top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Aug 10, 2025

3 min read

പ്ര�ൊഫ. ജോര്‍ജ്ജ് ജോസഫ്

07

തളര്‍ച്ചയില്‍ വളര്‍ച്ച

കൊച്ചുതോമായുടെ അമ്മായി അന്നാമ്മയുടെ മഠത്തിലെ പേരാണ് സിസ്റ്റര്‍ ആന്‍സിറ്റാമ്മ. തന്‍റെ സഭയില്‍ സാമ്പത്തിക ഞെരുക്കം വന്നാല്‍ ആന്‍സിറ്റാമ്മ ആദ്യം സമീപിക്കുന്നത് കൊച്ചുതോമയെ ആയിരിക്കും. അന്നാമ്മയെ മാത്രമല്ല, എല്ലാ ബന്ധുക്കളേയും കൊച്ചുതോമ പലവിധത്തില്‍ സഹായിച്ചിരുന്നു. അത്യാവശ്യത്തിന് അവര്‍ പണം കടം വാങ്ങിയാല്‍ തിരിയെ കൊടുക്കാറില്ല. പണം കിട്ടത്തില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ക്ക് കൊച്ചുതോമ കടം കൊടുക്കുന്നത്.


കൊച്ചുതോമായുടെ ചേട്ടന്‍ ഓനച്ചനും ഒരു ചെറുകിട വ്യാപാരിയായിരുന്നു. പക്ഷേ, മുതല്‍ മുടക്ക് കൊച്ചുതോമായ്ക്കും. പടിഞ്ഞാറ് നെയ്യുന്ന തഴപ്പായ മൊത്തമായി വാങ്ങി, കിഴക്ക് കൊണ്ടു പോയി ചില്ലറയായി വില്‍ക്കുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ സമാഹരിക്കുന്നതിനേക്കാള്‍ സമയം വേണം വില്‍ക്കുവാന്‍. ഓരോ പ്രദേശങ്ങളിലും താമസവും കച്ചവട സൗകര്യങ്ങളും ചില വീടുകളില്‍ തരപ്പെടുത്തിയെടുക്കും. പ്രതിഫലമായി പായും പണവും കൊടുക്കും. കൂടാതെ ചെല്ലുന്ന പലയിടങ്ങളിലും രഹസ്യവാസങ്ങളുമുണ്ട്. അതുകൊണ്ട് വിറ്റു വരവ് മുതല്‍ മുടക്കിനേക്കാള്‍ കുറവായിരിക്കും. വീട്ടുചെലവ് അനിയന്‍ നടത്തുന്നതു കൊണ്ട് അതിനെക്കുറിച്ച് അങ്ങേര്‍ക്ക് അധികം വേവലാതിയും ഇല്ല.


ഒരു നഷ്ടക്കച്ചവടക്കാലം കഴിഞ്ഞാല്‍ പിന്നീട് കച്ചവടം ഉടന്‍ ഉണ്ടാകില്ല. കുറച്ചു നാള്‍ വിശ്രമമാണ്. കടംവാങ്ങിയ പണത്തെക്കുറിച്ച് അനിയന്‍ മറക്കണമല്ലോ? വിശ്രമ കാലത്ത് അനിയനെ വ്യാപാരത്തില്‍ സഹായിക്കും. സഹായം സഹിക്കാനാവാതെ സാധാരണ പണിക്കാര്‍ പൊറുതി മുട്ടും. ഏട്ടന്‍റെ സഹായം ഉപദ്രവമാണെന്ന് കൊച്ചു തോമായ്ക്കും നന്നായി അറിയാം. പക്ഷേ, സഹായിക്കണ്ട എന്നു പറയുവാന്‍ കൊച്ചുതോമ മടിച്ചു. പറയേണ്ടത് പറയേണ്ടപോലെ പറയേണ്ടവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് പാപ്പിയും നാരായണന്‍കുട്ടിയും ആഗ്രഹിച്ചു. ചേട്ടനെക്കുറിച്ച് കൊച്ചുതോമായോട് പരിഭവം പറയുവാന്‍ അവരും മടിച്ചു. സഹികെട്ട് കൊച്ചുതോമ അവസാനം ചോദിക്കും, "ചേട്ടന്‍ പായ്ക്കച്ചവടത്തിനു പോകുന്നില്ലേ?"


അവസരം മുതലാക്കി മുതല്‍മുടക്ക്, തിരിച്ചടക്കേണ്ടാത്ത കടമായി വാങ്ങി, വീണ്ടും ഓനച്ചന്‍ പായ്ക്കച്ചവടം ആരംഭിക്കും. അങ്ങനെയൊരു പായ്ക്കച്ചവടക്കാലത്ത് ഓനച്ചന്‍ ഒരു അബദ്ധത്തില്‍ പെട്ടു. പൂഞ്ഞാറിനടുത്തുള്ള ഒരു കൊച്ചുഗ്രാമത്തിലെ എലിസബത്തമ്മയോട് ചേര്‍ന്നുള്ള ഓനച്ചന്‍റെ സുഖവാസം പൊതു വാസമായി മാറി. ആ നാട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി ഓനച്ചന്‍ എലിസബത്തമ്മയെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ മാലയിട്ട് സ്വീകരിക്കുമ്പോള്‍, നാട്ടില്‍ മൂത്തമകന്‍ വര്‍ഗീസിന് പ്രായം പതിനഞ്ച്, എളേത്തുങ്ങള്‍ അഞ്ചുപേര്‍.


അതിനുശേഷം പായ്ക്കച്ചവടം നടത്തുവാന്‍ ഓനച്ചന് ഒട്ടും താല്പര്യമില്ലായിരുന്നു. എങ്കിലും വല്ലപ്പോഴുമൊക്കെ കച്ചവടത്തിന് പോയിരുന്നു, പൂഞ്ഞാറിനടുത്തുള്ള ആ ഗ്രാമത്തിലേക്ക് മാത്രം. അങ്ങനെ എലിസബത്തമ്മ ഗര്‍ഭം ധരിച്ചു പ്രസവിച്ച രണ്ടു കുട്ടികളും ഓനച്ചന്‍റെതായി ഓനച്ചന്‍ മനസ്സില്‍ കുറിച്ചു. നാട്ടിലെ കുട്ടികളെ അനിയന്‍ കൊച്ചുതോമ പോറ്റി, പൂഞ്ഞാറ്റിലെ കുട്ടികളെ ഓനച്ചനും.


മനുഷ്യര്‍ ക്ഷയിക്കുമ്പോഴാണ് അവരുടെ ശക്തി മറ്റുള്ളവരിലാണെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ അത് തിരിച്ചറിയാത്ത കാലത്ത് എടുത്ത തീരുമാനങ്ങളും നടപടികളും ക്ഷയിക്കുമ്പോള്‍ അവരെ കൂടുതല്‍ ക്ഷീണിപ്പിക്കും. ശരീര ക്ഷീണവും കുറ്റബോധവും വേട്ടയാടിയിരുന്ന ഓനച്ചന്‍, സര്‍വ്വ ശക്തിയും മനഃധൈര്യവും സംഭരിച്ച് അന്നാമ്മ അമ്മായിയെ കാണുവാന്‍ തീരുമാനിച്ചു. ഒരു കുമ്പസാരം നടത്തുന്നതായി വിശ്വസിച്ച്, ഒരു വിശുദ്ധയുടെ മുമ്പിലെന്നതുപോലെ, തന്‍റെ പാപജീവിതം ഓനച്ചന്‍ അമ്മായിയുടെ മുമ്പില്‍ തുറന്നു വെച്ചു. ഓനച്ചനെ അടിച്ചു കൊല്ലണമെന്നാണ് അന്നാമ്മയ്ക്ക് തോന്നിയത്. പശ്ചാത്താപവും പ്രായശ്ചിത്തത്തിനുള്ള ഒരുക്കവും കണ്ടപ്പോള്‍ അന്നാമ്മയുടെ ഹൃദയം കരുണാര്‍ദ്രമായി, കണ്ണു കലങ്ങി. ഓനച്ചനെ ആശ്വസിപ്പിച്ച്, എലിസബത്തമ്മയേയും കുട്ടികളേയും കൂട്ടി അടുത്ത നാള്‍ വരുവാന്‍ ആവശ്യപ്പെട്ടു. അമ്മായിയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഓനച്ചന് ആത്മാവില്‍ സ്വര്‍ഗ്ഗഭാഗ്യം സിദ്ധിച്ച പ്രതീതിയായിരുന്നു.


സിസ്റ്റര്‍ ആന്‍സിറ്റാമ്മ പദ്ധതികള്‍ തയ്യാറാക്കി ഓനച്ചനെയും രണ്ടാം കുടുംബത്തെയും അടുത്ത നാള്‍ കാത്തിരുന്നു. കാലത്ത് പത്ത് മണിയോടെ അവര്‍ മഠത്തില്‍ എത്തി. എലിസബത്തമ്മയേയും കുട്ടികളേയും സ്നേഹോഷ്മളതയോടെ വരവേറ്റു. എലിസബത്തമ്മയുടെ കണ്ണുകള്‍ കലങ്ങി, പൊട്ടിക്കരയുമെന്ന നിലയിലായി. ആദ്യമായാണ് എലിസബത്തമ്മ ഇത്രയേറെ സുരക്ഷിതത്വം അനുഭവിക്കുന്നത്.


സിസ്റ്റര്‍ ആന്‍സിറ്റാമ്മ ഒരു ദിവസത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നു. പരിശുദ്ധ അമ്മയോട് വളരെ നേരം പ്രാര്‍ത്ഥിച്ചുവെന്നു മാത്രമല്ല, ആത്മീയ പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. ആത്മീയ പിതാവിന്‍റെ ഉപദേശപ്രകാരം, അന്നുതന്നെ പാലായിലുള്ള അനാഥ മന്ദിരത്തില്‍ പോകുകയും രണ്ടു കുട്ടികളേയും അവിടെ ചേര്‍ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. തിരികെ വരുന്ന വഴി ഭരണങ്ങാനത്തെ ധ്യാനാശ്രമത്തില്‍ കയറി ഓനച്ചനും എലിസബത്തമ്മയ്ക്കും ധ്യാനത്തിന് കൂടുവാനുള്ള അവസരവും ഏര്‍പ്പാടാക്കി.


ഓനച്ചനും എലിസബത്തമ്മയും സഭാനിയമ പ്രകാരം വിവാഹിതരല്ലാത്തതുകൊണ്ട്, ഇനിമുതല്‍ ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ അല്ല, സമര്‍പ്പിതരെ പോലെ ജീവിക്കണം എന്നും അതിനായി ഭരണങ്ങാനത്ത് ധ്യാനാശ്രമത്തില്‍ പോയി ഒരു നാള്‍ ധ്യാനം കൂടി നല്ല കുമ്പസാരം നടത്തണമെന്നും അന്നാമ്മ അമ്മായി പറഞ്ഞു. ലൗകിക സുഖങ്ങള്‍ ഒന്നും ഓനച്ചന്‍ ആഗ്രഹിച്ചിരുന്നില്ല, എലിസബത്തമ്മയുടെയും കുട്ടികളുടെയും സുരക്ഷിതത്വം മാത്രം മതിയായിരുന്നു. അതുകൊണ്ട് എന്ത് ചെയ്യുവാനും ഓനച്ചന്‍ തയ്യാറായിരുന്നു.


ഓനച്ചന്‍റെ മാറ്റം എല്ലാവരും ശ്രദ്ധിച്ചു. നല്ല ഒതുക്കവും ഉത്തരവാദിത്വവും അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നു. കൊച്ചുതോമായെ അനിയനെപ്പോലെയല്ല, ചേട്ടന്‍റെ സ്ഥാനത്താണ് കണ്ടത്. പണിക്കാര്‍ക്ക് ഒരു ശല്യവും ചെയ്തില്ലെന്നു മാത്രമല്ല, അവരോടു ചേര്‍ന്നു എല്ലാ ജോലിയും ചെയ്യുവാനും തുടങ്ങി. എന്നാല്‍ പണിയുവാന്‍ മനസ്സു വന്നപ്പോള്‍ പണിയുവാന്‍ പറ്റാത്ത അവസ്ഥയിലായി. എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോള്‍ ക്ഷീണിതനാകുന്നു. ക്ഷീണം അധികമാണെന്ന് തോന്നിയാല്‍ അടുക്കളയില്‍ പോയി അല്പം കഞ്ഞി വെള്ളം ചൂടോടെ വാങ്ങി കുടിക്കും. പഴയതുപോലെ ആരെയും കളിയാക്കാറില്ല. മാത്രമല്ല, എല്ലാവരുടെയും നല്ല വിശേഷങ്ങള്‍ തിരക്കുകയും ചെയ്യും.


ഇത്തവണ അന്നാമ്മ അമ്മായി വീട്ടില്‍ വന്നപ്പോള്‍ മറ്റ് കന്യാസ്ത്രീകളെ കൂടാതെ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. വടിവൊത്ത ശരീരം, ഇരുണ്ട നിറം, ഭംഗിയുള്ള മുഖം, ആകര്‍ഷണത്വമുള്ള ചിരി, എല്ലാം കൂടെ അവളെ കണ്ടിട്ടു ഏതോ ഒരു പന്തികേട് ഉള്ളതായി കൊച്ചുത്രേസ്യാക്കുട്ടിക്ക് തോന്നി. അവര്‍ വരുമ്പോള്‍ കൊച്ചുതോമ സ്ഥലത്ത് ഇല്ലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഓനച്ചന്‍ അവിടെനിന്ന് മാറുകയും ചെയ്തു. കന്യാസ്ത്രീകളെയും കൂടെ വന്ന എലിസബത്തമ്മയെയും അമ്മായി എല്ലാവര്‍ക്കും പരിചയപ്പെടുത്തി. വന്നവരെല്ലാവരും ചേര്‍ന്ന് അടുക്കള ഭരണം ഏറ്റെടുത്തു.


അന്നാമ്മ അമ്മായിയ്ക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ആ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും, കൊച്ചുത്രേസ്യാക്കുട്ടിയോട് ചോദിക്കാതെ ഒന്നും ചെയ്യില്ലായിരുന്നു. കൊച്ചുത്രേസ്യാക്കുട്ടിയ്ക്ക് അന്നാമ്മ സ്വന്തം ചേച്ചിയെ പോലെയായിരുന്നു. എന്ത് ചെയ്താലും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചുത്രേസ്യാക്കുട്ടി എല്ലാറ്റിനും തുണയായി നില്‍ക്കുകയേ ഉള്ളൂ. അന്നാമ്മ എലിസബത്തമ്മയെ കൊച്ചുത്രേസ്യാക്കുട്ടിയുടെ മുമ്പില്‍ അവതരിപ്പിച്ചു, "ഒരു പാവം സ്ത്രീയാണ്, കെട്ടിയവന്‍ പുറപ്പെട്ടു പോയി. രണ്ട് കുട്ടികളെ ഞങ്ങളാണ് അനാഥാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നത്."


സാധാരണഗതിയില്‍ അന്നാമ്മ അമ്മായി എന്ത് നടക്കണണമെന്ന് ആഗ്രഹിക്കുന്നുവോ അത് താനാഗ്രഹിക്കുന്നതു പോലെ ചെയ്യത്തേയൊള്ളൂ. എന്നാല്‍ പതിവിനു വിപരീതമായി അമ്മായി ചോദിച്ചു, "എന്തെങ്കിലുമൊക്കെ പണി ചെയ്ത് ഇവള്‍ ഇവിടെ നില്‍ക്കട്ടെ, അല്ലേ?"

പതിവിനു വിപരീതമായി കൊച്ചുത്രേസ്യാക്കുട്ടി മറുപടി പറഞ്ഞു, "ഇവളെ നിങ്ങളുടെ മഠത്തിലെവിടെയെങ്കിലും നിര്‍ത്തുന്നതല്ലേ നല്ലത്?"

ചെസ്സ് കളിയിലെ എതിരാളി ചെക്ക് വെച്ചതു പോലെ ഒരു നിമിഷം ഒന്നും പറയുവാന്‍ ആകാതെ അന്നാമ്മ അമ്മായി നിന്നു പോയി.

"ഒരു കാര്യം ചെയ്യ്, ഞാന്‍ മറ്റേതെങ്കിലും ഒരിടം ശരിപ്പെടുത്തുന്നതു വരെ ഇവള്‍ ഇവിടെ നില്‍ക്കട്ടെ."

(തുടരും...)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു,നോവൽ,

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക, ഓഗസ്റ്റ് 2025

Aug 10, 2025

0

96

Recent Posts

bottom of page