാലത്തെ എന്റെതന്നെ സ്വ‌പ്നം പങ്കിട്ടുകൊണ്ടാണ്.


"എൻ്റെ തലോടലേറ്റ തോക്കുകൾ

വിശക്കുന്നവർക്കായി അപ്പം വർഷിക്കുന്നു

അദ്ധ്വാനിയുടെ വിയർപ്പെന്റേത്

അടിമയുടെ കുരിശെന്റേത്

തടവറയിലെ മൃതിയെന്റേത്

അടർക്കളത്തിലെ ബലിയെന്റേത്

ആയുധങ്ങളുടെ കലവറയൊഴിയുകയും

കടലേഴും ചോരയാൽ നിറയുകയും ചെയ്യുമ്പോൾ

നിങ്ങൾ എന്നിലേയ്ക്ക് വരും

നാം പണിയും പുതിയ യെരുശലേം

മരിച്ച ഓരോ മനുഷ്യനും മൃഗത്തിനും

ഓരോ കല്ല് കണ്ണീരിൽ പടുത്തുകൊണ്ട്

കിളിത്തൂവലുകളിൽ നാം പറക്കും

അന്യഗ്രഹങ്ങളിലേയ്ക്ക്

കതിർക്കുലകളും ഒലിവിലകളുമായി?'


'ഭാഷാപോഷിണി'യിൽ ആദ്യം പ്രസിദ്ധീകരിക്കുകയും 'കയറ്റം' എന്ന എൻ്റെ സമാഹാരത്തിൽ പിന്നീടുൾപ്പെടുത്തുകയും ചെയ്‌ത് ഈ കവിത എഴുതുമ്പോൾ ഞാൻ സെൻ്റ്. ഫ്രാൻസീസ് 'ചെന്നായ്' എന്ന പേരിൽ കുപ്രസിദ്ധനും ക്രൂരനുമായ കള്ളനേയും സംഘത്തേയും മെരുക്കുന്നത് ചിത്രീകരിക്കുന്ന ഒരു നാടകം... ഒരു പരമ്പരയിലെ ഒരു നാടകമാണിത്.... വിദ്യാർത്ഥികളെ വികാരവായ്‌പ്പോടെ പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നോർക്കുന്നു. പിന്നീട് "ഫ്രാൻസിസ്സനുഭവം" എനിക്കുണ്ടാകുന്നത് നിക്കോസ് കസൻദ്സക്കീസ്സിൻ്റെ 'സെയ്ൻ്റ് ഫ്രാൻസീസ്' എന്ന നോവൽ വായിക്കുമ്പോഴാണ്. കസൻദ്‌സാക്കിസിൻ്റെ ഇംഗ്ലീഷിൽ വന്നിട്ടുള്ള എല്ലാ കൃതികളും വായിച്ചിട്ടുള്ള എനിക്ക് ഈ നോവൽ തന്നത് വലിയൊരു വിശുദ്ധാനുഭൂതിയായിരുന്നു. ജോസഫ് മറ്റം മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്‌ത ഈ നോവലിനുള്ള പരിചായകത്തിൽ ആ അനുഭൂതിയുടെ പ്രതിഫലനമുണ്ട്. ഫ്രാൻസീസിൻ്റെ ഏതംശമാണ് എന്നെ കൂടുതൽ സ്‌പർശിച്ചതെന്ന് പറയുക പ്രയാസം. വിനയം, സർവ്വസ്യഷ്‌ടികളോടുമുള്ള ഉദാത്ത പ്രേമം, സമ്പൂർണ്ണമായ മനുഷ്യത്വം, മാംസത്തിൻ്റെ അന്ത്യപ്രലോഭനങ്ങളേയും കീഴടക്കാനുള്ള വിശുദ്ധ സമരം, അഹന്താ രഹിതമായ പരിത്യാഗം, പീഡനം, തപസ്സ്, അതിജീവനം.


കൊച്ചുകാലുകൾ കുലുക്കുന്ന മുയലും പൂവിട്ട ബദാംമരവും ഫ്രാൻസീസിന് സഹോദരനും സഹോദരിയുമാണ്. കല്ലും പുഴയും പോലെ അചേതനമെന്ന് കരുതപ്പെടുന്ന വസ്‌തുക്കളിലും അദ്ദേഹം പ്രപഞ്ചത്തിൻ്റെ നിറവുദർശിക്കുന്നു. ഫ്രാൻസീസ് പ്രാവുകളോട് ദൈവപ്രവചനം നടത്തുന്നിടത്ത് ഈ സമഭാവന യുടെ ഔന്നത്യം കാണാം. ഒരാൾക്ക് മാത്രമായി മോക്ഷമില്ലെന്ന ഫ്രാൻസീ സിൻ്റെ നിലപാട്, ജതകകഥകളിലെ ബുദ്ധൻ്റേതിന് സമമാണ്. അവസാനത്തെ ജീവിയും നിർവ്വാണം വരിക്കും വരെ താൻ വീണ്ടും വീണ്ടും ജനിച്ചു കൊണ്ടിരിക്കുമെന്ന് തഥാഗതൻ പറയുന്നുണ്ട്. 'അഹം' അവസാനിക്കാതെ 'പരനു'മായി താദാത്മ്യമില്ല. സ്വർഗ്ഗമെന്താണെന്ന് അദ്ദേഹം ഒരിടത്തുപറയുന്നുണ്ട്: സ്വർഗ്ഗം പൂർണ്ണമായ ആനന്ദമാണ്. "എന്നാൽ സ്വർഗ്ഗത്തിൽനിന്നു നോക്കുമ്പോൾ സ്വന്തം സഹോദരീസഹോദരന്മാർ നരകയാതന അനുഭവിക്കുന്നതാണ് കാണുന്നതെങ്കിൽ, എങ്ങനെ സുഖിക്കാനാകും?" എല്ലാവരും ഒന്നിച്ചേ രക്ഷപ്രാപിക്കൂ എന്നദ്ദേഹം പറയുന്നു. "ഭൂമിയുടെ മറ്റേ അറ്റത്ത് ഒരാൾ മരിക്കുമ്പോൾ നാമും മരിക്കുന്നു, ഒരാൾ രക്ഷപെടുമ്പോൾ നാമും രക്ഷപെടുന്നു." പ്രേമത്തിൻറേയും ഭക്തിയുടേയും മാർഗ്ഗമാണ് ഫ്രാൻസീസിൻ്റേത്. പാണ്ഡിത്യാഹങ്കാരത്തിൻ്റെയോ പ്രതികാര ദാഹത്തിൻ്റെയോ അല്ല.


വിശുദ്ധ ഫ്രാൻസീസ് എന്നെ സംബന്ധിച്ചിടത്തോളം, ക്രിസ്‌തു സന്ദേശത്തിൻ്റെ മനുഷ്യാകാരമാണ്. ഇതേ സന്ദേശം ബുദ്ധനിൽ ഞാൻ കണ്ടു; വലിയൊരളവോളം ഗാന്ധിയിലും. ആത്മീയ വികാസം നേടുംതോറും, ഭൗതികവാദത്തിൻ്റെ ഭീമപരാജയങ്ങൾ- സമഗ്രാധിപത്യം, യുദ്ധം, പരിസ്ഥിതിവിനാശം, ദാരിദ്ര്യം, ഭീകരവാദം- കണ്ടുനിൽക്കും തോറും ഫ്രാൻസീസിൻ്റെ സന്ദേശത്തിന് അർത്ഥ ഭാരം വർദ്ധിക്കുന്നു. ആദ്യത്തെ പരിസ്ഥിതവാദിയായി, സമാധാനവാദിയായി ജനാധിപത്യവാദിയായി ഞാൻ അദ്ദേഹത്തെ കാണുന്നു; അവയുടെയെല്ലാം ആഴമേറിയ ആത്മീയപ്രഭവവും ഞാൻ കാണുന്നു.


Recent Posts

bottom of page