top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Dec 6, 2025

3 min read

പ്ര��ൊഫ. ജോര്‍ജ്ജ് ജോസഫ്
11

മനസ്സമ്മതവും കല്ല്യാണവും

ചെറുക്കനെ കണ്ട് പലരും മിടുക്കന്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞു. മനസ്സമ്മതച്ചടങ്ങിന്‍റെ സമയത്തു മാത്രമേ ചെറുക്കനും പെണ്ണും അടു ത്തടുത്തു നിന്നൊള്ളൂ. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ ഉടന്‍ ചെറുക്കന്‍ ചെറുക്കന്‍റെ വീട്ടുകാരുടെയും പെണ്ണ് പെണ്‍വീട്ടുകാരുടെയും കൂടെ ചേര്‍ന്നു. എന്നാല്‍ ബോട്ടില്‍ രണ്ടുപേരോടും ഒന്നിച്ചിരി ക്കുവാന്‍ ആവശ്യപ്പെട്ടു. അത് ഒരു പരിഷ്കാരമായി രുന്നു. അപ്പോഴാണ് ആദ്യമായി മേരിക്കുട്ടി ഒരു അപരിചിതന്‍റെ അടുത്തിരിക്കുന്നത്. അല്പം ചേര്‍ ന്നിരിക്കണമെന്ന് ആശയുണ്ടായിരുന്നെങ്കിലും ചേര്‍ന്നിരുന്നില്ല. പെണ്ണ് തന്‍റെ അടുത്തോട്ട് ചേര്‍ന്ന് ഇരുന്നെങ്കില്‍ڔ എന്ന് ചെറുക്കനും ആഗ്രഹിച്ചു. പക്ഷേ രണ്ടുപേരും ബലം പിടിച്ച് അകന്നിരുന്നു. ഒരു കൊച്ചു കുട്ടി വന്ന് ചെറുക്കന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു.


'മോനെന്നാ എന്നെ നോക്കുന്നത്?' ചെറുക്കന് വായ് തുറക്കാന്‍ ഒരു അവസരം കിട്ടി.

കൊച്ചു പറഞ്ഞു "മീശ" അക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ ആരും തന്നെ മീശ വെക്കത്തില്ലായിരുന്നു. മീശയും താടിയോടൊപ്പം വടിക്കുകയായിരുന്നു പതിവ്. കോളേജുകളില്‍ പഠിക്കാന്‍ പോയി തുടങ്ങിയതോടെയാണ് മീശ വെക്കുന്നത് ഒരു ഫാഷനായി തുടങ്ങിയത് മേരിക്കുട്ടിക്കും വായ് തുറക്കാന്‍ ഒരു അവസരം കിട്ടി. "അവന്‍ അമ്മായിയുടെ മോളുടെ മോനാ, മിടുക്കനാ." ശബ്ദം കേട്ടപ്പോള്‍ ജോണിച്ചന് സന്തോഷമായി, നല്ല സ്വരം. "മേരിക്കുട്ടി എല്ലാത്തിനും മിടുക്കത്തിയാ, അല്ലേ?" ജോണിച്ചന്‍ ചോദിച്ചു. കേട്ടവര്‍ എല്ലാ വരും ചിരിച്ചു. മേരിക്കുട്ടിക്ക് നാണം വന്നു.


സദ്യ വിളമ്പും പരിചയപ്പെടലും എല്ലാം പാതിയായപ്പോഴാണ് ചടങ്ങിനിടയില്‍ കാണാതായ പൂവരണിക്കാരില്‍ ചിലര്‍ എത്തുന്നത്. നടന്നാണ് അവര്‍ വീട്ടിലെത്തിയത്. പടിഞ്ഞാറ് വരെ വന്നിട്ട് എങ്ങനെയാണ് നല്ല തെങ്ങുംകള്ളും കക്ക ഇറച്ചിയും തിന്നാതെ തിരികെ പോകുന്നത്. ഷാപ്പില്‍ കിട്ടിയതെല്ലാം അവര്‍ വാങ്ങി കഴിച്ചു. മീന്‍ വറുത്തത്, മീന്‍ പൊരിച്ചത് എന്ന് വേണ്ട അച്ചാര്‍ വരെ വിട്ടില്ല. കുട്ടന്‍ മുതലാളിയോട് കറിക്കാരന്‍ പരാതിപ്പെട്ടു, "വൈകുന്നേരം പതിവുകാര്‍ക്ക് കൊടുക്കുവാന്‍ കറിയൊന്നും ഇല്ലല്ലോ? ഇവര് കഴിച്ചതിന്‍റെ വിവരം നാളെ കാലത്ത് അറിയും."


ഉപ്പും മുളകും പുളിയും കണക്കിലേറെ ചേര്‍ത്ത് ഉണ്ടാക്കിയ കറികള്‍ മിതമായെ കഴിക്കാവൂ. കഴിക്കുന്നവന് ഔചിത്യം ഇല്ല, കൊടുക്കുന്നവന് നീതിബോധവും. പക്ഷേ അത് പറഞ്ഞിട്ട് പ്രയോജനമൊന്നുമില്ലല്ലോ. കള്ളുഷാപ്പ് ഉപദേശിക്കുവാനുള്ള സ്ഥലമല്ലല്ലോ? എങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ ഉപദേശികളാകുന്നതും ഉപദേശിക്കപ്പെടുന്നതും അവിടെ വച്ചാണ്. കള്ളുഷാപ്പില്‍ നിന്നെത്തിയവരാണ് മനസ്സമ്മതം കൊഴുപ്പാക്കിയത്. യാതൊരുവിധ മറയോ മുന്‍വിധികളോ ഇല്ലാതെ അവര്‍ എല്ലാവരോടും പരിധിവിട്ട് ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പൂവരണിയിലെ കാര്‍ന്നോന്മാര്‍ക്കിടയില്‍ അവരുടെ പെരുമാറ്റം അല്പം അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും നാട്ടുകാര്‍ക്കെല്ലാം അവരെ നന്നായങ്ങു പിടിച്ചു.


"ഇനിയിപ്പോള്‍ എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. പറഞ്ഞാല്‍ മതി എല്ലാം നമ്മള്‍ക്ക് വീട്ടില്‍ തന്നെ ശരിയാക്കാം" എന്നായി പാപ്പിയും നാരായണന്‍കുട്ടിയും. അകത്ത് പണപ്പെട്ടി കൈമാറുന്ന ചടങ്ങിലോ ചരക്കെടുക്കുന്ന തീയതിയും ഇടവും മറ്റും നിശ്ചയിക്കുന്ന ചര്‍ച്ചയിലോ ഷാപ്പില്‍ നിന്ന് എത്തിയവരാരും പങ്കെടുത്തതുമില്ല അറിഞ്ഞതുമില്ല. ആ സമയത്ത് അവര്‍ നല്ല ഭാഗം തിരഞ്ഞെടുത്തു.


ചിറമിക്കുന്നവരുടെ കൂടെ എല്ലാം മൊത്തമായി എടുത്ത് പെരുമാറുവാന്‍ തുടങ്ങി. കല്യാണത്തിന്, ഇതിനൊത്ത മറു ചടങ്ങു കളെല്ലാം ഉണ്ടായിരുന്നു. പെണ്ണും വീട്ടില്‍ നിന്ന് കല്യാണത്തിന് പോയ എല്ലാവരും പള്ളിയില്‍ കല്യാണ ചടങ്ങിന് പങ്കെടുത്തു. പൂവരണിവരെ പോയിട്ട് പനങ്കള്ള് കുടിക്കാതെ എങ്ങനെ എന്ന് ഓരോരുത്തരും കണ്ണും കൈയും കാണിച്ചെങ്കിലും കൊച്ചുതോമായെ ഭയന്ന് ആരും അതിന് കുറച്ചു നേരത്തേക്ക് മെനക്കെട്ടില്ല. എന്നാലും കെട്ട് ചടങ്ങ് കഴിഞ്ഞയുടന്‍ പ്രമാണികള്‍ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി. കൂടെ ചില ബന്ധുക്കളും ചേര്‍ന്നു. അധികം ദൂരെയല്ലാതെ ഒരു ഷാപ്പ് ഉള്ള വിവരം തിരക്കി അറിഞ്ഞു. കുര്‍ബാന തീരുന്നതിനു മുമ്പ് തിരിച്ചെത്തണമെന്ന് കരുതി അവര്‍ വേഗത്തില്‍ നടന്നു. ഉലത്തിയ പന്നിയിറച്ചിയും കള്ളും വാങ്ങി. "വെടിയിറച്ചിയുണ്ട്, മാനാ", എന്ന് കറിക്കാരന്‍ പറഞ്ഞപ്പോള്‍ രണ്ടെണ്ണം മാത്രം വാങ്ങി വളരെ വേഗം കഴിച്ചു. കള്ളു കുടിച്ചു കൊണ്ടിരുന്ന നാട്ടുകാരില്‍ ഒരുവന്‍ അവര്‍ പരാക്രമം പിടിച്ച് കള്ളുകുടിക്കുന്നത് കണ്ടിട്ട്, "ഈ പടിഞ്ഞാറുകാര്‍ക്ക് കള്ളു കുടിക്കാന്‍ അറിഞ്ഞുകൂടാ" എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ചു. ചേരുപറമ്പില്‍ മത്തായിച്ചന് അതങ്ങ് പിടിച്ചില്ല.


"എല്ലാ ദിവസവും മൂത്ത തെങ്ങുംകള്ള് കുടിക്കുന്ന ഞങ്ങള്‍ക്കിത് പച്ചവെള്ളം കുടിക്കുന്നതു പോലെയാ."

"രണ്ട് ഗ്ലാസ് പനങ്കള്ള് കൂടുതല് കുടിച്ചാല്‍ പടിഞ്ഞാറുകാര്‍ക്ക് വയറിളകും," അതായിരുന്നു മറുവശത്തിന്‍റെ വാദം.

"ഒരു കുപ്പിക്ക് മേലെ തെങ്ങുംകള്ളു കുടിച്ചാല്‍ കിഴക്കര്‍ക്ക് വള്ളമേതാ വെള്ളമേതാ എന്നറിയാന്‍ പറ്റത്തില്ല," തിരിച്ചടിച്ചു.


പറഞ്ഞു പറഞ്ഞ് വാദപ്രതിവാദം മൂത്തു. രണ്ടു കൂട്ടരിലും ചിലരെല്ലാം പ്രശ്നം വഷളാക്കാതെ തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ഒരുത്തന്‍ ഇറങ്ങുമ്പോള്‍ മറ്റൊരുത്തന്‍ ഏറിക്കൊണ്ടിരുന്നു. തര്‍ക്കവും ബഹളവും അടങ്ങിയത് കിഴക്കനൊരുത്തന്‍ കത്തി ഊരിയപ്പോഴാണ്. പടിഞ്ഞാറുകാര്‍ നിശബ്ദരായി, കിഴക്കര്‍ സ്ഥബ്ദരായി. കറിക്കാരനും കള്ള് കച്ചവടക്കാരനും ചേര്‍ന്ന് കത്തിക്കാരനെ സമാശ്വസിപ്പിച്ചു. എല്ലാവരും ചേര്‍ന്ന് പിടിച്ചോണ്ട് പോയി. തിരിച്ചുവന്ന കറിക്കാരന്‍ പറഞ്ഞു, "കത്തി ഊരിയാല്‍ അവഥ ചോരകണ്ടേ കത്തി ഉറയില്‍ ഇടൂ. നിങ്ങള്‍ ചിറപ്പേല്‍ കുന്നിലെ കല്യാണത്തിന് വന്നവരായതുകൊണ്ടാണ് അവഥ അടങ്ങിയത്."

ഭയത്തോടെ മത്തായിച്ചന്‍ ചോദിച്ചു, "അതെന്ത്യേ അയാളും അവരും കൂടെ?"

കറിക്കാരന്‍ പറഞ്ഞു, "അവഥ അവരുടെ പണിക്കാരനാണ്." യഥാര്‍ത്ഥത്തില്‍ അവഥ ചിറപ്പേല്‍ കുന്നേല്‍ക്കാരുടെ വെറും പണിക്കാരനായിരുന്നില്ല, റൗഡി ലിസ്റ്റില്‍ പെട്ട പണിക്കാരനായിരുന്നു.


കുര്‍ബാന കഴിഞ്ഞിരുന്നെങ്കിലും അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്ന ഭാവേന ഓരോരുത്തരായി പല ഭാഗത്തുനിന്ന് പള്ളിപ്പറമ്പിലേയ്ക്കെത്തി. ചെറുക്കന്‍റെ വീട്ടിലായിരുന്നു സദ്യ. സദ്യ കേമമായിരുന്നു, ചോറും കറിയും. പലവിധ ഇറച്ചിക്കറികളായിരുന്നു കൂടുതലും. സദ്യ എല്ലാം കഴിഞ്ഞ് പുരയിടം ചുറ്റി കാണുമ്പോഴാണ് ചേരു പറമ്പില്‍ മത്തായിച്ചന്‍ അവഥയെ കണ്ടത്. ചെറുക്കന്‍റെ വല്യപ്പനോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞ് അവഥയെ വിളിപ്പിച്ചു. അന്നുമുതല്‍ ചേരുപറമ്പില്‍ മത്തായിച്ചനും അവഥയും അടുത്ത പരിചയക്കാരായി. നാട്ടുപ്രമാണിയായ മത്തായിച്ചന് അവഥയെ വെറുതെ കയ്യില്‍ എടുത്തതല്ല. നാട്ടിലെ ചില പേട്ട് ചട്ടമ്പികളെ ഒതുക്കാന്‍ കിഴക്ക് നിന്ന് ചില ഗുണ്ടകളെ ഇറക്കുന്നത് സൗകര്യമായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. എന്നാല്‍ ഒരിക്കല്‍ പോലും അവഥയെ വിളിക്കേണ്ടി വന്നിട്ടില്ല. തന്‍റെ കാര്യങ്ങള്‍ മുന്നില്‍കണ്ട് ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ചേരുപറമ്പില്‍ മത്തായിച്ചന്‍ തനിക്ക് നഷ്ടപ്പെടാന്‍ പാകത്തിലേക്ക് ഒന്നും കൊണ്ട് ചെന്നെത്തിക്കാറില്ല.


എല്ലാ ചടങ്ങുകളും തീര്‍ന്നപ്പോള്‍ ഏകദേശം നാലുമണിയാവാറായി. എല്ലാവരും തിടുക്കം കൂട്ടി. അഞ്ച് നാള്‍ പെണ്‍വീട്ടില്‍, അഞ്ചാം നാള്‍ ജോണിച്ചനെയും മേരിക്കുട്ടിയെയും മടക്കി കൊണ്ടുവരാം എന്ന് പറഞ്ഞ്, കുരിശു വരച്ച് പ്രാര്‍ത്ഥിച്ച്, കട്ടന്‍ കാപ്പിയും കുടിച്ച് ചെറുക്കനെയും കൂട്ടി കല്യാണ സംഘം കൊതവറയ്ക്ക് തിരിച്ചു.

(തുടരും)

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

Dec 6, 2025

0

35

Recent Posts

bottom of page