

നീരൊഴുക്കും തെളിനീരും കാണാകനവായി മാറുന്ന മീനച്ചില്‍ നദിയുടെ പുനര്‍ജ്ജീവനം സമാനതകളില്ലാത്ത അതിജീവന തപസ്യയായി മാറുന്നതിന്‍റെ നാള്‍വഴികളാണീ ലക്കത്തില്‍ 'അസ്സീസി' മുന്നോട്ടു വയ്ക്കുന്നത്. ഈ തപസ്യക്ക് പിന്നില്‍ ജീവിതം പൂര്‍ണ്ണമായി മീനച്ചിലാറിനെ വീണ്ടെടുക്കാനായി മാറ്റിവച്ച സുമനസ്സുകള്‍ നിരവധിയാണ്. അവരെന്താണ് ചെയ്തത്? ചെയ്തുകൊണ്ടിരിക്കുന്നത്? ചെയ്യാന്‍ ആഗ്രഹിക്കുന്നത്? ഇതൊരു തിരിച്ചറിവാണ്. ജീവനും ജീവിതവും ഒരു പുഴയ്ക്കായി നല്‍കുക. അതിലൂടെ ഒരു ജനതയുടെ വീണ്ടെടുപ്പിലും അതിജീവനത്തിലും നിശബ്ദ പോരാളികളും പങ്കാളികളുമാകുക. ഇത് ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലാണ്. നാളത്തെ തലമുറ തിരിച്ചറിയണം ഇങ്ങനെയും ചിലതിവിടെ സംഭവിച്ചിരുന്നു എന്ന്, ഈ സുമനസ്സുകളുടെ പാദസ്പര്‍ശം മീനച്ചിലാറിന്‍റെ മണ്ണിനെ കൂടുതല്‍ പവിത്രമാക്കുന്നുവെന്ന്.
ഇന്നലെകളില്‍...ചരിത്രവഴികളിലൂടെ
1980 കളുടെ അവസാനം നിര്‍ദ്ദേശിക്കപ്പെട്ട അടുക്കം ഡാമിനെതിരെ രൂപം കൊണ്ട കര്‍മ്മസേനയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിക്ക് വിത്ത് പാകിയത്. അന്നുമുതല്‍ ഇന്നോളം ഇടമുറിയാതെ മീനച്ചില്‍ നദിയോടുള്ള പ്രതിബദ്ധത തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ഇവര്‍ക്കായി.
അടുക്കം പദ്ധതി: വിയോജിപ്പുകള്‍
മീനച്ചില്‍ നദീതടപദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലാണ് മീനച്ചില്‍ നദീജല സംരക്ഷണസമിതി രൂപീകൃതമായത്. പദ്ധതിക്കെതിരെ അടുക്കം കേന്ദ്രീകരിച്ചുയര്‍ന്നു വന്ന ജനരോഷത്തിന്‍റെ വെളിച്ചത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച സാഹചര്യത്തില്‍ സ്വാഭാവികമായും പദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍ജ്ജീവമായി. എന്നാല്‍ മീനച്ചില്‍ നദീതട പദ്ധതിയെന്ന വന്‍കിട പദ്ധതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നടന്ന ശ്രമങ്ങള്‍ക്ക് ന്യായീകരണമായി അധികൃതര്‍ എടുത്തുകാണിച്ച ജലക്ഷാമം എന്ന പ്രശ്നം നാള്‍ക്കുനാള്‍ രൂക്ഷമായി വരുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ 1990 ഏപ്രില്‍ 24 ന് പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ ജനകീയ സഭയില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട് ഗാന്ധിയുവമണ്ഡലം ഒരു കണ്‍വന്‍ഷന്‍ നടത്തുകയുണ്ടായി. പ്രസ്തുത കണ്‍വന്‍ഷനില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച് പ്രവര്‍ത്തന പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് മെയ് 4 ല്‍ പാലാ സൂര്യാ കോളേജില്‍ വച്ച് മീനച്ചില്‍ താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്ന് മീനച്ചില്‍ നദീജല സംരക്ഷണ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ ആദ്യ പ്രവര്‍ത്തനമായി മീനച്ചിലാറിനെ രക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു കൊണ്ടുന്ന ജനങ്ങളുടെ അവകാശ പത്രിക പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അവകാശപത്രികയെ അടിസ്ഥാനമാക്കി നിരവധി പ്രദേശങ്ങളിലും സംഘടനാ വേദികളിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും സമിതിയുടെ പ്രാദേശിക ഘടകങ്ങളും രൂപീകരിച്ചു. 1990 ഒക്ടോബര്‍ 1 ന് അവകാശ പത്രികയില്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യപ്പെടുകയും തുടര്‍ന്നുള്ള മൂന്നാലു മാസങ്ങളില്‍ കോളേജുകളുള്‍പ്പെടെ ജില്ലയിലെ അന്‍പതോളം കേന്ദ്രങ്ങളില്‍ നിന്ന് പതിനായിരത്തോളം ഒപ്പ് ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. അവകാശ പത്രികയുടെ കോപ്പി സംസ്ഥാനഭരണാധികാരികള്‍ക്ക് നല്‍കി. തുടര്‍ന്ന് മേലുകാവുമറ്റം ഹെന്‍ട്രിബേക്കര്‍ കോളേജില്‍ വച്ച് നവംബര്‍ 16,17,18 തീയതികളില്‍ പരിസ്ഥിതി പഠന ക്യാമ്പ് നടത്തി. ഏറെ വൈകാതെ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശപത്രികയുടെ കോപ്പികളയച്ചു കൊടുക്കുകയും അവരുടെ പ്രതികരണം ആരായുകയും ചെയ്തെങ്കിലും വളരെ ചുരുക്കം ചിലരെ പ്രതികരിക്കാന്‍ തയ്യാറായുള്ളൂ. 1991 ഫെബ്രുവരി രണ്ടാംവാരം മീനച്ചിലാര്‍ സംരക്ഷണവാരമായി ആചരിക്കുകയും ഈ വിഷയത്തിലേയ്ക്ക് ജനശ്രദ്ധ ക്ഷണിച്ചുകൊണ്ട് സെമിനാര്‍, അടുക്കം മുതല്‍ കോട്ടയം വരെ സൈക്കിള്‍ റാലി, ആറ്റിലൂടെ പദയാത്ര കോട്ടയത്ത് ഗാന്ധി സ്ക്വയറില്‍ ഉപവാസം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അവകാശപത്രികയിലെ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധികാരികള്‍ക്ക് രണ്ടാംതവണ നിവേദനം നല്‍കുകയും ജില്ലയിലെ പഞ്ചായത്തുതലം മുതലുള്ള ജനപ്രതിനിധികള്‍ക്ക് അവകാശപത്രികയുടെയും നിവേദനത്തിന്‍റെയും കോപ്പികള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
അശാസ്ത്രിയവും അനാവശ്യവുമായ മീനച്ചില്‍ നദീതടപദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇതോടൊപ്പം വിവരിച്ചിരിക്കുന്ന കാരണങ്ങളാല്‍ പ്രസ്തുത പദ്ധതി പരിപൂര്‍ണ്ണമായി ഉപേക്ഷിക്കുമെന്നും കോട്ടയം ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റിലുടനീളം സ്ഥിരം തടയണകള്‍ നിര്‍മ്മിക്കണമെന്നും ഈ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കാരണങ്ങള്‍
1. ജലലഭ്യത സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടിലെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല.
2. അടുക്കത്ത് അണ ക്കെട്ടുണ്ടാക്കിയാല് അത് മീനച്ചില്‍ താലൂക്കിലെ കുടിനീര്‍ ക്ഷാമത്തിന് പരിഹാരമായില്ല.
3. ജലസേചനാവശ്യം സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
4. ഈ പദ്ധതി സാമ്പത്തികമായി വന്‍ നഷ്ടമാണ്. ഈ പദ്ധതിവഴി ജലസേചന സൗകര്യം എത്തിക്കാന്‍ കുറഞ്ഞത് ഹെക്ടര്‍ ഒന്നിന് 4 ലക്ഷം രൂപാ ചെലവാകും.
5. തീക്കോയി പുഴയുടെ ഉത്ഭവസ്ഥാനത്ത് അണക്കെട്ടുണ്ടാക്കിയാല്‍ അതുകൊണ്ടുമാത്രം പാലായിലെ വെള്ളപ്പൊക്കം തടയുവാന്‍ കഴിയുകയില്ല.
6. അണക്കെട്ടു നിര്‍മ്മിക്കുന്ന അടുക്കം മേഖലയില്‍ നിന്നും കനാല്‍ കടന്നുപോകുന്ന മീനച്ചില്‍ താലൂ ക്കിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് അപരിഹാര്യമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും.
7. മഴക്കെടുതിമൂലം വെള്ളത്തിനടിയിലാകുന്ന കൃഷിഭൂമികളിലും കനാല്‍ കടന്നുപോകുന്നതുമൂലം നശിപ്പിക്കപ്പെടുന്ന കൃഷിഭൂമികളിലും തൊഴിലെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകും.
8. മഴക്കാലത്ത് പതിവായി ഉരുള്‍പൊട്ടലും മലയിടിച്ചിലും അനുഭവപ്പെടുന്ന അടുക്കത്ത് ഭൂമിയില്‍ വലിയ സമ്മര്‍ദ്ദത്തിനിടയാക്കുന്ന വിധത്തില്‍ ഒരു വന്‍കിട ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
