
12
ആദ്യത്തെ ക്രിസ്മസ്

ചിറപ്പേല്‍ കുന്നില്‍ എപ്പോഴും ആഘോഷമാണ്. ആരെങ്കിലും വന്നാല്‍ അത് കൂടും. സന്തോഷത്തോടെ ചെലവ് ചെയ്തു ആഘോഷത്തോടെ ജീവിക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അവരുടെ ആഘോഷ രീതികളോ സന്തോഷ പ്രകടനങ്ങളോ മേരിക്കുട്ടിക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലായിരുന്നു. തീറ്റയും കുടിയും ബഹളമുണ്ടാക്കലുമെല്ലാമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ഏര്‍പ്പാടുകള്‍. എപ്പോഴും ഇറച്ചി. എല്ലാ നാളും മീന്‍ കഴിച്ചു വളര്‍ന്ന മേരിക്കുട്ടിക്ക് ഇറച്ചി ഇഷ്ടമായിരുന്നെങ്കിലും, എന്നും കണ് ടും കൂട്ടിയും അറപ്പും വെറുപ്പുമായി.
ആണുങ്ങള്‍ ജീപ്പില്‍ തോട്ടങ്ങളിലേക്ക് പോയാല്‍ ഒന്നും രണ്ടും ആഴ്ചകള്‍ കഴിഞ്ഞെ തിരികെ വരു. ജോണിച്ചനും വീട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ തോട്ടത്തില്‍ പോകുന്നതായിരുന്നു ഇഷ്ടം.
വീട്ടുഭരണം വെറും അടുക്കള ഭരണം മാത്രമല്ല. കാര്‍ഷികവിളകള്‍ ഉണക്കുക കേടുകൂടാതെ സൂക്ഷിക്കുക മുതലായ കാര്യങ്ങളില്‍ പണിക്കാരെ സഹായിക്കുക, മേല്‍നോട്ടം വഹിക്കുക തുടങ്ങി എല്ലാ കാര്യങ്ങളും പെണ്ണുങ്ങള്‍ വേണം നോക്കി നടത്തുവാന്‍. അടുക്കളപ്പണി വേണ്ടുവോളം ഉണ്ടായിരുന്നു.
കൊച്ചുതോമായും കൊച്ചുത്രേസ്യാക്കുട്ടിയും പിള്ളേരെയും കൂട്ടി, ഡിക്കി നിറയെ പലഹാരവുമായി ജോണിച്ചനെയും മേരിക്കുട്ടിയെയും ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിന് വിളിക്കുവാന്‍ അന്ന് എത്തി. ആങ്ങളമാരെയും അനിയത്തിമാരെയും കണ്ടപ്പോള്‍ സന്തോഷത്തില്‍ മേരിക്കുട്ടി തിമര്‍ത്തു. എന്താണ് ചെയ്യുന്നതെന്നോ എങ്ങനെ ചെയ്യുന്നെന്നോ ഓര്‍ക്കാതെ തുള്ളിച്ചാടി. പിള്ളേരെയെല്ലാവരെയും കൂട്ടി പലതരം കളികളില്‍ ഏര്‍പ്പെട്ടു. ഇവിടുത്തെ അവിടുത്തെ ഇന്നവരുടെ മറ്റവരുടെ എന്ന വേര്‍പാടുകള്‍ ഒന്നുമില്ലെന്ന് മാത്രമല്ല യാതൊരു അപരിചിതത്വവും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു. വൈകുന്നേരം തിരികെ പോരാറായപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായി. മലഞ്ചരക്ക് സാധനങ്ങള്‍ ഡിക്കി നിറയെ കയറ്റി. അല്പം ഇടം കൂടെ നിറയാന്‍ ഉണ്ടെന്ന് കണ്ടയുടന്‍ ജോണിച്ചന്‍റെ അപ്പന്‍ അടുത്ത് നിന്നിരുന്ന വാഴക്കുലയും വെട്ടി അതിനുള്ളില്‍ വെച്ചു.
ക്രിസ്മസിന്‍റെ വരവിനേക്കാള്‍ ചേച്ചിയുടെ വരവിനായി കുട്ടികള്‍ കാത്തിരുന്നു. ഓരോരുത്തരും അവരുടേതായ രീതിയില്‍ ഓരോ പദ്ധതികള്‍ തയ്യാറാക്കി. ജോസഫ് പാപ്പിക്കുഞ്ഞിനോട് ആലോചിച്ചു, "അളിയന് ഇത്തിരി കള്ള് വാങ്ങിക്കൊടുക്കണ്ടെ? അപ്പന്‍ വീട്ടില്‍ കയറ്റത്തില്ലല്ലോ?" "അതെല്ലാം ഞാന്‍ നോക്കിക്കൊള്ളാം, ചേട്ടന്‍ വിഷമിക്കേണ്ട." പാപ്പിക്കുഞ്ഞ് പറഞ്ഞു. ഇതേ ആശയം കൊച്ചുതോമ പാപ്പിയോടും പറഞ്ഞിരുന്നു.താന്‍ അറിഞ്ഞിട്ടില്ലെന്നപോലെ കാര്യം ചെയ്യണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. ആദ്യത്തെ ക്രിസ്മസ്സ് അല്ലേ? കിഴക്കുനിന്ന് വരുന്നതല്ലേ? എന്നെല്ലാം വിചാരിച്ചായിരുന്നു ഈ അസാമാന്യമായ ഏര്‍പ്പാട്. സേവ്യറും ടീമും പുല്‍ക്കൂട് കെട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു. പുതിയതായി അതെങ്ങനെ മോഡി പിടിപ്പിക്കണം എന്നായിരുന്നു പ്രധാന ചിന്ത. ജോണിച്ചനും മേരിക്കുട്ടിയും പാലായില്‍ നിന്ന് നേരിട്ടുള്ള വി എം എസ് ബസ്സില്‍ വരും എന്നായിരുന്നു പറഞ്ഞിരുന്നത്. പാലായില്‍ നിന്ന് രാവിലെ പത്തരയ്ക്കാണ് വി എം എസ്. അതില്‍ കയറിയാല്‍ ഒന്നരയ്ക്ക് മാരാം വീട്ടില്‍ വരാം. അവിടെ നിന്ന് വള്ളത്തേല്‍.
അളിയനെ സ്വീകരിച്ചുകൊണ്ടു വരേണ്ട ചുമതല മൂത്ത അളിയന്‍ എന്ന മുറയില്‍ ജോസഫ് എറ്റെടുത്തു. കത്രീനായും ജോര്‍ജുകുട്ടിയും ആന്‍സിയും ഒപ്പം ചേര്‍ന്നു. വീട്ടില്‍ നിന്ന് മാരാം വീട്ടിലേക്ക് പത്തുപതിനഞ്ചു മിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വളരെ നേരത്തെ തന്നെ എല്ലാവരും ഒരുങ്ങി. പൊന്നനെ പലപ്രാവശ്യം കണ്ടു നിര്‍ബന്ധിച്ചു. "പോകാം മക്കളെ" എന്ന് പറഞ്ഞതല്ലാതെ പൊന്നന്‍ വള്ളമെടുത്തപ്പോള്‍ പന്ത്രണ്ടര കഴിഞ്ഞു. ഒന്നരയ്ക്കുള്ള വിഎംഎസി നായി കാത്തു നിന്നു. വിഎംഎസ് വന്നു നിന്നു. ഓരോരുത്തരായി ഇറങ്ങി. ഇറങ്ങിയവരെല്ലാം അവരവരുടെ പാട്ടിനു പോയി. ജോണിച്ചനേയും മേരിക്കുട്ടിയേയും കണ്ടില്ല.
കാത്തിരുന്ന് എല്ലാവരും മടുത്തു. പിള്ളേര്‍ക്ക് ഇരിക്കാനായി വള്ളത്തിനു ള്ളില്‍ ഒരു പലകയിട്ട് അതിന്മേല്‍ തഴപ്പായ മടക്കി ഇട്ടിരുന്നു. ആന്‍സി അതില്‍ കിടന്നുറങ്ങി. മറ്റുള്ളവര്‍ ആകാംക്ഷയും സങ്കടവും ക്ഷീണവും മൂലം മിണ്ടാതെ വള്ളപ്പടിയില്‍ ഇരിപ്പായി. അവസാനം ഒന്നരയ്ക്ക് വരേണ്ടവര്‍ രണ്ടരയ്ക്ക് കാറില്‍ എത്തി. എല്ലാവര്‍ക്കും ഉത്സാഹമായി. ആന്‍സിയെ വിളിച്ചുണര്‍ത്തി. എല്ലാവരും ചേര്‍ന്ന് കാറിന്‍റെ അരികിലേക്ക് ചെന്നു. മേരിക്കുട്ടിയാണ് ആദ്യം കാറില്‍ നിന്ന് ഇറങ്ങിയത്. ജോണിച്ചേനെ പിടിച്ചിറക്കി. ജോണിച്ചന്‍റെ പോക്കറ്റില്‍ നിന്ന് കാശ് എടുത്ത് ടാക്സിക്കാരന് കൊടുത്തതും മേരിക്കുട്ടി തന്നെ. എല്ലാവര്‍ക്കും ജോണിച്ചന് എന്തോപറ്റിയെന്ന ഭയമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊന്നനു മാത്രം മനസ്സിലായി. പൊന്നന്‍ നേരെ പോയി ജോണിച്ചന്‍റെ പിറകിലൂടെ കൈയിട്ട് പിടിച്ച് ജോണിച്ചനെ മുന്നോട്ട് നടത്തി. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജോണിച്ചന്‍ കൂടെ നടന്നു. എന്തെല്ലാമോ പുലമ്പുന്നുണ്ടായിരുന്നു. വള്ളത്തില്‍ കയറിയ ഉടന്‍ "ഹലോ" എന്ന് ശബ്ദിച്ചു. ആരോട് പറഞ്ഞതാണെന്ന് ആര്‍ക്കും മനസ്സിലായില്ല. വള്ളത്തിനകത്ത് കുട്ടികള്‍ക്ക് ഇരിക്കുവാന്‍ ഇട്ടിരുന്ന പായയിലേക്ക് മലര്‍ന്നു കിടന്നു.
കള്ളു കുപ്പി പൊട്ടുന്നതുപോലെ ജോസഫിന്‍റെ ഹൃദയം നുറുങ്ങി. കാര്യം എന്തെന്നറിയാതെ കുട്ടികള്‍ വിങ്ങിക്കരയുവാന്‍ തുടങ്ങി. ജോര്‍ജുകുട്ടിയും മേരി ക്കുട്ടിയും ഒരു പടിയില്‍ ചേര്‍ന്നിരുന്നു. മേരിക്കു ട്ടിയുടെ മുഖം കറുത്തിരുണ്ടു എന്നല്ലാതെ മറ്റൊരു ഭാവവും ഇല്ലായിരുന്നു. എങ്ങോട്ടെന്നില്ലാതെ തുറിച്ചു നോക്കി. വെയില്‍ അടിച്ചിരുന്നതിനാല്‍ കണ്ണ് തിളങ്ങി. കത്രീനയും ആന്‍സിയും മറ്റൊരു പടി യിലും അതോടു ചേര്‍ന്ന് ജോസഫ് വില്ലിയിലുമായി ഇരുന്നു. വള്ളം തുഴയുന്ന ശബ്ദം അല്ലാതെ മറ്റൊരു ശബ്ദവും ഇല്ലായിരുന്നു. വള്ളം കരയ്ക്ക്ടുത്തതും മേരിക്കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്കോടി, പിറകെ കുട്ടികളും. ജോസഫും പൊന്നനും മാത്രം വള്ളത്തിന്‍ അരികില്‍ നിന്നു. അവിടവിടെ ഓരോ പണിയിലേര്‍പ്പെട്ടിരുന്നവരെ വിളിച്ചുവരുത്തി. എല്ലാവരും ചേര്‍ന്ന് ശവം പായ്യില്‍ ചുരുട്ടി എടുക്കുന്നത് പോലെ ജോണിച്ചനെ തൂക്കിയെടുത്ത് അകത്ത് കട്ടിലില്‍ കൊണ്ടുപോയി കിടത്തി. ബാഗുകള്‍ അതേ മുറിയില്‍ കൊണ്ടുപോയി വെച്ചു.
ക്രിസ്മസ് ഒരുക്കങ്ങള്‍ ഒരു നിമിഷം കൊണ്ട് നിന്നു. അതൊരു മരണവീടു പോലെയായി. പരസ്പരം നോക്കുവാനും ഏതാനും വാക്കുകള്‍ സംസാരിക്കുവാനും ഒന്നര രണ്ടു മണിക്കൂര്‍ എടുത്തു. ജോണിച്ചന്‍ മേരിക്കുട്ടിയെ വൈക്കം ബസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് എവിടെയോ പോയി മദ്യം കഴിച്ച് അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് വന്നതെന്ന് കേട്ടപ്പോള്‍ കൊച്ചുത്രേസ്യാക്കുട്ടിക്ക് ജോണിച്ചനെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. ആദ്യത്തെ മരുമകന്‍!
അടി കിട്ടിയാലും നിവര്‍ന്നു നില്‍ക്കണം, ആരുടെയെങ്കിലും പ്രവര്‍ത്തിയാല്‍ തകര്‍ന്നുവീഴാന്‍ ഉള്ളതല്ല തന്‍റെ കുടുംബാന്തരീക്ഷം. കൊച്ചുതോമ നി വര്ന്നു നിന്നു. നാരായണന്‍കുട്ടിയെ വിളിച്ച് കല്‍പ്പനയിട്ടു, "ക്രിസ്മസിന് ഒരു കുറവും വരരുത്. എപ്പോഴത്തെതിലും നന്നായി നടക്കണം." തനിക്കു പകരം യുദ്ധം നയിക്കുവാന്‍ മഹാരാജാവ് ചക്രവര്‍ത്തി ഉടവാളും കൊടുത്ത് ദളവയായി തന്നെ ചുമതലപ്പെടുത്തിയതുപോലെ നാരായണന്‍കുട്ടിക്ക് തോന്നി. നാരായണിയും കുഞ്ഞുമണിയും സദ്യ ഒരുക്കാന്‍ തുടങ്ങി. രാവിലെ കാപ്പിക്ക് പാലപ്പവും താറാവു പെരുളനും, പോരാത്തതിന് കള്ളപ്പവും കോഴിക്കറിയും ഏത്തപ്പഴം പുഴുങ്ങിയതും. ഉച്ചയ്ക്ക് ഇവ കൂടാതെ കാളനും പോത്തുലത്തിയതും മീന്‍കറിയും. തൊഴില്‍ രംഗത്തുള്ള ചില അതിഥികള്‍ വരും.
പാപ്പിക്കുഞ്ഞ് പുല്‍ക്കുടിലിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു. ക്രിസ്മസ് ട്രീ കരിഞ്ഞാട്ടയുടെ ഇടതൂര്‍ന്ന ഒരു കമ്പ് വെട്ടി വെച്ചുണ്ടാക്കി. കരിഞ്ഞാട്ടയില ഉണങ്ങാനും കൊഴിയാനും നാളുകള്‍ എടുക്കും. ബലൂണുകള്‍ തൂക്കി, വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ചു. കൂടെ മഞ്ഞ തോരണവും ചുറ്റി ഈഴവരുടെ സാന്നിധ്യം ക്രിസ്മസ് ട്രീയില്‍ കൊണ്ടു വന്നു. ബഹുവര്‍ണ്ണ നക്ഷത്രം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. വൈകിട്ട് അതില്‍ വിളക്ക് കത്തിച്ചുവെച്ചു. കൊച്ചുതോമ ഒരു നിമിഷം ഓര്‍ത്തു, "മരിച്ച വീട്ടില്‍ വീട്ടുകാര്‍ ഒരു പണിയും ചെയ്യില്ല, അയല്‍ക്കാരാണ് എല്ലാ പണിയും ചെയ്യുന്നത്."
ജോസഫും സേവ്യറും പാതിരാ കുര്‍ബാനയ്ക്ക് പോയി. പോണം എന്ന് ആഗ്രഹിച്ചിട്ടല്ല, പോയില്ലെങ്കില്‍ കൂട്ടുകാര്‍ തിരക്കും. കൊച്ചുതോമായും കൊച്ചു പിള്ളേരും രാവിലത്തെ കുര്‍ബാനയ്ക്കു പോയി. വള്ളത്തേലാണ് പോയത്. വഴിയില്‍ ആരും കണ്ടു വിശേഷം ചോദിക ്കത്തില്ലല്ലോ. കൊച്ചുത്രേസ്യാക്കുട്ടിയും മേരിക്കുട്ടിയും പള്ളിയില്‍ പോയില്ല. കൊച്ചുത്രേസ്യകുട്ടിയെ കണ്ടാല്‍ പുതുമാപ്പിളയും പെണ്ണും വന്നില്ലേ എന്ന് ആരെങ്കിലുമൊക്കെ തിരക്കും.
പുതുമാപ്പിള നേരം വെളുക്കെ എഴുന്നേറ്റ് പുറത്തുപോയി മൂത്രമൊഴിച്ച് തിരികെ വന്നപ്പോഴാണ് അല്പം ബോധം തെളിഞ്ഞത്. ആ വെളിവില്‍ ബാഗ് തപ്പിയെടുത്ത് അതില്‍ വെച്ചിരുന്ന കുപ്പിയില്‍ നിന്ന് ഒരു കവിള്‍ അപ്പടിയെ കുടിച്ച് വീണ്ടും കിടന്നു. ഇതേവരെ എഴുന്നേറ്റിട്ടില്ല. അങ്ങനെ ആദ്യ ക്രിസ്തുമസിന്‍റെ ആഘോഷങ്ങള്‍ അയാള്‍ക്കൊഴികെ എല്ലാവര്‍ക്കും ദുഃഖവെള്ളിയാഴ്ചയ്ക്ക് സമമായി. (തുടരും..)
അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
പ്രൊഫ. ജോര്‍ജ് ജോസഫ്
അസ്സീസി മാസിക, ജനുവരി 2026





















