top of page

അന്നക്കുട്ടിയുടെ റിലേഷന്‍ഷിപ്പ്

Jul 25

3 min read

ജോയി മാത്യു
A grayscale portrait of St Alphonsa of Bharananganam

സ്നേഹിക്കുക എന്നാല്‍ സഹിക്കുക എന്നു കൂടിയാണ് അര്‍ത്ഥം. അല്ല, സഹിക്കുക എന്നു തന്നെയാണ് അര്‍ത്ഥം. നാമൊരു റിലേഷന്‍ഷിപ്പ് ആരംഭിക്കുമ്പോള്‍, എല്ലാം സുഗമവും ശാന്തവും സ്വച്ഛവുമായിരിക്കുമ്പോള്‍ മാത്രം സ്നേഹിക്കുന്നതും കാര്യങ്ങള്‍ അല്‍പ്പം തകിടം മറിയുമ്പോള്‍ മുതല്‍ തള്ളിപ്പറഞ്ഞു തുടങ്ങുന്നതും എങ്ങനെയാണ് സ്നേഹമാകുന്നത്.!


സൗഹൃദങ്ങള്‍ തകരുമ്പോഴും പ്രണയം തകരുമ്പോഴും പാര്‍ട്ണര്‍ഷിപ്പ് തകരുമ്പോഴും ദാമ്പത്യം തകരുമ്പോഴും ആള്‍ക്കാര്‍ പതിവായി പറയുന്നൊരു പല്ലവിയുണ്ട് - 'ഇതൊന്നും ഇങ്ങനെ ആയിത്തീരുമെന്ന് ഞാനോര്‍ത്തില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍, ഞാന്‍ ഇതിനൊന്നും ഇറങ്ങി പുറപ്പെടുമായിരുന്നില്ല'. ഏറിയും കുറഞ്ഞും ഇതേ വാചകങ്ങള്‍ അടങ്ങിയ റീല്‍സുകള്‍ക്കും, സ്റ്റാറ്റസുകള്‍ക്കും വന്‍ ഡിമാന്‍ഡുള്ള കാലത്താണ് മുട്ടത്തുപാടത്ത് അന്നക്കുട്ടി ഒരത്ഭുതമായി മാറുന്നത്.

അന്നക്കുട്ടി യേശുവുമായി ഒരു റിലേഷന്‍ഷിപ്പ് തുടങ്ങുന്നു. ആ സ്നേഹത്തില്‍ നിന്ന് ലോകം തന്നെ പിന്തിരിപ്പിക്കുമെന്ന് തോന്നിയപ്പോഴാണ് തീപ്പൊള്ളലേല്‍ക്കാന്‍ സ്വയം അനുവദിക്കുന്നത്. ഒരു പക്ഷേ, അതിന്‍റെ വരും വരായ്കകള്‍ അപ്പോള്‍ ഓര്‍ത്തിട്ടുണ്ടാവില്ല. പിന്നീടവടുന്ന് മുന്നോട്ടുള്ള യാത്രകള്‍ ഒന്നും തന്നെ അവളെ സംബന്ധിച്ച് സുഖദമായിരുന്നില്ല.


താന്‍ സ്വപ്നം കണ്ട ദൈവവിളിയില്‍ അവള്‍ ഒരു പക്ഷേ ദൈവത്തിനു വേണ്ടി പാറി നടക്കുന്ന മാലാഖയായി സ്വയം സങ്കല്‍പ്പിച്ചിട്ടുണ്ടാകും. ആവൃതിക്കുള്ളിലെ ചെറിയ ലോകത്തില്‍ കുന്തിരിക്കച്ചുരുളുകള്‍ക്കൊപ്പം അവനുവേണ്ടി പ്രാര്‍ത്ഥനാഗീതികള്‍ ആലപിക്കുന്ന ഗായികയാകാന്‍ ആഗ്രഹിച്ചിരുന്നിരിക്കും. സഹ സന്യാസിനിമാര്‍ക്കും ശ്രേഷ്ഠത്തിയമ്മയ്ക്കും വിനീത ശുശ്രൂഷ നല്‍കുന്ന എളിമയുടെ ദാസിയാകാന്‍ ആഗ്രഹിച്ചിരുന്നിരിക്കും. സന്യാസ ഭവനത്തിന്‍റെ മുറ്റത്തെ ചരലുകള്‍ക്കിടയില്‍ നിന്നും കള പറിക്കുമ്പോള്‍ ഹൃദയശാന്തതയും എളിമയുമുള്ള ഈശോയുടെ തിരുഹൃദയത്തോട് ചൊല്ലുന്ന ജപങ്ങള്‍ക്ക് അടയാളമായി പെറുക്കി എണ്ണം വയ്ക്കുന്ന ചരല്‍ക്കല്ലുകളുടെ കൂന അനുദിനം പെരുകുമായിരുന്നിരിക്കും. ഓരോ ചെടിയുടെ നാമ്പിലും ഈശോ നിന്നെ സ്നേഹിക്കുന്നു അവനു വേണ്ടി പുഷ്പിക്കൂ എന്ന് കോറിയിടുമായിരിക്കും. ക്ലാസ് മുറികളിലെ കുഞ്ഞുമക്കളെല്ലാം രാത്രി സ്വപ്നങ്ങളില്‍ മാലാഖക്കൂട്ടമായി വന്ന് ചുണ്ടില്‍ ഒരു പുഞ്ചിരി സമ്മാനിക്കുമായിരിക്കും. മഠത്തിലെ അടുക്കളയില്‍ പാകം ചെയ്യുന്ന നേരത്ത് ആരുമറിയാതെ ഓരോ പാചകക്കൂട്ടിലും ഒരു കുരിശടയാളം വരയ്ക്കുമായിരിക്കും. രാജകന്യകയേ സ്വസ്തി ചൊല്ലിയുറങ്ങുന്ന രാത്രികളില്‍ പരി. അമ്മയുടെ മടിത്തട്ടില്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുമായിരുന്നിരിക്കാം. യേശുവുമായി റിലേഷന്‍ഷിപ്പിലാകുന്ന സന്യാസാര്‍ത്ഥിനിക്ക് ഇതിലും വലിയ സ്വപ്നങ്ങള്‍ ഉണ്ടാകുമോ?


പണ്ട്, വിവാഹ ഒരുക്ക സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ പ്രഭാഷകന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു - ഒരാള്‍ രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുന്നു പോലും! ഒന്ന്, സങ്കല്‍പ്പത്തിലുള്ള സ്ത്രീ. രണ്ട്, യഥാര്‍ത്ഥത്തിലുള്ള സ്ത്രീ. സ്ത്രീയും അങ്ങനെ തന്നെ. സങ്കല്‍പ്പത്തിലുള്ള പുരുഷനും, യഥാര്‍ത്ഥത്തില്‍ ലഭിച്ചവനും. ജീവിതയാത്ര മുന്നോട്ടു പോകുമ്പോഴാണ് സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞു തുടങ്ങുന്നത് - അപൂര്‍ണമായ, കുറവുകളുള്ള, പ്രതീക്ഷയ്ക്കൊത്ത് വരാത്ത പങ്കാളിയൊത്താണ് ശരിക്കും ജീവിച്ചു പോകേണ്ടത് എന്ന്. യഥാര്‍ത്ഥ സ്നേഹം മറനീക്കി പുറത്തു വരുന്നത് അപ്പോഴാണ്. പൊരുത്തപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകുക. ജീവിതാവസ്ഥയെ മനസോടെ സ്വീകരിക്കുക. അത് സഹനമാണ്. ആ സഹനമാണ് സ്നേഹം. സഹിക്കാനാകാതെ എടുക്കാച്ചുമടായി ജീവിതം ചുമന്നു വിഷമിക്കുന്നവര്‍ക്ക് ജീവിതം ഭാരമായി തീരുന്നു. നോക്കുന്നതെല്ലാം നിരാശപ്പെടാനുള്ള കാരണങ്ങള്‍ മാത്രം. സ്നേഹമില്ലാത്ത സഹനം ഒരു വല്ലാത്ത ചുമടാണ്.


അന്നക്കുട്ടി സ്വപ്നം കണ്ട സന്യാസ ജീവിതമല്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ആവൃതിയും പ്രാര്‍ത്ഥനാമുറിയും ക്ലാസ് മുറിയുമെല്ലാം കൂടി ഒരു രോഗിണിയുടെ കിടക്കയായി രൂപാന്തരപ്പെട്ടു. രോഗ പീഡകളും വേദനയും ഒഴിഞ്ഞ നേരമില്ലെന്നായി. പക്ഷേ, സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അവളെ നിരാശയിലേക്കു തള്ളിയിട്ടില്ല. അവളെ സ്നേഹത്തില്‍ നിന്നും പിന്തിരിപ്പിച്ചതുമില്ല. താന്‍ സ്വപ്നം കണ്ടതില്‍ നിന്നും വിദൂരമായ, അനാരോഗ്യവും അപൂര്‍ണതയും നിറഞ്ഞ ജീവിതത്തില്‍ നിന്നു കൊണ്ടും തന്‍റെ റിലേഷന്‍ഷിപ്പിനെ അവള്‍ മുറുകെപ്പിടിച്ചു.


സന്യാസത്തിലായാലും പൗരോഹിത്യത്തിലായാലും ദാമ്പത്യത്തിലായാലും ആഗ്രഹിച്ച് നേടിയ ജോലിയിടത്തിലായാലും, നാം മനക്കോട്ടകള്‍ കെട്ടുന്നു. സ്വപ്നത്തിന്‍റെ ആകാശങ്ങളിലും പ്രതീക്ഷകളുടെ തേരിലും സഞ്ചരിക്കുന്നു. ദാമ്പത്യം വേദനിപ്പിച്ചു തുടങ്ങുമ്പോള്‍, സന്യാസം വേദനിപ്പിച്ചു തുടങ്ങുമ്പോള്‍, പൗരോഹിത്യം വേദനിപ്പിച്ചു തുടങ്ങുമ്പോള്‍, ജോലിയിടം വേദനിപ്പിച്ചു തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥ ചോദ്യമുയരുന്നത്. നീ ശരിക്കും സ്നേഹിക്കുന്നുണ്ടോ?


ലോകത്തിനു മുമ്പിലും ദൈവത്തിനു മുമ്പിലും അന്നക്കുട്ടി തെളിയിക്കാന്‍ ആഗ്രഹിച്ചത് ഒറ്റ കാര്യം മാത്രമാണ്. യേശുവിനോടുള്ള തന്‍റെ സ്നേഹം ഒരു നിമിഷത്തെ വൈകാരികമായ എടുത്തു ചാട്ടമായിരുന്നില്ല എന്ന്. ചുവട് എടുത്തു മുന്നോട്ടാഞ്ഞ യാത്രയില്‍ ഇനി വരുന്നത് കൊടും ശൈത്യമാണെങ്കിലും വരള്‍ച്ചയാണെങ്കിലും, കൊടുങ്കാറ്റും മണല്‍ക്കാടുമാണെങ്കിലും തന്‍റെ സ്നേഹം പിന്‍വാങ്ങുന്ന സ്നേഹമായിരിക്കില്ല എന്ന്. റോമാ ലേഖനം ചോദിക്കുന്ന ചോദ്യം അവള്‍ പലവുരു തന്നോടു തന്നെ ചോദിച്ചിരിക്കുമെന്ന് ഉറപ്പാണ് - ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? (റോമാ 8 : 35)


ഭരണങ്ങാനത്ത് ആ സഹോദരിയുടെ കബറിടത്തിനരികെ മുട്ടുകുത്തി നില്‍ക്കുമ്പോള്‍ കണ്ണുപൂട്ടി കാതോര്‍ക്കുക. നീ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം മാത്രമാണു കേള്‍ക്കാന്‍ കഴിയുക. നിന്‍റെ സ്നേഹം വൈകാരികമായ ഒരാവേശം മാത്രമായിരുന്നോ? കാര്യങ്ങള്‍ പ്രതീക്ഷിക്കാത്ത വഴിയേ നീങ്ങിക്കൊണ്ടിരിക്കുന്ന നിമിഷങ്ങളില്‍ 'ഇതൊന്നും വേണ്ടിയിരുന്നില്ല' എന്ന നിശബ്ദ നിലവിളിയുടെ പേരാണോ നിന്‍റെ ദാമ്പത്യം? നിന്‍റെ സന്യാസം? നിന്‍റെ പൗരോഹിത്യം? കരഞ്ഞു കൊണ്ട് സഹിക്കുന്നതല്ലല്ലോ സ്നേഹം. പിന്‍വാങ്ങാനാഗ്രഹിക്കുന്ന മനസോടെ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ടു സഹിക്കുന്നതല്ലല്ലോ സ്നേഹം? സകലതും നഷ്ടപ്പെടുമ്പോഴും, പ്രതീക്ഷകള്‍ വിപരീതമാകുമ്പോഴും ചേര്‍ത്തു പിടിക്കാന്‍ തീരുമാനമെടുത്തവയെ വിട്ടുകളയാതിരിക്കലല്ലേ?


കാള്‍ റാനര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍ എഴുതുന്നു - കടമ മരണതുല്യം അരോചകമായിരുന്നിട്ടും, സ്നേഹിക്കാന്‍ കാരണങ്ങള്‍ ഇല്ലാതിരുന്നിട്ടും നിങ്ങള്‍ തുടരുന്നെങ്കില്‍ നിങ്ങള്‍ക്കു ദൈവാനുഭവമുണ്ട്... ദൈവാനുഭവം..!

ഉപേക്ഷിച്ചു പോകാനും ഉപേക്ഷിച്ചു കളയാനും ആര്‍ക്കും കഴിയും. പക്ഷേ, മുറുകെപ്പിടിക്കാനും, ചേര്‍ന്നു നില്‍ക്കാനും, കൈവിട്ടു കളയാതിരിക്കാനും കഴിയുന്നത് വലിയ മനസാണ്. ആ മനസിന്‍റെ പേര് സഹനമെന്നാണ്. ഉള്ളില്‍ സ്നേഹമുണ്ടെങ്കിലേ സഹിക്കാന്‍ പറ്റൂ. സ്നേഹത്തിന്‍റെ പേരിലല്ലാത്ത ഏതു സഹനവും വല്ലാതെ കയ്ക്കും. അന്നക്കുട്ടിയായിരുന്നപ്പോഴും അല്‍ഫോന്‍സയായപ്പോഴും ആരോഗ്യവതിയായിരുന്നപ്പോഴും രോഗിണിയായിരുന്നപ്പോഴും ആ പുണ്യവതി തന്‍റെ റിലേഷന്‍ഷിപ്പിനെ, കര്‍ത്താവിനോടുള്ള ഗാഢബന്ധത്തെ മുറുകെപ്പിടിച്ചു. ആ സ്നേഹം നഷ്ടപ്പെടുത്തിയില്ല. യഥാര്‍ത്ഥ സ്നേഹം അങ്ങിനെയാണ്. ഉപേക്ഷിച്ച് ഓടിപ്പോകില്ല.

ഉപേക്ഷിച്ചു പോകാന്‍ കാരണം നോക്കിയിരിക്കുന്ന നമുക്ക് അവള്‍ ഒരു ആജീവനാന്ത ധ്യാനമാണ്.


ഉള്ളില്‍ സ്നേഹം നിറയാന്‍, സ്നേഹത്തെ പ്രതി സഹിക്കാന്‍, ആ സഹനം വഴി സ്വര്‍ഗം നേടാന്‍, വി.അല്‍ഫോന്‍സാമ്മേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

അന്നക്കുട്ടിയുടെ റിലേഷന്‍ഷിപ്പ്

ജോയ് മാത്യു പ്ലാത്തറ,

 അസ്സീസി മാസിക, ജൂലൈ 2025

Recent Posts

bottom of page