top of page

വിവാഹ ബന്ധത്തിലെ ലൈംഗികത

Mar 1, 2011

6 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Image : The Happy Couple

വിവാഹിതര്‍ക്കു ദൈവാനുഭവം സിദ്ധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധമാണെന്ന് എത്രപേര്‍ക്ക് അറിയാം? ചെറുപ്പംമുതലേ പലരും ചേര്‍ന്ന് നമ്മില്‍ കുത്തിനിറച്ചിട്ടുള്ള ചില തെറ്റായ ധാരണകള്‍, ലൈംഗികതയോടുള്ള നമ്മുടെ കാഴ്ചപ്പാടിനെ അബദ്ധജടിലമാക്കി. തന്മൂലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്കു ദൈവാനുഭവം ലഭിക്കുന്നില്ല. ലൈംഗികസംയോഗം ആത്മീയാനുഭവത്തിന്‍റെ നിമിഷമായി മാറിയ ഒരു വേളപോലും അവര്‍ക്ക് ഓര്‍മ്മിച്ചെടുക്കാനുണ്ടാവുന്നില്ല. കഷ്ടതരമായിട്ടുള്ളത,് ദൈവം അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്ന ലൈംഗിക സംയോഗം അവരില്‍ പലപ്പോഴും അവശേഷിപ്പിക്കുന്നത് ലജ്ജയും കുറ്റബോധവും അപമാനവുമൊക്കെയാണെന്നതാണ്.

ലൈംഗികതയുടെ ധാര്‍മ്മിക വശങ്ങളെക്കുറിച്ച് മിക്കവാറും എഴുതുന്നതും പഠിപ്പിക്കുന്നതും ബ്രഹ്മചാരികളായിട്ടുള്ള ആളുകളാണ്. അവരില്‍ മിക്കവര്‍ക്കും കാമം എന്താണെന്ന് എഴുതാനറിയാമായിരിക്കും. പക്ഷേ ദമ്പതികളുടെ ലൈംഗിക ബന്ധ ത്തില്‍ അതുമാത്രമല്ല ഉള്ളത്. അതെന്താണെന്ന് മിക്ക ബ്രഹ്മചാരികള്‍ക്കും അറിയില്ലെന്നുള്ളതാണു വസ്തുത. അവരില്‍തന്നെ പലര്‍ക്കും ശരീരവും ശരീരവും തമ്മിലുള്ള സംയോഗ ത്തില്‍ ഒരു ആത്മീയതയും കാണാനാകുന്നില്ല. പ്രാര്‍ത്ഥനയ്ക്കും മറ്റുമൊക്കെയായി ലൈംഗികബന്ധത്തില്‍ നിന്നു പരമാവധി മാറിനില്‍ക്കണമെന്ന് അവര്‍ ഉപദേശിക്കുന്നു. ഈ ഉപദേശത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് വിഡ്ഢി ത്തം മാത്രമാണ്.

ചില താത്വിക പരിഗണനകള്‍

മനുഷ്യനുമായി ബന്ധപ്പെട്ടതെന്തും ആത്യന്തികമായി മഹത്വമേകുന്നത് സ്രഷ്ടാവിനാണ്. ദൈവവും മനുഷ്യനും ഒരുമിച്ചുചേരാത്ത ഒരു മാനുഷിക പ്രവൃത്തിയും ഇല്ലതന്നെ. ഒരു പ്രവൃത്തിയുടെ നന്മ നിശ്ചയിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന സ്നേഹമെന്ന ഒരേയൊരു കാര്യമാണ്. ഒരു ഭക്തകൃത്യം എത്ര ആത്മീയമാണോ അത്രതന്നെ ആത്മീയമാണ് വിവാഹിതരുടെ ലൈംഗികസംയോഗം. ഒരു വിവാഹബന്ധം പൂര്‍ണ്ണതയിലെത്താന്‍ ലൈംഗികബന്ധവും സൃഷ്ടികര്‍മ്മവുമല്ലാതെ മറ്റൊരു കാര്യം സ്രഷ്ടാവ് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ലൈംഗികബന്ധം ദൈവം അനുവദിക്കുന്നു എന്നു മാത്രമല്ല, ആഗ്രഹിക്കുന്നതുകൂടിയാണ്. അവന്‍റെ ആഗ്രഹാനുസാരിയായ ലൈംഗികബന്ധം വിശുദ്ധകര്‍മ്മമാണെന്ന് അങ്ങനെ വ്യക്തമാകുന്നു.

1). ദൈവത്തെ ലോകമെന്ന മാധ്യമമുപയോഗിച്ച് അനുഭവിക്കാമെന്നു വി. ഗ്രന്ഥംതന്നെ സാക്ഷ്യപ്പെടുത്തുന്നു. "സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല."(യോഹ. 1:3) "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശവവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു... എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്."(കൊളോ. 1:16) അതായത്, നാം നമ്മുടെ കണ്‍മുമ്പില്‍ കാണുന്നവയൊന്നും കാണപ്പെടുന്ന അത്രയും മാത്രമല്ല. അതിലും കൂടുതലാണ് അവയോരോന്നും. ഈ പ്രാപഞ്ചികലോകം, അതിന്‍റേതായ നിയമങ്ങളാല്‍ ചലിക്കപ്പെടുന്ന ഒന്നുമാത്രമാണെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ, സത്യത്തില്‍ അതു ദൈവസാന്നിധ്യത്തിന്‍റെ ഒരു കൂദാശയാണ്. ദൈവം ഈ സൃഷ്ടപ്രപഞ്ചത്തില്‍നിന്നും മാറിയല്ല, ഇതിനു പിന്നിലും ഇതിനുള്ളിലുമായി നിലകൊള്ളുന്നു. അതുകൊണ്ട് നാം അനുഭവിക്കുന്ന ഓരോന്നിലും ദൈവത്തിന്‍റെ സാന്നിദ്ധ്യം കൂടിയുണ്ട്.

ശരിക്കും കാണാന്‍ തയ്യാറായാല്‍ എന്തിലാണു ദൈവമില്ലാത്തത്? പ്രകൃതിയുടെ സൗന്ദര്യത്തില്‍, സംസ്കാരത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അത്ഭുതങ്ങളില്‍, മനുഷ്യബന്ധങ്ങളില്‍ ഒക്കെയുണ്ട് ആ അദൃശ്യസാന്നിധ്യം. നമുക്കത് അനുഭവിക്കാനാവുന്നില്ലെങ്കില്‍ അതിനുകാരണം ദൈവം വിദൂരസ്ഥനായതുകൊണ്ടല്ല, നമ്മുടെ കാഴ്ചയുടെ മണ്ഡലം അത്രയും ചുരുങ്ങിപ്പോയതുകൊണ്ടാണ്.

സത്യത്തില്‍ ദൈവമില്ലാത്ത ഒരിടവുമില്ല. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരേ രീതിയില്‍ ദൈവത്തെക്കുറിച്ച് നമ്മോടു സംസാരിക്കാനാവുമെന്ന് നാം പറയുന്നില്ല. ചിലതിനു നമ്മോടു ദൈവത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാകും.

ഉദാഹരണത്തിന്, ക്രൈസ്തവ സഭയിലെ ഏഴു കൂദാശകള്‍ എടുക്കുക. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ക്രിസ്തുവിനോടു ബന്ധപ്പെട്ടവയാണ് അവയെല്ലാം. അവയിലൂടെയുള്ള ദൈവസാന്നിദ്ധ്യാനുഭവം മറ്റു പല അനുഭവങ്ങളില്‍ നിന്നും വ്യതിരിക്തമാണെന്നാണു മിക്ക വിശ്വാസികളുടെയും ജീവിതത്തില്‍നിന്നു നാം പഠിക്കുന്നത്. സൃഷ്ടപ്രപഞ്ചത്തിന്‍റെ കാര്യത്തിലും ഇതേ നിരീക്ഷണം ശരിയാണ്. ഒരു സൂര്യാസ്തമയത്തിനും മനോഹരമായ ഒരന്തരീക്ഷത്തിനും നമ്മില്‍ ഈശ്വരസ്മരണ കൂടുതല്‍ ഉളവാക്കാനാവും. മുഴുവന്‍ മനുഷ്യവംശത്തിന്‍റെയും അനുഭവമണ്ഡലം സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്; മനുഷ്യസൗഹൃദങ്ങളിലൂടെ ദൈവാനുഭവം സിദ്ധിക്കുന്നു എന്നതാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്നേഹത്തില്‍ ദൈവം സന്നിഹിതനാണ്. അങ്ങനെയെങ്കില്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഗാഢമായ, പരിപൂര്‍ണ്ണമായ സ്നേഹബന്ധത്തില്‍ ദൈവം എത്ര കണ്ട് സന്നിഹിതനല്ല! ഭാര്യാഭര്‍തൃ ലൈംഗികബന്ധം എല്ലാ അര്‍ത്ഥത്തിലും ദൈവാനുഭവത്തിന്‍റെ കൂദാശയാണ്.

ദൈവസാന്നിദ്ധ്യത്തെ സൂര്യപ്രകാശത്തോട് ഉപമിക്കുക വഴി കാര്യം കൂടുതല്‍ വ്യക്തമാക്കാം. നമുക്കറിയാം, സൂര്യപ്രകാശം എല്ലായിടത്തും എത്തുന്നുണ്ട്. മേഘാവൃതമായ ഒരു ദിവസംപോലും അതുണ്ട്. പക്ഷേ ആകാശം തെളിഞ്ഞ ഒരു ദിനത്തിലാണു സൂര്യനെ നാം കൂടുതല്‍ അറിയുക. കുട്ടികള്‍ ചെയ്യുന്നതുപോലെ ലെന്‍സുപയോഗിച്ച് സൂര്യപ്രകാശത്തെ ഫോക്കസു ചെയ്യുമ്പോള്‍ അതു വളരെക്കൂടുതല്‍ അനുഭവവേദ്യമാകുന്നു. ദമ്പതികളുടെ സ്നേഹബന്ധം ഒരു ലെന്‍സുപോലെയാണ്. ദൈവസാന്നിധ്യമെന്ന സൂര്യപ്രകാശം ഏറ്റവും കൂടുതല്‍ അനുഭവിക്കാനാവുന്നത് ആ ലെന്‍സ് ഉപയോഗിക്കുമ്പോഴാണ്. ഒരു വിവാഹിതന്‍ മറ്റെന്തിനേക്കാളും കൂടുതല്‍ ദൈവസ്നേഹമറിയുന്നത് ജീവിതപങ്കാളിയുമായുള്ള സ്നേഹബന്ധത്തിലാണ്.

2). വിവാഹബന്ധം ദൈവസ്നേഹത്തെ അനുഭവവേദ്യമാക്കുന്ന കൂദാശയാണ്. കൂദാശയെ "പരിശുദ്ധമായതിന്‍റെ കാണപ്പെടുന്ന അടയാളം" എന്നാണല്ലോ അഗസ്റ്റിന്‍ വിളിക്കുന്നത്. മാമോദീസാ വേളയിലുപയോഗിക്കുന്ന ജലവും വി. കുര്‍ബാനയിലുപയോഗിക്കുന്ന അപ്പവും പരിശുദ്ധമായ ഒന്നിന്‍റെ അടയാളമാണ്. അതുപോലെ തന്നെയാണ് ശരീരവും ശരീരവും തമ്മിലുള്ള സംയോഗം. അവിടെ വിഭജിക്കപ്പെട്ടതു കൂടിച്ചേരുന്നു, എല്ലാ വ്യത്യാസങ്ങളും ഇല്ലാതാകുന്നു, മാനുഷികമായതു പൂര്‍ണത നേടുന്നു.

മറ്റേതൊരു പ്രവൃത്തിയിലുള്ളതിനേക്കാളും കൂടുതല്‍ ദൈവം സന്നിഹിതനായിരിക്കുന്നത് ഭാര്യാ-ഭര്‍തൃ ബന്ധത്തിലാണ്. കാരണം അവരുടെ സംഭോഗവേളയില്‍ത്തന്നെ ദൈവം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്, തത്ഫലമായുണ്ടാകുന്ന കുഞ്ഞില്‍ തന്‍റെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നത്. മനുഷ്യദമ്പതികളും ദൈവവും ഒരുമിച്ചു പ്രവര്‍ത്തിക്കാതെ ഒരു മനുഷ്യജന്മം നടക്കുകയില്ലല്ലോ. ദൈവം ദമ്പതികളുടെ സ്നേഹബന്ധത്തിന്‍റെ വേളയില്‍ അവരോടൊപ്പമുണ്ട്.

3). ദമ്പതികളുടെ ലൈംഗികബന്ധത്തെ യേശുവിന്‍റെ കുരിശുമരണത്തോടു താരതമ്യം ചെയ്യാവുന്നതാണ്. കുരിശുമരണവും ലൈംഗികബന്ധവും സ്നേഹത്താല്‍ പ്രേരിതമാണ്. രണ്ടും തീവ്രമായ വൈകാരികാംശം കലര്‍ന്നതാണ്. കുരിശുമരണത്തില്‍ വേദനയും ലൈംഗികബന്ധത്തില്‍ ആനന്ദവും. രണ്ടിടത്തും നടക്കുന്നത് സ്വയംദാനമാണ്. കുരിശുമരണവേളയില്‍ യേശു നഗ്നനായതുപോലെ, ലൈംഗികബന്ധത്തില്‍ ദമ്പതികള്‍ നഗ്നരാകുന്നു. കുരിശില്‍ യേശുവിന്‍റെ ഹൃദയം തുറക്കപ്പെട്ടതുപോലെ, ലൈംഗികബന്ധത്തില്‍ ദമ്പതികള്‍ പരസ്പരം ഹൃദയം തുറക്കുന്നു.

ദാമ്പത്യബന്ധവും വി. കുര്‍ബാനയും തമ്മിലും സമാനതകള്‍ ഏറെയുണ്ട്. ഒരു വിശ്വാസി വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെതന്നെ, ദാമ്പത്യബന്ധത്തില്‍ സ്നേഹമസൃണമായ സ്പര്‍ശവും പൂര്‍ണമായ ഉള്‍ച്ചേരലും സ്നേഹത്തില്‍ ഒന്നാകലും സംഭവിക്കുന്നുണ്ട്.

4). ക്രൈസ്തവ ജീവിതം ആരംഭിക്കുന്നത് ക്രിസ്തുവിനോടു നാം കൂട്ടിച്ചേര്‍ക്കപ്പെടുന്നതു വഴിയാണല്ലോ. ക്രിസ്തു വിശ്വാസികള്‍ക്കു വെറുമൊരു ഗുരു മാത്രമല്ല, ജീവിതത്തിന്‍റെ അടിസ്ഥാനവും ലക്ഷ്യവുമാണ്. ശാഖകള്‍ തായ്ത്തണ്ടിനോടു ചേര്‍ന്നിരിക്കുന്നതുപോലെ, വിശ്വാസികള്‍ ക്രിസ്തുവിനോടു ചേര്‍ന്നിരിക്കുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ, 'അങ്ങനെയെങ്കില്‍ നാം ചെയ്യുന്ന പ്രവൃത്തികളൊക്കെ ഒരേ സമയം നമ്മുടേതും ക്രിസ്തുവിന്‍റേതുമാണെന്ന് വരുന്നു.' (ഗലാ. 2:20)

ഒരുദാഹരണം കൊണ്ടു കാര്യം വ്യക്തമാക്കാം. നിങ്ങള്‍ നടന്നുപോകുമ്പോള്‍ എതിരേ നിരാശപൂണ്ട ഒരു മനുഷ്യന്‍ വരുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് അയാളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ തോന്നുന്നു. നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങളുടെ ചിരി നിങ്ങളുടേതു മാത്രമല്ല, ദൈവത്തിന്‍റേതുകൂടിയാണ്. ആ ചിരി ഒരേ സമയം മാനുഷികവും ദൈവികവുമാണ്. നിങ്ങള്‍ ചിരിച്ചുകാണിക്കുന്ന മനുഷ്യനെ ദൈവവും ചിരിച്ചു കാണിക്കുന്നു. നിങ്ങളിലും നിങ്ങളിലൂടെയും ദൈവം ചിരിക്കുകയാണ്.

ഒരു പ്രവൃത്തി മാനുഷികമെന്നും വേറൊന്നു ദൈവികമെന്നും നമുക്കു വേര്‍തിരിക്കാനാവില്ല. ദൈവികതയും മാനവികതയും ഒരു പ്രവൃത്തിയില്‍ സമ്മിളിതമാകുകയാണ്. ഒരേ സമയം അതു ദൈവത്തിന്‍റെ പ്രവൃത്തിയാണ്; അതേസമയംതന്നെ അതു മനുഷ്യന്‍റെ പ്രവൃത്തിയുമാണ്. ഒരാള്‍ ചെയ്യുന്ന കാര്യത്തില്‍ മറ്റേയാള്‍കൂടി പങ്കാളിയാവുകയാണ്. ഒരു പുഞ്ചിരിയിലൂടെ ആവിഷ്കൃതമായ സ്നേഹം ഒരേ സമയം ദൈവികവും മാനുഷികവും ആണ്.

ഇക്കാര്യം ഭാര്യാ-ഭര്‍തൃബന്ധവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍, അവരുടെ ലൈംഗികബന്ധം ഒരേ സമയം മാനുഷികവും ദൈവികവും ആണെന്നു വ്യക്തമാകുന്നു. ദൈവത്തിന് ഒരു വ്യക്തിയോടുള്ള സ്നേഹമാണ് ഒരാള്‍ ലൈംഗികബന്ധത്തിലൂടെ തന്‍റെ പങ്കാളിക്കു നല്‍കുന്നത്. ദമ്പതികളുടെ സ്നേഹത്തിന്‍റെ ലൈംഗികപ്രകടനങ്ങള്‍ ദൈവം തന്‍റേതാക്കി മാറ്റുന്നു. പങ്കാളികള്‍ കാതുകളില്‍ മന്ത്രിക്കുന്നത്, ദൈവം അവരോടു മന്ത്രിക്കുന്നതുതന്നെയാണ്. സ്നേഹത്തിന്‍റെ വിവിധ പ്രകടനങ്ങളിലൂടെയും രഹസ്യസംഭാഷണങ്ങളിലൂടെയും ഒരാള്‍ തന്‍റെ ജീവിതപങ്കാളിയോടു പറയുന്നത് ഇതാണ്: "നീയെനിക്കു വിലപ്പെട്ടതാണ്. നീ എത്ര സുന്ദരിയാണ്; നീ എന്‍റെ ആനന്ദമാണ്." സത്യത്തില്‍ ദൈവവും ഇതുതന്നെയാണ് പറയുന്നത്.

ദമ്പതികള്‍ തമ്മിലുള്ള ഗാഢമായ ബന്ധം കൗദാശികമാണ്. അവര്‍ പരസ്പരം നടത്തുന്ന പ്രേമസല്ലാപങ്ങളിലൂടെ ദൈവമാണ് അവരോടു സംസാരിക്കുന്നത്. ജീവിതപങ്കാളികളില്‍ ഓരോരുത്തരുടെയും ജീവന്‍ ദൈവം നല്കിയ ദൈവത്തിന്‍റെ ജീവനാണ്. അവര്‍ ലൈംഗികബന്ധത്തിലൂടെ പങ്കാളിക്കു തന്നെത്തന്നെ നല്‍കുമ്പോള്‍, ദൈവത്തെതന്നെയാണു നല്‍കുന്നത്. ദൈവത്തിന്‍റെ ഏറ്റവും വൈകാരികവും ഗാഢവുമായ സ്നേഹമാണ് ലൈംഗികസംയോഗത്തിലൂടെ ദമ്പതികള്‍ അനുഭവിച്ചറിയുന്നത്.

ചില പ്രായോഗിക പരിഗണനകള്‍

1. ദാമ്പത്യത്തിലെ ഇന്ദ്രിയസുഖമെന്ന പുണ്യം

ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ള പല ദമ്പതികളും പലപ്പോഴും പറയുന്ന ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്: "എനിക്കു പൂര്‍ണ്ണമായിട്ടും അതിലങ്ങു മുഴുകാനാവില്ല;" "ഇത്രയും വികാരാവേശം കാണിക്കുന്നത് അത്ര നന്നല്ല;" "നല്ല സ്ത്രീകള്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല" ഇവയൊക്കെയും ഇത്രയും നേരം നാം കണ്ട കാര്യങ്ങളുടെ വെളിച്ചത്തില്‍ തെറ്റാണെന്നു വ്യക്തമാണല്ലോ. ദമ്പതികള്‍ ലൈംഗികാനന്ദം അനുഭവിക്കണമെന്നതും അവര്‍ തങ്ങളുടെ വികാരങ്ങള്‍ ഏറ്റവും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കണമെന്നതും ദൈവഹിതം തന്നെയാണ്.

ഇന്ദ്രിയസുഖത്തെ പൊതുവെ വളരെ മോശമായിട്ടാണു ചിത്രീകരിക്കുന്നത്. പക്ഷേ മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ശരീരവും മനസ്സും ആത്മാവും കൂടി ഒന്നായിട്ടാണ്. പരസ്പരബന്ധം ദൃഢതരമാക്കാന്‍ എല്ലാ ഇന്ദ്രിയങ്ങള്‍കൊണ്ടും സാധിക്കുമെങ്കിലും, സ്പര്‍ശനത്തിനാണ് അതേറ്റവും കൂടുതല്‍ സാധിക്കുക. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ശരീരങ്ങള്‍ തമ്മിലുള്ള സ്പര്‍ശവും തലോടലുമൊക്കെ സ്നേഹത്തിന്‍റെ ഊഷ്മളതയും സംരക്ഷണത്തിന്‍റെ ഉറപ്പും സൗമ്യമായ സാമീപ്യവും അനുഭവവേദ്യമാക്കുന്നു. ഈ അനുഭവം സുഖകരമായ പ്രതികരണങ്ങള്‍ക്കു വഴി തുറക്കുകയും ചെയ്യുന്നു. ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനായിരിക്കും ഇതിടയാക്കുക.

ഇന്ദ്രിയസുഖത്തിന്‍റെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്നു നാം പറയാറുണ്ടല്ലോ. ഇന്ദ്രിയസുഖത്തിലെ മിതത്വം പരസ്പരവിരുദ്ധങ്ങളായ രണ്ടു തിന്മകള്‍ക്കു ബദലാണ്: അമിതസുഖേച്ഛയും വൈകാരിക വരള്‍ച്ചയും. രണ്ടും ഒരുപോലെ തിന്മകളാണ്. ആദ്യത്തേത് ശാരീരിക സുഖങ്ങളിലുള്ള അമിതതാല്‍പര്യമാണെങ്കില്‍, രണ്ടാമത്തേത്, ശാരീരികമായതെല്ലാം പാപമാണെന്ന ധാരണ നിമിത്തമുണ്ടാകുന്ന ശാരീരിക സുഖങ്ങളോടുള്ള വെറുപ്പും പുച്ഛവുമാണ്. ധാര്‍മ്മികതയെക്കുറിച്ച് എഴുതുന്നവരൊക്കെതന്നെ അമിതസുഖേച്ഛയെന്ന പാപത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. പക്ഷേ മിക്കവരും തന്നെ വൈകാരിക വരള്‍ച്ചയെന്ന പാപത്തെക്കുറിച്ച് മൗനം പുലര്‍ത്തുന്നു. പക്ഷേ സെന്‍റ് തോമസ് അക്വിനാസ് വൈകാരിക വരള്‍ച്ചയെ ഒരു പാപമായിട്ടു തന്നെയാണ് കാണുന്നത്. അദ്ദേഹം എഴുതുന്നു: "പ്രകൃതിയുടെ നിയമത്തിനു വിധേയമാകാത്ത എന്തും പാപമാണ്. മനുഷ്യജീവന്‍റെ നിലനില്പിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സുഖപ്രദമാക്കിയത് പ്രകൃതിയാണ്. അതുകൊണ്ട് പ്രകൃത്യാ അനുവദിക്കപ്പെട്ട സുഖങ്ങളെ, മനുഷ്യന്‍റെ സുസ്ഥിതിക്കും മാനവരാശിയുടെ നിലനില്പിനും സഹായകമാകത്തക്ക വിധത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട്, പ്രകൃതിയുടെ നിലനില്പിനു തടസമാകും വിധം ആ സുഖങ്ങളോടു വിരക്തി പുലര്‍ത്തുന്നവര്‍ തിന്മ ചെയ്യുന്നു."(ST. II - II, 142,1) ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ശാരീരികസുഖങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നതിനെ അക്വിനാസ് പ്രശംസിക്കുന്നുണ്ട്. ആരോഗ്യം വീണ്ടെടുക്കാന്‍ ചിലപ്പോള്‍ ഭക്ഷണം, കുടി, ലൈംഗികത ഇവയോടൊക്കെ അകലം പാലിക്കേണ്ടിവന്നേക്കാം. ചില പ്രത്യേക ജോലിയിലുള്ളവരും ദൈവവിളി സിദ്ധിച്ചവരും ഇത്തരം ത്യജിക്കലുകള്‍ നടത്തിയേക്കാം. പക്ഷേ ദാമ്പത്യബന്ധത്തില്‍ ലൈംഗികത നല്കുന്ന സുഖം വേണ്ടെന്നു വയ്ക്കുന്നത് തിന്മയാണെന്ന് അക്വിനാസ് പറയുന്നു. (153,3,3)

വി. ഗ്രന്ഥം ദാമ്പത്യബന്ധത്തിലെ ലൈംഗികസുഖത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്? ഉത്തമഗീതം രണ്ടു പ്രണയിതാക്കളുടെ പ്രേമാര്‍ദ്രമായ സന്ദേശങ്ങള്‍കൊണ്ടു നിറഞ്ഞതാണ്. യാതൊരു നിയന്ത്രണവുമില്ലാതെ, നിറഞ്ഞൊഴുകുന്ന പ്രണയമാണ് അതിലെ ഓരോ വാക്യത്തിലും.

ഒരു പ്രത്യേക പ്രവൃത്തിയില്‍ ഒരുപാട് സുഖവും സംതൃപ്തിയും നിക്ഷേപിച്ചശേഷം, ആ പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പാടില്ലെന്നു വാദിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്? വ്യക്തിയുടെയും സമൂഹത്തിന്‍റെയും നിലനില്പിന് അനിവാര്യമായ ചില കാര്യങ്ങള്‍ മനുഷ്യര്‍ ചെയ്യേണ്ടതുണ്ട്. വളരെ സ്വഭാവികമായി അത്തരം കാര്യങ്ങളില്‍ അവര്‍ ഏര്‍പ്പെടണമെങ്കില്‍ അവയുടെ നിര്‍വഹണം വഴിയായി അവര്‍ക്കു വലിയ സുഖവും സന്തോഷവും ലഭിക്കേണ്ടതുണ്ട്. അതു ലഭിക്കാതെ ആരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമായിരുന്നോ? സുഖത്തിനു വേണ്ടിമാത്രം ചില കാര്യങ്ങള്‍ ചെയ്യണമെന്നല്ല നാം വാദിക്കുന്നത്. പക്ഷേ ചിലകാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന സുഖത്തെ നാം ഒഴിവാക്കാന്‍ പാടില്ലെന്നു മാത്രമല്ല, ആസ്വദിക്കേണ്ടതുമുണ്ട്.

2. വിവാഹബന്ധത്തില്‍ ആത്മനിയന്ത്രണം കൊണ്ട് അര്‍ത്ഥമാക്കുന്നത്

ആത്മനിയന്ത്രണം വഴി വൈവാഹികബന്ധത്തിലെ കാമാസക്തികളെ നിയന്ത്രിക്കാമെന്നു ചിലര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ദാമ്പത്യബന്ധത്തില്‍നിന്നു വിട്ടുനില്ക്കണമെന്ന് അവര്‍ വാദിക്കുന്നു. ദമ്പതികളുടെ ലൈംഗികബന്ധത്തെ ആത്മനിയന്ത്രണമെന്ന പുണ്യത്തിന്‍റെ നേര്‍വിപരീതമായി അവര്‍ അവതരിപ്പിക്കുന്നു. വലിയ തെറ്റിദ്ധാരണകള്‍ക്കൊണ്ടാണ് ഇത്തരം ധാരണകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. സ്നേഹമസൃണമായ വൈവാഹിക ബന്ധത്തിലെ ലൈംഗികത എന്താണെന്നുകൂടി ഇക്കൂട്ടര്‍ക്ക് അറിയില്ല. അവരുടെ വിചാരം ഭാര്യയും ഭര്‍ത്താവും എപ്പോഴും ശാരീരിക ആസക്തികള്‍കൊണ്ട് നീറുകയാണ് എന്നാണ്. ഇത്തരം ആശയങ്ങള്‍ ഇത്രകണ്ട് പ്രചരിപ്പിക്കുന്നതിന് പ്രധാനപ്പെട്ട കാരണക്കാര്‍ ബ്രഹ്മചാരികളായവരാണ്. അവരുടെ ധാര്‍മ്മികതയെ മാനദണ്ഡമാക്കി അവര്‍ വൈവാഹികബന്ധത്തിന്‍റെ ധാര്‍മ്മികതയെയും അളക്കാന്‍ ശ്രമിക്കുന്നു. അവര്‍ ചോദിക്കുന്നത് ഏകദേശം ഈ രീതിയിലാണ്: "എനിക്ക് ലൈംഗിക ചോദനകളെ അതിവര്‍ത്തിക്കാനായെങ്കില്‍, കുറച്ചു ദിവസമെങ്കിലും ദമ്പതികള്‍ക്കു തങ്ങളെതന്നെ ഒന്നു നിയന്ത്രിച്ചുകൂടെ?"

ഈയൊരു വാദഗതി അംഗീകരിക്കാതെ പോകുന്ന ഒരു കാര്യം, വിവാഹിതരായവര്‍, അവര്‍ ധാര്‍മ്മികരായ വ്യക്തികളാണെങ്കില്‍, അവരുടേതായ രീതിയില്‍ ആത്മനിയന്ത്രണം പാലിക്കുന്നുണ്ട് എന്നുള്ള വസ്തുതയാണ്. ഒരാളുടെ ലൈംഗിക വാസനകളുടെ പ്രകടനം അയാളുടെ ജീവിതപങ്കാളിയുമായുള്ള സ്നേഹത്തിന്‍റെ ചുറ്റുവട്ടത്തില്‍ മാത്രമാണു സംഭവിക്കുന്നത്. അതു തന്‍റെ ശാരീരിക കാമനകളെ തൃപ്തിപ്പെടുത്തുക എന്ന ഒറ്റയുദ്ദേശ്യംകൊണ്ടു സംഭവിക്കുന്നതല്ല. പങ്കാളികള്‍ തമ്മിലുള്ള ഗാഢബന്ധത്തിന്‍റെ ആവിഷ്കാരമെന്ന നിലയിലാണ് ലൈംഗികസംയോഗം നടക്കുന്നത്. തന്‍റെ ജീവിതപങ്കാളി ജോലിക്കായി ദൂരേയ്ക്കുപോയാല്‍ പിന്നെ, ലൈംഗികസംയോഗത്തിനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹം അയാളെ അലട്ടുന്നില്ല. സ്വന്തം ശാരീരിക താത്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ആയിരുന്നില്ല പ്രധാനമായും അയാള്‍ ലൈംഗികാസ്വാദനത്തില്‍ ഏര്‍പ്പെട്ടത്, പിന്നെയോ തന്‍റെ പങ്കാളിയോടുള്ള ആഴമായ സ്നേഹബന്ധത്തിന്‍റെ പ്രകാശനം എന്ന നിലയിലായിരുന്നു. പങ്കാളി തിരിച്ചെത്തുന്നതോടെ, അവര്‍ ഒന്നാകുന്നതിനുവേണ്ടിയുള്ള ലൈംഗികസംയോഗം വീണ്ടും അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതായിത്തീരും.

ദമ്പതികളുടെ ലൈംഗികമേഖലയിലുള്ള ആത്മനിയന്ത്രണം, ലൈംഗികത എത്ര നന്നായിട്ടാണുപയോഗിക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്, അല്ലാതെ അതു ഉപയോഗിക്കാതിരിക്കുന്നതിനെ ആശ്രയിച്ചല്ല. ലൈംഗികസംയോഗത്തിലേര്‍പ്പെട്ടുകൊണ്ടുതന്നെ ചില ദമ്പതികള്‍ക്ക് ആത്മനിയന്ത്രണമുള്ളവരാകാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നാലും മറ്റു ചില ദമ്പതികള്‍ ആത്മനിയന്ത്രണം ഉള്ളവരാകണമെന്നില്ല.

സ്വാര്‍ത്ഥത എന്നത് സുഖം ആസ്വദിക്കുന്നു എന്നതിലല്ല, നിന്നെമാത്രം കേന്ദ്രീകരിച്ച് അത് ആസ്വദിക്കുന്നു എന്നതിലാണ്. ഇതാ ഒരുദാഹരണം. ഒരു ഭാര്യ തങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍ നല്ലയൊരു അത്താഴമുണ്ടാക്കി, ജോലിക്കു പോയ ഭര്‍ത്താവ് മടങ്ങിവരുന്നത് കാത്തിരിക്കുകയാണെന്നു കരുതുക. പക്ഷേ, സ്വാദിഷ്ടമായ ഭക്ഷണം കാണുന്നതോടെ കസേര വലിച്ചിട്ട് അയാളത് ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുകയാണ്. ഭാര്യയെ അയാളൊന്നു നോക്കുന്നുപോലുമില്ല. ഇതാണ് ആത്മനിയന്ത്രണമില്ലായ്മ. ഭാര്യ അയാളോടുള്ള സ്നേഹത്തിന്‍റെ പ്രകടനമായി തയ്യാറാക്കിയ ഭക്ഷണം അയാള്‍ ആസ്വദിച്ചുവെന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ തന്‍റെ പങ്കാളിയെക്കൂടി മറന്ന് അയാള്‍ കഴിച്ചു എന്നതാണ് തെറ്റ്. ലൈംഗിക ബന്ധത്തെ സംബന്ധിച്ചും ഇതു ശരിയാണ്. ശാരീരികസുഖം അനുഭവിക്കുന്നു എന്നതല്ല ലൈംഗികബന്ധത്തെ ആത്മനിയന്ത്രണമില്ലാത്തതാക്കി മാറ്റുന്നത്. സ്വന്തം സുഖത്തിനുവേണ്ടി മാത്രം ആ ബന്ധത്തിലേര്‍പ്പെടുന്നതാണ് അതിനെ ആത്മനിയന്ത്രണമില്ലാത്തതാക്കുന്നത്. സുഖം ആസ്വദിക്കുന്നു എന്നതിലല്ല തെറ്റ്, സ്വാര്‍ത്ഥപരമായി സുഖം അന്വേഷിക്കുന്നു എന്നതിലാണ് തെറ്റ്.

ആത്മനിയന്ത്രണത്തിന്‍റെ മുഖമുദ്ര ഉപേക്ഷയും നിഷേധവുമല്ല, അര്‍പ്പണവും സ്വയംദാനവുമാണ്. വികാരം നമ്മെ നയിക്കുന്നിടത്തേക്ക് ഒട്ടുമേ പോകാതിരിക്കലല്ല ആത്മനിയന്ത്രണം. വൈവാഹിക ജീവിതത്തില്‍ ആത്മനിയന്ത്രണംകൊണ്ട് അര്‍ത്ഥമാക്കുന്നത് സംഭോഗം ഒഴിവാക്കണമെന്നല്ല, പിന്നെയോ അത് സ്നേഹത്തിന്‍റെ പ്രകടനമായിരിക്കണം എന്നതാണ്. ലൈംഗികാഭിനിവേശം സ്നേഹം കൊണ്ടു നിറഞ്ഞതാണെങ്കില്‍, വൈവാഹിക ലൈംഗികജീവിതത്തില്‍ അത് ആത്മനിയന്ത്രണമാണെന്ന് തീര്‍ച്ചയായും പറയാവുന്നതാണ്.

3. ലൈംഗികബന്ധ ശൈലികളുടെ ധാര്‍മ്മികത

വിവാഹിതരുടെ ഇടയിലെ സ്നേഹപ്രകടനങ്ങളും അവര്‍ തമ്മിലുള്ള ലൈംഗികബന്ധങ്ങളും ചില പ്രത്യേകരീതിയിലെ ആകാവൂ എന്ന് പരമ്പരാഗത ധാര്‍മ്മികശാസ്ത്രം നിഷ്കര്‍ഷിച്ചതിനെ, ആധുനിക ധാര്‍ മ്മികശാസ്ത്രം ചോദ്യംചെയ്യുന്നുണ്ട്. ദമ്പതികളുടെ ലൈംഗികബന്ധത്തിന്‍റെ ധാര്‍മ്മികത നിശ്ചയിക്കുന്ന ആത്യന്തികമാനദണ്ഡം സ്നേഹമാണ് എങ്കില്‍, അതിനെമാത്രം ആധാരമാക്കിയാകണം കിടപ്പറയിലെ ദമ്പതികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍. അല്ലാതെ, ഏതെങ്കിലും ഒരു പ്രത്യേക സംസ്കാരം കല്പിച്ച അരുതുകള്‍ എല്ലായിടത്തും എല്ലാക്കാലത്തും ബാധകമാക്കുക യുക്തിസഹമല്ല.

അതുകൊണ്ട് ലൈംഗിക സംയോഗത്തിനു മുമ്പ് ദമ്പതികള്‍ ഏര്‍പ്പെടുന്ന ഏതു പ്രവൃത്തിയും പരസ്പര സ്നേഹത്താലും ബഹുമാനത്താലും പൂരിതമാണെങ്കില്‍, അതില്‍ മോശമായി ഒന്നുംതന്നെ ഇല്ല. സ്നേഹപ്രകടനത്തിനായി നടപടിക്രമങ്ങളും നിയമങ്ങളും എഴുതിയുണ്ടാക്കുക എന്നത് ആശാസ്യമല്ല. സ്നേഹത്തിന്‍റെ അഗാധമായ തീവ്രതയില്‍ ദമ്പതികള്‍ എങ്ങനെ പെരുമാറണമെന്ന തീരുമാനം അവരുടെ സ്വതന്ത്രമായ തീരുമാനത്തിനും ഔചിത്യത്തിനും വിട്ടുകൊടുക്കുന്നതാണ് ഏറ്റവും ഉചിതം. ഏതുതരം ലൈംഗിക ഉത്തേജനരീതികളും പങ്കാളിയെ ബഹുമാനിച്ചുകൊണ്ടുള്ളതാണെങ്കില്‍ ശരിയാണ്. ലൈംഗിക സംയോഗത്തെ എപ്പോഴും ഒഴിവാക്കിക്കൊണ്ടാണ് ചില പ്രത്യേക രീതികള്‍ അവലംബിക്കുന്നതെങ്കില്‍ മാത്രമേ അവയില്‍ അപഭ്രംശമുണ്ടെന്നു പറയാനാകൂ.

ടോറോന്‍റോയിലെ സെന്‍റ് മൈക്കിള്‍സ് കോളേജിലെ പ്രൊഫസറായ ഫാ. സ്റ്റാന്‍ലി കുറ്റ്സിന്‍റെ അഭിപ്രായത്തില്‍, ഓരോ വൈവാഹിക ബന്ധവും അനന്യവും എപ്പോഴും പുതുമയാര്‍ന്നതും സൗന്ദര്യത്തിനും അര്‍ത്ഥത്തിനും വേണ്ടിയുള്ള ആവര്‍ ത്തിക്കാനാവാത്ത അന്വേഷണവുമാണ്. ഈ അന്വേഷണം വിജയിക്കണമെങ്കില്‍ ആവശ്യമായ പരീക്ഷണങ്ങളെല്ലാം നടത്താനുള്ള സ്വാതന്ത്ര്യം ദമ്പതികള്‍ക്കുണ്ടാകണം. ഫാ. ആന്‍ഡ്രൂ ഗ്രീലിയുടെ അഭിപ്രായത്തില്‍, വിവാഹിതരുടെ ലൈംഗികബന്ധത്തിലെ ശരിതെറ്റുകളെകുറിച്ച് മൂന്നാമതൊരാളോട് -അതു പുരോഹിതനോ, ഡോക്ടറോ ആകട്ടെ- ചോദിക്കേണ്ടിവരുന്നത് പങ്കാളികളില്‍ അനാവശ്യ മാനസികസംഘര്‍ഷത്തിനിടയാക്കും. ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കേണ്ടതു പങ്കാളികള്‍ തന്നെയാണ്. ഫാ. ആന്‍റണി കോസ്നികിന്‍റെ അഭിപ്രായത്തില്‍, ലൈംഗിക കേളികളുടെ ധാര്‍മ്മികത നിര്‍ണ്ണയിക്കേണ്ടത് ശരീരങ്ങള്‍ ഏതെല്ലാം രീതിയില്‍ സ്പര്‍ ശിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല, പങ്കാളികള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും ഉറപ്പിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്. പങ്കാളികള്‍ ഇരുകൂട്ടര്‍ക്കും സമ്മതമുള്ള ഏതു ലൈംഗികകേളിയും വൈവാഹിക ബന്ധത്തില്‍ ധാര്‍മ്മികമാണ്.

ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴോ മറ്റവസരങ്ങളിലോ നീണ്ടകാലയളവ് ലൈംഗികബന്ധം സാധ്യമാകാതെ വരാം. അത് അനാവശ്യമായ ടെന്‍ഷനിലേക്കും നിരാശയിലേക്കും ദേഷ്യപ്പെടലുകളിലേക്കും വഴക്കിലേക്കും ഒക്കെ നീങ്ങാം. അത്തരം കാര്യങ്ങളൊക്കെ ഒഴിവാക്കാനായി, സംഭോഗത്തിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എല്ലാ ധാര്‍മ്മികശാസ്ത്രജ്ഞരും ഒരുപോലെ അംഗീകരിക്കുന്ന മറ്റൊരു കാര്യമുണ്ട്. ലൈംഗികബന്ധത്തിനിടയില്‍ ഭര്‍ത്താവിനു സംതൃപ്തി ലഭിച്ചുകഴിഞ്ഞുവെന്നു കരുതുക. അതേസമയം ഭാര്യക്ക് അതു സാധിച്ചതുമില്ല. അത്തരം അവസരങ്ങളില്‍ തന്‍റെ ഭാര്യക്കു സംതൃപ്തി കിട്ടുന്നതുവരെ അവളെ തലോടാനും സ്പര്‍ശിക്കാനും ഭര്‍ത്താവിനു ബാധ്യതയുണ്ട്. ഭര്‍ത്താവിനു അതു സാധ്യമല്ലെങ്കില്‍, ഭാര്യക്ക് സംതൃപ്തിയടയാന്‍ തന്‍റേതായ രീതിയില്‍ ശ്രമിക്കാവുന്നതാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന്‍റെ തുടര്‍ച്ചയായിട്ടാണ്, അല്ലാതെ വേറിട്ട ഒരു പ്രവൃത്തിയായിട്ടല്ല ധാര്‍മ്മികശാസ്ത്രജ്ഞര്‍ കാണുന്നത്.

ചുരുക്കത്തില്‍ ദൈവാനുഭവത്തിന്‍റെ വേദിയാണ് വിവാഹിതര്‍ക്കു കിടപ്പറ. ലൈംഗികബന്ധത്തില്‍ പങ്കാളികള്‍ അവരുടെ വ്യക്തിത്വത്തിന്‍റെ ആഴങ്ങള്‍ പരസ്പരം കൈമാറുകയാണ്. മനുഷ്യജീവന്‍ അതിന്‍റെ അതിരുകളെ ഉല്ലംഘിക്കുന്നത് അവിടെയാണ്. വിഭജിതമായ ശരീരവും ആത്മാവും ഒന്നാകുന്ന നിമിഷമാണത്. ദമ്പതികളുടെ പ്രണയത്തിന്‍റെ ആനന്ദമൂര്‍ച്ഛയില്‍ത്തന്നെ ദൈവത്തിന്‍റെ ആത്മാവ് ശരീരങ്ങളെ തൊടുന്നു. ദമ്പതികള്‍ അപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഒരു യഥാര്‍ത്ഥ കൂദാശയ്ക്കാണ്. ആ വേളയില്‍ ദൈവത്തിന്‍റെ ആത്മാവ് ഈ ലോകത്തിലേക്ക് ഇറങ്ങിവരുന്നു. സ്ത്രീപുരുഷ ലൈംഗികബന്ധത്തില്‍ നമ്മുടെ കണ്ണുകള്‍ കാണുന്നതിന് അപ്പുറത്തുമുണ്ട് കാര്യങ്ങള്‍. അതാണ് ആ ബന്ധത്തെ ആത്മീയമാക്കുന്നത്.