top of page

പഞ്ചര്‍

Mar 1, 2013

2 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്
Two men sitting next to each other and talking in a bus.

രാവിലെ ബസ്സ്റ്റാന്‍റിലെത്തി. മഹാനഗരത്തിലേയ്ക്കുള്ള നാലഞ്ചു ബസ്സുകള്‍ അടുത്തടുത്തുതന്നെയുണ്ടായിരുന്നതുകൊണ്ട് അവിടുന്നുതന്നെ സ്റ്റാര്‍ട്ടുചെയ്യുന്ന വലിയതിരക്കില്ലാത്ത ഒരെണ്ണത്തില്‍ കയറിയിരുന്നു. മൂന്നാലുപേരുമാത്രമേ അപ്പോള്‍ ബസ്സിലുണ്ടായിരുന്നുള്ളു. തോള്‍സഞ്ചിയില്‍ കരുതിയിരുന്ന പുസ്തകം വായന തുടങ്ങി. ആളുകള്‍ കയറിത്തുടങ്ങി. പാന്‍റ്സും കുര്‍ത്തയുമിട്ട ഒരു മദ്ധ്യവയസ്ക്കന്‍ കയറിവരുന്നതു കണ്ടു. ചുറ്റും നോക്കിയിട്ട് മുഴുവന്‍കാലിയായിട്ടു കിടന്നിരുന്ന സീറ്റുകള്‍ വേറെ ഉണ്ടായിരുന്നിട്ടും അല്പമൊന്നു ശങ്കിച്ചിട്ട് അയാള്‍ എന്‍റെയടുത്തുതന്നെയിരുന്നു. നന്നായി ഒതുങ്ങിയിരുന്നുകൊടുത്തിട്ട് ഞാന്‍ വായന തുടര്‍ന്നു. അപരിചിതരോട് ആവുന്നിടത്തോളം സംസാരം ഒഴിവാക്കാന്‍വേണ്ടിക്കൂടിയാണ് യാത്രയ്ക്ക് എപ്പോഴും കൈയ്യില്‍ പുസ്തകം കരുതുന്നത് എന്നത് എനിക്കുമാത്രമല്ലെ അറിയൂ. സംസാരം പലപ്പോഴും അഭികാമ്യമല്ലാത്ത വിഷയങ്ങളിലേയ്ക്കും വിവാദങ്ങളിലേയ്ക്കുമൊക്കെപ്പോയിട്ടുള്ള അനുഭവങ്ങളുള്ളതുകൊണ്ട് ബോധപൂര്‍വ്വമെടുത്തിരിക്കുന്ന ഒരു കരുതല്‍ മാത്രം.


ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, അങ്ങേരും എറണാകുളത്തിനുതന്നെ. തങ്ങളില്‍ കണ്ണുകോര്‍ത്തപ്പോള്‍ ആളൊന്നു പഞ്ചിരിച്ചു. ചെലവില്ലാത്ത ഒരു ഔദാര്യമെന്നപോലെ ഞാനും മടിച്ചില്ല. എന്തെങ്കിലും ആളു സംസാരിച്ചുതുടങ്ങിയാല്‍ ഒരുമുന്‍കരുതല്‍ എന്നനിലയ്ക്ക് ഞാന്‍ മനസ്സുകൊണ്ട് ആളെ ഒന്നളന്നു. പണ്ട് ഒരു സുഹൃത്തുപറഞ്ഞുതന്ന വലിയതെറ്റില്ലാത്ത അളവുകോലു പൊടിതട്ടിയെടുത്തു. സാധാരണ വേഷത്തിലുള്ളവരെ സാരമില്ല. നോട്ടംകൊണ്ടളക്കാം. ചില പ്രത്യേക തരക്കാരെ കൂടുതല്‍ സൂക്ഷിക്കണം. തീരെ ശ്രദ്ധയില്ലാത്ത പാന്‍റ്സോ പൈജാമായോ കുര്‍ത്തയോ ആണു വേഷമെങ്കില്‍ സന്യാസിയോ അച്ചനോ ആകാനാ സാധ്യത. ഇതേ വേഷം അല്പം വെടിപ്പിലും വൃത്തിയിലുമാണെങ്കില്‍, തോളിലൊരു ശോഷിച്ച സഞ്ചീംകൂടി കണ്ടാല്‍ ആളൊരു ബുദ്ധിജീവിയായിരിക്കാനാണിട. . നല്ല അലക്കിത്തേച്ച ജൂബ്ബയും പാന്‍റ്സും കൈയ്യില്‍ ചെറിയ ബ്രീഫ്കേയ്സും ചുരുട്ടിപ്പിടിച്ച ഒരു മാസികയും കൂടി കാണുകയാണെങ്കില്‍ ആളൊരു സാഹിത്യകാരനാകാനാ സാധ്യത. ഇപ്പറഞ്ഞതെല്ലാം അല്പാല്പം ഇയാള്‍ക്കുണ്ടെങ്കിലും ഒന്നിലുമങ്ങോട്ടു മുഴുവനായിട്ടു കൊള്ളിക്കാന്‍ പറ്റുന്നില്ല. വണ്ടിഓടിത്തുടങ്ങിയിട്ടും ഞാനങ്ങനെ പുസ്കതരവും തുറന്നുപിടിച്ച് വേറെങ്ങോ നോക്കിയിരിക്കുന്നതു കണ്ടിട്ടാകും അയാളുടെ ചോദ്യം:


"ആ പുസ്തകമൊന്നു കാണാന്‍ തരാമോ?"


ഞാനൊന്നും മിണ്ടാതെ അശ്രദ്ധമായി പുസ്തകം ആളുടെ നേരേ നീട്ടി. അങ്ങേരതു വാങ്ങി പൊതുവെ ഒന്നുനോക്കിയിട്ടു തിരികെത്തന്നു. എന്നെയൊന്നളക്കാനെടുത്ത ഉപായമായിരിക്കുമതെന്നു ഞാന്‍ കണക്കുകൂട്ടി. ഒന്നുകൂടി ചാഞ്ഞിരുന്നു കണ്ണടച്ചു. അപ്പോഴാണടുത്തചോദ്യം:


"അച്ചനാണല്ലേ?"


ആണെന്നുമല്ലെന്നും മട്ടില്‍ ഒന്നുനീട്ടിമൂളിയിട്ടു ഞാന്‍ ജാഗ്രതയിലായി. പണ്ടിതേ ചോദ്യം വേറൊരാളു ബസില്‍ വച്ചു ചോദിച്ചപ്പോള്‍ ചാടിക്കേറി 'അതേ, അച്ചനാണല്ലോ' ന്നു പറഞ്ഞുകഴിഞ്ഞപ്പോളയാളുടെ ചോദ്യം 'പിന്നെന്താ ആളറിയാതിരിക്കാനാണോ ഉടുപ്പിടാത്തതെന്ന്'. അന്നേരത്തെ അരിശത്തിന് 'പിന്നെ ഞാനിട്ടിരിക്കുന്നതെന്താ ഉടുപ്പല്ലേ കോണകമാണോ'ന്നു നാടന്‍ഭാഷേല്‍ ചോദിച്ചു കഴിഞ്ഞപ്പഴാ ആരാണ്ടൊക്കെച്ചിരിക്കുന്നതു കണ്ടത്.