Delicia Devassy
Nov 28
പ്രിയ കൂട്ടുകാരാ,
എന്‍റേതായുള്ളതൊന്നും നിനക്കും
നിന്‍റേതായുള്ളതൊന്നും എനിക്കും
അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക്
നമുക്കിനിയും നല്ല
സുഹൃത്തുക്കളായി തുടരാം.
എന്‍റെ സമയം
എന്‍റെ പണം
എന്‍റെ തൊടിയിലെ ഫലങ്ങള്‍
എന്‍റെ ചാരുകസേര
വേലികെട്ടി തിരിച്ച എന്‍റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഒന്നും നിനക്കു വേണ്ടാത്ത സ്ഥിതിക്ക്, സുഹൃത്തേ
എത്രകാലം വേണമെങ്കിലും നമുക്കിനിയും
സുഹൃത്തുക്കളായി തുടരാം.
വളര്‍ന്നുവരുന്ന നമ്മുടെ മക്കള്‍
രണ്ട് ജാതിയില്‍ പിറന്നവരായതിനാലും
വളരുമ്പോള്‍ നമ്മള്‍ അവരെ
ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി
വളര്‍ത്തുമെന്നതിനാലും, സുഹൃത്തേ,
നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.
എന്‍റെ ഭാര്യക്ക് എന്നെയും
നിന്‍റെ ഭാര്യക്ക് നിന്നെയും
ഭയങ്കര വിശ്വാസമായതുകൊണ്ട്
നമുക്കിനിയും സുഹൃത്തുക്കളായി തുടരാം.
എന്‍റെ ശമ്പളവും നിന്‍റെ ശമ്പളവും
ഏകദേശം തുല്യമായതിനാലും
എന്‍റെ കാറും നിന്‍റെ കാറും
പുതിയതായതിനാലും
ഞാന്‍ അവള്‍ക്കു ചുരിദാറു വാങ്ങുമ്പോഴൊക്കെ
നീ അവള്‍ക്ക് സാരി വാങ്ങുമെന്നുള്ളതിനാലും
നമ്മുടെ ഭാര്യമാരും, ഭാവിയില്‍
നല്ല സുഹൃത്തുക്കളായി തുടരുമെന്ന്
നമുക്കാശിക്കാം.
എന്‍റെ ഉപ്പയും നിന്‍റെ അച്ഛനും
നല്ല മഹിമയുള്ള തറവാട്ടില്‍
പിറന്നവരാകയാലും
പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പ്
ചന്തിയില്‍ ആവശ്യത്തിലേറെ ഉള്ളതിനാലും
ഇരുവരും നല്ല സുഹൃത്തുക്കളാവാനേ
തരമുള്ളൂ. ആയതിനാല്‍, സുഹൃത്തേ
നമ്മുടെ സൗഹൃദം ഇനിയും വിടര്‍ന്ന് പരിലസിക്കും.
നമ്മള്‍ രണ്ടാളും വലതിടതു വ്യത്യസ്ത
വീക്ഷണമുള്ളവരാകയാല്‍
അഞ്ചഞ്ച് വര്‍ഷം ഇടവിട്ട്,
നമുക്ക് പരസ്പരം സഹായിക്കാമെന്നതിനാല്‍
സുഹൃത്തേ, നമ്മുടെ സൗഹൃദം
വരുംകാലങ്ങളിലും വളരുകയേ ഉള്ളൂ
എന്നാണെന്‍റെ പ്രതീക്ഷ.
പക്ഷേ, എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...
എല്ലാറ്റിനും വേണമൊരു കണക്ക്.
ഉദാഹരണത്തിന്,
എന്‍റെ പെണ്‍കുഞ്ഞിനെ നീ ലാളിക്കുന്നതിന്
അതല്ല, ആണ്‍കുഞ്ഞിനെയാണെങ്കിലും
ഒരു പരിധി വേണം.
മറ്റൊന്നും വിചാരിക്കരുത്
അധികം ലാളിച്ചാല്‍ കുട്ടികള്‍
വഷളാവുമെന്ന് നിനക്കും അറിയാവുന്നതാണല്ലോ.
ഞാന്‍ നിന്‍റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
നീ എന്‍റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
ഒരു പരിധിയുള്ളത് നല്ലതാണ്.
ഏത് വളിപ്പുകേട്ടാലും തലയറഞ്ഞ് ചിരിക്കല്‍
പണ്ടേ എന്‍റെ ഭാര്യയുടെ സ്വഭാവമാണെന്ന്
നിനക്കറിയാവുന്നതാണല്ലൊ.
മദ്യപിക്കുമ്പോള്‍ മാത്രം
നീയെന്നെ കെട്ടിപ്പിടിക്കുകയോ
സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുകയോ
ചെയ്തുകൊള്ളൂ. അല്ലാത്തപ്പോള്‍,
അന്യന്‍റെ വിയര്‍പ്പ് എനിക്കെന്തു മാത്രം
അസഹ്യമാണെന്ന്
പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളത്
നീ മറന്നു പോകില്ലല്ലോ.
മദ്യപിച്ചു മദ്യപിച്ച് വിവശരാകുന്ന രാത്രികളില്‍
മദ്യപിച്ച് മദ്യപിച്ച് നമ്മള്‍ നിസ്വാര്‍ത്ഥമതികളും
ആദര്‍ശവാദികളും യുക്തിവാദികളുമാകുന്ന വേളകളില്‍,
ഞാനെന്‍റെ മതത്തെ വിമര്‍ശിച്ചെന്നിരിക്കാം.
പക്ഷേ, അല്ലാത്ത സമയങ്ങളില്‍
പാകിസ്ഥാനെക്കുറിച്ചും എന്‍. ഡി. എഫിനെക്കുറിച്ചും
നീ പറയുന്ന കമന്‍റുകള്‍
എനിക്കസഹ്യമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
ഒരു ഹിന്ദുരാജ്യമായ നേപ്പാളിനെ കുറിച്ചോ
ആര്‍. എസ്. എസിനെ കുറിച്ചോ ഞാന്‍
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ...?
അതാണ് മതസഹിഷ്ണുത മതസഹിഷ്ണുത
എന്നു പറയുന്നത്. അല്ലാതെ പേടി കൊണ്ടല്ല.
ഹാ, എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പരപൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.
ഇതെന്നും നിലനില്ക്കുമായിരുന്നെങ്കില്‍...