top of page

മരണനിഴല്‍

Nov 2, 2023

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A person sitting alone in a riverbed

1

അരേശ്ശേരി അമ്പലത്തിനടുത്ത് ഒരു വീടുണ്ട്. നേപ്പാളില്‍ സ്കൂള്‍ മാഷായി ജോലിചെയ്യുന്ന ഒരാള്‍ക്കാണ് അവിടത്തെ ചേച്ചിയെ കല്യാണം കഴിച്ചു കൊടുത്തത്. ഒരു ദിവസം ആ ചേച്ചി മരിച്ചുവെന്ന് പറഞ്ഞ് ടെലഗ്രാം വന്നു. ബാക്കിയുള്ള കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഉച്ചകഴിഞ്ഞപ്പോള്‍ മറ്റൊരു ടെലഗ്രാം കിട്ടി. അവര്‍ സുഖമായി ഇരിക്കുന്നു! സംഭവിച്ചത് ഇതാണ്, അടുപ്പിച്ചുള്ള ഏതാനും ദിവസങ്ങളില്‍ താന്‍ മരിച്ചുപോയതായി അവര്‍ സ്വപ്നം കണ്ടു.

കിനാവുകളില്‍ ഭീകരവിശ്വാസം പുലര്‍ത്തുന്ന ഗ്രാമീണര്‍ നടത്തുന്ന പരിഹാരമാണത്; മരിച്ചെന്ന് ഉറ്റവരെ വിശ്വസിപ്പിച്ച് അവരെ ആവോളം തീ തീറ്റിക്കുക. മോക്ക് - മരണമാണ് അവിടെ നടന്നതെന്ന് പിടുത്തം കിട്ടിയിട്ടുപോലും ആ വീടിന് പിന്നീട് അതിന്‍റെ പ്രസാദം തിരിച്ചുകിട്ടിയില്ല. അതൊരു മരിച്ചവീടു പോലെ തന്നെ ചുരുണ്ടുകൂടി തണുത്തു നിന്നു. ഇതു പോലെയൊരു മഴക്കാലമായിരുന്നുവത്. തമാശക്കു പോലും ആരും മരിക്കരുത്. സ്നേഹം അപകടം പിടിച്ച മോശം കാര്യമാണെന്ന് അടിവരയിട്ടാണ് ഓരോ മരണവും കടന്നുപോയത്.

അനവധി സ്വരങ്ങളായിട്ടാണ് മരണം ഇളം ബോധത്തിലേക്ക് വന്നു പതിഞ്ഞത്. വീടിന്‍റെ നാലയലും ഭാഗ്യവശാല്‍ ഹൈന്ദവരായിരുന്നു. അവിടെ ചില വിയോഗങ്ങള്‍. ഇപ്പോള്‍ നേര്‍ത്തു തുടങ്ങുന്ന എങ്ങലടികള്‍ക്ക് മീതെ നാട്ടുമാവില്‍ മഴു വീഴുന്ന താളം. ഒരാള്‍ മരിച്ചുവെന്നു കേള്‍ക്കുമ്പോള്‍ ഒരു നാട്ടുമാവ് വലിയ ശബ്ദത്തോടെ ഉള്ളില്‍ ഇപ്പോഴും വീഴുന്നു.

കൂടു നഷ്ടപ്പെട്ട കാക്കകള്‍ കൂട്ടംകൂടി കരയുന്നു...


2

അത്രയും രാവിലെ, ദൂരെ നിന്ന് ഒരാള്‍ എത്തുമ്പോള്‍ത്തന്നെ എന്തോയൊരു കുഴപ്പം ഉറപ്പിച്ചതാണ്. റേഡിയോയില്‍ ലളിതഗാനപാഠങ്ങള്‍ തുടങ്ങിയതേയുള്ളൂ.

അപ്പനെ പുറത്തേക്കു വിളിച്ച് തെക്കേ വശത്തുള്ള പുളിമരത്തിന്‍റെ ചുവട്ടിലേക്ക് കൊണ്ടുപോയി അയാള്‍ അടക്കം സംസാരിക്കുകയാണ്. അപ്പന്‍റെ മുഖം വലിഞ്ഞുമുറുകുന്നത് ഇവിടെയിരുന്നുപോലും കാണാം.

കോട്ടയത്തുള്ള അമ്മായിയുടെ മകന്‍ അനിയന്‍ചേട്ടന്‍റെ ശരീരം തലേന്ന് സന്ധ്യയ്ക്ക് തൊട്ടടുത്ത പുഴയില്‍ കാണപ്പെട്ടു. മുപ്പതില്‍ താഴെയാണ്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അനുമാനങ്ങള്‍ പലതുണ്ട്. അപായപ്പെടുത്തിയതാവുമോ എന്നുള്‍പ്പെടെ.

അപ്പൂപ്പനോട് മാത്രം മുഴുവന്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയില്ല. പേരക്കുട്ടിക്ക് ഒരപകടം പറ്റിയിട്ടുണ്ട് - ഹോസ്പിറ്റലിലാണെന്നു മാത്രം.

മൂന്നുമണിക്കൂര്‍ വരുന്ന ബോട്ടുയാത്രയാണ്. യാത്രയോളം സന്തോഷം തരുന്ന മറ്റൊരു കാര്യം അതിന് മുമ്പില്ലായിരുന്നു. ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ബോട്ടിന്‍റെ കൈപിടിയിലിരുന്ന് അലകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒഴുകി നടക്കുന്ന എല്ലാത്തിനോടും ഇതാദ്യമായി പേടി തോന്നി. പോളക്കൂട്ടവും വാഴത്തണ്ടുമൊക്കെ ഉച്ചവെയിലില്‍ മനുഷ്യശരീരമായിട്ട് തന്നെയാണ് തോന്നുന്നത്.

ആരുടെയോ കൈയിലുള്ള ഒരു ട്രാന്‍സിസ്റ്ററില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ സിനിമാ പാട്ട് കേള്‍ക്കാം. സങ്കടം വരുമ്പോള്‍ വരികളാണ് ശ്രദ്ധിക്കുന്നത്, രാഗമല്ല.

കുന്നിന്‍ മുകളിലുള്ള ഒരു പള്ളിയാണ്. ഈ ഗോഥിക് രീതിയിലൊക്കെ നിര്‍മ്മിച്ചത്. ഇതിനകം കുഴഞ്ഞുവീണു തുടങ്ങിയ അപ്പൂപ്പനെ ചവിട്ടിതീരാത്ത പടികളിലൂടെ താങ്ങിപ്പിടിച്ചുകൊണ്ട് പോകുന്നത് രാവിലെ വീട്ടില്‍ വന്നയേട്ടനാണ്. പ്രായമായിരിക്കുമ്പോള്‍ കുട്ടികള്‍ കടന്നുപോകുക എന്തൊരു ദുരന്തമാണ്. തുറന്ന് പിന്നെ തുന്നിക്കെട്ടിയ ശരീരം ദൂരെനിന്ന് ഉള്ള ബന്ധുക്കള്‍ക്കുവേണ്ടി കാത്തുകിടന്നു.

യേശുവിനെ മടിയില്‍ കിടത്തി ഇരിക്കുന്ന വ്യാകുലമറിയത്തിന്‍റെ ഒരു ശില്‍പ്പമുണ്ട് ആ പള്ളിയില്‍... എങ്ങനെ അമ്മായിയെ ഓര്‍ക്കാതിരിക്കും.

കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു നാടക കളരി. പൂനയിലെ Madhav Vazeയാണ് ക്യാമ്പ് ഡയറക്ടര്‍. ത്രീ ഇഡിയറ്റിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ചെയ്തു കാട്ടാന്‍ അയാള്‍ ഒരു ത്രെഡ് തരുകയാണ്. ഒരു പിക്നിക് സംഘം. പുഴയില്‍ കുളിക്കാനിറങ്ങിയ അവരിലൊരാള്‍ അപകടത്തില്‍പെട്ടു മരിച്ചു. അത് അവന്‍റെ വീട്ടിലറിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്.

പെട്ടെന്ന് ഞാന്‍ ആ പ്രഭാതമോര്‍ത്തു. വിക്ടര്‍ ലീനസിന്‍റെ വരികളും: ഒരാളെ ആവശ്യമുണ്ട്...

Who will break the news without breaking the heart...


3

ഇഹത്തിലെന്നതിനേക്കാള്‍ പരത്തില്‍ നമുക്ക് ബന്ധുബലമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് നവംബര്‍ വരും. കാത്തലിക് രീതിയില്‍ മരിച്ചവരെ ഓര്‍മ്മിക്കാനുള്ള കാലമാണിത്. രണ്ടാം തീയതി പൂക്കളും തിരികളുംകൊണ്ട് സിമിത്തേരി അലങ്കരിക്കും. ധൂപകുറ്റിയും മണിനാദവുമായി അള്‍ത്താര ബാലന്മാര്‍ തിടുക്കത്തില്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലൂടെ കുറുകനെയും വിലങ്ങനെയും നടക്കുന്നുണ്ടാവും... ഭയപ്പാടില്ലാതെ സെമിത്തേരിയില്‍ ചെല്ലുന്ന ഏകദിനമാണ്.

എന്തൊക്കെ കഥകളാണ്. ഒത്ത നടുക്ക് ഒരു കല്ലറയുണ്ട്, ഒരു സ്തൂപം ഒക്കെയായി. അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതായി ഒരു സങ്കല്പം കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ദുഷ്ടനെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു മുതലാളിയുടേതാണത്. അയാളുടെ മുഖം നീണ്ടു നീണ്ടു വരുന്നതാണ്.

അനിദയ്ക്കു വേണ്ടിയുള്ള ഒരു നീണ്ട ലിസ്റ്റ് വല്യപ്പച്ചന്‍ തലേന്നേ തയ്യാറാക്കിവച്ചത് പള്ളിയില്‍ ഏല്പിക്കണം. അതു മരിച്ചവര്‍ക്കുവേണ്ടി പേരു ചൊല്ലിയുള്ള തീരെ ചെറിയ ഒരു പ്രാര്‍ത്ഥനയാണ്. ദീര്‍ഘമായ ഒരു പട്ടികയായിരുന്നു അത്. അവസാനത്തെ പേര് ആരോരുമില്ലാത്ത ആത്മാക്കള്‍ എന്നു തന്നെയായിരിക്കും. മിക്കവാറും എല്ലാവരുടെയും ലിസ്റ്റില്‍ അതങ്ങനെയായിരിക്കും.

പലയാവര്‍ത്തി വായിച്ച ഒരു പുസ്തകമുണ്ട്. അസാധാരണ ഭംഗിയോടെ രൂപകല്പന ചെയ്തിട്ടുള്ള - ബാര്‍ട് മില്ലാഡിന്‍റെ Homesick.

സിയന്നായിലെ സെന്‍റ് കാതറീന്‍റെ വരികളാണ് പ്രചോദനം:

Make two homes for thyself, my daughter.

One actual home and the other a spiritual home

which thou are to carry with thee always.

ഹോം സിക്ക് എന്ന പദത്തിന് ആദത്തോളം പഴക്കമുണ്ടെന്നാണ് ബാര്‍ട് മില്ലാഡ് കരുതുന്നത്. പറുദീസാ നഷ്ടത്തിനു ശേഷമുള്ള അവരുടെ ജീവിതം മുഴുവന്‍ വീട്ടുജ്വരത്തിന്‍റെ നിഴലിലായിരുന്നു. വേര്‍പിരിയല്‍ ഒരു പുതിയ അനുഭവമായിരുന്നു ഭൂമിയുടെ ആദ്യമാതാപിതാക്കള്‍ക്ക്. എന്നാല്‍ നമുക്കാകട്ടെ അതു നിരന്തരം അഭിമുഖീകരിക്കേണ്ട ഒന്നായി മാറുന്നു. വിദ്യാലയത്തിന്‍റെ ആദ്യദിനം മുതല്‍ ഉറ്റവര്‍ ജീവിതത്തിന്‍റെ ഭംഗികളില്‍ നിന്ന് വഴുതി നിശ്ചലരാകുന്നതുവരെ പല ഭാഷ്യങ്ങളില്‍ ആ ജ്വരമൂര്‍ച്ഛ നാം അനുഭവിക്കുന്നുണ്ട്. വീട്ടില്‍നിന്നു പിരിഞ്ഞുനിന്ന ആദ്യദിനം വെറുതെയൊന്ന് ഓര്‍ത്തുനോക്കൂ. ഈ പ്രഭാതത്തെ പോലും വിഷാദഭരിതമാക്കുവാന്‍ കഴിവുള്ള ഒന്നാണതിന്‍റെ ഓര്‍മ്മ.

പോളാണ് അടിമുടി പരിഭ്രമിപ്പിക്കുന്ന ഈ വരി കുറിച്ചിരിക്കുന്നത് - While we are at home in the body, we are absent from the Lord. രണ്ടു വീടുകള്‍ക്കിടയില്‍ വിഭജിച്ചുപോകുന്ന പ്രാണനായിട്ടാണ് അയാള്‍ തന്നെത്തന്നെ അടയാളപ്പെടുത്തുന്നത്. ജീവിതത്തില്‍ ഒരു നിമിഷം വരും, നമ്മള്‍ സ്നേഹിച്ച പലരും ഇഹത്തിലല്ല പരത്തിലാണെന്ന ബോധം സാന്ത്വനമായി മാറുന്നത്. പിന്നെ മരണഭീതിയില്ല.

ഒരു ചെറിയ കാലത്തിനിടയില്‍ ഉറ്റവരായ എട്ടുപേരെ നഷ്ടമായി ബാര്‍ട് മില്ലാഡിന്. അങ്ങനെയാണ് ഒരു മരണാനന്തര ശുശ്രൂഷയ്ക്കിടയില്‍ ദൈവാലയത്തിനുള്ളില്‍ അയാളുടെ ഉറക്കെയുള്ള ശബ്ദം ഇങ്ങനെ മുഴങ്ങിയത്:

"The reason why I’m broken, the reason why I cry is how long must I wait to be with you.'' അങ്ങയോടൊപ്പമായിരിക്കാന്‍ എനിക്കെത്രകാലം കൂടി കാത്തിരിക്കേണ്ടതുണ്ടെന്ന്. 'അങ്ങ്' ആരുമാകാം. ഞാന്‍ വിലയം പ്രാപിക്കുമെന്ന് വിശ്വസിക്കുന്ന ആ ചൈതന്യമാകാം. എനിക്കു മുന്‍പേ പൊലിഞ്ഞ, പ്രാണനെ പ്രകാശിപ്പിച്ച മെഴുതിരിവെട്ടമേ, അതു നീയുമാകാം.

ഫാ. ബോബി ജോസ് കട്ടിക്കാട്

0

320

Featured Posts