top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Oct 8, 2025

3 min read

പ്ര��ൊഫ. ജോര്‍ജ്ജ് ജോസഫ്

09

ഒരു സഖാവ് പിറക്കുന്നു

Man sitting on a park bench, looking upwards thoughtfully. Black and white sketch with detailed lines; grass visible around the bench.

ജനിച്ചനാള്‍ മുതല്‍ സന്തോഷിച്ച് തിമിര്‍ത്താടിയാണ് ജോസഫ് വളര്‍ന്നത്. കഷ്ടനഷ്ടങ്ങളില്‍പ്പോലും നിരാശപ്പെടാതെ ആഘോഷിക്കുന്ന പ്രകൃതമായിരുന്നു ജോസഫിന്‍റേത്. പരീക്ഷയില്‍ തോറ്റാല്‍, തോറ്റ വിഷയങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ ജയിച്ച ഏതാനും വിഷയങ്ങളുടെ പെരുമ പൊലിപ്പിച്ചു സംസാരിച്ച് സന്തോഷിക്കും. അല്‍പം പൊങ്ങച്ചവും നുണകളും ചേര്‍ത്താണ് സംഭാഷണം. എന്നാല്‍ എപ്പോഴും സന്തോഷവാനായ ജോസഫ്, ഇപ്പോള്‍ ഏതിനും എന്തിനും വീട്ടില്‍ വഴക്ക് ഉണ്ടാക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം അവസാനം അപ്പനെ കുറ്റപ്പെടുത്തുന്നതില്‍ ചെന്ന വസാനിക്കും. അമ്മയോട് പറയുന്ന പരാതി പലപ്പോഴും പൊട്ടിത്തെറിയില്‍ എത്തും. കണ്ടവരും കേട്ടവരും പറഞ്ഞു, "ഇത് പ്രായത്തിന്‍റേതാ." പക്ഷേ പ്രായത്തിനനുസരിച്ചുള്ള ഒരു പരിഗണനയും ജോസഫിന് കിട്ടിയിരുന്നില്ല. ജോസഫിന്‍റെ ക്ലാസില്‍ എല്ലാവരും നിക്കര്‍ മാറ്റി മുണ്ടാക്കി. "അവരുടെ തന്തയ്ക്കും തള്ളയ്ക്കും ഉള്ള ഉത്തരവാദിത്വം എന്‍റെ തന്തയ്ക്കും തള്ളയ്ക്കും ഇല്ലല്ലോ?" ജോസഫ് ഓര്‍ത്തു.


നേരത്തെ ആയിരുന്നുവെങ്കില്‍ ജോസഫിന് തന്‍റെ ബുദ്ധിമുട്ടുകള്‍ പ്രസാദിനോട് സംസാരിക്കാമായിരുന്നു. പക്ഷേ ഇപ്പോള്‍ പ്രസാദിന്‍റെ രീതികള്‍ തന്നോട് ചേരില്ലെന്ന് ജോസഫിന് നന്നായി മനസ്സിലായി. പക്ഷേ ജോസഫിന് എപ്പോഴും ഒരു തുണ വേണം. അങ്ങനെയാണ് ജോസഫ് പ്രസാദിന്‍റെയും കുഞ്ഞുമണിയുടെയും ഇളയവനായ പാപ്പിക്കുഞ്ഞിനെ സഹചാരിയായി കൂടെ ചേര്‍ത്തത്. പാപ്പിക്കുഞ്ഞ് എന്നത് നാരായണന്‍കുട്ടിയും നാരായണിയും ഇട്ട പേരല്ല. അവര്‍ അവനിട്ട പേര്‍ പത്മനാഭന്‍ എന്നാണ്. നാട്ടുകാര്‍ ഇട്ട പേരാണ് പാപ്പിക്കുഞ്ഞെന്നത്. കാരണം പാപ്പിയുടെ ഇടത്തേ തുടയുടെ പിറകില്‍ ഒരു പരന്ന മറുക് ഉണ്ട്, അതുപോലെ തന്നെ പത്മനാഭനും അതേ ഇടത്തില്‍ അതേ പോലത്തെ ഒരു മറുകയുണ്ടായിപ്പോയി. കുനിഷ്ഠ് വക്കൂഞ്ഞാണ് ഈ യാദൃശ്ചികതയെ വെളിവാക്കും വിധം പത്മനാഭനെ ആദ്യം പാപ്പിക്കുഞ്ഞ് എന്ന് വിളിച്ചത്. കുനിഷ്ഠ് വക്കൂഞ്ഞ് എന്തു ഉദ്ദേശിച്ചാണ് വിളിച്ചതെന്നറിയില്ല, നാട്ടുകാര്‍ക്കിടയില്‍ സംശയം ഉടലെടുക്കുവാന്‍ അത് കാരണമായി.


നാട്ടുകാരെല്ലാവരും ആ പേര്‍ സ്ഥാനത്തും അസ്ഥാനത്തും തമാശയായും കാര്യമായും പ്രയോഗിക്കുവാന്‍ തുടങ്ങി. അങ്ങനെ പത്മനാഭനെ എല്ലാവരും പാപ്പിക്കുഞ്ഞെന്ന് വിളിക്കുവാന്‍ തുടങ്ങി. നാരായണന്‍കുട്ടിയ്ക്കും നാരായണിയ്ക്കും ആദ്യമാദ്യം ഇത് വല്ലാത്ത വിഷമം ഉണ്ടാക്കിയെങ്കിലും, സാദൃശ്യം യാദൃശ്ചികം മാത്രമാണെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നതുകൊണ്ട് കാലക്രമത്തില്‍ അവരും നാട്ടുകാരുടെ കൂടെ ചേര്‍ന്നു. ഇപ്പോള്‍ അവര്‍ക്കു പോലും അറിയില്ല, അവന് അവരിട്ട പേര്‍. അവരും അവനെ പാപ്പിക്കുഞ്ഞെന്നാണ് വിളിച്ചിരുന്നത്. പാപ്പിക്ക് മാത്രം പാപ്പിക്കുഞ്ഞിനോട് അമര്‍ഷവും വെറുപ്പും ഉണ്ടായി. എന്നാല്‍ പുനര്‍ നാമകരണത്തിന് കാരണക്കാരനായ കുനിഷ്ഠ് വക്കൂഞ്ഞിനോട് അമര്‍ഷം ഒന്നും തോന്നിയില്ലെന്ന് മാത്രമല്ല വല്ലപ്പോഴും ഒന്നിച്ചിരുന്നു കള്ളു കുടിക്കുകയും ചെയ്തിരുന്നു.


കൊച്ചുത്രേസ്യാക്കുട്ടി നാരായണിയോട് പരാതി പറഞ്ഞു, "പ്രസാദ്, ഞാന്‍ അവനെ ചോറൂട്ടി വളര്‍ത്തിയതാണ്. വളര്‍ന്നു നിവര്‍ന്നുനില്‍ക്കാറായപ്പോള്‍ അവന്‍ ഇങ്ങോട്ടൊന്നും കേറുന്നില്ല."


നാരായണി പരാതിക്ക് പരാതി പറഞ്ഞതല്ലാതെ പരിഹാരം പറഞ്ഞില്ല. "അവന്‍ ആകെ മാറിപ്പോയി. എപ്പോഴാവത് വീട്ടില്‍ കയറി വരും. അച്ഛന്‍ വഴക്കിട്ടാലും കേള്‍ക്കുന്ന മാതിരി ഇല്ല. എന്തെങ്കിലും ചോദിച്ചാല്‍ കൊച്ചു വായില്‍ വലിയ വര്‍ത്തമാനം പറയും."


മേരിക്കുട്ടി അടുക്കളയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരുടെയും പരാതിയും മറുപരാതിയും കേട്ടതല്ലാതെ പുതിയതായി ഒന്നും കൂട്ടിചേര്‍ത്തില്ല. മേരിക്കുട്ടി രണ്ട് ആണ്ടുകള്‍ എട്ടാം ക്ലാസ്സില്‍ ഇരുന്നു. മൂന്നാം വര്‍ഷവും തോറ്റപ്പോള്‍ പഠിത്തം നിര്‍ത്തി. തയ്യല്‍ പഠിക്കുവാന്‍ മഠത്തില്‍ പോകുന്നുണ്ട്. കല്യാണം കഴിക്കുന്നതുവരെ ഒരു പഠിപ്പ്. പ്രസാദിന്‍റെ വലിയ വായിലെ വര്‍ത്തമാനം മേരിക്കുട്ടി നേരത്തെതന്നെ അനുഭവിച്ചിട്ടുള്ളതാണ്. തയ്യല്‍ ക്ലാസിന് പോകുമ്പോള്‍ വല്ലപ്പോഴും കാണാറുണ്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു. "കേരളം വലിയ മാറ്റം കാണും, കമ്മ്യൂണിസം വളര്‍ന്നു കൊണ്ടിരിക്കുകയാണ്." പറയുന്നതില്‍ അധികവും മനസ്സിലായില്ലെങ്കിലും പറയുന്നതെല്ലാം വലിയ കാര്യങ്ങള്‍ ആണെന്ന് മനസ്സിലായി.


അത്ഭുതത്തോടെ മേരിക്കുട്ടി ചോദിച്ചു, "ഇവയെക്കുറിച്ചെല്ലാം പ്രസാദ് എങ്ങനെയാണ് പഠിച്ചത്, പഠിത്തം നിര്‍ത്തിയതിനുശേഷം ആണോ പ്രസാദ് പഠിക്കാന്‍ തുടങ്ങിയത്?"


ചോദ്യം പ്രസാദിന് ഇഷ്ടപ്പെട്ടു. "ഓരോ വ്യക്തി യും, അവന്‍റെ ചിന്തയും വളര്‍ച്ചയുമെല്ലാം അവന്‍ ജീവിക്കുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയോടുള്ള പ്രതികരണമാണ്. പള്ളിക്കുടം ജന്മിത്വത്തെ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി ഉള്ളതാണ്. സമൂഹത്തിലെ അക്രമങ്ങളും അനീതികളും വിദ്യാഭ്യാസം മാറ്റത്തില്ല." പ്രസാദ് ആവേശത്തോടെ ഉദ്ഘോഷിച്ചു.


മേരിക്കുട്ടിയുടെ മനസ്സില്‍ അതിനു ശേഷം പലതവണ പ്രസാദിന്‍റെ മുഖഭാവവും വിവരണ ശൈലിയും വികാരവും എല്ലാം തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഓര്‍ക്കുമ്പോഴെല്ലാം ഓരോ ചോദ്യങ്ങളും ഉരുവായിക്കൊണ്ടിരുന്നു. പ്രസാദിനോട് ഉടനെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വഴിവക്കിലൊന്നും പ്രസാദിനെ കണ്ടില്ല. പെട്ടെന്നൊരുനാള്‍ പ്രസാദ് പ്രത്യക്ഷപ്പെട്ടു. മേരിക്കുട്ടി ചോദിച്ചു. "ഇത്രയും നാള്‍ കണ്ടില്ല?"


"കേഡര്‍ ട്രെയിനിങ് ക്യാമ്പ് ഉണ്ടായിരുന്നു, വലിയ സഖാക്കളെല്ലാം വന്ന് ക്ലാസ്സെടുത്തു."


പഴയ സംശയങ്ങള്‍ തീര്‍ക്കാനിരുന്ന മേരിക്കുട്ടിക്ക് പുതിയ സംശയങ്ങളായി. "സഖാക്കളോ, അവരാരാ?"


"മുഴുവന്‍ സമയം പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സഖാക്കള്‍." ഉത്തരം പറഞ്ഞപ്പോഴേ തോന്നി ആ ഉത്തരം അത്ര ശരിയല്ലെന്ന്. അതുകൊണ്ട് ഉത്തരം ഒന്നുകൂടി മെച്ചപ്പെടുത്തി "നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്താന്‍ തയ്യാറുള്ളവരാണ് സഖാക്കള്‍." പറഞ്ഞു തീര്‍ന്നപ്പോള്‍ തൃപ്തി തോന്നി. ഏതൊക്കെയോ ചിന്തകള്‍ തന്‍റെ മനസ്സിലും ഉരുവാകുന്നതായി പ്രസാദിന് തോന്നി. മേരിക്കുട്ടി കൈയില്‍ കരുതി വെച്ചിരുന്ന ഒന്നാമത്തെ ചോദ്യം തൊടുത്തു വിട്ടു.

"കമ്മ്യൂണിസം എന്ന് പറഞ്ഞാല്‍ എന്താണ്?"


"കമ്മ്യൂണിസം അത് ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനം."


പക്ഷേ അത് മേരിക്കുട്ടിക്ക് പറ്റിയ ഉത്തരമായി പ്രസാദിനു തോന്നിയില്ല. പ്രസാദ് വീണ്ടുമൊരു പ്രയത്നം നടത്തി, "കമ്മ്യൂണിസം എല്ലാവരുടേയും അത്യാവശ്യങ്ങളെ പൂര്‍ത്തീകരിക്കണം എന്ന് വിശ്വസിക്കുന്ന ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി. മറ്റു വ്യവസ്ഥിതികളില്‍ ചിലര്‍ക്ക് എല്ലാം കിട്ടും, പലര്‍ക്കും ഒന്നും കിട്ടത്തില്ല. മനുഷ്യാരംഭം മുതല്‍ എല്ലാം കൈയടക്കി വെച്ചിരിക്കുന്നവരും എല്ലാം നിഷേധിക്കപ്പെട്ടവരും തമ്മിലുള്ള സമരം നടന്നു കൊണ്ടിരിക്കുകയാണ്. ആത്യന്തികമായി എല്ലാം നിഷേധിക്കപ്പെട്ടവര്‍ എല്ലാം കയ്യടക്കി വെച്ചിരിക്കുന്നവരെ തോല്‍പ്പിക്കും." പ്രസാദിന്‍റെ പ്രഭാഷണം വൈകാരികവും താത്വികവും ആയിരുന്നെങ്കിലും അത്രകണ്ട് മേരിക്കുട്ടിയെ സ്വാധീനിച്ചില്ല. മേരിക്കുട്ടിയും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. "എനിക്ക് ഇത് മനസ്സിലായില്ല,"


ഇതിനുള്ള ഉത്തരം പ്രസാദിന്‍റെ മനസ്സില്‍ പെട്ടെന്ന് തന്നെ വന്നു, "നിങ്ങളെ പോലത്തെ ജന്മികള്‍ക്ക് ഇത് മനസ്സിലാകത്തില്ല. ഞങ്ങളെ പോലത്തെ പാവങ്ങള്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും."


പെട്ടെന്നായിരുന്നു മേരിക്കുട്ടിയുടെ പൊട്ടിത്തെറി, "എപ്പോഴാണ് പ്രസാദ്, ഞങ്ങള്‍ നിങ്ങള്‍ എന്ന് ആയത്. നമ്മള്‍ രണ്ടുപേരും ഒരേ കലത്തിലെ ചോറല്ലേ കഴിക്കുന്നത്?"

പ്രസാദിന്‍റെ മുഖം വിളറി.


മാനുഷികബന്ധങ്ങളെയും പ്രത്യയശാസ്ത്രത്തെയും എങ്ങനെ കുട്ടിയിണക്കാം എന്നതായി പ്രസാദിന്‍റെ അന്നുമുതലുള്ള പഠനം. പലരോടും സംസാരിച്ചു നോക്കി. ആര്‍ക്കും അത്തരം കാര്യങ്ങളില്‍ വലിയ താത്പര്യമില്ലായിരുന്നു. എല്ലാവരും വീണ്ടും വീണ്ടും പഠിച്ച പല്ലവി ആവര്‍ത്തിച്ചു. വര്‍ഗ്ഗസമരം അനിവാര്യമാണെന്നും വര്‍ഗ്ഗ ശത്രുക്കളെ തിരിച്ചറിയേണ്ടതുണ്ടെന്നും സാമൂഹിക ബന്ധങ്ങളും മുന്‍കാല കടപ്പാടുകളും ജന്മിത്വത്തിന്‍റെ സൃഷ്ടിയാണെന്നും വര്‍ഗ്ഗ ശത്രുക്കളെ ഒറ്റപ്പെടുത്താതെ സാമൂഹിക, സാമ്പത്തിക നീതി കൈവരിക്കാനാവില്ലെന്നും റഷ്യന്‍ വിപ്ലവത്തെയും, അതിനുശേഷമുള്ള പഠനങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ നിഗമനങ്ങളെയും അടിസ്ഥാനമാക്കി വിവരമുള്ള സഖാക്കള്‍ പറഞ്ഞു കൊടുത്തിട്ടും, കൊച്ചുതോമാച്ചേട്ടനെയും കുടുംബത്തെയും വര്‍ഗ്ഗ വൈരികളായി കാണാന്‍ പ്രസാദിന് ആയില്ല.


എന്നാല്‍ പ്രസാദിനുള്ളിലെ ആശയ സമരം, മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരില്‍ പലരും അതിനെ മറ്റൊരു രീതിയില്‍ ആണ് കണ്ടത്. കൊച്ചുതോമായുടെ കുടുംബത്തോടുള്ള അടുപ്പമല്ല മറിച്ച് പ്രസാദിന് മേരിക്കുട്ടിയോടുള്ള അടുപ്പമാണതിന് കാരണമെന്നും അവര്‍ വ്യാഖ്യാനിച്ചു. പ്രസാദിനെ ശ്രദ്ധയോടെ വീക്ഷിക്കുവാന്‍ അവര്‍ തീരുമാനിച്ചു. പ്രസാദിന് മേരിക്കുട്ടിയുമായുള്ള അടുപ്പം പ്രേമമാണെങ്കില്‍ വിജയിപ്പിക്കാന്‍ അവര്‍ പദ്ധതിയിട്ടു. സാമ്പത്തികമായി ഉന്നതിയില്‍ ഉള്ള ഒരു ക്രിസ്തീയ കുടുംബത്തിലെ പെണ്‍കുട്ടി ഒരു ഈഴവ ചെറുക്കനെ കെട്ടിയാല്‍ അത് വലിയൊരു സാമൂഹിക വിപ്ലവം ആയിരിക്കുമെന്ന് അവര്‍ കരുതി.


അന്നത്തെ ക്ലാസ് കഴിഞ്ഞ് പ്രസാദ് വീട്ടിലേക്ക് നടന്നു. ഒറ്റയ്ക്കായപ്പോള്‍ ചിന്തകള്‍ കാട് കയറി. പെട്ടെന്ന് സാമൂഹ്യ ബന്ധങ്ങളും പ്രസ്ഥാനത്തിനോടുള്ള കടപ്പാടും എന്ന വിഷയത്തില്‍ ഒരു ഉത്തരം കിട്ടി. "കലം ഒന്നാണെങ്കിലും കഴിക്കുന്നവരുടെ തലം രണ്ടാണ്." അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചു, "ഒരേ തലത്തില്‍ ഉള്ളവര്‍ പല പാത്രങ്ങളില്‍ നിന്ന് കഴിച്ചാലും ഒരേ അവസ്ഥയില്‍ നില്‍ക്കും പലതലത്തില്‍ ഉള്ളവര്‍ ഒരേ പാത്രത്തില്‍ നിന്ന് കഴിച്ചാലും പല തലത്തിലെ നില്‍ക്കൂ. സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ മാറാതെ പറ്റില്ല, മാറിയേ തീരൂ." (തുടരും)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക, ഒക്ടോബർ, 2025

Oct 8, 2025

0

131

Recent Posts

bottom of page