top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -8

Sep 10, 2025

3 min read

പ്ര�ൊഫ. ജോര്‍ജ്ജ് ജോസഫ്
08
കുടുംബ പ്രവേശം
Children playing with hoops at sunset, silhouetted against a golden sky. Joyful and carefree mood in a rural setting.

എലിസബത്തമ്മയുടെ വരവ് നാരായണിയ്ക്ക് വലിയ ആശ്വാസമായിരുന്നു. എല്ലാവരോടും എലിസബത്തമ്മ നല്ല രീതിയിലാണ് പെരുമാറിയിരുന്നതെങ്കിലും ഓനച്ചന്‍ ചേട്ടനോടുള്ള പെരുമാറ്റത്തില്‍ എന്തോ ഒരു പിശകുള്ളതായി കൊച്ചുത്രേസ്യാക്കുട്ടിക്ക് തോന്നിയിരുന്നു.


മനസ്സിലെ തികട്ടലും വയറ്റിലെ വേദനയും കടിച്ചു പിടിച്ചു സന്മാര്‍ഗ്ഗിയായി ഓനച്ചന്‍ ജീവിച്ചു പോന്നു. എന്നാല്‍ വയറു വേദന അധികനാള്‍ പിടിച്ചു നിര്‍ത്താനായില്ല. സുകുമാരന്‍ ഡോക്ടര്‍, നല്ല ആശുപത്രിയില്‍ കാണിക്കണമെന്ന് പറഞ്ഞതിനാല്‍, കൊച്ചിയിലെ ഒരു മുന്തിയ ആശുപത്രിയില്‍ കൊണ്ടുപോയി. ഒരു ചെറിയ പരിശോധനയ്ക്കു ശേഷം, "ഇത് ഒരു പുതിയ രോഗമാണ്, ക്യാന്‍സര്‍ എന്ന് പറയും. ഇതിന് മരുന്നൊന്നും ഇല്ലെന്നും, മാത്രമല്ല, ഒരുപാട് പഴകിപ്പോയെന്നും, ദൈവത്തോട് നല്ല പോലെ പ്രാര്‍ത്ഥിക്ക്" എന്നും പറഞ്ഞ് ഏതാനും ഗുളികകളും കൊടുത്ത് ഓനച്ചന്‍ ചേട്ടനെ മടക്കി അയച്ചു. അങ്ങനെ ഓനച്ചന്‍ചേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ആദ്യത്തെ ക്യാന്‍സര്‍ രോഗിയായി. വിവരം കേട്ടതും എലിസബത്തമ്മ അനങ്ങാന്‍ വയ്യാതെ നിന്നു പോയി. ഒരു പണിയും ശ്രദ്ധയോടെ ചെയ്യുവാന്‍ സാധിച്ചില്ല. പലയിടങ്ങളിലും ഒളിച്ചു നിന്നു തേങ്ങിക്കരഞ്ഞു. ഓനച്ചന്‍ ചേട്ടനെ കാണണമെന്നുണ്ട്, എന്നാല്‍ പോയിക്കാണാന്‍ അനുവാദം ചോദിക്കാന്‍ മടിച്ചു.


അധികം താമസിയാതെ ആഹാരം കഴിയ്ക്കാനാവതെ ശരീരം ക്ഷീണിച്ച് ഓനച്ചന്‍ചേട്ടന്‍ പൂര്‍ണമായും കിടപ്പിലായി. ചേട്ടന്‍റെ വിശേഷം ആരില്‍ നിന്നെങ്കിലും ഓരോ ദിവസവും കേട്ടറിയും. ഒരു നാള്‍ കൊച്ചുത്രേസ്യാക്കുട്ടി പറയുന്നതു കേട്ടു, "ഓനച്ചന്‍ചേട്ടന്‍ എല്ലാം കട്ടിലില്‍ ആണ് കഴിക്കുന്നത്. ഏലിക്കുട്ടിച്ചേടുത്തിയെക്കൊണ്ട് ഒന്നും പറ്റുന്നില്ല."


ഇതു കേട്ട ഉടനെഎലിസബത്തമ്മ അറിയിച്ചു, "എനിക്ക് ആശുപത്രിയില്‍ ജോലിയ്ക്ക് നിന്ന് പരിചയമുണ്ട്, ചേട്ടനെ കഴുകി വൃത്തിയാക്കി എല്ലാം ശുദ്ധപ്പെടുത്താന്‍ വേണേല്‍ ഞാന്‍ സഹായിക്കാം."


ഒട്ടും വൈകിയില്ല, എലിസബത്തമ്മയെയും കൂട്ടി കൊച്ചുത്രേസ്യാക്കുട്ടി ഓനച്ചന്‍ ചേട്ടന്‍റെ വീട്ടിലെത്തി. ഏലിക്കുട്ടിച്ചേടുത്തിയോട് പറഞ്ഞു, "ഇവള്‍ ചേട്ടന്‍റെ എല്ലാ കാര്യങ്ങളും ചെയ്തോളും, ചേട്ടത്തി ഒന്നു കൂടിക്കൊട്."


ഓനച്ചന്‍ചേട്ടന്‍റെ ഓരോ വശത്തെ കൈകാലുകള്‍ മടക്കി ഓരോ വശത്തോട്ടും തിരിച്ച് ചെറുചൂടു വെള്ളം കൊണ്ട് ശരീരം മുഴുവന്‍ തുടച്ചു. പൃഷ്ടഭാഗം വേറൊരു തുണി നനച്ച് തൂത്ത് തനിയെ മാറ്റിവച്ചു. പായുടെ മുകളില്‍ ഇട്ടിരുന്ന റബ്ബര്‍ ഷീറ്റ് ഒരു വശം ചുരുട്ടി ശരീരത്തിനടിയിലേയ്ക്ക് തള്ളി, മറുവശം പൊക്കി പുറത്തെടുത്തു. അതേപോലെ പുറത്ത് മുഴുവന്‍ പൗഡര്‍ ഇട്ടു. അത്തെറെടുത്ത് അവിടിവിടങ്ങളില്‍ പുരട്ടി. നറു മണം എല്ലായിടത്തും പരന്നു. കഴുകാനുള്ള തുണി വെള്ളത്തില്‍ ഇട്ടുവെച്ചു. കളയേണ്ട തുണി ഒരു കുഴിയിലിട്ടു മൂടി. കഴുകേണ്ട തുണി സോപ്പിട്ടു തല്ലി അലക്കി വെയിലത്തിട്ടു. ഏലിക്കുട്ടിച്ചേടുത്തിയും കൊച്ചുത്രേസ്യാക്കുട്ടിയും വാ പൊളിച്ച് അന്തിച്ചു നിന്നു. ഓനച്ചന്‍ചേട്ടന്‍ പൂര്‍ണ്ണസംതൃപ്തിയില്‍ സുസ്മേരവദനനായി. എലിസബത്തമ്മയെ എല്ലാവരും വാനോളം പുകഴ്ത്തി.


ഓനച്ചന്‍ ചേട്ടനെ ശുശ്രൂഷിക്കാന്‍ കിട്ടിയ അവസരം ഒരു ദൈവീക ഭാഗ്യമായി എലിസബത്തമ്മ കണ്ടു. ഈ ഭാഗ്യം അധികനാള്‍ തുടര്‍ന്നില്ല. മൂത്രം പോകാതെ വേദനകൊണ്ടു പുളഞ്ഞ് ഒടുവിലത്തെ ഒപ്രിശിമയും വാങ്ങി ഓനച്ചന്‍ചേട്ടന്‍ ഈ ലോകത്തു നിന്ന് യാത്രയായപ്പോള്‍, നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു പരത്തി "കണ്ട പെണ്ണുങ്ങളുടെ പ്രാക്കാ!"


ശവസംസ്കാര ചടങ്ങുകള്‍ക്ക് ധാരാളം ബന്ധു മിത്രാധികള്‍ വന്നിരുന്നു അകാലത്തിലുള്ള മരണമായതുകൊണ്ട് പലരേയും അത് ബാധിച്ചു. അന്നാമ്മയുടെ കൂടെ കുറച്ചു കന്യാസ്ത്രീകളും കൂട്ടത്തില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവര്‍ ആരെന്ന് അന്വേഷിച്ചവരോട് എലിസബത്തമ്മയുടെ കുട്ടികള്‍ ആണെന്നും അന്നാമ്മയാണ് അവരെ അനാഥാലയത്തില്‍ നിറുത്തി പഠിപ്പിയ്ക്കുന്നതെന്നും ഇങ്ങോട്ട് പോരുന്ന വഴിയായതിനാല്‍ എലിസബത്തമ്മയെ കാണിക്കുവാനായി കൂട്ടി കൊണ്ടുവന്നതാണെന്നും പറഞ്ഞു. കൊച്ചുത്രേസ്യാക്കുട്ടി രണ്ട് കുട്ടികളേയും ശ്രദ്ധിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.


മൂത്തവന്‍ സേവ്യറിനോളം വരും, ഇളയവള്‍ കത്രീനയെ പോലെ ഇരിക്കും, പ്രായവും ഏകദേശം അത്ര തന്നെ തോന്നും. ശവമഞ്ചം എടുത്തപ്പോള്‍ എലിസബത്തമ്മ കുട്ടികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നത് യാദൃശ്ചികമായിട്ടാണെങ്കിലും കൊച്ചു ത്രേസ്യാക്കുട്ടി ശ്രദ്ധിച്ചു.


അടുത്ത ദിവസം അന്നാമ്മ പേരമ്മ എലിസബത്തമ്മയുടെ കുട്ടികളായ ജോയിയേയും ജോസിയേയും എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അനാഥ മന്ദിരത്തില്‍ നില്‍ക്കുന്നതിനാലായിരിക്കും നല്ല പെരുമാറ്റം എന്ന് എല്ലാവരും അവരെ പുകഴ്ത്തി. ഏലിക്കുട്ടിച്ചേടുത്തിക്ക് അവരെ നന്നായി ഇഷ്ടപ്പെട്ടു. അതിലുപരി എലിസബത്തമ്മയുടെ കാര്യപ്രാപ്തി അവര്‍ കണ്ടറിഞ്ഞതാണ്. ഏലിക്കുട്ടിച്ചേടത്തിയാണ് ആദ്യം ആ അഭിപ്രായം പറഞ്ഞത്, "പിള്ളേരെന്തിനാണ് അനാഥാലയത്തില്‍ നില്‍ക്കുന്നത്? ഇവിടെ എലിസബത്തമ്മയുടെ കൂടെ നില്‍ക്കാമല്ലോ?"


അന്നാമ്മപേരമ്മ അത് സമ്മതിച്ചില്ല,"അവര്‍ സ്കൂളില്‍ പോകുന്ന കുട്ടികളല്ലേ?"


"പള്ളിക്കൂടം ഇവിടെയും ഉണ്ടല്ലോ?" ഏലിക്കുട്ടിച്ചേടത്തി തിരിച്ചടിച്ചു.


പേരമ്മ അടുത്തടുത്ത് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. "താമസിക്കാന്‍ വീട് വേണ്ടേ?"


"നാരായണന്‍കുട്ടിയുടെ വീട് ഇപ്പോള്‍ കാലിയായി കിടക്കുകയല്ലേ?

എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരുന്നതല്ലാതെ കൊച്ചുത്രേസ്യാക്കുട്ടി വായ് തുറന്ന് ഒന്നും ഉരിയാടിയില്ല. ആ നിശബ്ദത അന്നാമ്മ പേരമ്മയെ അലട്ടി.

അവസരം കിട്ടിയപ്പോള്‍ അന്നാമ്മ പേരമ്മ ചോദിച്ചു, കൊച്ചുത്രേസ്യാക്കുട്ടീ, നീ എന്തിയേ ഒന്നും മിണ്ടാത്തത്?"


അവസരം കളഞ്ഞില്ല, കൊച്ചുത്രേസ്യാക്കുട്ടി മുന വെച്ചുകുത്തി, "മിണ്ടാന്‍ പറ്റാത്ത കാര്യങ്ങള്‍ മിണ്ടാതിരിക്കാന്‍ വേണ്ടിയല്ലേ നമ്മള്‍ കൂടുതല്‍ മിണ്ടുന്നത്?"


കൊള്ളേണ്ടിടത്ത് കൊണ്ടു, "നീയെന്നാടീ മനസ്സില്‍ വെച്ച് സംസാരിക്കുന്നത്? അന്നാമ്മ അധികാരം പ്രയോഗിച്ചു നോക്കി.


"മനസ്സില്‍ വെച്ച് സംസാരിക്കുന്നവര്‍ക്കല്ലേ അത് അറിയാന്‍ പറ്റൂ?" വീണ്ടും കൊച്ചുത്രേസ്യാക്കുട്ടിയുടെ വക ഒരു കുത്ത്.


അന്നാമ്മ വീണ്ടും പരിഷത്തോടെ ചോദിച്ചു, "നിനക്കിപ്പം എന്താ അറിയേണ്ടത്?"

"എലിസബത്തമ്മയും ഓനച്ചന്‍ ചേട്ടനും തമ്മിലുള്ള ബന്ധം?" കൊച്ചുത്രേസ്യാക്കുട്ടി മുഖത്തടിച്ചതു പോലെ ചോദിച്ചു.


ആന്‍സിറ്റാമ്മയുടെ അധികാരവും ശക്തിയും പ്രാപ്തിയും ഒരു നിമിഷം കൊണ്ട് ചോര്‍ന്നുപോയി. "മരിച്ച ഒരു മനുഷ്യന് അപകീര്‍ത്തി വരുത്തരുത്, നിനക്ക് തോന്നിയത് ശരിയാണ്."


രണ്ടുപേരും ദീര്‍ഘനേരം സംസാരിച്ചു. കൊച്ചു ത്രേസ്യാക്കുട്ടിയുടെ മനസ്സലിഞ്ഞു. പേരമ്മയുടെ വിശദീകരണം കേട്ടിട്ടല്ല, മറിച്ച് എലിസബത്തമ്മയുടെ നന്മയും കഠിനാധ്വാനവും കണ്ടിട്ടാണ്. ഏലിക്കുട്ടിച്ചേടുത്തിയുടെ അഭിപ്രായം നടപ്പിലാക്കുവാന്‍ രണ്ടുപേരും കൂടി തീരുമാനിച്ചു.


നാരായണിയും പിള്ളേരും രാവിലെ കൊച്ചു തോമായുടെ വീട്ടില്‍ വരുന്നതു പോലെ തന്നെ എലിസബത്തമ്മയും കുട്ടികളും എത്തുമായിരുന്നു. കാലത്തെ മുതലുള്ള ആഹാരം കൊച്ചുത്രേസ്യാക്കുട്ടിയുടെ വക. കളിയും കാലത്തെ മുതല്‍ ആരംഭിക്കും. കളി തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്. ജോയിയ്ക്കറിയാവുന്ന പല കളികളും അവരാരും കേട്ടിട്ടു പോലും ഇല്ലായിരുന്നു. അനാഥാലയത്തിലെ മറ്റു കൂട്ടുകാരില്‍ നിന്ന് പഠിച്ചതാണ്. അനാഥാലയം ശരിക്കും പല നാഥന്മാരുടെ ആശാന്‍ കളരിയായിരുന്നു. എല്ലാവരും ഗുരുക്കന്മാര്‍. ജോയിയുടെ കലാവിരുതുകളും വിനോദങ്ങളും ജോസഫ് പോലും വളരെ അത്ഭുതത്തോടെയാണ് പഠിച്ചുകൊണ്ടിരുന്നത്. ഇതുകൂടാതെ വള്ളം, കപ്പല്‍, റോക്കറ്റ് മുതലായ കളിക്കോപ്പുകള്‍ കടലാസു കൊണ്ടോ ഓലക്കണ കൊണ്ടോ ഉണ്ടാക്കി ജോയി എല്ലാവരെയും അതിശയിപ്പിച്ചു. ജോയി ഉണ്ടാക്കുന്ന ഓരോന്നും എല്ലാവരും നോക്കി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പഠിച്ച് അവരും ഉണ്ടാക്കും. എന്നാല്‍, കത്രീന മാത്രം പഠിക്കില്ല. വീണ്ടും വീണ്ടും ജോയിയെക്കൊണ്ട് ഉണ്ടാക്കിക്കും.


കളിയും ചിരിയും കൂട്ടുകുടുംബ ജീവിതവുമെല്ലാം സ്കൂള്‍ തുറന്നതോടെ അടുത്ത അവധി കാലത്തേക്കു മാറ്റിവെച്ചു. കൊച്ചുതോമായുടെ ജോസഫ് ഒഴികെയുള്ള എല്ലാ പിള്ളേരും ബോര്‍ഡിംഗ് സ്കൂളുകളിലേയ്ക്കു യാത്രയായി. ജോയിയും ജോസിയും നാട്ടിലെ മലയാളം സ്കൂളില്‍ചേര്‍ന്ന് പഠനം ആരംഭിച്ചു.

(തുടരും...)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 08

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025


Sep 10, 2025

0

69

Recent Posts

bottom of page