

എല്ലാ മതവിശ്വാസികളും വ്യവസ്ഥാപിതമായ ഒരു മതത്തിലും വിശ്വസിക്കാത്തവർ പോലും ഏറെക്കുറെ ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് നന്മയുടെ ആത്യന്തികമായ വിജയവും തിന്മയുടെ ആത്യന്തികമായ പാരാജയവും. നന്മയിലും സ്‌നഹത്തിലുമുള്ള വളർച്ച ജീവിതത്തെ സഫലമാക്കുമെന്നും അതിലെ പരാജയം ജീവിതത്തിൻ്റെയും പരാജയമാകുമെന്നും മനുഷ്യർ പൊതുവെ കരുതുന്നു. നന്മയിലും സ്നേഹത്തിലുമുള്ള പൂർണ്ണ വളർച്ചയെയാണ് മതവിശ്വസ ികൾ മുക്തി, മോക്ഷം, സായൂജ്യം എന്നെല്ലാം പറയുന്നത്. ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം അനന്ത നന്മയും അനന്ത സ്നേഹവുമായ ദൈവവുമായി ഐക്യപ്പെടുമ്പോഴാണ് നന്മയിലും സ്നേഹത്തിലും മനുഷ്യൻ പൂർണ്ണവളർച്ചയിലെത്തുന്നതും സായുജ്യമടയുന്നതും.
സന്മനസ്സുള്ള എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് നന്മയിലും സ്നേഹത്തിലും വളർന്ന് ദൈവവുമായി ഐക്യപ്പെടുകയെന്നത്. ചിലർ ഈ വഴിയിൽ ബഹുദൂരം മുന്നേറുന്നു. ചിലരാകട്ടെ ആരംഭത്തിൽതന്നെ യാത്രയെല്ലാം ഉപേക്ഷിച്ചെന്നു വരാം. മറ്റു ചിലർ യാത്രയാരംഭിച്ചു കുറെയെല്ലാം പുരോഗതി പ്രാപിച്ചെങ്കിലും മാനുഷികമായ ബലഹീനതകളും മറ്റു പലതരം ആകർഷണങ്ങളും തടസ്സങ്ങളും കാരണം വഴിയിൽ അങ്ങിങ്ങ് തങ്ങിപ്പോകുന്നു. ലക്ഷ്യത്തിലെത്താൻ ആഗ്രഹമുണ്ടെങ്കിലും, മുന്നറ്റം വളരെ സാവധാനത്തിലാകുന്നു. എന്നാൽ, മരണം ആരെയും കാത്തുനില്ക്കുന്നില്ലല്ലോ. മരണത്തോടെ നന്മയുടെയും സ്നേഹത്തിൻ്റെയും പൂർണ്ണതയായ ദൈവത്തോട് ഐക്യപ്പെടുന്നു. സായൂജ്യമടയുന്നു . എന്നാൽ മരണം വന്നപ്പോൾ വഴിയിൽമാത്രം ആയിരുന്നവർക്ക് അനന്ത നന്മയും അനന്തസ്‌നേഹവുമായ ദൈവത്തോടും ഐക്യപ്പെടുവാൻ നന്മയിലും സ്നേഹത്തിലും ഇനിയും വളരേണ്ടിയിരിക്കുന്നു. തിന്മയുടെ പ്രവണതകളിലും സ്വാധീനങ്ങളിലും നിന്ന് ശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ വളർച്ചയുടെയും ശുദ്ധീകരണത്തിൻ്റെയും ആവശ്യമാണെന്നു പറയാം, 'ശുദ്ധീകരണസ്ഥലത്തെ" പ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിന് അടിസ്ഥാനം. മറ്റു മതവിശ്വാസികളും ഇങ്ങനെയൊരു വളർച്ചയുടെയും ശുദ്ധീകരണത്തിൻ്റെയും ആവശ്യകത അംഗീകരിക്കുന്നുണ്ട്.
ദൈവദർശനം
എങ്ങനെയാണ് ഈ വളർച്ചയും ശുദ്ധീകരണവും സംഭവിക്കുകയെന്ന് വ്യക്തമായി പറയുവാൻ നമുക്കാവില്ല. എന്നാൽ ദൈവ ദർശനത്തെപ്പറ്റി ബൈബിൾ നൽകുന്ന ചില സൂചനകൾ ഇതേപ്പറ്റി ഏതാണ്ട് ഒരാശയം നമുക്കു നല്കിയേക്കാം. ദൈവം മനുഷ്യനുമായി ഇടപെടുകയും മനുഷ്യൻ ദൈവത്തെ നേരിടുകയും ചെയ്യുന്ന പല സന്ദർഭങ്ങളെയും പറ്റി ബൈബിൾ പറയുന്നുണ്ട് ദൈവത്തെ നേരിടുന്നത് മനുഷ്യനെ സംബന്ധിച്ചിത്തോളം ഭയാനകമായ ഒരനുഭവമാണ്. അവൻ്റെ ആഴങ്ങളെ തന്നെ ഈ അനുഭവം ഉലയ്ക്കുകയും മഥിക്കുകയും ചെയ്യുന്നു. മനുഷ്യനെ ഈ അനുഭവം പരിഭ്രാന്തനാക്കുന്നു. മുഖം മറക്കാനും ഓടിയൊളിക്കാനും അവൻ വെമ്പൽകൊള്ളുന്നു.
അബ്രാഹത്തെയും മോശയെയും ഏശയ്യയെയും പോലെയുള്ള വിശുദ്ധരായ മനുഷ്യർക്ക് പോലുമുണ്ടായ അനുഭവം ഇതാണെന്നു വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ദൈവദർശനം ഉണ്ടായ ഏശയ്യാ ഭയചകിതനായി വിളിച്ചു പറയുന്നു:
"എനിക്ക് ദുരിതം! ഞാൻ നശിച്ചു.എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ
മധ്യേ വസിക്കുന്നവനുമാണ് . എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എൻ്റെ നയന ങ്ങൾ ദർശിച്ചിരിക്കുന്നു" (ഏശ 6 :5).
ദൈവത്തെ കാണുന്ന ആരും ജീവിച്ചിരിക്കുകയില്ലെന്ന് ഇസ്രായേൽക്കാർക്കിടയിൽ നിലനിന്നിരുന്ന ഒരു ധാരണയായിരുന്നു. ദൈവത്തെ അഭിമുഖീകരിക്കുന്ന മനുഷ്യനിൽ തൻ്റെ പാപങ്ങളെയും നിസ്സാരതയെയും അയോഗ്യതയെയും പറ്റിയുള്ള ആഴമേറിയ അവബോധവും ഭയവും ലജ്ജയുമുളവാക്കുന്നു. ആളിക്കത്തുന്ന ഒരഗ്നിയായി അത് അവൻ്റെ മാംസത്തിലേക്കും മജ്ജയിലേക്കും തുളച്ചുകയറുന്നു. അവനെ അതു ചോദ്യം ചെയ്യുന്നു. അങ്ങനെ ഒരുതരം ശുദ്ധീകരണമാണ് അവന് ഈ അനുഭവം.

എന്നാൽ മരണത്തിൽ ദൈവത്തെ അഭിമുഖീകരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ അനുഭവം കൂടുതൽ തീവ്രത പ്രാപിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ വിശ്വാസത്തിൻ്റെ അസ്പഷ്ടതയിലുള്ള ദൈവദർശനം മനുഷ്യനെ ഭയാകുലനാക്കുന്നുവെങ്കിൽ, മരണത്തിൽ ദൈവത്തിൻ്റെ മുമ്പിൽ മുഖാമുഖം നില്ക്കുന്ന മനുഷ്യൻ്റെ കാര്യം ഊഹിച്ചു നോക്കുക. അവിടുത്തെ അനന്തവിശുദ്ധിക്കും അപരിമേയ നന്മയ്ക്കും മുൻപിൽ തൻ്റെ അവിശ്വസ്തതയുടെയും പാപങ്ങളുടെയുമെല്ലാം ഞെട്ടിപ്പിക്കുന്ന ചിത്രം അയാളുടെ മുമ്പിൽ തെളിയും. അവിടുത്തെ അനന്തസ്നേഹത്തിനും കാരു ണ്യത്തിനും മുമ്പിൽ തൻ്റെ വിശ്വാസത്തിൻ്റെ ദുർബലതയും സ്നേഹത്തിൻ്റെ ഉപരിപ്ലവത്വവുമെല്ലാം സ്‌പഷ്ടമായി അയാൾക്കു കാണാൻ കഴിയും. താൻ എന്തായിരിക്കേണ്ടിരുന്നോ, എന്താകുവാൻ കഴിയുമായിരുന്നോ, അതിൽനിന്നെല്ലാം എത്രയോ ദൂരത്താണെന്ന അവബോധം അയാളിലുണ്ടാകും. ഉഗ്രമായ നഷ്ടബോധത്തിലേക്കും ആഴമേറിയ പശ്ചാത്താപത്തിലേക്കും അയാളെ ആനയിക്കും.
ജീവിതകാലത്ത് ദൈവത്തെ ആഴത്തിൽ അനുഭവിച്ച വി ഫ്രാൻസീസ് അസ്സീസി "ദൈവമേ നീ ആര് ! ഞാൻ ആര് !" എന്നു പറഞ്ഞ് വീണ്ടും വീണ്ടും വിലപിച്ചിരുന്നു ഈ ദൈവനുഭവത്തിൽനിന്നു തന്നെയാണ്. താൻ ഒരു വലിയ പാപിയാണെന്നു ഫ്രാൻസിസ് കരുതുകയും കൂടെ കൂടെ ഏറ്റുപറയുകയും ചെയ്തത്. മരണാസമയത്തു വലിയ വിശുദ്ധർക്കുപോലും ഇതേ അനുഭവമുണ്ടായതായി അവരുടെ ജീവചരിത്രത്തിൽ നാം വായിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, മരണത്തോടെ ദൈവത്തിൻ്റെ മുമ്പിൽ വരുമ്പോൾ വിശുദ്ധിയിൽ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത സാധാരണക്കാരുടെ കാര്യം പറയെണ്ടതില്ലല്ലോ. ദൈവം അവരുടെ പാപങ്ങളും കുറ്റങ്ങളുമെല്ലാം ക്ഷമിക്കുകയും അവിടുത്തെ സ്നേഹവും പ്രസാദവരവും അവരിലേക്ക് ചൊരിയുകയും ചെയ്തതിരിക്കുന്നുവെന്ന അവബോധം കുറ്റങ്ങളുടെയും കുറവുകളുടെയും ഗൗരവത്തെ കുറച്ചു കാണിക്കുകയല്ല, തീവ്രമാക്കുകയാണ് ചെയ്തത് . വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ജീവിക്കുവാൻ പരിശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കയും ചെയ്തതെങ്കിലും, പരിശുദ്ധി തന്നെയായ ദൈവത്തിൻ്റെ ഉജ്ജ്വല പ്രകാശത്തിൽ നിലകൊള്ളുമ്പോൾ തൻ്റെ ചെറിയ തെറ്റുകൾപോലും അത്ര നിസ്സാരമായി കാണാൻ മനുഷ്യനു കഴിയുകയില്ല. ഈ തെറ്റുകളെയും പാപങ്ങളെയും കുറിച്ചുള്ള അവർണ്ണനീയമായ വേദനയും പശ്ചാത്താപവും, നിരുപാധികം ക്ഷമിക്കയും വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള തീവ്രമായ സ്നേഹവും നന്ദിയുമായിരിക്കും മരണത്തോടെയുള്ള അഭിമുഖ ദർശനത്തിൽ മനുഷ്യൻ അനുഭവിക്കുക. ഈ അനുഭവം, എരിയുന്ന, ശുദ്ധീകരിക്കുന്ന, ശുദ്ധീകരിച്ചു വിശുദ്ധീകരിക്കുന്ന ഒരു തീ ആണെന്നു പറയാം. സ്വർഗ്ഗപ്രവേശനത്തിനു മുമ്പുള്ള ശുദ്ധികരണത്തിൻ്റെ അർഥം ഏതാണ്ട് ഇങ്ങനെ മനസ്സിലാക്കാമെന്നു തോന്നുന്നു.
സ്ഥലകാല പരിമിതികൾ
മരണത്തിൽ ദൈവത്തെ കണ്ടുമുട്ടുന്നത് സ്ഥലകാല പരിമിതികൾക്കപ്പുറത്താണ്. മനുഷ്യന് അഭിമുഖ ദർശനമരുളുന്ന ദൈവവും സ്ഥലകാല പരിമിതികൾക്ക് അതീതനാണല്ലോ. എന്നാൽ ഈ ശുദ്ധീകരണത്തിന് ഒരു പ്രത്യേക സ്ഥലവും കാലവും സങ്കല്പിക്കുന്നതു ശരിയല്ല. സ്ഥലകാലങ്ങൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യന് സ്ഥലകാലങ്ങൾക്ക് അതീതമായ സംഭവങ്ങളെ സങ്കല്പിക്കാനും ചിത്രീകരിക്കാനും പ്രയാസമായതുകൊണ്ട് അവയ്ക്കു അവൻ സ്ഥലത്തിൻ്റെയും കാലത്തിൻ്റെയും മാനങ്ങൾ നല്‌കുന്നു. എന്നാൽ ഈ മാനങ്ങൾ വെറും സാങ്കല്‌പികമാണെന്ന കാര്യം മറന്നുകളയരുത്.
കാലത്തിനടുത്ത ശിക്ഷ
"കാലത്തിനടുത്ത ശിക്ഷ" യായിട്ടാണ് സഭാപാരമ്പര്യം "ശുദ്ധീകരണ സ്ഥല" ത്തെ കണ്ടിരുന്നത്. എന്താണ് ഈ കാലത്തിനടുത്ത ശിക്ഷയെന്ന് അല്പം ചിന്തിക്കുന്നത് ഉപകാരപ്രദമായിരിക്കും. പാപം ചെയ്യുന്നവൻ കുറ്റക്കാരനാണെന്നും ശിക്ഷയ്ക്ക് അർഹനുമായിത്തീരുന്നുവെന്നു ദൈവശാസ്ത്രം പഠിപ്പിക്കുന്നു. ഗൗരവമായ പാപം അഥവാ ചാവുദോഷം ചെയ്തിട്ട് അനുതപിക്കുകയോ മാനസാന്തരപ്പെടുകയോ ചെയ്യാതെ മരിക്കുന്നവൻ, കുറ്റത്തോടുകൂടി നിത്യശിക്ഷയായിത്തീരുന്നു. അഥവാ ദൈവത്തിൽ നിന്ന് നിത്യമായി അകലുന്നു. എന്നാൽ അനുതപിച്ചു മനസാന്തരപ്പെടുന്നുവെങ്കിൽ, അവൻ കുറ്റത്തിൽനിന്നും നിത്യമായ ശിക്ഷയിൽ നിന്നും മോചിതനാകുന്നു. പക്ഷെ കാലത്തിനടുത്ത ശിക്ഷ അവശേഷിക്കുന്നു. അത് അവൻ സൽപ്രവർത്തികളിലൂടെയോ പരിഹാരകർമ്മങ്ങളിലൂടെയോ ഇല്ലാതാക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, മരണശേഷം അനുഭവിച്ചു തീർക്കേണ്ടിവരും. ഇതാണ് സഭയുടെ പരമ്പരാഗത പ്രബോധനം
നിത്യശിക്ഷയും കാലത്തിനടുത്ത ശിക്ഷയും ദൈവം നൽകുന്ന ശിക്ഷയല്ല, ദൈവം ആരെയും ശിക്ഷിക്കുന്നില്ല. ഗൗരവമായ പാപം ചെയ്തതിട്ട് മാനസാന്തരപ്പെടാതെ മരിക്കുന്നവൻ സ്വയം ഏല്‌പിക്കുന്ന ശിക്ഷയാണ് നിത്യശിക്ഷ. സ്വതന്ത്രമായി അവൻ തിരഞ്ഞെടുത്ത തിന്മയുടെ, സ്നേഹരാഹിത്യത്തിൻ്റെ, വഴിയുടെ സ്വഭാവികമായ അന്ത്യമാണ് അത്. പാപത്തിനുള്ള ശിക്ഷ പാപത്തിൽ തന്നെ അടങ്ങിയിരിക്കുന്നുവെന്നു ചുരുക്കം. അതുപോലെ തന്നെ, കാലത്തിനടുത്ത ശിക്ഷയും ദൈവം നൽകുന്ന ശിക്ഷയല്ല, പാപത്തിൽ തന്നെ അടങ്ങിരിക്കുന്ന ശിക്ഷയാണ്. ഓരോ പാപവും മനുഷ്യനെ ബലഹീനനാക്കുന്നു. പാപത്തിലേക്കു കൂടുതൽ ആകർഷിക്കുന്നു. നന്മയുടെ നേരെ വിമുഖനാക്കുന്നു. വിശ്വാസവും പ്രത്യാശയും സ്നേഹവും മന്ദീഭവിക്കുന്നു. തിന്മയുടെ പ്രവണത അവനിൽ അവശേഷിപ്പിക്കുന്നു. മാനസാന്തരപെട്ടു പാപമോചനം നേടിക്കഴിഞ്ഞാലും, സ്വാഭാവികമായി പാപം വരുത്തിവെച്ച ബലഹീനതയും നന്മയോടുള്ള വിരസതയും തിന്മയോടുള്ള ആകർഷണവുമെല്ലാം യാന്ത്രികമായി മാഞ്ഞുപോകുന്നില്ല. അതിന് അവൻ നന്മയിലും സ്നേഹത്തിലും കൂടുതൽ വളരണം. സ്വയനിയന്ത്രണം പാലിക്കണം. തന്നാടുതന്നെ കുറെയെല്ലാം ബലം പ്രയോഗിക്കണം. നീതിയിലും സത്യത്തിലും സഹോദര സ്നേഹത്തിലും അടിയുറച്ച പുതിയൊരു ജീവിത ശൈലി കരുപ്പിടിപ്പിക്കണം. പാപത്തിന് അടിമയായിപ്പോയ മനുഷ്യനു, മാനസാന്തരത്തിനു ശേഷവും ഇതെല്ലാം ആയാസകരമായ കാര്യങ്ങളാണ്. അതുകൊണ്ടു പാപത്തിൻ്റെ ഫലമായി അവന് അനുഭവിക്കേണ്ടിവരുന്ന "ഒരു ശിക്ഷ" ആയി ഈ അവസ്ഥയെ കാണാൻ കഴിയും.
ജീവിതകാലത്തു തന്നെ സ്വന്തം പ്രയത്‌നംകൊണ്ടു ഈ അവസ്ഥയിൽ നിന്നു അവൻ മോചനം നേടേണ്ടിയിരിക്കുന്നു. അതിൽ അവൻ പരാജയപ്പെട്ടാൽ, മരണത്തിൽ ദൈവതിരുമുന്പിൽ എത്തുമ്പോൾ ദൈവത്തിൻ്റെ അഭിമുഖദർശനത്തിലൂടെ മുൻപറഞ്ഞ "ശുദ്ധീകരണം " നടന്നിട്ടേ സ്വർഗത്തിലേക്കുള്ള പ്രവേശനം സാധ്യമാവുകയുള്ളൂ. ഇതാണെന്നു പറയാം, കാലത്തിനടുത്ത ശിക്ഷ "ശുദ്ധീകരണ സ്ഥല"ത്തുവെച്ചു അനുഭവിച്ചു തീർക്കണമെന്നു പറയുന്നതിൻ്റെ അർത്ഥം.
സ്വർഗപ്രവേശത്തിനു മുൻപുള്ള ശുദ്ധീകരണത്തിൻ്റെ സാധ്യതയും ആവശ്യവും ലയണ്‍സിൽ വെച്ചു കൂടിയ ഒന്നും രണ്ടും സുനഹദോസുകളും ഫ്ളോറൻസ് സുനഹദോസും ത്രെന്തോസ് സൂനഹദോസും പഠിപ്പിക്കുന്നു. എന്നാൽ ഈ ശുദ്ധീകരണത്തിൻ്റെ വിധത്തെപ്പറ്റിയോ, കാല ദൈർഖ്യത്തെ പറ്റിയോ സഭ ഒന്നും പറയുന്നില്ല. അതെ പറ്റി ചില സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ അവരവരുടെ കാലത്തെ പ്രപഞ്ചവീക്ഷണത്തെയും ചിന്താഗതികളെയും പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതെല്ലാം അതേപടി വിശ്വസിക്കണമെന്ന് സഭ ആവിശ്യപെടുന്നില്ല.
"ശുദ്ധീകരണ സ്ഥല"ത്തെ പറ്റി ബൈബിൾ പ്രത്യക്ഷമായി ഒന്നും പറയുന്നില്ല. "ശുദ്ധീകരണ സ്ഥല" ഉണ്ടായതിനു തെളിവായി ചിലർ പഴയനിയമത്തിൽ നിന്നും (2 മക്ക 12: 42-45 ) പുതിയനിയമത്തിൽ നിന്നും (1 കോറി 3 :12 - 15; മത്താ 5 :26, 12 :32 ) ചൂണ്ടിക്കാട്ടിയിരുന്ന വാക്യങ്ങളിൽ അതേപറ്റിയുള്ള വ്യക്തമായ സൂചനകൾ ഒന്നുമില്ലെന്നാണ് ബൈബിൾ പണ്ഡി തന്മാർ പറയുന്നത്. സഭയുടെ ശരിയായ ചില ഉൾക്കാഴചകളിൽ നിന്ന് ഉരുത്തിരിഞ്ഞുള്ള ഒരു ബോധ്യമായിട്ടു വേണം "ശുദ്ധീകരണ സ്ഥല"ത്തെ കാണാനും വിലയിരുത്താനും























