

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്‍ഷം പിന്നിടുന്നു. ഇരു വശത്തും ധാരാളം ആളപായമുണ്ടായി. അതില്‍ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം യൂണിസെഫിന്‍റെ (UNICEF) ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 15,000 കുട്ടികള്‍ക്ക് ഈ യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അതിലും മൂന്ന് ഇരട്ടി കുട്ടികളാണ് മുറിവേറ്റവരും പോഷകാഹാര കുറവു മൂലം ദുരിതമനുഭവിക്കുന്നവരും എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ - ഇറാന്‍ സങ്കര്‍ഷത്തിന്‍റെ കാര്യത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. യുദ്ധത്തിന്‍റെ പരിണിത ഫലം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണെന്ന് തോന്നുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പരുക്കേറ്റ് മരണത്തിനു കീഴടങ്ങിയ ബാലന്‍റെ 'ഞാന്‍ പോയി ഇതെല്ലാം ദൈവത്തോട് പറഞ്ഞു കൊടുക്കും' എന്ന അവസാന വാക്കുകള്‍ ഏറെ സങ്കടത്തോടെയാണ് ലോകം ശ്രവിച്ചത്.
അന്താരാഷ്ട്ര യുദ്ധങ്ങളില്‍ മാത്രമല്ല നമ്മുടെ വീടിനകത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ പോലും ഏറ്റവുമധികം മുറിവേല്‍ക്കപ്പെടുന്നതും രക്തം ചിന്തുന്നതും നമ്മുടെ കുട്ടികളാണ്.
അടുത്തിടെ കൗണ്‍സിലിങ്ങിന് കൊണ്ടുവന്ന എട്ടാം ക്ലാസുകാരിയോട് അവളുടെ കൈതണ്ടയിലെ മുറിവിന്‍റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഏറെ അതിശയപ്പെടുത്തി. കേവലം 14 വയസ്സുള്ള ആ പെണ്‍കുട്ടി തന്‍റെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്രേ...! കൂടുതല്‍ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അവളുടെ പള്ളിതിരുനാളില്‍ പരിചയപ്പെട്ട ഒരു 18 വയസ്സുകാരനോട് അവള്‍ക്ക് തോന്നിയ ഒരടുപ്പം. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ക്രഷ്'. ആ സൗഹൃദം അതങ്ങനെ മാസങ്ങളോളം നീണ്ടു, പടര്‍ന്നു പന്തലിച്ചു. പിന്നെ ഇത്തരത്തിലുള്ള ഏതു ബന്ധത്തിലും സംഭവിക്കാവുന്നതു തന്നെ ഇവിടെയും സംഭവിച്ചു. വീട്ടുകാര്‍ കയ്യോടെ പിടികൂടി. പിന്നെ ചോദ്യങ്ങളായി, ശകാരങ്ങളായി..., കുറ്റപ്പെടുത്തലുകളായി, വിലക്കുകളായി, അവള്‍ക്കത് വാശിയായി ...
അതിനൊടുവിലാണ് ആ മകള്‍ ആ സാഹസത്തിനു മുതിര്‍ന്നത്. അല്പമൊന്ന് ഉപദേശിക്കാമെന്ന് വിചാരിച്ചപ്പോള്‍ അവള്‍ വീണ്ടും സങ്കടത്തോടെ കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പപ്പയും മമ്മിയും ആറു വര്‍ഷമായി അകല്‍ച്ചയിലാണെന്നും മമ്മി വിദേശത്തായതിനാല്‍ ദിവസേനയുളള 10 മിനിറ്റ് വാട്സാപ്പ് വീഡിയോ കോള്‍ അതാണ് അവള്‍ക്ക് മമ്മിയുമായിട്ടുള്ള ബന്ധമെന്നും പപ്പ ബിസിനസുമായി തിരക്കിലായതിനാല്‍ താമസിക്കുന്നത് പപ്പയുടെ പെങ്ങളുടെ കൂടെയാണെന്നും തന്നെ കെയര്‍ ചെയ്യാനും തന്‍റെ കാര്യങ്ങള്‍ കേള്‍ക്കാനും ആരുമില്ല എന്ന തോന്നലാണ് അത്തരം ചില സൗഹൃദങ്ങളിലേക്ക് തന്നെ നയിച്ചതെന്നുമുള്ള അവളുടെ ഏറ്റുപറച്ചില്‍ ആ പ്രായത്തിലുള്ള ഏതൊരു പെണ്‍കുട്ടിയുടെയും സങ്കടമായി മാത്രമേ എനിക്ക് തോന്ന ിയുള്ളൂ.
നമ്മുടെ വീടുകളില്‍ കുട്ടികള്‍ക്ക് കുറച്ചുകൂടി കരുതല്‍ കൊടുക്കേണ്ട കാലഘട്ടമാണിതെന്നു തോന്നുന്നു. വീട്ടിലും പരിസരങ്ങളിലും വിദ്യാലയത്തിനകത്തും പുറത്തും സ്കൂള്‍ ബസ്സിലും യാത്രാ വഴികളിലും ട്യൂഷന്‍ ക്ലാസിലുമെല്ലാം അവര്‍ അത്ര സുരക്ഷിതരല്ല എന്നുള്ളതാണ് സമകാലീനമായ പല അനുഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. തൃശ്ശൂരിനടുത്തുള്ള മാളയില്‍ കേവലം ആറു വയസുകാരനെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതും അവന്‍ എതിര്‍ത്തപ്പോള്‍ കുളത്തിലെ ചെളിയില്‍ തള്ളിയിട്ടു കൊന്നതും ആ മകന്‍റെ അയല്‍വാസി തന്നെയായ ചെറുപ്പക്കാരനാണ് എന്ന വാര്‍ത്ത ഏറെ സങ്കടത്തോടെയാണ് നമ്മള്‍ കേട്ടത്. അതിനടുത്ത ദിവസങ്ങളില്‍ ഒരമ്മ കേവലം മൂന്നു വയസു മാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നു കളഞ്ഞ വാര്‍ത്തയും നമ്മളെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ തന്‍റെ വീടിനകത്തു നിന്നു തന്നെ ആ കുഞ്ഞു ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്നുള്ള വിവരം നമ്മള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
വീടിനകത്തും പുറത്തും നമ്മുടെ കുഞ്ഞുങ്ങള്‍ എത്രമാത്രം സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. വേണ്ടപ്പെട്ടവരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികമായ ക്ഷതങ്ങള്‍ അവര്‍ ആരോടു പങ്കുവയ്ക്കും? 'ഗുഡ് ടച്ചും' 'ബാഡ് ടച്ചും' മൊക്കെ എന്തെന്ന് നാം അവരെ പഠിപ്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. ശരിയല്ലാത്തതിനെ കൃത്യമായി പ്രതിരോധിക്കുവാനായിട്ടുള്ള ഒരു പരിശീലനം നമ്മള്‍ അവര്‍ക്ക് കൊടുക്കണം. അതിലുപരി എന്തും തുറന്നു പറയുവാനായിട്ടുള്ള ഒരു കുടുംബ പശ്ചാത്തലവും കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. അതല്ലെങ്കില്‍ അവര്‍ നമ്മില്‍ നിന്നും കൈവിട്ടു പോയേക്കാം.
കേരളത്തില്‍ ഓരോ ദിവസവും പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം നിരവധിയാണ്. ഇന്ത്യയിലെ തന്നെ മയക്കുമരുന്ന് റാക്കറ്റിന്‍റെ ഒരു ഹബ്ബായി കേരളം മാറിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളാണ് അതിന്‍റെ പ്രധാന ഇര എന്നത് അതീവ ജാഗ്രത പുലര്‍ത്തേണ്ട ഒരു വിഷയമാണ്. പഴയകാലത്ത് സ്കൂള്‍ മുറ്റത്തെ പെട്ടിക്കടയിലെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിഠായികളെ പോലെ ഹൈബ്രിഡ് കഞ്ചാവും പിന്നെ എം ഡി എം എ എന്നുള്ള ഓമനപ്പേരില്‍ വിളിക്കുന്ന രാസ ലഹരിയുമെല്ലാം നമ്മുടെ കുട്ടികള്‍ക്ക് സുപരിചിതമായിരിക്കുന്നു. സ്കൂള്‍ പഠന യാത്രകളിലും കൂട്ടുകാരുടെ ആളൊഴിഞ്ഞ വീടുകളിലും പറമ്പുകളിലുമായി അവര്‍ നടത്തിയിരുന്ന 'ബാച്ചിലര്‍ പാര്‍ട്ടികളുടെ' അതിരുകള്‍ ഏറെ കടന്നുപോകുന്നു എന്നതാണ് ചുറ്റുപാടുമുള്ള പല വാര്‍ത്തകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ലഹരിയുടെ മറ്റൊരു തലമാണ് ഡിജിറ്റല്‍ അഡിക്ഷന്‍. ഇന്‍റര്‍നെറ്റിലെ ഓണ്‍ലൈന്‍ ഗെയിമു കളുടെയും തട്ടിപ്പുകളുടെയും 'പോണ്‍ സൈറ്റു'ക ളുടെയും ഇരകളായി കൂടുതല്‍ മാറിക്കൊണ്ടിരി ക്കുന്നത് നമ്മുടെ കുട്ടികളാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ അവരുടെ ഭാഷ പോലും മനസിലാകാതെ പലപ്പോഴും മുതിര്‍ന്നവര്‍ കുഴങ്ങുന്നു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ കഴിഞ്ഞ മാര്‍ച്ച് മാസം ഏതാനും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവും അതിനെ തുടര്‍ന്ന് പത്താം ക്ലാസു കാരനായ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായതുമെല്ലാം ഏറെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.
അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ള പല അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്, തങ്ങളുടെ പ്രായത്തിനൊത്തൊരു മാനസിക പക്വതയോ വൈകാരിക നിയന്ത്രണങ്ങളോ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കില്ല എന്നതാണ്.
കഴിഞ്ഞ കോവിഡ് കാലത്തെ രണ്ടുവര്‍ഷം കൊണ്ട് ഔദ്യോഗിക കണക്ക് പ്രകാരം പതിനഞ്ചു വയസിനു താഴെയുള്ള ഏകദേശം 374 കുട്ടികളാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത് എന്ന വിവരം നമ്മളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ തന്നെ മേശപ്പുറത്ത് ഒരു പത്രം കിടപ്പുണ്ട്. അതില്‍ ഒരു ചെറിയ കോളം വാര്‍ത്ത ഇപ്രകാരമാണ്. തിരുവനന്തപുരം നേമത്ത് ഒരു എട്ടുവയസ്സുകാരി സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. കൂടുതല്‍ വായിക്കുമ്പോള്‍ കാരണം വ്യക്തമാകുന്നു. നോക്കാന്‍ ഏല്‍പ്പിച്ച കുഞ്ഞുവാവ കരഞ്ഞ കാരണം അമ്മ വഴക്ക് പറഞ്ഞു. അമ്മയ്ക്ക് തന്നെ വേണ്ട എന്നുള്ള ചിന്ത ആ കുഞ്ഞു മനസ്സില്‍ പതിഞ്ഞിരിക്കുന്നു. അതിന് അവള്‍ കണ്ടെത്തിയ പരിഹാരമാണ് ആ ആത്മഹത്യ...
അതുകൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും അവരുടെ ശരീരത്തിന്‍റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാനായി അവരെ പഠിപ്പിക്കു കയും ചെയ്യുക എന്നുള്ളത് ഇന്നത്തെ കാലഘട്ട ത്തിന്‍റെ സുകൃതമാണ്. ശരീരത്തിന്‍റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മരണം പോലും കൈവരിച്ച ഒരു കൊച്ചു പുണ്യാളത്തിയുടെ തിരുനാളാണ് ഈ മാസം. വേറെ ആരുമല്ല വിശുദ്ധ മരിയ ഗൊരേത്തി. നമ്മുടെ കുഞ്ഞുളെയും ആ വിശുദ്ധയെപോലെ സ്വയം പ്രതിരോധിക്കാനും വിശുദ്ധിയുടെ പാത കള്‍ ചവിട്ടി കയറാന്‍ നാം പഠിപ്പിക്കണം...
കുട്ടികളെ സൂക്ഷിക്കുക.!
നൗജിന്‍ വിതയത്തില്‍,
അസ്സീസി മാസിക,ജൂലൈ 2025





















