top of page

പെരുന്നാളും തിരുനാളും

Nov 5, 2025

4 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്
പരിശുദ്ധ അമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുമായി അവരുടെ മുമ്പില്‍ ഓടിക്കൂടുന്നവരുടെ എണ്ണം കാണുമ്പോഴല്ല. മറിച്ച്, ദൈവൈക്യത്തിലെത്തുവാന്‍ അവരു താണ്ടിയ വഴികളറിഞ്ഞ് ആവഴി നടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്‍മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതു പോലെ തരണം ചെയ്യുവാനും സന്നദ്ധരായി, അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെ മാതാവിനെയും വിശുദ്ധരെയും മാതൃയാക്കുന്നവരാണ് 'തിരുനാളാ'ഘോഷിക്കുന്നത്.
Pope Francis prays before a crowned Madonna statue. Marble archway and flower arrangements in lit outdoor setting. Calm, reverent atmosphere.

ഇടവകപ്പെരുനാളിന് ഒരു ദിവസത്തെ സഹായം ചോദിച്ച് പരിചയമുള്ള ഒരു വികാരിയച്ചന്‍ വിളിച്ചു. അങ്ങനെ ഞാന്‍ പോയിട്ടില്ലാത്ത ആ സ്ഥലത്തു ചെല്ലാനിടയായി. കുര്‍ബ്ബാനയ്ക്കു മുമ്പ് ഒരു മണിക്കൂര്‍ കുമ്പസാരവും കുര്‍ബ്ബാനയ്ക്കിടയ്ക്ക് അരമണിക്കൂര്‍ പ്രസംഗവുമായിരുന്നു എന്‍റെ പങ്ക്. കുര്‍ബ്ബാന തുടങ്ങിയപ്പോള്‍ പ്രസംഗത്തിനു തയ്യാറാകാനായി ഞാന്‍ കുമ്പസാരം നിര്‍ത്തി. പെട്ടെന്നൊരു കണ്‍ഫ്യൂഷന്‍. മനസ്സില്‍ ചിട്ടപ്പെടുത്തിയിരുന്നത് പുണ്യവാന്മാരെപ്പറ്റി പ്രസംഗിക്കാനായിരുന്നെങ്കിലും കുമ്പസാരങ്ങളില്‍ ആവര്‍ത്തിച്ചുകേട്ട ഒരു പാപം, പരിശുദ്ധ മാതാവിനെപ്പറ്റി മറ്റുള്ളവരോട് 'മുട്ടത്തോട്' എന്നുപറഞ്ഞു നിന്ദിച്ചിട്ടുണ്ട് എന്നായിരുന്നതുകൊണ്ട് മാതാവിനെപ്പറ്റി പറയണമെന്നൊരു തോന്നല്‍. ആരോ പെന്തക്കോസ്തുകാര്‍ അവിടെ കയറിയിറങ്ങിയിട്ടുണ്ട് എന്നു വ്യക്തമായിരുന്നതു കൊണ്ട് പ്രസംഗം മാതാവിനെപ്പറ്റിയാക്കി.


മാതാവിന്‍റെ പേരില്‍ ആദിമ സഭയിലും തുടര്‍ന്നും പല വിവാദങ്ങളും ഉണ്ടാവുകയും കെട്ടടങ്ങുകയുമുണ്ടായിട്ടുണ്ടെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച 'മുട്ടത്തോട്' ഇന്നും വളരെ ലൈവാണ്. 1900-ല്‍ ചാള്‍സ് പര്‍ഹാം എന്ന അമേരിക്കക്കാരന്‍ തുടങ്ങിവച്ച 'പെന്തിക്കോസ്' എന്നു നമ്മള്‍ സാധാരണ വിളിക്കുന്ന പെന്‍റക്കൊസ്റ്റല്‍ പ്രസ്ഥാനം ഇന്നു ആയിരത്തിലേറെ വിഭാഗങ്ങളായി പല പേരുകളില്‍ ലോകത്തിന്‍റെ നാനാഭാഗത്തും പ്രചാരത്തിലുണ്ട്. അവയില്‍ പലതും ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും ശക്തമാണ്. നല്ല ആത്മീയ നിലവാരം പുലര്‍ത്തുന്ന ഗ്രൂപ്പുകള്‍ ആ പ്രസ്ഥാനത്തിലുണ്ടെങ്കിലും, അവരില്‍ ചിലതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളാണ്. അവരുടെ 'മിഷന്‍ പ്രവര്‍ത്തന'മേറെയും, അര്‍ത്ഥമറിയാതെ ആചാരങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്ന നമ്മുടെ സാധാരണ കത്തോലിക്കാ വിശ്വാസികളുടെ ഇടയിലാണ്. ഒറ്റനോട്ടത്തിനു സംശയം തോന്നാനിടയുള്ള നമ്മുടെ ചില ഭക്താനുഷ്ഠാനങ്ങളെയും കൂദാശകളെയും പറ്റിയൊക്കെ വലിയ ദൈവശാസ്ത്രജ്ഞരെപ്പോലെ അവരു വ്യാഖ്യാനിക്കുന്നതു കേട്ടാല്‍, അതിനെപ്പറ്റി ആധികാരികമായിട്ടു പഠിച്ചിട്ടുള്ള അച്ചന്മാരുപോലും അവരു പറയുന്നതല്ലേ കൂടുതല്‍ ശരി എന്നു ശങ്കിച്ചുപോകും!


ദൈവത്തിനല്ലേ പാപം മോചിക്കാന്‍ അധികാരമുള്ളു, പിന്നെന്തിനാണ് അച്ചന്‍റെ ചെവീല്‍ പോയി പറയുന്നത്? പള്ളീലും കുരിശടികളിലുമൊക്കെ വിശുദ്ധരുടെ സ്വരൂപം വയ്ക്കുന്നതു വിഗ്രഹാരാധനയല്ലേ? ദൈവപുത്രനു മനുഷ്യനായി അവതരിക്കാന്‍ തമ്പുരാന്‍ തെരഞ്ഞെടുത്ത വെറും സ്ത്രീയായ നസ്രത്തിലെ മേരി 'കുഞ്ഞുവിരിഞ്ഞിറങ്ങിയ വെറും മുട്ടത്തോടു പോലെയല്ലേയുള്ളു?' ഇങ്ങനെയൊക്കെ അവരു ചോദിക്കുമ്പോള്‍ സമാധാനത്തോടെ ജീവിച്ചുപോകുന്ന സാധാരണ വിശ്വാസികള്‍ അതിനൊന്നും ചെവികൊടുക്കില്ല. പക്ഷേ, അവരേതെങ്കിലും പ്രശ്നങ്ങളിലകപ്പെട്ടു സമാധാനം കെടുമ്പോളാണ് ഈ തീവ്രവാദികള്‍ അവിടെ കയറിക്കൂടുന്നത്. ഉദാഹരണത്തിന്, പള്ളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിനു തര്‍ക്കമുണ്ടാകുമ്പോള്‍, വികാരിയച്ചനുമായി എന്തെങ്കിലും ഉടക്കുണ്ടാകുമ്പോള്‍, ആരെങ്കിലും അച്ചന്മാര് എന്തെങ്കിലും അനാശാസ്യത്തിനു പിടിക്കപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍, നമ്മുടെ ഏതെങ്കിലും ആശുപത്രിയില്‍ കിടക്കേണ്ടിവന്നിട്ട് വമ്പന്‍ ബില്ലിന് ഒരിളവും കിട്ടാതെ വരുമ്പോള്‍, ഇതൊന്നുമല്ലെങ്കില്‍ അടുത്തകാലത്തു കണ്ടതുപോലെ സഭയില്‍ എന്തെങ്കിലും വിവാദങ്ങളും ശണ്ഠകളും ഉണ്ടാകുമ്പോള്‍, ചുരുക്കത്തില്‍ മനസ്സു ചഞ്ചലിച്ചിരിക്കുമ്പോള്‍ പലതിനെപ്പറ്റിയും ഉള്ളില്‍ സംശയങ്ങള്‍ പൊന്തിവന്നു തുടങ്ങും. ഈ തക്കംനോക്കിയാണ് ഈ പെന്തക്കൊസ്തു 'നല്ല ഇടയന്മാര്‍' വഴിതെറ്റിയ 'കുഞ്ഞാടുകളെ' തേടിയെത്തുന്നത്. കരുണാര്‍ദ്രമായ അവരുടെ സമീപനവും, തീക്ഷ്ണവും വികാര സാന്ദ്രവുമായ അവരുടെ പ്രാര്‍ത്ഥനകളും ആരിലും കൗതുകമുണര്‍ത്തും. അങ്ങനെ കളം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു പണി എളുപ്പമായി. ഉഴുതുമറിച്ച് ഈ വിശ്വാസികളുടെ ഉള്ളില്‍ ഉണ്ടായിരുന്ന സംശയങ്ങളെ അവര്‍ ഊതിപ്പെരുപ്പിക്കും, ഇല്ലാത്തവരിലേക്ക് അവര്‍ സംശയത്തിന്‍റെ വിത്തെറിയും, നനച്ചു വളമിട്ടുകൊടുക്കും.


കര്‍ത്താവിന്‍റെ തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ട നമുക്ക് വേറൊരു മദ്ധ്യസ്ഥന്‍റെ ആവശ്യമില്ല, സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് ഏറ്റുപറയുമ്പോള്‍ അവിടുന്നാണ് പാപങ്ങള്‍ ക്ഷമിക്കുന്നത്, അല്ലാതെ പള്ളീലിരിക്കുന്ന അച്ചനല്ല എന്നവരു പറയുമ്പോള്‍ അതു ശരിയാണെന്നു തോന്നും. മനുഷ്യനായി അവതരിക്കാന്‍ പിതാവായ ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു, അതു നസ്രത്തിലെ മേരി ആയിരുന്നു, അങ്ങനെയൊരു ഭാഗ്യം ലഭിച്ചു എന്നല്ലാതെ, യേശു ജനിച്ചുകഴിഞ്ഞ്, കുഞ്ഞുവിരിഞ്ഞ മുട്ടത്തോടുപോലെയല്ലാതെ മറിയത്തിന് എന്തുയോഗ്യത എന്നു ചോദിക്കുമ്പോള്‍, അതാണല്ലോ നേരെന്നു തോന്നും. മറിയത്തിന്‍റെയും വിശുദ്ധരെന്നു വിളിക്കുന്നവരുടെയും സ്വരൂപങ്ങള്‍ ഉണ്ടാക്കിവയ്ക്കുകയും അവയുടെ മുമ്പില്‍ തിരി കത്തിക്കുകയും, അവരോടു പ്രാര്‍ത്ഥിക്കുകയും, അവ എഴുന്നള്ളിച്ചു പ്രദിക്ഷണം നടത്തുകയും ചെയ്യുമ്പോള്‍ വിഗ്രഹങ്ങളെത്തന്നെയല്ലേ കത്തോലിക്കര്‍ ആരാധിക്കുന്നത് എന്നു വാദിക്കുമ്പോള്‍ അത് എത്രയോ ശരിയാണ് എന്നു സമ്മതിച്ചുപോകും. പിന്നെ എല്ലാം സ്തോത്രം, സ്തോത്രം.


എന്തുകൊണ്ടിങ്ങയൊക്കെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍, ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചു പറയുമ്പോള്‍ വേദപാഠ ക്ലാസില്‍ കുട്ടിക്കാലത്ത് കൂദാശകളെപ്പറ്റിയും തിരുസഭയുടെ കല്പനകളെപ്പറ്റിയുമൊക്കെ പഠിച്ചുവച്ചിട്ടുണ്ടെങ്കിലും പരമ്പരാഗതമായി കിട്ടിയതൊക്കെ കുട്ടിക്കാലം മുതല്‍ ആചരിച്ചുപോന്നു എന്നുള്ളതല്ലാതെ ഇതിനെപ്പറ്റിയൊന്നും കൂടുതല്‍ ചന്തിച്ചു നോക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ്. പുറമെ നിന്നുള്ള ഇത്തരം കടന്നുകയറ്റത്തെ പ്രതിരോധിച്ചതുകൊണ്ടു മാത്രമായില്ല, ഇതിനൊരു മറുവശംകൂടി ഉണ്ട് എന്നു മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു..


പരിശുദ്ധ അമ്മ ദേവതയുമല്ല, ദൈവതുല്യയുമല്ല. മാതാവിന് സ്വന്തമായ ശക്തിയുമില്ല. കാനായിലെ കല്യാണത്തിന് അമ്മ പറഞ്ഞത് അതിന്‍റെ ഏറ്റവും തികഞ്ഞ സാക്ഷ്യം: 'അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്നല്ലാതെ ഞാന്‍ പറയുന്നതു ചെയ്യുക എന്ന് അമ്മ പറഞ്ഞില്ല. പക്ഷേ മാതാവിനു ശക്തിയുണ്ട്, അത് അമ്മയ്ക്ക് മകനോടുള്ള, ഈശോയോടുള്ള, സ്നേഹത്തിന്‍റെ ശക്തിയാണ്. പറയാതെ തന്നെ സ്നേഹിക്കുന്നവരുടെ മനസ്സറിഞ്ഞ് ചെയ്തുകൊടുക്കുന്നതാണല്ലോ സ്നേഹത്തിന്‍റെ യഥാര്‍ത്ഥ ലക്ഷണം. മാതാവു കാനായില്‍ ചെയ്തത് അതായിരുന്നല്ലോ. ദൈവത്തോടു നേരിട്ടു പ്രാര്‍ത്ഥിച്ചാല്‍ ധാരാളംമതി, മാതാവിനോടു പ്രാര്‍ത്ഥിക്കണമെന്നു യാതൊരു നിര്‍ബ്ബന്ധവുമില്ല, എന്നിരുന്നാലും മാതാവിനോടും പ്രാര്‍ത്ഥിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. കാരണം സ്നേഹത്തില്‍ ഈശോയും മാതാവും ഐക്യത്തിലായതു കൊണ്ട് മാതാവിനോടു പ്രാര്‍ത്ഥിക്കുന്നവര്‍ ഈശോയോടു തന്നെയാണു പ്രാര്‍ത്ഥിക്കുന്നത്. വിശുദ്ധരും മാതാവിനെപ്പോലെ ദൈവവുമായി ഐക്യത്തിലായവരായതുകൊണ്ട് അവരോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ ദൈവത്തോടു തന്നെയാണു പ്രാര്‍ത്ഥിക്കുന്നത് എന്നും മനസ്സിലാക്കണം. ദൈവമല്ലെങ്കിലും ദൈവൈക്യത്തിലാരിക്കുന്നവരായതുകൊണ്ടാണ് മാതാവിനെയും വിശുദ്ധരെയും നമ്മള്‍ മദ്ധ്യസ്ഥരെന്നു വിളിക്കുകയും, വണങ്ങുകയും അവരോടു നമ്മള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.


പക്ഷേ, അറിവില്ലായ്മകൊണ്ട് ഈ മദ്ധ്യസ്ഥരെ ദൈവതുല്യരായിക്കരുതി ആരാധിക്കുന്നവരുണ്ട് നമ്മുടെയിടയില്‍. അതു വിഗ്രഹാരാധന തന്നെയാണ്. യാത്രപോകുമ്പോള്‍, മര്യാദയ്ക്കു വണ്ടിയോടിക്കാനുള്ള മനസാന്നിദ്ധ്യം തരണേ എന്നു തെരുവോരങ്ങളിലെ കുരിശുപള്ളികളിലെ പ്രതിഷ്ഠകളോടു പ്രാര്‍ത്ഥിക്കുന്നതു തീര്‍ച്ചയായും ഒരു വിശ്വാസിക്കു ചേര്‍ന്നതാണ്. പക്ഷെ, എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ 'വഴിപ്പിശാചായി' വന്നു വണ്ടിയപകടം ഉണ്ടാക്കുമെന്നു പേടിച്ചു വഴീല്‍കാണുന്ന കുരിശുപള്ളീല്‍ നേര്‍ച്ചയിടുകയും, ആ പുണ്യാളന്‍റെ 'റേഞ്ചു' തീരുന്നിടത്ത് അടുത്ത കുരിശടീലും ചില്ലറയിടുകയും ചെയ്യുമ്പോള്‍ അറിയാതെ നമ്മള്‍ വിഗ്രഹാരാധനയാണ് നടത്തുന്നത് എന്നു തിരിച്ചറിയണം. അമ്പ് എഴുന്നള്ളിച്ചില്ലെങ്കില്‍ സാംക്രമിക രോഗം അഴിച്ചു വിടുന്ന സെബസ്ത്യോനോസ് പുണ്യവാനും, നേര്‍ച്ച നിറവേറ്റിയില്ലെങ്കില്‍ പാമ്പിനെ വിട്ടു കടിപ്പിക്കുന്ന ഗീവര്‍ഗ്ഗീസു പുണ്യവാനും വിഗ്രഹങ്ങള്‍ തന്നെയാണ്. വരുമാനമുണ്ടാക്കാന്‍ വേണ്ടി എല്ലാ നാല്‍ക്കവലകളിലും കുരിശടികള്‍ പണിത് അവിടെ പുണ്യവാന്മാരുടെ സ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച് അവിടെ വാ തുറന്ന വലിയ നേര്‍ച്ചപ്പെട്ടികള്‍ വച്ച് അവരെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുമ്പോള്‍ അതും വിഗ്രഹാരാധനയുടെ മറ്റൊരു ഭാഷ്യമാണ് എന്നു നമ്മള്‍ എളിമയോടെ സമ്മതിക്കണം.


കത്തുന്ന തിരികളുടെ എണ്ണവും, ഒഴിക്കുന്ന എണ്ണയുടെ അളവും, പൊട്ടുന്ന അമിട്ടിന്‍റെ പ്രകമ്പനവും, പ്രദിക്ഷണ എഴുന്നള്ളത്തിന്‍റെ നീളവും, വന്നെത്തുന്ന ആള്‍ക്കൂട്ടത്തിന്‍റെ ബാഹുല്യവും, ചെണ്ട ബാന്‍റുമേളങ്ങളുടെ ആരവവും, നേര്‍ച്ചകഴിക്കുന്നവരുടെ എണ്ണവും, നിറഞ്ഞ നേര്‍ച്ചപ്പെട്ടികളുടെ കിലുക്കവും നോക്കി പെരുന്നാള്‍ ആഘോഷത്തിന്‍റെ മേന്മയളക്കുന്നവര്‍ വിഗ്രഹാരാധകരല്ലേ? പരിശുദ്ധഅമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുകളുമായി അവരുടെ മുമ്പില്‍ ഓടിക്കൂടുന്ന പതിനായിരങ്ങളെ കാണുമ്പോഴല്ല, മറിച്ച്, ദൈവൈക്യത്തിലെത്തുവാന്‍ അവരു താണ്ടിയ വഴികളറിഞ്ഞ് ആ വഴിനടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്‍ മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതുപോലെ തരണം ചെയ്യുവാനും സന്നദ്ധരായി അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെയുള്ളവര്‍ക്കു വേണ്ടി അവരു മാദ്ധ്യസ്ഥരാവുകയും ചെയ്യും.


പ്രസംഗംകഴിഞ്ഞപ്പോള്‍ അറിയിപ്പുകള്‍ക്കായി ബ. വികാരിയച്ചനെത്തി. അതു കുറെസമയമെടുക്കും എന്നുറപ്പായിരുന്നതിനാല്‍ കൊച്ചച്ചന്‍റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ സൈഡില്‍ മാറി ഇരുന്നയുടനെ കൊച്ചച്ചന്‍ കസേരയല്പം ചേര്‍ത്തിട്ടിട്ട് എന്നോടു സ്വരംതാഴ്ത്തി പറഞ്ഞു:


"ഞാനീ പറയുന്നതുകൊണ്ട് അച്ചനു വിഷമമുണ്ടായാല്‍ ക്ഷമിക്കണം. എങ്കിലും പറയാതിരിക്കാന്‍ പറ്റത്തില്ല. സാധാരണ പെരുനാളിന് അരമണിക്കൂര്‍ പ്രസംഗമുള്ളതാണ്. അച്ചന്‍ പത്തുമിനിറ്റേ പറഞ്ഞുള്ളു. അച്ചന്‍ പറഞ്ഞതു മുഴുവന്‍ ഞാനും അംഗീകരിക്കുന്നു, പക്ഷേ അത് ഒരുവശം മാത്രമായിപ്പോയി. പള്ളിപ്പെരുന്നാള്‍ എന്തൊക്കെയല്ല, എന്നച്ചന്‍ പറഞ്ഞു. പക്ഷെ, പെരുന്നാള്‍ എന്താണ് അല്ലെങ്കില്‍ എന്തായിരിക്കണം എന്നുകൂടി പറഞ്ഞുകൊടുക്കാന്‍ പറ്റിയ അവസരമായിരുന്നു. അതു വിട്ടുപോയി. എല്ലായിടത്തുമുള്ളതു പോലെ പെരുന്നാളിന്‍റെ പലപരിപാടികളെയും എതിര്‍ക്കുന്നവര്‍ ഇവിടെയുമുണ്ട്, അവരുടെ കൈയ്യിലെ വടിയായിരിക്കും അച്ചനിപ്പോള്‍ പറഞ്ഞതൊക്കെ. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ."


അച്ചന്‍ കസേര അകറ്റിയിട്ട് ഇരുന്നപ്പോള്‍ കുറ്റബോധംകൊണ്ട് എന്‍റെ നെഞ്ചിടിപ്പുകൂടി. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ എന്ന അവസാനത്തെ വാക്കുകളാണ് വല്ലാതെ കൊണ്ടത്. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപന പ്രാര്‍ത്ഥനയ്ക്കുമുമ്പ് കൊച്ചച്ചന്‍ മാന്യമായരീതിയില്‍ എങ്ങും തൊടാതെ, തിരുനാള്‍ സന്ദേശം നല്‍കിയ എനിക്കു നന്ദി പറഞ്ഞു കഴിഞ്ഞപ്പോള്‍, മറുപടി പറയാനെന്ന മട്ടില്‍ മൈക്ക് ഞാന്‍ എന്‍റെ മുമ്പിലേക്കു വലിച്ചുവച്ചു.


"സാധാരണ തിരുനാള്‍ കുര്‍ബ്ബാനമദ്ധ്യേ ഒരു സന്ദേശമെ ഉണ്ടാകാറുള്ളു. എന്നാല്‍ ഞാനതു രണ്ടാക്കാനുദ്ദേശിച്ചാണ് നേരത്തെ സമയം ചുരുക്കിയത്. നേരത്തെ ഞാന്‍ പറഞ്ഞത് ദഹിച്ചു കഴിഞ്ഞാലെ ഇനിയും പറയുന്നത് മനസ്സിലാകൂ. അതുകൊണ്ടാണ് രണ്ടാക്കിയത്. വിശുദ്ധരുടെയും മാതാവിന്‍റെയും വണക്കത്തിന് രണ്ടുമാനങ്ങളുണ്ട്. 'പെരുന്നാളും' 'തിരുനാളും'. വിശ്വാസ സമൂഹമെന്ന നിലയില്‍ ഇതു രണ്ടും നമുക്ക് ആവശ്യമാണ്. ഒരു വിശ്വാസ സമൂഹമായി, നാം വണങ്ങുന്ന വിശുദ്ധരുടെ ഓര്‍മ്മയുടെ ഒന്നുചേര്‍ന്നുള്ള ആഘോഷമാണ് 'പെരുന്നാള്‍'. ഈ 'പെരുന്നാളി'ന് അലങ്കാരവും, പ്രദക്ഷിണവും, വെടിക്കെട്ടും, നേര്‍ച്ചയുമൊക്കെ അനിവാര്യമാണ്. പക്ഷേ, നമ്മുടെ ശ്രദ്ധ 'പെരുന്നാളി'ല്‍ മാത്രമാകുമ്പോള്‍ അതിന്‍റെ ആരവവും തിമിര്‍പ്പും കഴിയുന്നതോടെ എല്ലാം അവസാനിക്കുന്നു.


പെരുന്നാളിനൊരു മറുപുറമുണ്ട്, അതാണ് 'തിരുനാള്‍'. പെരുനാളിന് കൊട്ടിഘോഷങ്ങളുടെയും ആരവത്തിന്‍റെയും സാമൂഹിക മാനമാണുള്ളതെങ്കില്‍ തിരുനാളിന് ആത്മീയതയുടെയും ആന്തരികതയുടെയും വ്യക്തിപരമായ മാനമാണുള്ളത്. ഇതുതമ്മില്‍ നമ്മള്‍ വേര്‍തിരിച്ചു കാണാത്തതുകൊണ്ടാണ് പെരുന്നാളിന്‍റെ ആര്‍ഭാടത്തില്‍ എല്ലാം അവസാനിക്കുന്നത്.


ഇടവകമദ്ധ്യസ്ഥയായ മാതാവിനെ വണങ്ങുവാന്‍, തിരി കത്തിച്ചും ജപമാലയെത്തിച്ചും സ്വരൂപമെഴുന്നള്ളിച്ചും പെരുനാള്‍ ആഘോഷിക്കുന്ന നമുക്ക് അതു തിരുനാളാഘോഷമാകണമെങ്കില്‍ അമ്മ ആഗ്രഹിക്കുന്നതെന്തെന്ന തിരിച്ചറിവുണ്ടാകണം. 'ഇതാ അങ്ങയുടെ ദാസി, അങ്ങേ ഹിതം പോലെ നിറവേറട്ടെ' എന്നു ജീവിതം തീറെഴുതിക്കൊടുത്ത നിമിഷം മുതല്‍, അവസാനം അടിച്ചുടച്ച് ആകൃതിപോലും നഷ്ടപ്പെട്ട പുത്രന്‍റെ മരവിച്ച ജഢം മടിയില്‍ ഏറ്റുവാങ്ങുമ്പോള്‍ പോലും എന്തുകൊണ്ടെന്നോടിതു ചെയ്തു എന്നു പരാതിപ്പെടാത്ത സമ്പൂര്‍ണ്ണ ദൈവാശ്രയത്തിന്‍റെ ഉദാത്ത മാതൃകയായ ഈ അമ്മയെ ഓര്‍മ്മിച്ചാല്‍, ആഘോഷങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും അമ്മ ആശ്രയവും തുണയുമാകും.


നീതിമാന്‍ എന്ന ഒരൊറ്റ വിശേഷണത്തില്‍ സുവിശേഷത്തിലൊതുങ്ങുന്ന, യേശുവിന്‍റെ ജീവിതത്തിന്‍റെ പിന്നണിയില്‍ ഒരു നിശ്ശബ്ദസാന്നിദ്ധ്യം മാത്രമായിരുന്ന യൗസേഫ് പിതാവ്, തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരനും, കരുതലിന്‍റെ ആള്‍ രൂപവും, അദ്ധ്വാനത്തിന്‍റെ ദൃഷ്ടാന്തവുമായിരുന്നു. ഈ യൗസേഫ് പിതാവിനെ മുന്നില്‍ വയ്ക്കുമ്പോള്‍ ജീവിതത്തിന്‍റെ നുകം മധുരവും, ഭാരം ലഘുവുമാകും.

ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന്‍റെ അന്തപ്പുരങ്ങളില്‍ മോഹിപ്പിക്കുന്ന സുഖവാസവും, റോമാ സാമ്രാജ്യത്തിലെ അധികാരത്തിന്‍റെ ഉച്ചകോടികളില്‍ വിരാജിക്കുവാനുള്ള ഓഫറുകളും മുന്നിലുണ്ടായിരുന്നപ്പോഴും യേശുവിനു വേണ്ടി ശരശയ്യ തെരഞ്ഞെടുത്ത വി. സെബസ്ത്യാനോസിന്‍റെ ജീവിതവും ജീവത്യാഗവും, സത്യവിശ്വാസം എല്ലാത്തലങ്ങളിലും ചവിട്ടി മെതിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെയുള്ളിലെ വിശ്വാസക്കനലുകളെ ഉജ്ജ്വലിപ്പിക്കും എന്നുറപ്പാണ്.


അനാരോഗ്യവും അവഗണനയും ആവലാതികളുടെ വിളനിലമാകാതെ, സഹനവും ത്യാഗവും ദൈവസ്നേഹത്തിനുള്ള വളക്കൂറാക്കിയ അല്‍ഫോന്‍സാമ്മ, സമര്‍പ്പിത ജീവിതം നയിക്കുന്നവര്‍ക്കു മാത്രമല്ല, ജീവിതത്തിലെ ഉത്തരമില്ലാത്ത ഏതു സമസ്യകളുമായി നീറിപ്പുകയുന്നവര്‍ക്കും സാന്ത്വന സ്പര്‍ശമാകും, ആശാ കിരണമാകും.


അതായത്, വിശുദ്ധരോടുള്ള വണക്കം പെരുന്നാളുകളെക്കാളുപരി, തിരുനാളുകളായി മാറുമ്പോള്‍ വിശ്വാസജീവിതത്തിന്‍റെ ഗുണനിലവാരം ഉയരുമെന്നര്‍ത്ഥം. ഇതാവണം നമ്മുടെ ലക്ഷ്യവും. ദൈവം ദാനമായി നമുക്കു തരുന്നത് ആയുസ്സും അവസരങ്ങളും, അവസരങ്ങളെ സഫലങ്ങളാക്കുവാനായി കുലുക്കിക്കൊള്ളിച്ച്, കവിഞ്ഞൊഴുകത്തക്കയളവില്‍ കൃപയുമാണ്. അതു വിനിയോഗിച്ചു വിജയിച്ചവരാണ് വിശുദ്ധര്‍. അവര്‍ നമ്മുടെ മാതൃകകളും മദ്ധ്യസ്ഥരുമാണ് എന്നോര്‍ക്കുക.

Every Saint had a Past and Every Sinner has a Future.

പെരുന്നാളും തിരുനാളും

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക, നവംബർ 2025

Nov 5, 2025

2

111

Recent Posts

bottom of page