top of page

Oct 11, 2018

4 min read

രറ

a little girl

മീനുക്കുട്ടിയേ.. എന്ന് നീട്ടി വിളിക്കാനാണ് അമ്മ എനിക്ക്  മീനാക്ഷി എന്ന് പേരിട്ടത്...    ശ്ശെ ഈ നാട്ടിന്‍പുറത്തായതുകൊണ്ടല്ലേ എനിക്ക് ഇങ്ങനൊരു പേര് കിട്ടിയത്. ലിന്‍ഡ എന്നോ അമീഷയെന്നോ ഉള്ള പേര് മതിയായിരുന്നു എനിക്ക്. എന്ത് സ്റ്റൈല്‍ ഉള്ള പേരാണ് അതൊക്കെ. പക്ഷേ കൈയ്യില്‍ ഒറ്റരൂപ ഇറുക്കിപ്പിടിച്ചു കൊണ്ട്  അമ്മ മീനുക്കുട്ടിയേ..എന്ന് വിളിക്കുമ്പൊ ഭയങ്കര രസാ.. 

ഊഹിച്ചത് തെറ്റിയില്ല. വിളിക്കു പിറകേ, ദാ നിനക്ക് ഒറ്റരൂപ...എന്ന് അമ്മ കൈനീട്ടി..  കറുപ്പില്‍ വെളുത്ത പൊട്ടുള്ള പാവാട അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി ഒറ്റരൂപ വാങ്ങി. 'നൈസില്‍' എന്ന പൗഡറിന്‍റെ ടിന്‍ തുളച്ചു അച്ഛന്‍ ഉണ്ടാക്കി തന്ന  ബാങ്കില്‍ നിക്ഷേപിച്ചു. 

'നൈസില്‍', ലോകത്ത് ഏറ്റവും മോശം മണം ഉള്ള പൗഡര്‍ അതായിരിക്കും. പക്ഷേ ചൂട് കാലമായാല്‍ അമ്മ മേലാകെ അത് പൂശിത്തരും.  'ഇല്ലെങ്കി തൊലിയൊക്കെ ചോന്ന് തിണര്‍ക്കും കുട്ടിയേ ഈ ചൂടത്ത്...' അമ്മ പറയും.. 

ചൂടുകുരു മാറ്റാനുള്ള മരുന്ന് പൗഡര്‍ ആണത്രേ അത്.. എന്തിനാണ് മരുന്നുകള്‍ക്കൊക്കെ ഇത്ര കെട്ട മണവും കെട്ട രുചിയും കൊടുക്കുന്നത്.. ഫെപ്പാനില്‍ എന്ന് പേരുള്ള ഇളം റോസ് നിറമുള്ള മരുന്നു കാരണമാണ് എനിക്ക് പനിയെ ഇഷ്ടമല്ലാതായത്. ആ മുരുന്നില്ലായിരുന്നെങ്കില്‍ എത്ര എത്ര പനികളെ ഞാന്‍ വിളിച്ചു വരുത്തിയേനെ.

മണം കൊള്ളില്ലെങ്കിലും ഇളം നീല കുഴല്‍ പോലെയുള്ള ആ ടിന്നും അതിന്‍റെ കടും നീല അടപ്പും കാണാന്‍ നല്ല ചേലാണ്.  കടും നീല അടപ്പ് തുറന്നാല്‍  വെള്ള നിറമുള്ള മറ്റൊരു അടപ്പ്. അത് തുറക്കുക അല്പം പ്രയാസമാണ്. അതിലാണ് ഒറ്റരൂപ ഇടാന്‍ പാകത്തിന് അച്ഛന്‍ നീളന്‍ തുള ഇട്ടു തന്നത്. ടിന്‍ നിറയും വരെ തുറക്കരുത് എന്നും പറഞ്ഞിട്ടുണ്ട്.

നീളന്‍ തുളയില്‍ പപ്പടക്കോല് കയറ്റി, ചരിച്ചു പിടിച്ചിട്ടു തഴത്തേക്ക് അമര്‍ത്തിയാല്‍ വെള്ള അടപ്പ് 'ഡപ്പ്' എന്ന്  തുറന്ന് വരും. 

ഒറ്റ രൂപ ടിന്നിലേക്കിട്ട് ഒന്നു കുലുക്കി നോക്കി. ഇപ്പൊ ഒരു പത്തു രൂപ ആയിട്ടുണ്ടാകും...    ടിന്‍ തുറന്ന് ഒന്നു എണ്ണി നോക്കിയാലോ.. ?   

വേണ്ട പപ്പടക്കോലും ചോദിച്ചോണ്ട്   അങ്ങോട്ട്     ചെന്നാല്‍  അമ്മ വീണ്ടും പരീക്ഷാക്കാര്യം എടുത്തിടും. ആരും അറിയാത്ത നേരം അതൊന്ന് തുറന്ന് നോക്കണം... 

ആരും കാണാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് അമ്മ പറയുന്നത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എല്ലാം കാണുന്നുണ്ടത്രേ..  അതാ  എനിക്ക് ഭഗവാന്‍ ശ്രീ കൃഷ്ണനെ  ഇഷ്ടമല്ലാത്തത്.  എന്‍റെ      ക്ലാസിലെ വിനോദ് കുമാറിനെപ്പോലെ  എപ്പോഴും ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കാന്‍ കൃഷ്ണന് ഒരു നാണോം ഇല്ലേ.. എത്ര തവണ ടീച്ചര്‍മാര്‍ അവനെ വഴക്ക് പറഞ്ഞിരിക്കുന്നു  ടീച്ചേഴ്സ് റൂമില്‍ ഒളിഞ്ഞു നോക്കിയതിന്.   ഭഗവാന്‍ കൃഷ്ണനെ വഴക്ക് പറയാന്‍ ഈ ലോകത്ത് ആരും   ഇല്ലേ..? 

നോക്കണോ..? അല്ലെങ്കില്‍ വേണ്ട നിറയട്ടെ.. എന്നിട്ടു നോക്കാം...നിറയുമ്പോ ഒരു 50 രൂപയെങ്കിലും ഉണ്ടാകും..അത് വച്ച് വിഷുവിന് പടക്കം മേടിക്കാം..  അല്ലെങ്കില്‍ വേണ്ടഉണ്ണിനായരുടെ കടേന്ന് ബബിള്‍ഗം മേടിക്കാം. അല്ലങ്കില്‍ അതും വേണ്ട തലയില്‍ വയ്ക്കണ 'റ' വാങ്ങിയാലോ... ചിത്രശലഭം പതിപ്പിച്ചത്... ജീവന്‍ തോന്നണ തരം ചിത്രശലഭം ഉളളത്. 

റോസിലി മാത്യുsiന്‍റെ അഹങ്കാരം അതോടെ തീരട്ടേ.. ഗള്‍ഫില്‍ അച്ഛനുള്ളോര്‍ക്കു മാത്രല്ല ചിത്രശലഭം പതിപ്പിച്ച 'റ' ഉണ്ടാവ്വ എന്നൊരു ധാരണയുണ്ടല്ലോ ആ കുട്ടിക്ക്. അതങ്ങട് പൊളിഞ്ഞടുങ്ങട്ടേ.. 

 എറണാകുളത്തു പോയാല്‍ ജീവന്‍ തോന്നണ ചിത്രശലഭം പതിപ്പിച്ച 'റ' കിട്ടും എന്ന് ഞാന്‍ പറഞ്ഞപ്പോ  എന്താരു  പുച്ഛം    ആയിരുന്നു ആ കുട്ടിക്ക്.  ഇവിടത്തെ 'ബേബി സ്റ്റോഴ്സിലെ' പോലെ പല നിറമുള്ള 'റ' കിട്ടുമായിരിക്കും പക്ഷേ ചിത്രശലഭം പതിപ്പിച്ചതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നല്ലേ ആ മൂശേട്ട പറഞ്ഞത്. 

ദൈവമേ ഇനി ടിന്‍ നിറയുമ്പോ ഞാന്‍ ഇത് മറന്നു പോവുവോ... 

ഒരു കാര്യം ചെയ്താലോ.. ഒരു കഷണം പേപ്പറില്‍  ആഗ്രഹം കൂടി  എഴുതി   പൈസ പെട്ടീല്  ഇട്ടാലോ..     തൊറക്കണ നേരത്ത്  അറിയല്ലോ എന്‍റെ ആഗ്രഹം എന്താന്ന്.. 

"മീനുവേ..എന്താ എടുക്കണേ.. കൊല്ല പരീക്ഷയാണ്  വല്ലോം പഠിക്കൂ എന്‍റെ കുട്ടിയേ.. " ഇതാണ് എനിക്ക് ഇഷ്ടം അല്ലാത്തത്.. ഇടയ്ക്കിടയ്ക്ക് എന്തിനാണ് ഈ 'അമ്മ പരീക്ഷയെ പറ്റി പറയുന്നത് .രാവിലെ മുതല്‍ പടിക്കുവല്ലേ.. ഇന്ന് വരെ മീനുക്കുട്ടി തോറ്റിട്ടുണ്ടോ..ന്നാലും പറയും പടിക്ക് പടിക്ക്...   പക്ഷേ സാധാരണ പോലെയല്ല ഇന്നത്തെ പറച്ചില്. സോഫ്റ്റാ... എന്ത് പറ്റിയോ എന്തോ ? സാധാരണ പോയിരുന്ന് പഠിക്കണ്ണ്ടോ മീനൂ.. എന്നായിരിക്കും പറയ്വ. 

"നാളെ പരീക്ഷ കഴിഞ്ഞു വരുമ്പോ അച്ഛനും അമ്മയും ഉണ്ടാവില്ലട്ടോ.. മീരേച്ചീടെ  കല്യാണാണ്ന്ന് അറിയില്ലേ നിനക്ക്.. താക്കോല് അപ്പുറത്ത് കൊടുത്തേക്കാം.. വീട് തുറന്നു കയറി ഇരുന്നോളൂ.. അകത്തു കയറിയാല്‍ അപ്പൊ വാതില്‍ കുറ്റി ഇട്ടേക്കണം, ആരു വന്നാലും തുറക്കരുത്.. ട്ടോ..." 

അപ്പൊ അതാണ് കാര്യം. ഇന്ന് കാണിച്ച സ്നേഹത്തിന്‍റെയും ഒറ്റ രൂപയുടെയും ഒക്കെ കാര്യം അതാണ്..  മീരേച്ചീടെ കല്യാണത്തിന് അവര്‍ മാത്രം പോകും.   

മീരേച്ചീടെ  കല്യാണം വരുമ്പൊ എന്നെ കൊണ്ടുപോകാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നിട്ട് കല്യാണം വന്നത് കൂടി പറഞ്ഞില്ല. കല്യാണം പരീക്ഷാസമയത്ത് വയ്ക്കരുതെന്ന് ഞാന്‍ പറഞ്ഞപ്പൊ മീരേച്ചിയും അച്ഛനും അമ്മയും കൂടിയാണ് തലകുലുക്കി സമ്മതിച്ചത്. എന്നിട്ടോ.. ചതിച്ചു...കുട്ടികളെ ആര്‍ക്കും ചതിക്കാല്ലോ.. ചതിച്ചിട്ട് വാതിലിനടയിലൂടെ ഒളിഞ്ഞുനോക്കുകയാണ്. ഞാന്‍ കരയുന്നുണ്ടോന്ന്.. അങ്ങനിപ്പൊ കരയുന്നില്ല. എന്നിട്ട് വേണം ഇല്ലാക്കഥകള്‍ പറഞ്ഞ് ആശ്വസിപ്പിക്കാന്‍.. അങ്ങനിപ്പ ആശ്വസിപ്പിക്കണ്ട.. 

********** 

ഇതാണ് അവസരം.. ഉച്ചമുതല്‍ വൈകുന്നേരം വരെ സമയമുണ്ട്. ഇന്ന് പൗഡര്‍ ടിന്‍ തുറന്നു നോക്കിയിട്ട് തന്നെ കാര്യം.  അമ്മ താക്കോല് കൊടുക്കാനെങ്ങാന്‍ മറന്ന് പോയിട്ടുണ്ടാകുവോ..? ഏയ്..ഇല്ല.. പപ്പടക്കോല് എങ്ങാന്‍ മാറ്റി വച്ചിട്ടുണ്ടാകുവോ..? ഏയ്.. അതും ഉണ്ടാകില്ല.. 

ങേ!!!!  ഇതേന്താപ്പോ ഇങ്ങനെ...!!!! 

എപ്പോഴും അടുക്കി പെറുക്കി വയ്ക്കണം എന്നു ശാഠ്യം പിടിക്കുന്നവര്‍ എന്താ അലമാരയും വലിപ്പും  തുറന്നിട്ടിട്ടിട്ട് പോയേക്കണേ... തുണിയും  വാരിവലിച്ചിട്ടിരിക്കുവാണല്ലോ... 

ശ്ശൊ ജനലും തുറന്നിട്ടിരിക്കുവാണല്ലോ.. 

അയ്യോ...!!! ആരാ ജനലിന്‍റെ കമ്പി ഇങ്ങനെ വളച്ചത്.. അയ്യോ.. ന്‍റെ പൗഡര്‍ ടിന്ന്... 

ഇത്  കിലുങ്ങണില്ലല്ലോ... ഇവിടെ പോയി.. ഒറ്റരൂപകള്‍.. ആരാ കൊണ്ടുപോയേ...

******* 

അവധി, എന്തൊരു ഭംഗീള്ള വാക്കാ അത്.. അവധിക്കാലത്ത് മാത്രമായിരിക്കും ടീച്ചര്‍മാരും കൂടെ പഠിക്കണ കുട്ട്യോളുടെ അമ്മമാരും, എന്‍റെ അമ്മയും പഠിത്തത്തെ പറ്റി പറയാതിരിക്കുന്നത്. 10 മാസം അവധീം 2 മാസം പടിത്തോം മതിയായിരുന്നു. അത്രയ്ക്ക് പറ്റില്ലെങ്കില്‍ ആറ് മാസം അവധീം ആറ് മാസം പഠിത്തോം.. അതല്ലേ അതിന്‍റെ ഒരു ശരി.

"മോളല്ലേ ആദ്യം കണ്ടത്.. പറയ് എന്താ കണ്ടേ.. 

ഇങ്ങനെ മിണ്ടാതെ കരഞ്ഞോണ്ടിരുന്നാ എങ്ങനെയാ  മോള് പറ... 15 പവനാ കള്ളന്‍ കൊണ്ടുപോയത്. നമുക്ക് കള്ളനെ പിടിക്കണ്ടേ..." 

കള്ളന്‍ കയറിയാല്‍ അപ്പ പോലീസ് വരൂത്രേ.. അവര്‍ക്ക് അവധിയൊന്നുമില്ല...  പതിനഞ്ച്  പവന് എത്ര രൂപ വരുമായിരിക്കും.. ഒരു അഞ്ഞൂറു രൂപ കാണുമായിരിക്കും..അഞ്ഞൂറു രൂപ ഒരു വലിയ തുകയാണല്ലോ.. അത്ര വലിയ തുക അല്ലായിരുന്നെങ്കില്‍ അഞ്ഞൂറ് രൂപ ചിലവാക്കി ഉടുപ്പ് മേടിക്കാന്‍ പറ്റില്ലെന്ന് അച്ഛന്‍ ഇല്ലെങ്കില്‍ പറയില്ലായിരുന്നു. അഞ്ഞൂറു രൂപ ചിലവാക്കി ഉടുപ്പു മേടിക്കാനേ ഞാന്‍ ദേശായീടെ മോനല്ല എന്നും പറയില്ലായിരുന്നു.  ഒരുപാട് അഞ്ഞൂറു രൂപകള്‍ ഉള്ള ആളാണത്രേ അച്ഛന്‍റെ കമ്പനി നടത്തുന്ന ദേശായി... 

"ആലോചിച്ച് നിക്കാതെ മോള് വല്ലതും പറയുന്നോ.. അതോ പോലീസ് മാമന്‍ ദേഷ്യപ്പെടണോ..?" 

അമ്മേ എനിക്ക് മൂത്രൊഴിക്കണം.. പ്പ മൂത്രൊഴിക്കണം... 

***** 

അമ്മേ പോലീസ്  ദേ... വീണ്ടും വരണ്ണ്ടല്ലോ.....   ഇവരെന്തിനാ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരണേ.. ഇത്തവണ ഒരാളെയും കൊണ്ടാണല്ലോ വരണേ.. കൈ പൂട്ടീട്ട്ണ്ട്.. 

അതാണോ..അതാണോ...കള്ളന്‍..!!!! 

കള്ളനാണെങ്കിലും അയാളെ കാണാന്‍ നല്ല ഭംഗീണ്ട്..   അയാളെന്നെ നോക്കി ചിരിക്കണ്ണ്ടല്ലോ.. എന്ത് ഭംഗിയുളള ചിരി. 

പോലീസ്കാരന്‍ എന്നോട് ദേഷ്യപ്പെട്ടു. കള്ളന്‍, എന്നെ നോക്കി ചിരിക്കുന്നു. പോലീസുകാരെക്കാള്‍ സ്നേഹം കള്ളന്മാര്‍ക്കുണ്ടാവ്വോ... കള്ളന്മാര്‍ക്ക് പോലീസുകാരെ പേടിയില്ലായിരിക്ക്യോ.. ഇല്ലെങ്കിലെങ്ങനാ പോലീസ് വിലങ്ങ് വച്ച് കൊണ്ടരുമ്പൊ ചിരിക്കാന്‍ പറ്റുന്നേ..!!! 

പോലീസുകാര് അയാളെയും കൊണ്ട് ഞങ്ങടെ   കിടപ്പു മുറിയിലേക്കാണല്ലോ പോണേ.. അയാളെന്തൊക്കെയോ ചൂണ്ടി കാണിക്കണ്ണ്ടല്ലോ... ദേ ജനലിലേക്ക് ചൂണ്ടിക്കാണിക്കുന്നു.. അപ്പൊ ജനല് വളച്ചത് അയാള് തന്നെ.. 

പോലീസുകാര് ഇടയ്ക്കിടയ്ക്ക് അയാളെ എന്തിനാ ഇങ്ങനെ തള്ളുന്നത്.. അയാള് വീണ് പോവൂല്ലോ... ഒക്കെ ചോദിക്കാതെ തന്നെ അയാള്‍ പറയണ്ട്ണ്ടല്ലോ.. പിന്നെന്തിനാ അവര്‍ ഇങ്ങനെ ചെയ്യുന്നേ... 

തിരികെ കൊണ്ടുപോകുമ്പോ അയാള്‍ എന്‍റെ നേരെ നോക്കിയത് എന്തിനാ... പ്ലാവിന്‍റെ ചോട്ടിലേക്ക് ചൂണ്ടിക്കാണിച്ചത് എന്തിനാ.. 

എനിക്ക് തോന്നീതായിരിക്കുവോ..? അമ്മയോട് ചോദിച്ചാലോ..? അല്ലെങ്കില്‍ വേണ്ട തോന്നീതാകും എന്നേ അമ്മ പറയൂ... 

ഒന്ന് ചെന്ന് നോക്കിയാലോ.. പ്ലാവിന്‍റെ ചോട്ടില്‍? പ്ലാവിന്‍റെ ചോട്ടിലെ പൊത്തില്‍ എന്തോ ഇണ്ടല്ലോ..!!! അത് കടലാസില്‍ പൊതിഞ്ഞ ഒരു പൊതിയാണല്ലോ!!! അമ്മേടെ പതിനഞ്ച്  പവന്‍ ആയിരിക്കുവോ..!!!! 

അല്ലല്ലോ...!!! പെട്ടീല് ഞാന്‍ എഴുതിയിട്ടത് കള്ളന്‍ വായിച്ചോ..? എവിടിന്നായിരിക്കും കള്ളന്‍ ഇത് വാങ്ങീട്ട്ണ്ടാവ്വ ? 

 

എത്ര ഭംഗിയുള്ള റ !!! ചിത്രശലഭം പതിപ്പിച്ചത്..!!! 


രറ

0

1

Featured Posts