ജോര്ജ് വലിയപാടത്ത്
Oct 25
നോമ്പൊക്കെയെടുത്തു തുടങ്ങുമ്പോള്‍ രണ്ടു രീതിയില്‍ ചിലപ്പോള്‍ മടുപ്പ് വരാറുണ്ട്. ഒന്ന് അല്പം അമിത യുക്തിബോധത്തില്‍ നിന്നാണ്. ഈ നോമ്പൊക്കെ നോക്കണമെന്ന് പറയുന്നവരുടെയും നോമ്പെടുക്കണമെന്ന് പ്രസംഗിക്കുന്നവരുടെയുമൊക്കെ പ്രവൃത്തികള്‍ കണ്ടാല്‍ സത്യത്തില്‍ എന്തിനാണ് നോമ്പെടുക്കുന്നത് എന്ന് നിനക്ക് തോന്നാം. നിന്നെ കുറ്റം പറയാനൊക്കില്ലതാനും. കാരണം നോമ്പുകാലത്തുപോലും എന്‍റെ വമ്പുപറച്ചിലുകള്‍ക്കും വെറുതെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കും മുന്‍വിധികള്‍ക്കും ആവേശങ്ങള്‍ക്കുമൊക്കെ വലിയ കുറവൊന്നും വന്നിട്ടില്ല. വ്രതവും ജപവുമുള്ളവര്‍ക്കിടയിലാണെങ്കില്‍ മത്സരവും ഹിംസയും പെരുകുന്നുമുണ്ട്. അപ്പോള്‍ പിന്നെ നിന്‍റെ ചോദ്യം വളരെ സംഗതമാണ്. ഈ ലോകം മുഴുവന്‍ ചിന്തിക്കുന്നതുപോലെ ഞാന്‍ ചിന്തിച്ചാല്‍ പോരെ! അതിന് ഈയിടെയായി നീ ഏറെ പ്രാവശ്യം scandinavion രാജ്യങ്ങളെ കൂട്ടുപിടിക്കുന്നുമുണ്ട്. മതമില്ലാത്ത രാജ്യങ്ങളിലെ happiness index വെച്ചിട്ടാണ് നീ ഇപ്പോള്‍ പലപ്രാവശ്യം ചോദ്യംചെയ്യല്‍ തുടര്‍ന്നത്.
മതിയെ നിയന്ത്രിക്കാന്‍ മതത്തിന് പറ്റാതെ വരുന്ന നാളുകളില്‍ നിന്‍റെ വാദം പ്രസക്തം തന്നെയാണ് സഖേ! പക്ഷേ ഒന്നോര്‍ക്കണം, ലോകത്തിന്‍റെ ചിന്താഗതിക്കള്‍ക്കതീതമായ ചില നിലപാടുകളെടുത്തവരുടെ ചരിത്രമാണ് തിരുവെഴുത്ത്. നിനക്കറിയാവുന്നതുപോലെ അത്രയൊന്നും അനുകൂല സാഹചര്യങ്ങളില്‍ ജീവിച്ചവരല്ല നോഹ, മോശ, ലോത്ത്, ജോബ് അങ്ങനെ പലരും. തങ്ങള്‍ ജീവിച്ച കാലത്തെ മനുഷ്യരൊക്കെ ഇങ്ങനെയല്ലേ, അതുകൊണ്ട് ദൈവത്തെ മറന്ന് സ്വന്തവഴി പോകണമെന്നും ഭോഗപരതയില്‍ മുഴുകുമെന്നും പരീക്ഷകളില്‍ അവനെ തള്ളിപ്പറയണമെന്നും അവരാരും കരുതിയില്ല. എത്ര മോശപ്പെട്ട ഇടങ്ങളില്‍ നിന്നുമാണ് കുറെക്കൂടി മെച്ചപ്പെട്ട പരിസരം ഉണ്ടാക്കാന്‍ അവര്‍ തങ്ങളുടെ ജീവിതം ഹോമിച്ചതത്രയും എന്നും നീ മറക്കരുത്. എന്‍റെ വീഴ്ചകളെപ്രതി മാത്രം നീ നോമ്പുപവാസങ്ങളെ ഉപേക്ഷിക്കരുത്.
രണ്ടാമത്, നോമ്പെടുത്ത് തുടങ്ങുമ്പോഴുള്ള മടുപ്പ് അമിത ഭക്തിബോധത്തില്‍ നിന്നാണുണ്ടാവുക. ഓ, ഞാന്‍ വളരെ തെറ്റിപ്പോയവനാണ്. എത്ര നോമ്പെടുത്താലും എനിക്കൊന്നും ഒരു ഗുണവും ഉണ്ടാവാന്‍ പോവുന്നില്ല. ഇത്രയും പാപിയായ ഞാന്‍ ഇങ്ങനെയൊക്കെ അങ്ങ് പൊയ്ക്കോളാം എന്നൊക്കെ വിചാരിക്കും. ഫിലോക്കാലിയാ മൂന്നാം വാല്യത്തില്‍ ഇത് അവതരിപ്പിക്കുന്നുണ്ട്. 'പിശാച് പലപ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ രഹസ്യമായി ഇങ്ങനെ പറഞ്ഞേക്കാം. നീ ചെയ്തുപോയ പാപത്തെക്കുറിച്ച് ചിന്തിക്കുക, നിന്‍റെ ആത്മാവ് പാപം കൊണ്ട് നിറഞ്ഞിരിക്കുന്നു. നീ കഠിനമായ പാപത്താല്‍ തോല്പിക്കപ്പെട്ടിരിക്കുന്നു.' അവന്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ വഞ്ചിക്കുവാന്‍ അവനെ അനുവദിക്കരുത്. നിങ്ങള്‍ എളിമയുള്ളവരാണെന്ന് നടിച്ച് നിരാശയിലേക്ക് വഴുതി വീഴുകയുമരുത്. ആ തോന്നലിനോട് ഇങ്ങനെ മറുപടി പറയുക; എനിക്ക് ദൈവത്തില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. കാരണം ദൈവം കല്പിക്കുന്നു, 'പാപിയുടെ മരണമല്ല, മറിച്ച് അവന്‍ പശ്ചാത്താപത്തിലൂടെ തിരിച്ചു വന്ന് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എസക്കിയേലിന്‍റെ പുസ്തകം 3 ന്‍റെ 11-ാം വാക്യം. ആകയാല്‍ യുക്തിയും ഭക്തിയും നമ്മെ കബളിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, ഒരു ാmiddle path എന്തുകൊണ്ടും എപ്പോഴും നല്ലതാണ് സഖേ!.
പൊരുള്‍. അഷിതയുടെ ചെറുകഥയാണ്. ഒരു പെണ്ണുകാണല്‍ ചടങ്ങാണ് കഥാസന്ദര്‍ഭം. കഥയിങ്ങനെ തുടങ്ങുന്നു. പെണ്ണുകാണല്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോഴാണ് എന്നാല്‍ ഇനി ചെറുക്കന് പെണ്ണിനോടെന്തെങ്കിലും ചോദിക്കണമെങ്കില്‍ ആയിക്കോട്ടെ എന്നു കാരണവന്മാര്‍ വിധിച്ചത്. ചെറുക്കന്‍ മുറിയിലേക്ക് കാലുകുത്തിയതിനൊപ്പം ജനാലയിലൂടെ ഒരു വേട്ടാളനും പറന്ന് വന്ന് ഹുങ്കാരത്തോടെ ചുറ്റിപ്പറക്കാന്‍ തുടങ്ങി. നിലത്ത് മൂന്ന് ഭസ്മക്കുറികള്‍ ചെറുവിരലിനാല്‍ വരച്ചിട്ടു നില്ക്കുന്ന അവളോട് തെല്ല് പതറി അയാള്‍ പറഞ്ഞു. എന്‍റെ പേര് ശിവന്‍. മുഴുവന്‍ പേര് സദാശിവന്‍. പിന്നെ...പിന്നെ... ഒരു ചമ്മിയ ചിരിയോടെ അയാള്‍ മുഴുമിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താ ചോദിക്കുക എന്നൊന്നും വലിയ പിടിയില്ല. അപ്പോഴാണവള്‍ മുഖമുയര്‍ത്തിയത്. അത് അങ്ങയുടെ മാത്രം പ്രശ്നമല്ല. മനുഷ്യരാശിയുടെ മുഴുവന്‍ പ്രശ്നമാണ്. അവള്‍ മൊഴിഞ്ഞു. ഒരു സന്ദര്‍ഭത്തിലേക്ക് ഓടിക്കയറുക. പക്ഷെ, അതില്‍ നിന്ന് പുറത്തേക്കുള്ള വഴി നിശ്ചയമില്ലാതെ ഉഴറുക! ഒരു ഉദാഹരണത്തിനു ഈ വേട്ടാളനെത്തന്നെ നോക്കൂ. ജനാലയിലൂടെയാണ് കടന്നുവന്നത്. എന്നിട്ടും രണ്ടുവട്ടം മുറിയില്‍ ചുറ്റിക്കറങ്ങുമ്പോഴേക്കും പുറത്തേക്കുള്ള വഴി മറന്നു. പാവം! നിസ്സാരമായൊരു കാര്യമാണ്. ജനാലയിലൂടെയാണ് വന്നത്. അതിലേ തന്നെ തിരിച്ചു പറക്കുകയേ വേണ്ടൂ!... ചെറുക്കന് ദേഷ്യം വന്നു. തീ പാറുന്ന നോട്ടത്തോടെ അയാള്‍ ചോദിച്ചു.. 'എന്നെ കളിയാക്കുകയാണോ?' ഒരു ചെറുപുഞ്ചിരിയോടാണവള്‍ മറുപടി പറയുക. "ദാ നോക്കൂ ഇപ്പോള്‍ കോപത്തിലേക്ക് പാഞ്ഞുകയറിയ അങ്ങയെ ഇനി ഇതില്‍നിന്നും പിടിച്ചിറക്കണമെങ്കില്‍ എന്‍റെ അനുനയവും മാപ്പപേക്ഷയും വേണ്ടേ?" മനുഷ്യവംശത്തിന്‍റെ മുഴുവന്‍ പ്രശ്നമാണിത്. ദേഷ്യത്തില്‍ നിന്ന്, കര്‍മ്മത്തില്‍ നിന്ന്, കാമത്തില്‍ നിന്ന്, മദലോഭങ്ങളില്‍ നിന്ന്, ഓടിക്കയറിയ ശേഷം മടങ്ങി പുറത്തു വരാനറിഞ്ഞു കൂടാ. പൊരുളുണര്‍ന്ന് പരസ്പരം പേരുകള്‍ പറഞ്ഞ് കഥയവസാനിക്കുന്നു. ഇറങ്ങിപ്പോരാനാവാത്തവിധം കുടുങ്ങിപ്പോയ പലതില്‍ നിന്നും പുതിയൊരു തുറവിയാണ് നോമ്പ് നമുക്ക് നല്കുക. പരീക്ഷകളില്ലാതെ ഏതു ശിക്ഷണമാണ് സഖാവേ മനുഷ്യപുത്രന്മാരെ കരുണാപൂര്‍ണ്ണമായ പരസ്യജീവിതത്തിലേക്ക് ഒരുക്കുക.