top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Nov 7, 2025

3 min read

പ്ര��ൊഫ. ജോര്‍ജ്ജ് ജോസഫ്
10
ചുമ്മാ ഒരു വേവലാതി
Traditional house adorned with vibrant yellow and red flower garlands, set in a lush green background. Festive and welcoming atmosphere.

നാരായണി, കൊച്ചുതോമയുടെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോഴാണ് പ്രസാദിനെ വിളിച്ചത്. ഉറക്കച്ചടവോടെ എഴുന്നേറ്റ പ്രസാദിനോട്, "പറ്റുമെങ്കില്‍ കൊച്ചുത്രേസ്യക്കുട്ടിയെ ഒന്നു പോയി കാണ്. എപ്പോഴും നിന്നെ തിരക്കും."

പ്രസാദിന് ഉത്സാഹമായി, കൊച്ചുത്രേസ്യക്കുട്ടിച്ചേടുത്തിയെ കാണാനല്ല, മറിച്ച് മേരിക്കുട്ടിക്കു മറുപടി കൊടുക്കാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ ജോസപ്പിയേട്ടനോട് വര്‍ത്താനം പറയാനായിരുന്നു പ്രസാദിനിഷ്ടം. ഇപ്പോള്‍, ജോസഫിന് ഒരു നിലവാരമില്ലെന്ന് പ്രസാദ് കരുതി. ഒരുനാള്‍ പ്രസാദ് തന്‍റെ വലിയ വലിയ ചിന്തകള്‍ ജോസഫ് ചേട്ടനോട് പറയുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പ്രസാദ് പറയുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി ഗ്രഹിച്ച മട്ടില്‍ ജോസഫ് അവന്‍റെ മുഖത്തടിച്ച പോലെ പറഞ്ഞു, "എടാ പ്രസാദേ, നീ നിന്‍റെ അനിയനെ കണ്ടു പഠിക്ക്. കമ്മ്യൂണിസം ഒന്നും ഇവിടെ വേകാന്‍ പോകുന്നില്ല. അതും പറഞ്ഞോണ്ട് വരുന്നതിനു പകരം നാട്ടിലെ നാല് കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെക്കുറിച്ച് വല്ലതും പറ. ചുമ്മാ ആര്‍ക്കും പ്രയോജനമില്ലാത്ത കാര്യവും പറഞ്ഞോണ്ട് നടക്കാതെ." ജോസഫ് പറഞ്ഞു തീര്‍ന്നതും മറന്നതും ഒന്നിച്ചായിരുന്നു, എന്നാല്‍ പ്രസാദ് അതൊരിക്കലും മറന്നില്ല.


എന്നാല്‍, മേരിക്കുട്ടിയോട് പ്രസാദിന് അടുപ്പം കൂടുകയായിരുന്നു. ഒരു പെണ്‍കുട്ടിയോടുള്ള അടുപ്പം അല്ലായിരുന്നു അത്. പെരുമാറ്റത്തില്‍ പക്വതയും ചിന്തയില്‍ ആഴവും വാദങ്ങളില്‍ മൂര്‍ച്ചയും മേരിക്കുട്ടിയില്‍ പ്രസാദ് ദര്‍ശിച്ചു, വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രസാദ് ആഗ്രഹിച്ചു.


സാധാരണപോലെ പ്രസാദ് അടുക്കള വശത്തു വന്ന് 'ചേടുത്തിയേ' എന്ന് വിളിച്ചു. പ്രസാദിനെ കണ്ട ഉടന്‍ മുഖം കറുപ്പിച്ച് ഭയങ്കര കോപത്തോടെ കൊച്ചുത്രേസ്യക്കുട്ടി കയര്‍ക്കാന്‍ തുടങ്ങി. വഴക്കിന്‍റെ ചുരുക്കം ഇതായിരുന്നു. "നീ വളര്‍ന്നത് ഇവിടെയാണ്. നേരെ നില്‍ക്കാറായപ്പോള്‍ ഞങ്ങളെയാരെയും വേണ്ട. നന്ദി ഇല്ലാത്തവന്‍." പൊട്ടിത്തെറിയും ശബ്ദവും പ്രസാദില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇത് കേട്ട് കേട്ട് പഴകിയതാണ്. കോപം പുറത്തു മാത്രമേയുള്ളൂ. ഉള്ളിലെ സ്നേഹത്തേല്‍ തട്ടിയുള്ള ശബ്ദമാണിതെന്ന് പ്രസാദിന് നന്നായി അറിയാം. വഴക്കിടുന്നതിനിടയില്‍ കഞ്ഞിയും പയറും ചമ്മന്തിയും വരാന്തയില്‍ എത്തി. "മ്, കഞ്ഞി കുടി." അപ്പോഴാണ് മേരിക്കുട്ടി കഞ്ഞികുടിക്കാന്‍ എത്തിയത്. പ്രസാദിനെ കണ്ട ഉടന്‍ കഞ്ഞിയും കറിയും എടുത്തു വരാന്തയിലേക്ക് വന്ന് പ്രസാദിനെതിരെ ഇരുന്നു. സാധാരണ മേരിക്കുട്ടി മേശപ്പുറത്ത് വെച്ചാണ് ആഹാരം കഴിക്കാറ്. പ്രസാദിന് തനിക്ക് പറയാനുള്ളത് പറയാന്‍ ഒരു അവസരമായി: "മേരിക്കുട്ടി ഇവിടെയിരുന്ന് കഴിക്കണം എന്ന് വിചാ രിച്ചാല്‍ ഇവിടെയിരുന്നു കഴിക്കാം മേശപ്പുറത്തു വച്ചു കഴിക്കണം എന്ന് വിചാരിച്ചാല്‍ അവിടെയിരുന്നും. പക്ഷേ ഞാന്‍ എത്ര ശ്രമിച്ചാലും അവിടെയിരുന്നു കഴിക്കാന്‍ പറ്റത്തില്ല. ഇവിടെയിരുന്നെ കഴിക്കാന്‍ പറ്റൂ." മേരിക്കുട്ടിക്ക് കാര്യം മനസ്സിലായി. "ഓ, അന്നാരം ഇത് പഴയതിന്‍റെ ബാക്കിയാ, അല്ലെ?"

'അതെ അതാണ് വര്‍ഗ്ഗ വ്യത്യാസം."

കഞ്ഞി കുടിച്ചു കഴിഞ്ഞതിനു ശേഷവും അവരുടെ സംഭാഷണം തുടര്‍ന്നു. കളിയും ചിരിയും മാറി. ഇരുവരുടെയും മനസ്സ് മുറുകുന്നതും മുഖഭാവം മാറുന്നതുമെല്ലാം കൊച്ചുത്രേസ്യാക്കുട്ടി നോക്കി കാണുന്നുണ്ടായിരുന്നു.

പ്രസാദ് പോയതിനുശേഷം കൊച്ചുത്രേസ്യാക്കുട്ടി പ്രത്യേകിച്ച് ഒന്നും അറിയാനല്ല എന്ന ഭാവേന മേരിക്കുട്ടിയോട് ചോദിച്ചു, "നീ പ്രസാദിനെ ഇടക്കെല്ലാം കാണാറുണ്ടോ?"

അല്പം മനസ്സ് മടുപ്പോടെ കൊച്ചുത്രേസ്യാക്കുട്ടി കൊച്ചുതോമായോട് പറഞ്ഞു, 'പിന്നെ മേരിക്കുട്ടിയുടെ കാര്യം, അവളുടെ കല്യാണം ഉടനെ നടത്തണം."


"അല്ലേ രണ്ടുവര്‍ഷം കഴിഞ്ഞു നടത്താം എന്നല്ലേ നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്?"

"അല്ല... അതല്ല, ... ഒന്നുമില്ല, എന്നാലും ഏതോ പോലെ."

"എന്നാപോലെ?"

"അവളും പ്രസാദും തമ്മില്‍...ഒന്നുമില്ല, എന്നാലും എനിക്കൊരു ഭയം."

'ഏയ്, അങ്ങനെയൊന്നും വരാന്‍ സാധ്യതയില്ല. അവര്‍ കുഞ്ഞുന്നാള്‍ മുതല്‍ കളിച്ചു വളര്‍ന്നവരല്ലേ, അതിനാല്‍ കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയിരിക്കും."

"അതുപോലെയല്ല ഇപ്പോള്‍." കൊച്ചുത്രേസ്യാക്കുട്ടി മറുത്തു.

നമ്മുടെ പ്രസാദിനെ നമുക്ക് അറിയില്ലേ. മേരിക്കുട്ടി അങ്ങനെ ചെയ്യുമോ?" കൊച്ചുതോമ ന്യായീകരിച്ചു.


കൊച്ചുത്രേസ്യാക്കുട്ടിയുടെ ശബ്ദം കനത്തു. ഏകദേശം തീരുമാനം എന്നതുപോലെ പറഞ്ഞു, "പ്രസാദിനെയും മേരിക്കുട്ടിയെയും നമ്മള്‍ക്കറിയാം, പക്ഷേ അവരുടെ പ്രായം കൂടി നമ്മള്‍ അറിയണമല്ലോ?" പിന്നെ അവര്‍ ഒന്നും സംസാരിച്ചില്ല.


കല്യാണ ആലോചന തകൃതിയായി ആരംഭിച്ചു. ഇടക്കാരന്മാര്‍ വന്നു പോയിക്കൊണ്ടിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് ചെറുക്കന്‍മാരെങ്കിലും മേരിക്കുട്ടിയെ കാണാന്‍ വരാറുണ്ടായിരുന്നു. കുട മറിയ കൊണ്ടുവന്ന പയ്യന് പല ഗുണങ്ങളും ഉണ്ടായിരുന്നു. കാണാന്‍ സുമുഖന്‍, പ്രൗഢിയും പാരമ്പര്യവും ഉള്ള കുടുംബം, കുടുംബത്തില്‍ പല അച്ചന്മാരും കന്യാസ്ത്രീകളും. ഭൂസ്വത്ത് മുഖ്യം. അങ്ങ് മീനച്ചില്‍ താലൂക്കില്‍ പൂവരണിയിലാണ് വീട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ കൊച്ചുതോമ സംശയം പ്രകടിപ്പിച്ചു, "കൊച്ചിനെ അത്രയും ദൂരത്തോട്ട് അയയ്ക്കണോ?" സംശയങ്ങള്‍ക്കും സംസാരത്തിനും ഒരവസാനം ഉണ്ടായത് അവരാച്ചന്‍റെ ഇടപടീല്‍ മൂലമാണ്. "നാടു വളര്‍ന്നു കൊണ്ടിരിക്കുകയല്ലേ, പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍. എല്ലായിടത്തോട്ടും വണ്ടിയുണ്ട്. പോരാത്തതിന് ചിറപ്പേല്‍ക്കുന്ന് വഴിയരികിലും. കണ്ട മലയും കാടും ഒന്നും കേറേണ്ടല്ലോ." എല്ലാവര്‍ക്കും തൃപ്തിയായി. കൊച്ചുതോമായ്ക്ക് ആശ്വാസവുമായി. ആരും മേരിക്കുട്ടിയോട് ഒന്നിനെക്കുറിച്ചും അഭിപ്രായം ചോദിച്ചില്ല.


മനസ്സമ്മതം ചിങ്ങം പത്തിനെന്നും കല്യാണം ഓണം കഴിഞ്ഞ് ഇരുപത്താറിനെന്നും തീരുമാനിച്ചു. മനസ്സമ്മതം പെണ്‍വീട്ടിലാണ് നടത്തേണ്ടത്. കല്യാണം ചെറുക്കന്‍ വീട്ടിലും. മനസ്സമ്മതം വളരെ ആഘോഷപൂര്‍വ്വം നടത്തുവാന്‍ കൊച്ചുതോമ തീരുമാനിച്ചു.


ഒരാഴ്ചയായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോകാതെ കല്യാണ ഒരുക്കങ്ങള്‍ക്ക് സഹായിയായി പ്രസാദ് കൊച്ചുതോമായുടെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രസാദിനെ കാണുമ്പോഴെല്ലാം കൊച്ചുത്രേസ്യാക്കുട്ടിക്ക് ആവശ്യമില്ലാത്തൊരു ഭയം. അതിനാല്‍ എപ്പോഴും മേരിക്കുട്ടിയുടെമേല്‍ ഒരു കണ്ണുണ്ടായിരുന്നു. "അച്ചന്‍ മുന്‍കോപിയും കണിശക്കാരനുമാണ്, അതിനാല്‍ വേദപാഠം നന്നായി പഠിച്ചോളണം" എന്നെല്ലാം പറഞ്ഞ് മേരിക്കുട്ടിയെ പരിധിക്കുള്ളില്‍ നിറുത്തി. വേദപാഠം പരിശോധിക്കനായി കൊച്ചുത്രേസ്യാക്കുട്ടി പല ജപങ്ങളും ചോദിച്ചു. എല്ലാം നന്നായി ചൊല്ലി കേള്‍പ്പിച്ചു. കൊച്ചുത്രേസ്യാക്കുട്ടി വിട്ടില്ല. ഒരു പരീക്ഷണം നടത്താനായി ഏറ്റവും എളുപ്പമുള്ളതും എല്ലാദിവസവും ചൊല്ലുന്നതുമായ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.. എന്ന ജപം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അത് ചോദിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു. കൊച്ചുത്രേസ്യകുട്ടി വേദപാഠം കേള്‍പ്പിക്കാന്‍ പോയപ്പോള്‍ തെറ്റിച്ചത് അതാണ്. ചോദ്യം കേട്ട ഉടന്‍ മേരിക്കുട്ടി ചിരിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലി കേള്‍പ്പിച്ചു.


ചൊല്ലി തീര്‍ന്നതും "ഇങ്ങനെ വേഗം ചൊല്ലാതെ നിറുത്തി നിറുത്തി ചൊല്ല്" എന്ന് കൊച്ചുത്രേസ്യകുട്ടി ആവശ്യപ്പെട്ടു. നിറുത്തി നിറുത്തി ചൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ജപം ചെല്ലാന്‍ ആവുന്നില്ല. മേരിക്കുട്ടി അമ്പരന്നു പോയി. കൊച്ചുത്രേസ്യാക്കുട്ടി തന്‍റെ പരീക്ഷണത്തില്‍ വിജയിച്ചതില്‍ സന്തോഷിച്ചു. എങ്കിലും മേരിക്കുട്ടിക്ക് ചൊല്ലാന്‍ പറ്റിയില്ല എന്നതില്‍ ഭയപ്പെട്ടു. എന്നാല്‍ മനസ്സ് പറഞ്ഞു, "വേദപാഠം പഠിക്കാത്തത് കൊണ്ട് ആരുടെയും കല്യാണം നിര്‍ത്തിയിട്ടും ഇല്ല, വേദപാഠം നന്നായി പഠിച്ചവരാരും പഠിക്കാത്തവരെക്കാള്‍ നന്നായി ജീവിച്ചിട്ടുമില്ല." തരംതാഴ്ന്ന ചിന്തയ്ക്ക് ദൈവത്തോട് മാപ്പ് ചോദിച്ചുകൊണ്ട് കൊച്ചുത്രേസ്യകുട്ടി മേരിക്കുട്ടിയെ ഉപദേശിച്ചു, "നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥന നിര്‍ത്തി നിര്‍ത്തി ചൊല്ലാന്‍ പഠിക്കണം."


മനസ്സമ്മത തലേന്ന് അത്താഴം ഉണ്ണാന്‍ കുട്ടികളും പെണ്ണുങ്ങളും അടക്കം മുന്നൂറിലധികം പേര്‍ ഉണ്ടായിരുന്നു. അത്താഴം കഴിഞ്ഞ ഉടനെ കൊച്ചുത്രേസ്യാക്കുട്ടി മേരിക്കുട്ടിയെ തേടാന്‍ തുടങ്ങി. എങ്ങും കാണുന്നില്ല. പരിഭ്രമം പുറത്ത് കാണിക്കാതെ ഓരോ മുറിയിലും മേരിക്കുട്ടിയെ തിരഞ്ഞു. പക്ഷേ കാണാനില്ല. ചിറമിക്കുന്നവരുടെ ഇടയില്‍ എത്തിനോക്കി. സവാള അരിഞ്ഞു കൊണ്ടിരുന്ന പ്രസാദിനെയും കാണാനില്ല. പരിഭ്രമം ഏറി. എല്ലാ മുറിയിലും വീണ്ടും കയറി നോക്കി. ഓരോ മുറിയിലും ആരെങ്കിലും ചോദിക്കും, "ഇതാരെയാ അന്വേഷിക്കുന്നത്?"

എല്ലാവരോടുമുള്ള മറുപടി ഒന്നായിരുന്നു, "അല്ല ചുമ്മാ", എന്നിട്ട് ചിരിക്കും, പിന്നീട് അടുത്ത മുറിയിലേക്ക് പോകും. എങ്ങും കാണാതെ മുറ്റത്തേക്ക് ഇറങ്ങി. പുരയ്ക്ക് ചുറ്റും നോക്കി. മേരിക്കുട്ടിയുടെ കൂട്ടുകാരുടെ ഇടയിലും മേരിക്കുട്ടിയെ കാണാതായപ്പോള്‍ കൊച്ചുത്രേസ്യാക്കുട്ടി വല്ലാതെയങ്ങ് പരിഭ്രമിച്ചു.


അടുക്കളയിലേക്ക് ഓടി കയറിയ കൊച്ചുത്രേസ്യാക്കുട്ടി നാരായണിയോട് ചോദിച്ചു, "പ്രസാദ് എന്തിയേ?"

"പ്രസാദ് ഇപ്പോള്‍ വരും", മറുപടി അത്ര തൃപ്തികരമല്ലായിരുന്നു.

"അവന്‍ എവിടെ പോയതാ?"

"എന്താ അവന് വല്ല പണിയും ഉണ്ടോ?" വീണ്ടും അവ്യക്തത.

കൊച്ചുത്രേസ്യാക്കുട്ടിക്ക് അരിശം വന്നു, "അവന്‍ എവിടെ എന്ന് ചോദിച്ചാല്‍ അതും ഇതും പറഞ്ഞു കൊണ്ടിരിക്കുവാ?"

പരിഭ്രത്തോടെ കൊച്ചുതോമായുടെ അടു ത്തേക്ക് കൊച്ചുത്രേസ്യാക്കുട്ടി പാഞ്ഞു. "മേരിക്കുട്ടി..".എന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ അതാ മേരിക്കുട്ടി എതിര്‍വശത്ത്. കൊച്ചുത്രേസ്യാക്കുട്ടി അന്താളിച്ചു നിന്നു. കൊച്ചുതോമ ചോദിച്ചു, "എന്താ?"

"ഒന്നുമില്ല, ചുമ്മാ."

മേരിക്കുട്ടിയെ ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നി.

'നീ എവിടെയായിരുന്നു?"

"അടിവയറ്റില്‍ ഒരു വേദന, ഒന്നു കക്കൂസില്‍ പോയതാ" മേരിക്കുട്ടി മറുപടി പറഞ്ഞു. (തുടരും).

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ്ജ് ജോസഫ് എം

അസ്സീസി മാസിക, നവംബർ 2025

Nov 7, 2025

3

100

Recent Posts

bottom of page