top of page

നര്‍മബോധം

Mar 10, 2022

1 min read

ജന
 mother and child laughing together

രണ്ട് കൂട്ടുകാര്‍ കാട് കാണാന്‍ പോയി. കാട്ടിലെത്തിയപ്പോള്‍ പുലി മുന്നില്‍ ചാടി. ഒന്നാമന്‍ പെട്ടെന്ന് പുലിയുടെ കണ്ണില്‍ മണ്ണ് വാരിയിട്ടിട്ട് രണ്ടാമനോട് പറഞ്ഞു 'ഓടിക്കോടാ'. ഒരു കൂസലുമില്ലാതെ രണ്ടാമന്‍ പറയുകയാണ്. 'ഞാനെന്തിനാ ഓടുന്നത് നീയല്ലേ പുലിയുടെ കണ്ണില്‍ മണ്ണുവാരിയിട്ടത്'.

           

ഇംഗ്ലീഷ് ക്ലാസില്‍ അധ്യാപകന്‍; 'കുരങ്ങന്‍' എന്ന വാക്കിന്‍റെ ഇംഗ്ലീഷ് ഗോപു പറയൂ'. ഗോപു: ‘Monkey’  ഗോപുവിനെ സംശയിച്ച അധ്യാപകന്‍; 'നീ പുസ്തകം നോക്കിയല്ലേ പറഞ്ഞത്?' ഗോപു 'സത്യമായിട്ടും അല്ല സാര്‍, ഞാന്‍ സാറിന്‍റെ മുഖത്തുനോക്കിയാണ് പറഞ്ഞത്.

           

'നിങ്ങളുടെ പശുവിന് നല്ല കളറാണല്ലോ'. 'അതോ മോനേ, അത് ജഴ്സിയാണ്'. 'ഓ ജഴ്സിയാണോ, ഞാന്‍ വിചാരിച്ചു ഒറിജിനലായിരിക്കുമെന്ന്. ആട്ടെ, പശുവിന്‍റെ ജഴ്സി എവിടെക്കിട്ടും?'

           

നര്‍മബോധം മുതല്‍ക്കൂട്ടാണ്. നര്‍മബോധമുള്ളവര്‍ക്ക് എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കാനും സുഹൃദ്ബന്ധം ദീര്‍ഘമായി നിലനിര്‍ത്തുവാനും സാധിക്കും. മസ്തിഷ്ക്കത്തില്‍നിന്നല്ല ഹൃദയത്തില്‍നിന്നാണ് നര്‍മബോധം ഉണ്ടാകുന്നത്. തമാശയോ കഥയോ കേട്ടു ചിരിക്കുന്നത് മാത്രമല്ല നര്‍മബോധം. ജീവിതത്തിലെ അരോചകവും അസന്തുഷ്ടവുമായ സന്ദര്‍ഭങ്ങളില്‍ നമ്മെ പിടിച്ചുനിര്‍ത്തുന്ന മാസ്മരികശക്തിയാണത്. നര്‍മം ജീവിതങ്ങള്‍ക്ക് മാധുര്യം പകരുകയും പ്രവര്‍ത്തനങ്ങള്‍ ഇമ്പകരമാക്കുകയും ചെയ്യുന്നു.

ഒട്ടകപ്പുറത്ത് സഹാറ മരുഭൂമിയിലൂടെ കടന്നുപോകുകയായിരുന്ന ഒരു യാത്രക്കാരന്‍ കത്തിയെരിയുന്ന വെയിലത്ത് അല്‍പനേരം നിന്ന് വെള്ളമെടുത്തു കുടിച്ചു. നോക്കെത്താത്തദൂരത്ത് പരന്നുകിടക്കുന്ന മരുഭൂമിയിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ സ്നാനവസ്ത്രം ധരിച്ച് നടന്നുവരുന്നതു കണ്ടു. അയാള്‍ ചോദിച്ചു. 'നിങ്ങള്‍ എവിടെ പോകുന്നു?' 'നീന്താന്‍', 'പക്ഷേ കടല്‍ നൂറുകണക്കിനു മൈല്‍ അകലെയല്ലേ?' അതേ, കടല്‍ത്തീരം വിസ്തൃതമാണ്' ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ നര്‍മബോധം കൊണ്ട് നേരിടുന്നതിന് ഇതിനപ്പുറം ഉദാഹരണം വേണ്ടല്ലോ.

നര്‍മബോധം വളര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍

$ നല്ല തമാശകളുടെ ശേഖരം വീട്ടിലെ ലൈബ്രറിയില്‍ സൂക്ഷിക്കുകയും ഇടക്കിടെ വായിച്ചു രസിക്കുകയും ചെയ്യുക.

$ കുടുംബസദസുകള്‍ നര്‍മത്തിന് പ്രാധാന്യം നല്‍കുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യുക.

$ ആര്‍ത്തുചിരിക്കുന്നതും പുഞ്ചിരിയോടെ സംസാരിക്കുന്നതും കുടുംബത്തിന്‍റെ അവകാശമാക്കുക.

$ കളിയാക്കലുകളെ പോസിറ്റീവായി കാണുകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുക.

$ ചെറുപ്പകാലത്തെ നര്‍മ്മം നട്ടുനനച്ചു വളര്‍ത്തുക.

$ നര്‍മകഥകള്‍ ധാരാളം വായിക്കുക. നര്‍മസിനിമകള്‍ ഇടക്കിടെ കാണുക.

$ നര്‍മബോധത്തോടെ ജീവിതപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുക.

നമ്മെത്തന്നെ കളിയാക്കി ചിരിക്കാന്‍ പറ്റുന്നതാണ് നര്‍മബോധത്തിന്‍റെ ഔന്നത്യം ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍ നര്‍മം വീടിനെ ആനന്ദപൂര്‍ണവും തൊഴില്‍മേഖലയെ ഉല്ലാസഭരിതവുമാക്കിതീര്‍ക്കും നല്ല നര്‍മം വിതച്ച് ജീവിതത്തെ കൂടുതല്‍ രസകരമാക്കുക.


ജന

0

0

Featured Posts