ജോര്ജ് വലിയപാടത്ത്
Oct 4
മൗനാനുഭവങ്ങളെക്കുറിച്ച് എഴുതാനാണ് 'അസ്സീസി' എന്നോട് ആവശ്യപ്പെട്ടത്. മൗനമായിരുന്ന് എന്തും നോക്കിക്കാണാന്‍. അങ്ങനെയൊരു കാലത്തെക്കുറിച്ച്, ജീവിതത്തില്‍ ആരണ്യപര്‍വ്വത്തെക്കുറിച്ച്, ആര്‍ഷഭാരത പാരമ്പര്യവാദികള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അതൊരു ഒളിച്ചോടലായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ആരണ്യത്തെ ശ്രീരാമനും കൂട്ടരും നഗരതുല്യമാക്കി. അതു പിന്നീട് നരകതുല്യമാവുകയും ചെയ്തു. അതൊരുകഥ. മൗനമായിരുന്നു തപസ്സുചെയ്യുക. ജീവിതം മുഴുവന്‍ വാനപ്രസ്ഥമാക്കുക. അതാണ് അന്നു മുനിമാര്‍ ചെയ്തത് എന്നു പറയപ്പെടുന്നു. ആധുനികകാലത്ത് ട്രാന്‍സെന്‍ഡല്‍ മെഡിറ്റേഷന്‍ (അതീന്ദ്രിയ ധ്യാനം), ശ്രീശ്രീ രവിശങ്കറിന്‍റെ ധ്യാനകോഴ്സുകള്‍ മുതലായവയുണ്ട്. ജോലിചെയ്യാന്‍ പ്രാപ്തരാക്കാനായി ഐ ടി മാളുകളില്‍ ജോലിക്കുമുന്‍പ് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് ധ്യാനം നല്കി ഊര്‍ജ്ജം പകര്‍ന്നുനല്കാറുണ്ട്. പണം മുടക്കുന്നവനു ശതാവര്‍ത്തി മുടക്കുമുതല്‍ തിരിച്ചുകിട്ടാനുള്ള ഒരുപായം. മൗനത്തിന്‍റെ വിലയാണ് ഇവിടെ നല്കപ്പെടുന്നത്. ഇതൊക്കെ ഋഷിയാമീശ്വരന്മാര്‍ നല്കിയ വരപ്രസാദമാണ് ആധുനികലോകത്തിന്! രോഗവും ദാരിദ്ര്യവുംകൊണ്ട് ഹൃദയത്തിലേക്കു രണ്ടുകണ്ണും പൂട്ടിയിരിക്കുന്ന പാവപ്പെട്ടവന് അതും ഒരതീന്ദ്രിയ ധ്യാനമാവുമോ? പതിനായിരക്കണക്കിന് രൂപമുടക്കി ധ്യാനക്ലാസ്സുകളില്‍ ചേരാന്‍ ആ പേക്കോലത്തിനാവുമോ? രണ്ടുവയസ്സുകാരന്‍ മകനെ കരിങ്കല്‍ക്വാറികളിലേക്കയയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന, അല്ലെങ്കില്‍ അച്ഛനമ്മമാരോ രക്ഷിതാക്കളോ ഇല്ലാത്ത ഈ ബാലവേലക്കാരനുഭവിക്കുന്ന, മൗനാനുഭവങ്ങളില്‍ ഉറഞ്ഞുകൂടുന്ന ബധിരഭാവങ്ങളെ ഏതു മുഴക്കോല്‍ കൊണ്ടാവും നമുക്കളക്കാനാവുക?
ഇത്രയും ആമുഖമായിപ്പറയാന്‍ കാരണം എന്നില്‍, ഞങ്ങളില്‍, ഉള്‍ച്ചേര്‍ന്നിട്ടുള്ള മൗനാനുഭവങ്ങളാണ്. 'മൗനം വാചാലം' എന്ന ചൊല്ലും പ്രസിദ്ധമാണല്ലോ. ഞങ്ങള്‍ എന്നുപറഞ്ഞത് അച്ഛന്‍റെ (ഇ എം എസ്സ്) മക്കളായ ഞങ്ങള്‍ നാലുപേര്‍. അതില്‍ ഒരാളില്ല. അനിയേട്ടന്‍ (ഇ എം ശ്രീധരന്‍). ജീവിച്ചിരിക്കുന്ന മൂന്നുപേരില്‍ എനിക്കുമാത്രമെ ഇ. എം. എന്ന ഇനീഷ്യലുള്ളൂ. എന്‍റെ ചേച്ചി (ഡോ. മാലതി)ക്കും അനിയന്‍ ശശിക്കും എസ്സ്. ആണ് ഇനീഷ്യല്‍. പക്ഷേ ഞങ്ങള്‍ മൂന്നുപേര്‍ക്കും യോജിപ്പുള്ള പല കാര്യങ്ങളിലൊന്ന് സ്ഥായിയായ മൗനമാണ്. അത് അച്ഛനില്‍നിന്ന് കിട്ടിയതാവാം. പൊതുയോഗങ്ങളിലും ചര്‍ച്ചകളിലും പാര്‍ട്ടിയോഗങ്ങളിലുമൊഴിച്ചാല്‍ അച്ഛന്‍ നല്ല ഒരു കേഴ്വിക്കാരനായിരുന്നു. യോഗങ്ങളിലാവട്ടെ, നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ അളന്നുമുറിച്ച വാക്കുകള്‍കൊണ്ട് കൊച്ചുകൊച്ചു വാചകങ്ങളില്‍ ആശയത്തിന്‍റെ പ്രപഞ്ചംസൃഷ്ടിക്കുക. അതില്‍ തേച്ചുമൂര്‍ച്ചകൂട്ടിയ വാക്കുകളുണ്ടാവാം. ഫലിതവും പരിഹാസവുമുണ്ടാവാം, ഉപദേശ- നിര്‍ദ്ദേശങ്ങളുണ്ടാവാം. തന്‍റെ അഭിപ്രായം പൊതുസമൂഹത്തിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കുക. വിധികര്‍ത്താക്കള്‍ തന്നെ താനാക്കിയ ജനങ്ങളാണ്. അവര്‍ തീരുമാനിക്കട്ടെ. അവിടെ കഴിഞ്ഞു അച്ഛന്‍റെ ദൗത്യം. ഒരുതരം ഉപാസന. കര്‍മ്മം ചെയ്യുക. ഫലം ഇച്ഛിക്കാതിരിക്കുക. ഒരു നിയോഗമായിരുന്നു ആ ജീവിതം. എല്ലാംകഴിഞ്ഞ്, ഒരു ഭാവഭേദവുമില്ലാതെ യോഗം കഴിഞ്ഞ് തിരിച്ചുപോവുക. ജീവിതത്തില്‍നിന്നും പെട്ടെന്നിറങ്ങിപ്പോയപ്പോള്‍ ഇന്ത്യയിലെ പൊതുസമൂഹത്തിനും ഞങ്ങള്‍ക്കും ശൂന്യത അനുഭവപ്പെട്ടത് കുറെയൊക്കെ അച്ഛന്‍റെ ഈ നിര്‍മ്മമത്വം കൊണ്ടാവാം. നല്ല കേള്‍വിക്കാരനായിരുന്നു അച്ഛന്‍. തന്‍റെ അഭിപ്രായം സ്വകാര്യസംഭാഷണങ്ങളില്‍ ചിലപ്പോള്‍ പ്രകടിപ്പിച്ചാലായി. മറ്റുള്ളവരുടെ സംഭാഷണത്തിലെ കുത്തുംകോമയും വള്ളിയുംപുള്ളിയും ആരോഹണാവരോഹണങ്ങളും സ്വാംശീകരിച്ചെടുക്കുക; ഓര്‍മ്മിച്ചുവെയ്ക്കുക. കുറഞ്ഞസമയംകൊണ്ട് പുസ്തകം വായിക്കുന്നതുപോലെ തന്‍റെ മുന്‍പിലിരിക്കുന്നയാളുടെ ജീവിതംതന്നെ ഒപ്പിയെടുക്കുക. അതൊരു കലയായിരുന്നു. മനുഷ്യധര്‍മ്മി എന്ന് ഭാമഹന്‍ പറഞ്ഞിട്ടില്ലേ, അതുപോലെ.
ഇതാണ് എനിക്ക് അച്ഛന്‍ പകര്‍ന്നുതന്ന വരദാനം. ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരു മൂളലോടെ പതിനഞ്ചോ ഇരുപതോ മിനിട്ടുകള്‍ അങ്ങേത്തലയ്ക്കലുള്ളവരുടെ സംസാരം കേള്‍ക്കുക. പലപ്പോഴും നല്ല ഒരു ശ്രോതാവായിരിക്കുക എന്നതാണ് പണി. നമ്മുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരിലേക്കു പകര്‍ന്ന് അതവരുടേതും കൂടിയാക്കാന്‍ ചിലര്‍ കാണിക്കുന്ന വെപ്രാളം കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്. അപ്പോഴാണ് ശബ്ദമുയര്‍ത്തേണ്ടിവരുന്നതും കോപ-താപാദി വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടിവരുന്നതും. എന്തോ പൊതുയോഗത്തില്‍ പ്രസംഗിക്കേണ്ടി വരുമ്പോഴല്ലാതെ എനിക്ക് വിശകലനം ചെയ്തു പറയാനാവില്ല. സ്വന്തംകാര്യം പറയേണ്ടിവരുമ്പോളും ഇതെന്നെ ബാധിക്കാറുണ്ട്. കേള്‍ക്കുന്നയാള്‍ക്ക് അരോചകമാവില്ലേ എന്ന ഭയം. ഇക്കഴിഞ്ഞ ദിവസം വിജയേട്ടനോട് പലകാര്യങ്ങളും സംസാരിക്കാനായി ചെന്നു. വിജയേട്ടന്‍റെ സമയം വിലയേറിയതാണ്. പറയാനുള്ളത് എഴുതിക്കൊടുത്തു. സമയമുള്ളപ്പോള്‍ വായിച്ചുനോക്കട്ടെ. ഒരുതരം അന്തര്‍മുഖത്വം.
ഈ സ്ഥായീഭാവം അച്ഛന് എന്നോടും എനിക്ക് അച്ഛനോടും ഉണ്ടായിരുന്നു എന്നത് ഇന്ന് അച്ഛനില്ലാത്തപ്പോള്‍ ഒട്ടൊരു പരാങ്മുഖഭാവത്തോടെ ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതമുണ്ടാക്കുന്നു. വാചകത്തിന്‍റെ പകുതിനിറുത്തിപ്പറയുക. മുഴുവനാക്കുന്നതിനു മുന്‍പ് പറയാനുള്ളതു മുഴുവന്‍ മനസ്സിലാക്കാനാവുക. മുക്കിയും മൂളിയും വിഴുങ്ങിയും പാതിനിറുത്തിയും ആശയപ്രപഞ്ചം സൃഷ്ടിച്ച് മറ്റുള്ളവരെ കുഴയ്ക്കുക. ഇതൊരു രീതിയാണ്. ഇതെങ്ങനെ കൈവന്നു എന്ന് എനിക്കറിയില്ല. സാഹിത്യസംബന്ധിയായ കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും മാത്രമാണ് അച്ഛന്‍ എന്നോട് സംസാരിക്കുക. പലപ്പോഴും അച്ഛനെ വ്യക്തിജീവിതത്തില്‍ സ്വാധീനിച്ച രണ്ട് സ്ത്രീകള്‍, അച്ഛന്‍റെ അമ്മയും (എന്‍റെ മുത്ത്യശ്ശ്യമ്മ) എന്‍റെ അമ്മയും (ആര്യ അന്തര്‍ജ്ജനം) ആയിരുന്നു. ആദ്യകാലങ്ങളില്‍ സ്വസമുദായത്തിലെ സ്ത്രീകളുടെ ദുരവസ്ഥ, പിന്നീട് സ്ത്രീ സമൂഹത്തിനാകെ വന്നുഭവിച്ച കഷ്ടസ്ഥിതി, ഇത് മാറ്റിനിറുത്തിക്കൊണ്ടല്ല ഞാന്‍ രണ്ട് സ്ത്രീകളെക്കുറിച്ചു പറയുന്നത്. അച്ഛന്‍റെ അമ്മയോടും എന്‍റെ അമ്മയോടും അച്ഛന് നീതിപുലര്‍ത്താനായില്ല എന്ന കുറ്റബോധം അച്ഛനുണ്ടായിരുന്നു. അത് എന്നോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരുപരിധിവരെ, എന്നെക്കൊണ്ട് ആവുന്നപോലെ, അമ്മയെ നോക്കാനായി എന്ന് എനിക്ക് തോന്നുന്നു. അനിയേട്ട(ഇ എം ശ്രീധരന്‍)നായാലും ഓപ്പോളാ(ഡോ. മാലതി)യാലും ശശി ആയാലും അവരുടെ കാര്യത്തില്‍ എനിക്കാവുന്നതുപോലെ ഇടപെടേണ്ട അവസരത്തില്‍ അതുചെയ്യാന്‍, സന്തോഷത്തോടെ ആ കടമ നിര്‍വ്വഹിക്കാന്‍, എന്നെ കുട്ടിക്കാലത്തുതന്നെ പ്രേരിപ്പിച്ച ഘടകം അച്ഛന്‍ തന്ന പ്രേരണയായിരുന്നു. എന്‍റെ സ്വഭാവഘടനയില്‍ അച്ഛന്‍ നടത്തിയ രൂപപ്പെടുത്തലായിരുന്നു എന്നതു കൃതജ്ഞതയോടെ ഓര്‍മ്മിക്കുന്നു. സ്വന്തം സഖാക്കള്‍ക്ക,് സുഹൃത്തുക്കള്‍ക്ക,് ബന്ധുക്കള്‍ക്ക് സ്വയം അന്യയാവാതിരിക്കുക എന്നത് എന്‍റെ ജീവധാരയായി മാറിയതിനും കാരണം അച്ഛനാണ്; അനിയേട്ടനാണ്; അനിയേട്ടന്‍റെ പരേതയായ ഭാര്യയും എന്‍റെ ഏടത്തി(ഡോ. യമുന)യുമാണ്. അതുകൊണ്ടുതന്നെ അനിയേട്ടന്‍റെ കുട്ടികളായ കണ്ണനേയും (സുജിത് ശങ്കര്‍) ബാബു(അമിത് പരമേശ്വരന്‍)വിനേയും എന്‍റെ മകന്‍ സിദ്ദു(സിദ്ധാര്‍ത്ഥ്)വിന്‍റെ മൂത്തസഹോദരങ്ങളായി, എന്‍റെ കുട്ടികളായിത്തന്നെ, കണക്കാക്കാന്‍ എനിക്കാവുന്നു. അല്ലാതെ ചിന്തിക്കാന്‍പോലും എനിക്കാവില്ല.
അച്ഛന്‍ അനുഭവിച്ചതുപോലെ മാനസിക പ്രതിസന്ധികള്‍ ഞങ്ങള്‍ക്കനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ എനിക്ക് കുറെയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണ് അനിയേട്ടന്‍റെ മൂത്തമകന്‍റെ മരണം. അനിയേട്ടനും ഏടത്തിയും അതൊക്കെ ഒരുപരിധിവരെ പുറത്ത് പ്രകടിപ്പിച്ചു. അച്ഛനും ഞാനും അത് ഉള്ളിലൊതുക്കി അനുഭവിച്ചുതീര്‍ത്തു. അതുപോലെ അനിയേട്ടന്‍റെ ഭാര്യ(ഏടത്തി - ഡോ. യമുന)യുടെ മരണം. അച്ഛന്‍റെ, അമ്മയുടെ മരണം. ഇതൊക്കെ എന്നെ ആകെ തകര്‍ത്തു. ഇതേക്കാള്‍ അനിയേട്ടന്‍റെ മരണമാണ് എന്നില്‍ ഏറ്റവും ആഘാതമേല്പിച്ചത്. മുത്തശ്ശ്യമ്മയ്ക്കും അതിനേക്കാളുപരി അമ്മയ്ക്കും അച്ഛന് രാഷ്ട്രീയജീവിതത്തിലനുഭവിക്കേണ്ടിവന്ന യാതനകള്‍ക്ക് സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ തിക്താനുഭവങ്ങള്‍ക്ക് ഇരയാവേണ്ടി വന്നിട്ടുണ്ട്. ഉറച്ച രാഷ്ട്രീയ നിലപാടുകളുള്ളവര്‍പോലും പതറിപ്പോകാവുന്ന ഘട്ടത്തിലൊക്കെ തികഞ്ഞ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഈ സാധ്വികള്‍ക്കെങ്ങനെ കഴിഞ്ഞു എന്ന് എന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. എനിക്ക് അച്ഛന്‍ പകര്‍ന്നുതന്നതും പിന്നീട് ഞാന്‍ സ്വയമാര്‍ജ്ജിച്ചതുമായ രാഷ്ട്രീയബോധം കരുത്തുനല്കുന്നു. പക്ഷേ, മുത്തശ്ശ്യമ്മയ്ക്കും അമ്മയ്ക്കും അത് അവകാശപ്പെടാനില്ലല്ലോ.
ജീവിതത്തില്‍ ഞാനനുഭവിച്ച മൗനാനുഭവങ്ങളെക്കുറിച്ച് ചിലതു മാത്രമെ പറഞ്ഞുള്ളൂ. ഒന്നുകൂടി വിശകലനം ചെയ്യുമ്പോള്‍ എനിക്കോ, അതിനെക്കാളുപരി സ്ത്രീകളാകെ എത്ര കനത്ത മൗനാനുഭവങ്ങളിലൂടെയാണ് കടന്നുപോയത്, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് വിസ്തൃതമായിത്തന്നെ ചിന്തിക്കേണ്ടതാണ്. എന്‍റെ ദുഃഖം മാത്രമേ ശാശ്വതമായുള്ളൂ എന്ന വിചാരം സങ്കുചിതം തന്നെയാണ്. എന്‍റെ ദുഃഖം, മൗനാനുഭവങ്ങള്‍, സ്ത്രീ സമൂഹത്തിന്‍റെയാകെ, മാനവശക്തിയുടെയാകെ ബഹിര്‍സ്ഫുരണമാണെന്നും ഞാനറിയുന്നു. അതിന്‍റെ പീഠിക മാത്രമായി ഈ കുറിപ്പിനെ കണക്കാക്കുക.