top of page

തണല്‍മരം

Nov 14, 2019

2 min read

സഫ

mother mary

കുരിശിന്‍റെ മുന്നില്‍ ചെന്നുനിന്നിട്ടാണ് സകല വാഗ്വാദങ്ങളും വെല്ലുവിളികളും ഒക്കെ... അതങ്ങനെ വേണമല്ലോ, സ്നേഹിക്കുന്നവരെ വേണ്ടേ നമ്മള്‍ ഏറ്റവും കുത്തിനോവിക്കാന്‍... ക്രിസ്തുവിലേയ്ക്ക് ഞാന്‍ നടക്കുന്ന വഴികളെക്കുറിച്ചാണ് പരാതിമുഴുവന്‍... ക്രിസ്തു എന്നിലേക്ക് നടന്ന വഴികളോ... അതിനെപ്പറ്റിയുള്ള വ്യാകുലതകളെക്കാള്‍ എന്‍റെ വഴികളിലെ വ്യാകുലതകളില്‍നിന്നാണ് ആരവം മുഴുവന്‍... അതുകൊണ്ട്  കുറച്ചുകൂടി മെച്ചപ്പട്ട വഴികളിലൂടെയൊക്കെ നടക്കാന്‍ തോന്നുമ്പോള്‍, ഒരാള്‍ കുരിശില്‍ നിന്നിറങ്ങാതെ കിടന്ന് ആര്‍ദ്രമായി നോക്കുന്നു. എന്നാലും വാഗ്വാദമാണ്... പറഞ്ഞുനില്ക്കാനുള്ള അവസാനത്തെ വാചകം അതായിരുന്നു...

"നിനക്ക് ഒരമ്മയുണ്ടായിരുന്നു, എല്ലാ അര്‍ത്ഥത്തിലും നല്ല ഒരമ്മ... എനിക്കങ്ങനെയല്ല. അതുകൊണ്ട്, എന്നെ നീയങ്ങു പരിഗണിക്കണം. നിരുപാധികം കണ്ണടയ്ക്കണം... ആദ്യമൊക്കെ അദ്ദഹം മൗനമായി അതു കേട്ടപ്പോള്‍, മറുപടിയില്ലാത്തതുകൊണ്ടാണെന്നാണ് കരുതിയത്, പതിവു മണ്ടത്തരങ്ങളിലൊന്നാണെന്ന് മനസ്സിലായത്, ഒരിക്കല്‍ ഇങ്ങനെ മറുപടി കിട്ടിയപ്പോഴാണ്...

"എനിക്കൊരു നല്ല കൂടപ്പിറപ്പ് ഇല്ലായിരുന്നു..." അപ്പോഴും മണ്ടത്തരത്തിന് കുറവില്ല, മറുപടി ഉണ്ട്.

"അതുകൊണ്ടെന്താ, അത്രയും ടെന്‍ഷന്‍ കുറഞ്ഞില്ലേ, എല്ലാ നേരത്തും നെഞ്ചുപിളര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ആ വഴികളെക്കൂടി ശ്രദ്ധിക്കുകയും അതിലെ കല്ലും മുള്ളുമോര്‍ത്ത് കരളില്‍ തീയെരിയിക്കുകയും ഒന്നും വേണ്ടല്ലോ?"

അപ്പോള്‍ അദ്ദേഹം വീണ്ടും... "എന്തിനാണിങ്ങനെ നെഞ്ചുപിളര്‍ന്നും കരളെരിഞ്ഞും പ്രാര്‍ത്ഥിക്കുന്നതും ശ്രദ്ധിക്കുന്നതും ഒക്കെ..."

അതിന്‍റെയുത്തരം നിസ്സാരമാണല്ലോ"സ്നേഹിക്കുന്നതുകൊണ്ട്..."

അപ്പോള്‍ അദ്ദേഹം പിന്നെയും...

"അങ്ങനെയെങ്കില്‍ അത്രമേല്‍ സ്നേഹമുള്ള ഒരമ്മയുടെ നെഞ്ച് എത്ര പിളര്‍ന്നിട്ടുണ്ടാവും. ആ അമ്മയെപ്രതി ഒരു മകന്‍റെ നെഞ്ച് എത്ര പിളര്‍ന്നിട്ടുണ്ടാവും....?"

അപ്പോഴാണ് പിടികിട്ടിയത് നമുക്കുള്ള ട്രാപ്പും കൊണ്ട് നമ്മള്‍തന്നെ ചെല്ലുന്നതിന്‍റെയൊരു ഭംഗി!!

ആണല്ലോ... പക്ഷേ കാര്യങ്ങള്‍ക്ക് അങ്ങനെയും ഒരു വശമുണ്ട്.

അത്രമേല്‍ സ്നേഹത്തിലായിരിക്കുന്നയൊരാള്‍ പിരിഞ്ഞുപോകുമ്പോള്‍ അയാളെ പൊള്ളിക്കുന്നത്, നാളെ അവള്‍ എങ്ങനെ പുലരും എന്നതുമാത്രമല്ല. ഒരു പക്ഷേ, അവള്‍ എങ്ങനെയും പുലര്‍ന്നേക്കും. എന്നാലും എല്ലാ നേരവും തന്‍റെ നിനവ് അവളുടെ മിഴികളെ നനയ്ക്കുമല്ലോ... അവളിലെ ചിരികളെ കൊഴിച്ചുകളയുമല്ലോ. ഒന്നും മുഴുവനായി തിരിയാത്ത കുഞ്ഞുങ്ങള്‍, അയാളെ കാത്തിരിക്കുമല്ലോ വിഫലമായി. എന്നൊക്കെ ഓര്‍ത്തുതന്നെയാവണം, സമാധാനത്തിന്‍റെ ഒടുവിലത്തെ ചീളും ചിതറാന്‍ പോകുന്നത്.

ശരിയാണ്... നീയെത്തുന്ന പതിവുനേരങ്ങളെ ഇനിയെങ്ങനെ ഞാനൊറ്റയ്ക്കു കടന്നുപോകും...

നീ ചെയ്യാറുള്ള പതിവുകാര്യങ്ങളുടെ ഓര്‍മ്മകളെ ഇനി ഞാനെങ്ങനെ അതിജീവിക്കും...

സ്നേഹമുള്ള ഒരമ്മ,  രക്ഷാകരരഹസ്യങ്ങളെ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നാലും ആ ചമ്മട്ടിയടികള്‍ അവളുടെ ഉള്ളില്‍ പ്രകമ്പനം കൊള്ളും...ആ ഭാരമേറിയ കുരിശിനെ, ഇടറിവീഴ്ചകളെ, ആ കുരിശു പേറിയുള്ള യാത്രയെ ഒക്കെ എത്രമാത്രം കണ്ടുനില്‍ക്കാനാവും

വഴിയരികിലെ കൂര്‍ത്തുമൂര്‍ത്ത കല്ലുകളോരോന്നും അവരെ പൊള്ളിക്കില്ലേ, അതിലെയൊക്കെ അവന്‍ ചവിട്ടിപ്പോയേക്കുമെന്നോര്‍ത്ത്ഉള്ളിലെ ഭൂമിയൊക്കെ മഴ കൊണ്ടാലെന്നപോലെ കുതിരുന്നതു കണ്ടോ...

മനുഷ്യന്‍ തന്നെയായിരുന്നു, അല്ലാതെ മാര്‍വെല്‍ സ്റ്റുഡിയോസിന്‍റെ കാരക്ടേഴ്സ് ഒന്നും ആയിരുന്നില്ല. പച്ച മനുഷ്യന്‍. അതുകൊണ്ടാണല്ലോ നമ്മളിങ്ങനെ 'ദൈവം മനുഷ്യനായി' എന്ന് എല്ലായിടത്തും പറഞ്ഞു നടക്കുന്നത് അത്ര നിസ്സാരമല്ല.

ഉള്ളതു പറയുമ്പോള്‍ കല്ലെറിഞ്ഞു കൊല്ലരുത്. പറഞ്ഞത് പരിശുദ്ധ അമ്മയെക്കുറിച്ചാണ്. പരി. അമ്മയെക്കുറിച്ച് മാത്രമാണ്. അമ്മേ എന്ന് അല്ലാതെ വിളിച്ചിട്ടുണ്ട്. ഒരുപാടുപേരെ.. പോട്ടെ.. ഒന്നുമില്ല. അവര്‍ക്കുള്ള വാക്കുകളൊക്കെ 'അഗ്നയേ ഇദം നമമ' ഇത് ഒക്ടോബര്‍ മാസമല്ലേ. എന്‍റെ വഴിയിലെ കല്ലും മുള്ളും പെറുക്കിക്കളയാനും പറഞ്ഞ് കലഹിക്കാതെ, പരി. അമ്മയുടെ അരികിലെങ്ങാന്‍ പോയി നില്ക്ക്... അമ്മ തണല്‍മരമാണ്. കുരിശിനരികില്‍. ചേര്‍ന്നു നിന്ന തണല്‍മരം. എല്ലാ കുരിശുകള്‍ക്കുമരികില്‍ ചേര്‍ന്നു നില്ക്കുന്ന തണല്‍മരം. ഉയിര്‍പ്പുവരെയുള്ള എന്‍റെയും നിന്‍റെയും യാത്രയില്‍ കൂടെ  വരുന്നൊരു തണല്‍മരം വേണം, നമുക്ക്.    


സഫ

0

120

Featured Posts