ഫാ. ജോസ് വെട്ടിക്കാട്ട്
Oct 3
അര്‍ദ്ധരാത്രിയിലെ ഉത്സവപൂജയ്ക്ക്
അന്ന് പതിവിലും ആളുണ്ടായിരുന്നു.
ബ്രഹ്മചാരിയായ പൂജാരിയുടെ
ഭക്തിനിര്‍ഭരമായ ബലികാഴ്ചകള്‍.
പുലര്‍ച്ചെ പൂജയവസാനിച്ചു.
ക്ഷേത്രമുറിയില്‍ കയറിയ അയാള്‍
തന്‍റെ പൂജാവസ്ത്രങ്ങള്‍ അഴിച്ചുവച്ചു.
തിരികെ ഭക്തര്‍ക്ക് മംഗളമാശംസിക്കുവാന്‍
അങ്കണത്തിലെത്തി.
മടങ്ങിപ്പോകുന്നവരുടെ പിന്‍കാഴ്ചകള്‍ മാത്രമായിരുന്നു
അയാള്‍ക്കു ലഭ്യം.
തിരികെ ക്ഷേത്രത്തിലേക്കു പ്രവേശിക്കുമ്പോള്‍
അയാള്‍ കാതോര്‍ത്തു:
പകല്‍ തന്‍റെ കൈയില്‍ നിന്നുംമധുരം
സ്വീകരിച്ച ഒരു കുരുന്നിന്‍റെയെങ്കിലും കാലൊച്ച
പിന്നില്‍ മണലിലുയരുന്നുണ്ടോ?
അകന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദം
അയാളെ പരിഹസിച്ചു കൊണ്ടിരുന്നു.
ക്ഷേത്രത്തിലെ പൂജാവിഗ്രഹങ്ങളിലേക്കയാള്‍ നോക്കി
അനാഥത്വത്തിന്‍റെ നിശബ്ദത
അവയ്ക്കു ചുറ്റും തളംകെട്ടി നിന്നിരുന്നു.
എങ്കിലും മൂകമായ ഭാഷയില്‍
അവ അയാളോട് സംവദിച്ചു:
വരൂ... വിളക്കണച്ചേക്കുക,
നമുക്കുറങ്ങാം...