top of page

സോഫിയ

5 days ago

2 min read

George Valiapadath Capuchin
Large historic building with domes and minarets, surrounded by fountains, green gardens, and pink flowers, under a clear blue sky.

ഹാഗിയ സോഫിയ എന്നാൽ "വിശുദ്ധ ജ്ഞാനം" എന്നാണർത്ഥം. ദൈവത്തിൻ്റെ വിശുദ്ധ ജ്ഞാനത്തിൻ്റെ ദേവാലയം എന്നാണ് ഔദ്യോഗിക നാമം. ജസ്റ്റീനിയൻ ചക്രവർത്തി 537-ൽ പണി ആരംഭിച്ചെങ്കിലും 560-ൽ ആണ് പണി പൂർത്തിയായി ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. അതിനിടെ 1054-ൽ പാശ്ചാത്യ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിലുള്ള വിഭജനം സംഭവിച്ചതിനെക്കുറിച്ച് മുമ്പ് രണ്ടുതവണ കുറിച്ചിട്ടുണ്ട്. അതിനു ശേഷം റോമൻ സഭയുടെ കുരിശുയുദ്ധ സൈന്യം നഗരത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും മറ്റും ഉണ്ടായിട്ടുണ്ട്. 1453-ൽ ആയിരുന്നു ഓട്ടോമൻ സൈന്യം കോൺസ്റ്റാൻ്റിനോപ്പിൾ പിടിച്ചടക്കിയത്.


അക്കാലങ്ങളിൽ കാര്യങ്ങളൊക്കെ അങ്ങനെയായിരുന്നു. ആരു പിടിച്ചടക്കുന്നോ അവരുടെതാണ് സ്ഥാവര ജംഗമ വസ്തുക്കൾ. പിടിച്ചടക്കിയവർ തങ്ങളുടെ മുസ്ലിം വിശ്വാസമനുസരിച്ച് അതിനെ ഒരു മോസ്കാക്കി മാറ്റി. ദേവാലയത്തിന് നാലു മൂലയിലും മോസ്കുകളിൽ ഉള്ളതുപോലെ നാല് മിനറെറ്റുകൾ പണിതു ചേർക്കുകയും ചെയ്തു. 1935 വരെ, ഏതാണ്ട് അഞ്ഞൂറുവർഷം അതൊരു മുസ്ലിം ആരാധനയിടമായി നിലകൊണ്ടു. ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ പതനത്തിനു ശേഷം പുതുതായി ഭരണത്തിലേറിയ മുസ്തഫ കെമാൽ അത്താതുർക്ക് ആണ് മതേതര തുർക്കിഷ് റിപ്പബ്ലിക്കിൻ്റെ സ്ഥാപകൻ.


തുർക്കിയെ ആധുനികവല്ക്കരിക്കുന്നതിൻ്റെ ഭാഗമായാണ് മുസ്ലിം ആരാധനാലയം എന്ന നിലമാറ്റി ഹാഗിയ സോഫിയയെ പൊതുജനങ്ങൾക്ക് സന്ദർശനത്തിനുള്ള ഇടമായി അത്താതുർക്ക് തുറന്നുകൊടുത്തത്. അങ്ങനെ അത് ഒരു മ്യൂസിയം എന്ന നിലയിലേക്ക് വന്നു. സമകാലിക ചരിത്ര സന്ധിയിൽ ലോകത്ത് പലയിടത്തും തീവ്രവലതുപക്ഷ സാംസ്കാരിക മുന്നേറ്റങ്ങൾ ദൃശ്യമായി. അത്തരം തീവ്രവലതുപക്ഷ സാംസ്കാരിക മുന്നേറ്റങ്ങൾ ഉണ്ടായ പല രാജ്യങ്ങളിലും ഭൂരിപക്ഷ വർഗ്ഗീതക്ക് ചൂട്ടുപിടിക്കുകയാേ, അവരാൽ ഭരണത്തിലേറ്റപ്പെടുകയാേ ചെയ്ത ഭരണകൂടങ്ങളുണ്ടായി. അത്തരം സ്ഥലങ്ങളിൽ ഭരണകൂട താലപര്യങ്ങൾക്കനുസരിച്ച് തീവ്രവലതുപക്ഷ നിലപാടുകളെടുക്കുന്ന കോടതികളും ഉണ്ടായി. അങ്ങനെ 2020-ൽ തുർക്കിയിലും, 500 വർഷത്തോളം മോസ്കായി നിലനിന്ന ഹാഗിയ സോഫിയ മോസ്കായിത്തന്നെ നിലനില്ക്കണം എന്ന കോടതി വിധിയുണ്ടായി. കോടതികളെ അവരോധിച്ച ഭരണാധികാരി ഉടൻതന്നെ കഴിഞ്ഞ 85 വർഷം മോസ്ക് അല്ലാതിരുന്ന കെട്ടിടത്തെ സാങ്കേതികമായി മോസ്ക്കാക്കിക്കൊണ്ട് 2020 ജൂലൈ 24 ന് ഉത്തരവിറക്കി.


ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് വേദന തോന്നിയ ദിവസമായിരുന്നു അത്. "ഹാഗിയ സോഫിയയെ ഓർക്കുമ്പോൾ എനിക്കൊത്തിരി ദുഃഖം തോന്നുന്നു" എന്ന് ഫ്രാൻസിസ് പാപ്പാ പരസ്യമായി പ്രതികരിച്ചു. എങ്കിലും അതിൻ്റെ പേരിൽ വർഗ്ഗീയ വെറുപ്പ് ആളിക്കത്തിക്കാൻ കത്തോലിക്കാസഭ മുതിർന്നില്ല. എന്നുമാത്രമല്ല, അതിനു ശേഷമാണ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളായ ഇറാഖും ഇൻ്റൊനീഷ്യയും അദ്ദേഹം സന്ദർശിക്കുന്നതും സുന്ദരമായ മതാന്തര ബന്ധങ്ങളുടെ മാതൃകകൾ ഉരുത്തിരിയുന്നതും.


അങ്ങനെയിരിക്കെയാണ് ലിയോ മാർപാപ്പാ നൈസീയൻ വിശ്വാസപ്രമാണത്തിൻ്റെ 1700-ാം വാർഷികം ആചരിക്കുന്നതിൻ്റെ ഭാഗമായി തുർക്കി സന്ദർശിക്കുന്നത്. ഹാഗിയ സോഫിയയെ ഏതെങ്കിലും തരത്തിൽ ബന്ധിപ്പിക്കുന്ന പ്രസ്താവന അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചവർ നിരാശരായി. വിവാദങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വഴിവച്ചേക്കാവുന്നതിനാൽ ഹാഗിയ സോഫിയ സന്ദർശിക്കുക എന്നൊരാശയം അദ്ദേഹം മനഃപൂർവ്വം മുന്നോട്ടുവച്ചതേയില്ല. അത്തരം ഒരു സാധ്യത അദ്ദേഹം ഒഴിവാക്കുകയായിരുന്നു. പകരം, സോഫിയയിൽ നിന്ന് 350 മീറ്റർ അകലെയുള്ള ബ്ലൂ മോസ്ക് സന്ദർശനം ആയിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്. ആ രാജ്യത്തെയും ഇസ്ലാം മതവിശ്വാസത്തെയും ആദരിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. എന്നിട്ടും ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ വിവാദങ്ങൾക്കായി ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു - എന്തുകൊണ്ടാണ് ബ്ലൂ മോസ്കിൽ അദ്ദേഹം പ്രാർത്ഥിക്കാതിരുന്നത് എന്ന്!

(ശേഷം പിന്നാലെ)


Recent Posts

bottom of page