ജോര്‍ജ് വലിയപാടത്ത്
Oct 4
അതൊരു സാധാരണ വൈകുന്നേരമായിരുന്നു. ഓണ്‍ലൈനില്‍ മധുരസുന്ദരമായൊരു സംഗീതമാസ്വദിച്ചുകൊണ്ട് സ്വെറ്റര്‍ തുന്നാനുള്ള ഒരു പാറ്റേണിനുവേണ്ടി ഞാന്‍ ലാപ്ടോപ്പില്‍ ബ്രൗസ് ചെയ്യുകയായിരുന്നു. എന്‍റെ മകന്‍ ശശാങ്ക് തന്‍റെ ലാപ്ടോപ്പില്‍ എന്തോ ചെയ്തുകൊണ്ട് റൂമില്‍ത്തന്നെയുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. വായാടികളായ ഞങ്ങളിരുവരെയും സംബന്ധിച്ച് ഇതു വലിയ സംഭവം തന്നെ.
സംസാരിക്കുന്നില്ലെങ്കിലും ഒരുമിച്ചായിരിക്കുന്നത് സന്തോഷം പകരുന്നുണ്ടായിരുന്നു. പെട്ടെന്ന് കറന്‍റ് പോയി. യുപിഎസ് 'ബീപ്' സ്വരത്തോടെ പ്രവര്‍ത്തനം ഏറ്റെടുത്തു. ഞങ്ങള്‍ക്ക് ഒന്നു തലയുയര്‍ത്തി നോക്കേണ്ടിപോലും വന്നില്ല, കറന്‍റ് പോയതറിഞ്ഞുപോലുമില്ലെന്ന മട്ടിലാണ് ഇരിക്കുന്നത്. അസ്വസ്ഥതയുടെ ഒരു നിമിഷം പോലുമുണ്ടാകാതെ, തടസങ്ങളില്ലാതെ ജോലി തുടര്‍ന്നു. ഇളം നീലവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന മകന്‍റെ മുഖത്തേയ്ക്കു നോക്കിയിരുന്നപ്പോള്‍ മനസ്സിലേയ്ക്കു വന്നത്, എന്‍റെ കുട്ടിക്കാലത്ത് കൊല്‍ക്കൊത്തയിലായിരുന്നപ്പോള്‍ ഇടയ്ക്ക് ഉണ്ടാകുമായിരുന്ന പവര്‍കട്ടിന്‍റെ ഓര്‍മകളായിരുന്നു. അന്നൊക്കെ കറന്‍റ് പോയാല്‍ എല്ലാവരും ആ ചെറിയ വീട്ടിലൊരേടത്ത് ഒരു തിരിവെളിച്ചത്തിനു ചുറ്റും ഒരുമിച്ചുകൂടിയിരിക്കും. യുപിഎസിനും ജനറേറ്ററിനും ഇന്‍വര്‍ട്ടറിനുമൊക്കെ മുന്‍പൊരു കാലം. ഒരു തിരിയുടെ മങ്ങിയ വെട്ടം വായനയും എന്തെങ്കിലും പണികളുമൊക്കെ ചെയ്യാന്‍ പര്യാപ്തമായിരുന്നുമില്ല. കുറച്ചുസമയത്തേക്ക് പഠനവും മറ്റെല്ലാ കാര്യങ്ങളും മാറ്റിവയ്ക്കപ്പെടും. അച്ഛനമ്മമാര്‍, സഹോദരങ്ങള്‍ ഇങ്ങനെ ഓരോരുത്തരും അവിടെ ഓരോ ഇടം കണ്ടെത്തി ഇരിക്കും വരെ അല്പം നിശബ്ദത. അച്ഛന്‍ ഒരു ടോര്‍ച്ചുമായാണ് വന്നിരിക്കുക, ഒരു തിരി ഉരുകിത്തീര്‍ന്നാല്‍ അടുത്തത് എടുത്തുകൊണ്ടുവരാന്‍. അമ്മ നിലത്തെവിടെയെങ്കിലുമിരിക്കും. ഞങ്ങളിലൊരാള്‍ ഓടിച്ചെന്ന് അമ്മയുടെ മടിയില്‍ തലവച്ച് കിടക്കും. അമ്മ മെല്ലെ പാടാന്‍ തുടങ്ങും; സാവധാനം ഉയര്‍ന്ന സ്വരത്തിലേയ്ക്ക്. ഉരുകുന്ന തിരിവെട്ടത്തിലേയ്ക്ക് നോക്കിയിരുന്ന് അമ്മയെ തെല്ലും തടസപ്പെടുത്താതെ ഞങ്ങളാപാട്ടില്‍ ലയിച്ചിരിക്കും. 'മുരുകാ നീ വരവേണ്ടും' പിന്നാലെ 'ചിന്ത നീ സെയ് മനമേ' എന്നീ സുബ്രഹ്മണ്യ സ്തുതികളിലാണ് അമ്മ പാട്ട് തുടങ്ങുക. തുടര്‍ന്ന് 'ബൈജു ബവാര'എന്ന സിനിമയിലെ മന്‍ തദാപത്, അനാര്‍ക്കലിയിലെ 'സിന്ദഗി ഉസി കി ഹെ' ഇവയും. പവര്‍ തിരിച്ചുവരാന്‍ ഏറെ താമസിക്കുന്ന ഭാഗ്യദിനങ്ങളിലാകട്ടെ അനാര്‍ക്കലിയിലെ മറ്റൊരു മനോഹരഗാനമായ 'ജാഗ് ദര്‍ദ് എ' കൂടി കേള്‍ക്കാം. എനിക്കിപ്പോള്‍ തോന്നാറുള്ളത് ആ പാട്ടുകളൊക്കെ കേട്ടിരുന്നത് പകല്‍ വെളിച്ചത്തിലോ രാത്രിതന്നെ പ്രകാശമുള്ള ഒരു മുറിയിലോ ആയിരുന്നെങ്കില്‍ ഇതിന്‍റെ പാതിപോലും ആസ്വാദ്യകരമായി തോന്നുമായിരുന്നില്ല എന്നാണ്. ഞങ്ങള്‍ വളര്‍ന്നപ്പോള്‍ അമ്മയുടെ കൂടെ ചില വരികള്‍ പാടാന്‍ കൂടിയിരുന്നു.
വെളിച്ചം തിരിച്ചെത്തുമ്പോള്‍ അയല്‍പക്കങ്ങളില്‍നിന്ന് ആര്‍പ്പുവിളികേള്‍ക്കാം. ഞങ്ങളുടെ വീട്ടിലാകട്ടെ ഒരു മുറുമുറുപ്പോടെയാണ് വെളിച്ചത്തെ സ്വീകരിച്ചിരുന്നത്. ഒരു സുഖദമായ ആവരണത്തിനുള്ളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് ഇറങ്ങിപ്പോകേണ്ട, ഒരുമിച്ചു ചേരലില്‍ നിന്നടര്‍ന്നുമാറേണ്ട സമയമായിട്ടാണ് ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടതും.