

ഭാഗം ഒന്ന്
ആത്മീയത അടിമത്തമല്ല. എല്ലാ അടിമത്തങ്ങളില്‍നിന്നും മുക്തമായ അവസ്ഥയാണത്. ജീവിതത്തെ അതിന്‍റെ എല്ലാ നിറവോടുംകൂടി അനുഭവിക്കലാണത്. മനസ്സും ബുദ്ധിയും അതിന്‍റെ എല്ലാ അഹന്തകളില്‍ നിന്നും മുക്തമായി പരമ്പൊരുളിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍ വിടര്‍ന്നുവരുന്ന ഉണരലാണത്. അന്വേഷിച്ചന്വേഷിച്ചലയാതെ ജീവിച്ചു ജീവിച്ച് വീണു കിട്ടേണ്ട അനുഗൃഹീതമായ മഹനീയതയാണത്. എന്നാല്‍ ഇന്നത് മറ്റെന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു. ആത്മീയത അതിന്‍റെ സ്വത്വത്തില്‍ നിന്നും ഒത്തിരി ദൂരേക്ക് ഒഴുകിപ്പോയിരിക്കുന്നു. ജൈവികതയെല്ലാം ഒലിച്ചുപോയി ഉപയോഗശൂന്യമായ നിലം പോലെ അതു തരിശായി കിടക്കുകയാണ്. സൗമ്യവും ശാന്തവുമായി ഒഴുകിയെത്തി ഹൃദയത്തെ ധന്യമാക്കിയിരുന്ന ആ നദി വറ്റിവരളാന്‍ തുടങ്ങിയിരിക്കുന്നു. കണ്‍കോണിലെ നനവും സ്പര്‍ശത്തിലെ മൃദുത്വവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ആര്‍ദ്രമായ സാന്നിദ്ധ്യങ്ങള്‍ അപൂര്‍വ്വമായി വരുന്നു. നമുക്കിതെന്തുപറ്റി? എവിടേക്കാണ് നാം ഒഴുകുന്നത്?
മനുഷ്യന്‍റെ നടപ്പുശീലങ്ങളില്‍ നിന്നും ഒഴിഞ്ഞിരുന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യേണ്ട ആത്മീയതയെ കച്ചവടച്ചരക്കാക്കി മാറ്റിയ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയത്. ഹൃദയസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരേണ്ട ഉള്‍വെളിച്ചത്തിനു പകരം വിധേയത്വത്തിന്‍റെ ഇരുളറകളാണ് അതു നമ്മില്‍ രൂപപ്പെടുത്തിയത്. വിഭാഗീയതയുടെയും വൈരാഗ്യത്തിന്‍റെയും മാത്സര്യത്തിന്‍റെയും ഒരു ലോകമാണ് അതു നമുക്കു സംഭാവന ചെയ്തത്.
