top of page
അമേരിക്കന്‍ നോവലിന്‍റെ പിതാവായ മാര്‍ക് ട്വൈനിന്‍റെ 'ഹക്കിള്‍ബെറിഫിന്നിന്‍റെ സാഹസങ്ങള്‍' (The Adventures of Huckleberry Finn by Mark Twain) എന്ന ബാലസാഹിത്യകൃതി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് (1880 കളില്‍) അമേരിക്കയിലെ യാഥാസ്ഥിതിക സമൂഹങ്ങള്‍ അതിനു വിലക്കു കല്പിക്കുകയും, ലൈബ്രറികളില്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഇന്നും പല അമേരിക്കന്‍ സംസ്ഥാനങ്ങളിലേയും സ്കൂള്‍ ലൈബ്രറികളില്‍ ഇതിന് വിലക്കുതുടരുന്നു. അക്കാലത്ത് നിരോധനത്തിന്‍റെ കാരണം ഇതിലെ ഗ്രാമ്യഭാഷ തെരുവുനിലവാരമുള്ളതാണെന്നും, കുട്ടികളെ വഴിപിഴപ്പിക്കുവാന്‍ പ്രചോദിപ്പിക്കുന്ന ആശയങ്ങള്‍ ഇതിലുണ്ട് എന്നതുമായിരുന്നു. ഇന്ന് ഈ ഗ്രന്ഥത്തിനെതിരെ ഉയരുന്ന പ്രധാന പരാതി ഇതില്‍ കറുത്ത വര്‍ഗ്ഗക്കാരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പദപ്രയോഗങ്ങളുമുണ്ടെന്നതാണ്. വിചിത്രമായി തോന്നാവുന്ന ഒരു കാര്യം, ഈ കൃതി 19-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമസമ്പ്രദായത്തെയും വംശവെറിയെയും നിശിതമായി ആക്രമിക്കുന്ന ഒരു ഹാസ്യ സാഹിത്യ സൃഷ്ടിയാണ് എന്നതത്രേ. ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പായുടെ ഇഷ്ട സാഹിത്യകാരനായിരുന്നു മാര്‍ക് ട്വൈന്‍.
ഹാസ്യസാഹിത്യസമ്രാട്ടായ മാര്‍ക്ട്വൈന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയുടെ തെക്കന്‍ സംസ്ഥാനമായ മിസ്സൗറിയില്‍, മിസിസ്സിപ്പി നദിയുടെ താഴ്വരയിലാണ്. അവിടെ, താന്‍ അനുഭവിച്ചു വളര്‍ന്ന ഒരു സംസ്കാരത്തെ ചിരിയും ചിന്തയും കലര്‍ത്തി അദ്ദേഹം അവതരിപ്പിച്ചു. ഓരോ വായനക്കാരന്‍റെയും ഉള്ളിലുള്ള ഒരു കുസൃതിച്ചെറുക്കനെ - ടോം സോയര്‍ - അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിശ്വസാഹിത്യവേദിയില്‍ സ്ഥലം പിടിച്ചത്. ടോം സോയറുടെ വീരസാഹസങ്ങള്‍ വന്‍ വിജയമായപ്പോള്‍ അതിന് തുടര്‍ച്ചയായി ടോം സോയറുടെ സഖാവായ ഹക്കിള്‍ ബെറി ഫിന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കൃതി രചിക്കുവാന്‍ ട്വൈന്‍ തീരുമാനിച്ചു. ഏഴുവര്‍ഷത്തിലധികം വേണ്ടിവന്നു ഈ ചെറുകൃതി പുറത്തുവരാന്‍. എന്നാല്‍ കുട്ടികളുടെ കുസൃതിക്കഥ എന്ന മാനത്തിനപ്പുറം ഗൗരവമുള്ള ചില സാമുഹ്യ പ്രശ്നങ്ങളോടുള്ള പ്രതികരണമായിത്തീര്‍ന്നു ഈ നോവല്‍.
ടോം സോയറുടെ കഥയുടെ അവസാനത്തില്‍ ഈ ബാലന്മാര്‍ കണ്ടെടുത്ത നിധിയില്‍ നിന്നാണ് ഹക്കിള്‍ ബെറിയുടെ കഥ തുടങ്ങുന്നത്. കാട്ടിലും നദിയിലും വേട്ടയാടി സ്കൂളിലും പള്ളിയിലുമൊന്നും പോകാതെ അലഞ്ഞു നടക്കുന്ന അനാഥനാണ് ഹക്കിള്‍ബെറി എന്ന ഹക്കിന മുഴുക്കുടിയനായ ഒരു അപ്പനുമുണ്ട്.
ഹക്കിനെ ആ ഗ്രാമത്തിലെ, വിധവയായ മിസ്സിസ് ഡഗ്ലസ് ദത്തെടുത്ത് ഒരു 'ജെന്‍റില്‍മാനാ'ക്കാനുള്ള ശ്രമത്തിലാണ്. അവരോട് ബഹുമാനമുണ്ടെങ്കിലും ഒരു മാന്യനായി ജീവിക്കുക എന്നത് ഹക്കിനെ സംബന്ധിച്ച് ഒരു പീഡനമായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവന്‍ വീടുവിട്ട് പഴയ കൂട്ടുകാരെ തേടിപ്പോകും. അങ്ങനെയൊരവസരത്തിലാണ് അവന്‍റെ പിതാവ് ഹക്കിനെ തട്ടിക്കൊണ്ടുപോയി നദിക്കരയിലുള്ള വനത്തില്‍ ഒരു പഴയ വീട്ടില്‍ ബന്ധനസ്ഥനാക്കുന്നത്. അവിടെനിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടുന്ന ഹക്കിന് അപ്രതീക്ഷിതമായി ഒരു കൂട്ടാളിയെ കിട്ടി. തന്‍റെ പിതാവാകാന്‍ പ്രായമുള്ള ജിം എന്ന നീഗ്രോ. ജിം ഒരു അടിമയാണ്. തന്നെ, തന്‍റെ ഉടമസ്ഥ വില്‍ക്കാന്‍ തീരുമാനിച്ചതറിഞ്ഞ് രാത്രിയില്‍ അവിടെ നിന്ന് രക്ഷപെട്ടതാണ് ജിം. രണ്ടുപേരുംകൂടി നദിക്കരയിലടിഞ്ഞ ഒരു ചങ്ങാടത്തില്‍ കയറി കെയ്റോ എന്ന സ്ഥലം ലക്ഷ്യമാക്കി യാത്രയാകുന്നു. സ്വാതന്ത്ര്യം തേടിയുള്ള ഈ നീണ്ടയാത്രയാണ് കഥയുടെ പ്രധാനഭാഗം.
ഒരു കുട്ടിയുടെ നിഷ്കളങ്കത മാത്രമല്ല, അവന്‍റെ ബുദ്ധികൂര്‍മ്മതയും പ്രകാശിപ്പിക്കുന്ന അനേകം സംഭവങ്ങള്‍ നദിയിലും കരയിലുമായി നടക്കുന്നുണ്ട്. മുതിര്‍ന്നവരുടെ ലോകത്തെ വിലയിരുത്തുവാന്‍ ഹക്കിന്‍റെ നിഷ്കളങ്കത ധാരാളം മതി. സംസ്കാരമെന്നും മാന്യതയെന്നുമൊക്കെ പേരിട്ട് ആചരിച്ചുപോരുന്ന അനാചാരങ്ങളെയും മനുഷ്യത്വഹീനമായ നിലപാടുകളെയും ഇത്ര ഭംഗിയായി അവതരിപ്പിച്ച സാഹിത്യസൃഷ്ടികള്‍ അപൂര്‍വ്വമാണ്.
അമേരിക്കയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്‍റെ രേഖാചിത്രം ഇതിലുണ്ട്. അടിമവ്യവസ്ഥയെ ആശ്രയിച്ചു നിലനിന്നിരുന്ന ഒരു സമ്പദ്വ്യവസ്ഥ. മൗലികവാദ നിലപാടുകളില്‍ ഉറച്ച ഒരു പാശ്ചാത്യ കാല്‍വിനിസ്റ്റ് ക്രൈസ്തവസംസ്കാരം. ഇതായിരുന്നു ദക്ഷിണ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ പശ്ചാത്തലം. ആധുനിക കാലഘട്ടത്തിലെ ആദ്യ ജനാധിപത്യ രാഷ്ട്രമായ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടീഷ് കോളനിയായിരിക്കുമ്പോള്‍തന്നെ അടിമസമ്പ്രദായം വളര്‍ത്തിയെടുത്തിരുന്നു.
പ്രകൃത്യാതന്നെ എല്ലാ മനുഷ്യരും തുല്യരാണെന്ന അമേരിക്കന്‍ ഭരണഘടനയുടെ മുഖവുരയില്‍ എഴുതിച്ചേര്‍ത്ത തോമസ് ജെഫേഴ്സണ് സ്വന്തമായി ആയിരത്തോളം ആഫ്രിക്കന്‍ അടിമകള്‍ ഉണ്ടായിരുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ അവരുടെ ദൃഷ്ടിയില്‍ മനുഷ്യരല്ലായിരുന്നുവെന്നു സാരം! റോമാസാമ്രാജ്യത്തില്‍ അടിമത്തമില്ലാതെയാക്കുവാന്‍ പൊരുതിയ ക്രൈസ്തവര്‍ ആധുനികകാലത്ത് അടിമക്കച്ചവടം വളര്‍ത്തിയതെങ്ങനെ എന്നു ചിന്തിക്കുന്നത് കൊള്ളാം. ഇതിനെ ന്യായീകരിക്കുന്ന ദൈവശാസ്ത്രംപോലും കാല്‍വിനിസ്റ്റുക്കള്‍ക്കുണ്ടായിരുന്നു.
ഇത്തരം ഒരു സംസ്കൃതിയോടാണ് ഹക്കിള്‍ബെറി എന്ന അനാഥ ബാലന്‍റെ കലാപം. പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട തനിക്ക് സ്നേഹം ചൊരിഞ്ഞുതന്ന ഈ കറുത്ത വര്‍ഗക്കാരനുമായി അവന്‍ ഒളിച്ചോടുകയാണ്. രണ്ടുപേര്‍ക്കും 'മാന്യതയുടെ' ലോകത്തുനിന്നു രക്ഷപെടണം, സ്വാതന്ത്ര്യത്തിലേക്ക്. ഈ സാഹസിക യാത്രയില്‍ നടക്കുന്ന ഓരോ സംഭവങ്ങളും ഹക്കിനെ ആത്മീയമായും ധാര്‍മ്മികമായും വളര്‍ത്തുകയാണ്. സമൂഹം തന്നെ പഠിപ്പിച്ച പാഠമനുസരിച്ച് ഒരു അടിമയെ രക്ഷപെടാന്‍ സഹായിക്കുന്നത് നരകശിക്ഷ ലഭിക്കുവാന്‍ തക്ക പാപമാണെന്നവനറിയാം. എന്നാല്‍ പ്രകൃത്യാലുള്ള അവന്‍റെ മനുഷ്യത്വം അഥവാ ആര്‍ദ്രത അവനെ പഠിപ്പിക്കുന്നത് ഈ നിലപാടിന് വിരുദ്ധമായ ഒരു സംഗതിയത്രേ.
ഇവരുടെ യാത്രയില്‍ ഒപ്പം ചേരുന്ന രണ്ടു തട്ടിപ്പുകാരുമുണ്ട്. ഹക്കിനെയും ജിമ്മിനെയും വേണ്ടുവോളം അവര്‍ മുതലെടുക്കുന്നു. ഒടുവില്‍ ജിം രക്ഷപെട്ട അടിമയാണെന്നും പിടിച്ചുകൊടുക്കുന്നവര്‍ക്ക് മുന്നൂറ് ഡോളര്‍ കിട്ടുമെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഒരവസരത്തില്‍ ജിമ്മിനെ തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് വില്ക്കാനായി അവര്‍ തടവിലാക്കുന്നു. ഈ ഘട്ടത്തിലാണ് ഹക്ക് തന്‍റെ സ്വാഭാവിക ധാര്‍മ്മികതയെ തിരിച്ചറിയുന്നത്. അടിമയെ മോഷ്ടിച്ചവനാണ് താന്‍ എന്ന കുറ്റബോധത്തില്‍ അവന്‍ ജിമ്മിന്‍റെ ഉടമസ്ഥയ്ക്ക് ഒരു കത്തെഴുതിവച്ചിരുന്നു. ജിം തന്നോടൊപ്പമുണ്ടെന്നറിയിച്ചു കൊണ്ടുള്ള കത്ത്. കളവുമുതല്‍ തിരിച്ചുകൊടുക്കണമല്ലോ? എന്നാല്‍ ജിം പിടിക്കപ്പെട്ട അവസരത്തില്‍ ജിമ്മിനെ രക്ഷിക്കുവാന്‍ തന്നെ ഹക്ക് തീരുമാനിക്കുന്നു. ജിമ്മിനെ സ്വതന്ത്രനാക്കാന്‍ വേണ്ടി താനെഴുതിയ കത്ത് കീറിക്കളയുമ്പോള്‍, "ശരി, എങ്കില്‍ ഞാന്‍ നരകത്തില്‍തന്നെ പൊയ്ക്കൊള്ളാം" എന്നു തീരുമാനിക്കുന്ന സന്ദര്‍ഭമുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ കഥയുടെ ക്ലൈമാക്സ്.
ഒരു ജീര്‍ണ്ണിത ധര്‍മ്മസംസ്കൃതിയെ മുറുകെപ്പിടിച്ചിരുന്ന ഈ സമൂഹം ആചരിച്ചിരുന്ന 'ക്രിസ്തീയത'യും നോവലിസ്റ്റിന്‍റെ നിശിതമായ കണ്ണുകള്‍ കാണുന്നുണ്ട്. ഒരുതവണ ജിമ്മും ഹക്കും കരയിലെത്തുന്നത്, അമ്പത് വര്‍ഷമായി തുടര്‍ന്നുവരുന്ന ഒരു രക്തരൂക്ഷിതമായ കുടിപ്പകയുടെ നടുവിലേയ്ക്കാണ്. രണ്ടു പ്രബല പ്രഭു കുടുംബങ്ങള്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിന് ഹക്ക് സാക്ഷിയാകുന്നു. ഈ രണ്ടു കൂട്ടരും ഞായറാഴ്ച പള്ളിയില്‍ വരുന്നത് നിറതോക്കുകളുമായിട്ടാണ്! ഇവരെപ്പറ്റി ഹക്ക് 'ബഹുമാനാദരങ്ങളോടെ' സംസാരിക്കുമ്പോള്‍, അതിലടങ്ങിയ വിരോധോക്തി അനുവാചകമനസ്സില്‍ തറഞ്ഞുകയറും.
എന്നാല്‍ എല്ലാം ശുഭമായി അവസാനിക്കുന്നുണ്ട്. കുറെയധികം ആകസ്മിക സംഭവങ്ങളില്‍കൂടി ഒടുവില്‍ ജിം സ്വാതന്ത്ര്യം നേടുകയും ഹക്കിന് പുതിയ ജീവിതം ലഭിക്കുകയും ചെയ്യുന്നു. എങ്കിലും അടിമവ്യവസ്ഥയും മതഭ്രാന്തും സ്വാര്‍ത്ഥതയും നാശോന്മുഖമാക്കിയ ഒരു സംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഹക്ക് തന്‍റെ കഥ അവസാനിപ്പിക്കുന്നത്. ബാക്കിയുള്ളവരെല്ലാം സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഹക്ക് അവരെയെല്ലാം വിട്ട് പടിഞ്ഞാറന്‍ പ്രദേശത്തേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണ്. "അവര്‍ എന്നെ ദത്തെടുത്ത് മാന്യനാക്കും എന്നു ഞാന്‍ ഭയപ്പെടുന്നു" എന്നാണ് ഹക്ക് പറഞ്ഞവസാനിപ്പിക്കുന്നത്.
മാര്‍ക് ട്വൈന്‍ നിയതമായ അര്‍ത്ഥത്തില്‍ ഒരു ക്രിസ്ത്യാനിയായിരുന്നില്ല. അതേസമയം തനിക്കു ചുറ്റുമുള്ള ക്രിസ്തീയ സംസ്കാരത്തിന്‍റെ, അതായത്, അമേരിക്കന്‍ കാല്‍വിനിസ്റ്റ് പശ്ചാത്തലത്തിന്‍റെ അപചയങ്ങളെ സൂക്ഷ്മതയോടെ അറിയുകയും അതിനെ നിശിതമായി പരിഹസിക്കുകയും ചെയ്തിരുന്നു. മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന് ട്വൈന്‍ നര്‍മ്മസാഹിത്യം ആയുധമാക്കി മാറ്റി. 1830 കളാണ് ഹക്കിള്‍ബെറിയുടെ കഥാപശ്ചാത്തലം. 1861 ല്‍ അമേരിക്കയില്‍ അടിമവ്യവസ്ഥ നിരോധിക്കപ്പെട്ടു. അടിമവ്യവസ്ഥയെ നേരിട്ട് സംബോധന ചെയ്യുന്നില്ലെങ്കിലും ട്വൈനിന്‍റെ ഈ കൃതി അതിന്‍റെ ധാര്‍മ്മികാപചയത്തെ കൃത്യമായി അവതരിപ്പിക്കുന്നു.
സാഹിത്യകൃതികള്‍ നമ്മെ പ്രകോപിപ്പിച്ചേക്കാം; എന്നാല്‍, അത്തരം പ്രകോപനങ്ങള്‍ നമ്മുടെ സാംസ്കാരികമൂല്യങ്ങളെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുകയാണ് വേണ്ടത്. വായന ധ്യാനമായിത്തീരുന്നതപ്പോഴാണ്.