

ഇത്തരം പ്രലോഭനങ്ങളാണ് മദ്യത്തിന്‍റെ ഇടനാഴിയിലേക്ക് സഞ്ചരിക്കാനവന് പ്രേരണയാകുന്നത്. നെഞ്ചുവിരിച്ച് അഭിമാനത്തോടും അന്തസ്സോടും അച്ചടക്കത്തോടും ക്ഷമയോടും 'ക്യൂ' വില്‍ കാത്തുനിന്ന് മലയാളി മദ്യം വാങ്ങുന്നു. നല്ലൊരു വിഭാഗം മലയാളികളും മദ്യപാനത്തെ സാമൂഹിക അംഗീകാരമുള്ള ഒരു പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. അതങ്ങനെ തന്നെയെന്ന് ന്യായീകരിക്കുകയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒട്ടേറെ പ്രലോഭനങ്ങള്‍ ജനപ്രിയ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക കാലാവസ്ഥയും ഉടലെടുത്തിയി ട്ടുണ്ട്. മദ്യത്തില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന മലയാളിക്ക് അതില്‍ തുടരാന്‍ കഴിയാത്ത വിധത്തിലുള്ള പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സാമൂഹിക സാഹചര്യം ആണ് ഇന്ന് കേരളത്തിലുള്ളത്. മദ്യത്തില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവരെ വീണ്ടും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹമാണ് ഉള്ളത്. കുടുംബ കൂട്ടായ്മകളിലും ആതിഥ്യസല്‍ക്കാരങ്ങളിലും മറ്റും വിളമ്പുന്ന മദ്യം അവന്‍റെ ചെറുത്തുനില്‍പ്പിനെ തോല്‍പ്പിക്കുന്നു.
മദ്യപാനത്തിനായി ആഘോഷങ്ങള്‍ സൃഷ്ടിക്കാന്‍ മലയാളിക്ക് വിരുതുണ്ട്. ആഘോഷത്തിന്‍റെ 'വിശേഷ' ത്തെക്കാള്‍ പ്രാധാന്യം 'മദ്യം' നേടിയിരിക്കുന്നു. കുടുംബത്തോടൊപ്പം ഒത്തൊരുമിച്ച് ആഹ്ലാദം പങ്കിട്ട് അനുഭവിക്കേണ്ട കുടുംബത്തിലെ പുരുഷന്മാര്‍ കുടിച്ചു കൂത്താടി വെളിവ് നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാണ്, ഇത്തരം സ്വയം സൃഷ്ടിക്കപ്പെടുന്ന ആഘോഷങ്ങള്‍ ചെന്നെത്തുന്നത്.
മദ്യത്തിന് മാന്യതയുടെ ആവരണം നല്‍കി മലയാളി മദ്യത്തെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയാണ്. മുതിര്‍ന്നവരുടെ കുടി സദസ്സുകളിലേക്ക് കടന്നു ചെല്ലുന്ന ചെറുതലമുറകളുടെ മനസ്സില്‍ മദ്യപാനം പാപമല്ല ാത്ത ജീവിതശൈലിയില്‍ പെട്ടതാണെന്ന ഒരു സങ്കല്പം രൂപപ്പെട്ടു വരികയാണ്. വളര്‍ന്നു വരുന്ന തലമുറ വഴിതെറ്റുന്നത് ഇവിടെയാണ്. മദ്യം ആദ്യമായി രുചിക്കുന്നവരുടെ പ്രായം കൗമാരത്തില്‍ എത്തിനില്‍ക്കുന്നു. 'കുഞ്ഞേ കുടിക്കരുത് ' എന്ന് ഉപദേശിക്കാനുള്ള അവസരം നമ്മുടെ സമൂഹം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇതിലൊന്നും വലിയ കുഴപ്പമില്ല എന്ന മട്ടില്‍ സമൂഹം തന്നെ ലക്കുംലഗാനുമില്ലാതെയാണ് ചരിക്കുന്നത്. പിന്നെ ആരുണ്ടാവും ഈ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍.
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ എല്ലാം മയക്കു മരുന്നിന് അടിമപ്പെട്ടവര്‍ നിരവധിയാണ്. ദശലക്ഷക്കണക്കിന് യുവാക്കളാണ് മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി ജീവിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും ഇതിന് അടിമകളായവര്‍ നിരവധിയാണ്. രാസലഹരികള്‍ ഇന്ന് വിവിധ രൂപത്തില്‍ ധാരാളമായി കൊച്ചു ഗ്രാമങ്ങളില്‍ കുട്ടികളുടെ ഇടയില്‍ പോലും എത്തിയിരിക്കുന്നു. ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ അടിമപ്പെടുന്ന തരം ലഹരി വസ്തുക്കളാണിവ. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന സമ്പന്നരായ വിദ്യാര്‍ഥികളാണ് ഈ മയക്കുമരുന്ന് വില്‍പ്പനക്കാരുടെ കെണിയില്‍ ആദ്യം അകപ്പെടുന്നത് എങ്കിലും, സാധാരണ കൂലി തൊഴിലാളികളും, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഇവരുടെ കെണിയില്‍ വീഴുന്നുണ്ട്. ഒരിക്കല്‍ വീണാല്‍ പിന്നെ അവിടെ നിന്നും മോചനമില്ല എന്നതാണ് രാസലഹരികള്‍ ഉപയോഗിക്കുന്നവരുടെ ശാപം. ഇതിനടിമപ്പെടുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അശ്ലീല ചിത്രങ്ങള്‍ അടക്കമുള്ള എല്ലാത്തരം ലൈംഗിക വികൃതങ്ങള്‍ക്കും ഉപയോഗിക്കുകയും ചിലപ്പോള്‍ കരിയര്‍മാരായി ഉപയോഗിക്കുക പോലും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു അധോലോക സംഘത്തില്‍ ചെന്നെത്തുന്നവര്‍ക്ക് പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് വളരെ വിഷമം ഏറിയതായിരിക്കും. വളരെ ശ്രദ്ധപൂര്‍വ്വമായ പരിചരണവും വിദഗ്ധ ചികിത്സയും കൊണ്ട് മാത്രമേ കുറച്ചൊക്കെ ഈ മയക്കുമരുന്നിന്‍റെ നീരാളി പിടുത്തത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ കഴിയുകയുള്ളു. ചില സ്ഥലങ്ങളില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ വരെ മയക്കുമരുന്നുകളുടെ വിതരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാനും ഇനി അങ്ങനെ പെട്ടാല്‍ തന്നെ കടുത്ത ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ കുട്ടികളെ ഉപയോഗിച്ച് ലഹരിവസ്തുക്കള്‍ കടത്തുന്നത്. ലഹരിവസ്തുക്കള്‍ക്ക് പല പേരും നല്‍കുന്നതുകൊണ്ട് പെട്ടെന്ന് അവ കണ്ടെത്തുവാനുള്ള സാഹചര്യം കുറവാണ് താനും.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന സാധാരണക്കാരായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് കാര്യര്‍മാരായി മയക്കുമരുന്ന് കടത്തിവിടുന്ന നിരവധി ഏജന്‍റ്മാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും, സാമ്പത്തിക പ്രയാസം മൂലം മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ നിയമ വിരുദ്ധമായി കടത്തി ആവശ്യക്കാര്‍ക്ക് റൂമുകളില്‍ എത്തിച്ചു കൊടുക്കുന്ന നിരവധി പേരുണ്ട്. കാര്യര്‍മാര്‍ പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും വധശിക്ഷയും ആയിരിക്കും ഫലം.
വളരുന്ന തലമുറ ക്രിസ്തുവില്‍ മാതൃക കണ്ടെത്തട്ടെ. ആധുനിക ലോകത്തിലേക്ക് കടന്നുവരുന്ന പാപങ ്ങളില് നിന്നും കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതിനായി ആദ്യം തന്നെ മാതൃക ദമ്പതികള്‍ രൂപപ്പെടട്ടെ. അങ്ങനെ 'കുഞ്ഞേ കുടിക്കരുത്' എന്ന് ഉപദേശിക്കാനുള്ള അവസരം നമ്മുടെ മാതാപിതാക്കള്‍ക്കും, സമൂഹത്തിനും നേടിയെടുക്കാം.
സാബു എടാട്ടുകാരന്‍
പ്രസിഡന്‍റ്,
കേരള മധ്യമേഖല,
കെ സി ബി സി മദ്യവിരുദ്ധ സമിതി,
മാള, പിന്‍ കോഡ് - 680732
ഫോണ്‍ : 9497350124























