
സംശയിക്കുന്ന തോമ്മാ

ക്രൈസ്‌തവ മക്കളുടെ ആദ്ധ്യാത്‌മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക് ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്‌ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സാധാരണക്കാരായ പലരു ം ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ കൂടണം? ഒരു നിശ്ചയവുമില്ല. രോഗശാന്തി ശുശ്രൂഷയുടെ പ്രസക്തിയെ സംബന്‌ധിച്ച് വൈദികരുടെ വിശ്വാസികളുടെ ഇടയിലും വിശ്വാസികളുടെ ഇടയിലും വിരുദ്ധ ചേരികൾ തന്നെ രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. ചിലർ വളരെ ക്രൂരമായി ഇതിന്റെ ചില നേതാക്കളെ അന്തിക്രിസ്തു എന്നുപോലും വിശേഷിപ്പിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ മേൽ പറഞ്ഞ 'ദൈവവചന പ്രഘോണവും രോഗശാന്തി ശുശ്രൂഷയും' അസ്സീസിയിലൂടെ ഒരു വിശദീകരണം നൽകിയാൽ കൊള്ളാം.
തോമസ് കോട്ടൂർ, കയ്യൂർ
"ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും" എന്ന പരിപാടിയിൽ നടക്കുന്ന ദൈവവചന പ്രഘോഷണത്തെപ്പറ്റിയാണ് കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നത്. ഇനി, രോഗശാന്തി ശുശ്രൂഷയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
രോഗശാന്തി ശുശ്രൂഷയുടെ "പുതുമ"
രോഗശാന്തി ശുശ്രൂഷയുടെ പുതുമയാണ് അനേകരെ ഈ പരിപാടിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്ന്. ചിലർ ഇതിനെ എതിർക്കുന്നതിനുള്ള ഒരു കാരണവും ഈ പുതുമ തന്നെ. ഇന്നത്തെ രീതിയിലുള്ള രോഗശാന്തി ശുശ്രൂഷകൾ വ്യാപകമായത് കത്തോലിക്കാസഭയിൽ വത്തിക്കാൻ കൗൺസിലിനുശേഷം ആരംഭിച്ച കാരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനത്തോടെയാണ്. പെന്തക്കോസ്‌തുകാർക്കിടയിൽ 18, 19 നൂററാണ്ടുകളിൽ ഇത്തരത്തിലുള്ള രോഗശാന്തി ശുശ്രൂഷകൾ പ്രചാരത്തിലായിരുന്നു. അതിനാൽ, അവരിൽ നിന്നു കടംകൊണ്ടതാണ് രോഗശാന്തി ശുശ്രൂഷയെന്നും, കത്തോലിക്കർക്ക് അതു വർജ്ജ്യമാണെന്നുമുള്ള ഒരു ചിന്താഗതി ചിലർക്കുണ്ടെന്നു തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ രോഗശാന്തി ശുശ്രൂഷ അത്ര പുതുമ നിറഞ്ഞതൊന്നുമല്ല. പെന്തക്കോസ്‌തുകാരിൽ നിന്നു അതേപടി കടംകൊണ്ടതുമല്ല അത്. പഴയനിയമത്തിന്റേയും പുതിയ നിയമത്തിന്റെയും ആഴങ്ങളിൽ വേരോടിയിട്ടുള്ള ഒരു പാരമ്പര്യമാണ് അതിനുളളത്.
രോഗശാന്തി ശുശ്രൂഷകൾ ബൈബിളിലും സഭാപാരമ്പര്യത്തിലും
പ്രാർത്ഥനയും വെഞ്ചരിപ്പുകളും രോഗശാന്തിക്കു സഹായകമാണെന്ന ബോധ്യം ക്രൈസ്തവർക്കിടയിൽ എന്നും നിലനിന്നിരുന്നതാണ്. പഴയനിയമത്തിൽത്തന്നെ നാം കാണുന്നുണ്ട്', പ്രാർത്ഥനയും ബലികളും രോഗശാന്തിയെ സഹായിക്കുമെന്ന വിശ്വാസം. രോഗശാന്തിക്കുവേണ്ടി ഇസ്രായേൽക്കാർ പുരോഹിതരുടേയും പ്രവാചകരുടെയും ആശീർവാദം തേടുകയും, ദൈവത്തോട് അതിനുള്ള കൃപാവരത്തിനായി പ്രാർത്ഥിക്കയും ചെയ്തിരുന്നു. തൻറെ പ്രവാചകന്മാരിലൂടെ അത്ഭുതം പ്രവർത്തിച്ച് ദൈവം പലരേയും സുഖപ്പെടുത്തിയതായും പഴയ നിയമത്തിൽ നാം വായിക്കുന്നുണ്ട് (ഉദാ, 2 രാജ 5:1-27,20: -11)യേശു നാഥൻ അനേകർക്ക് അത്ഭുത രോഗശാന്തി നൽകിയതായി സുവിശേഷങ്ങൾ സാക്ഷ്യപെടുത്തുന്നു. യേശുനാഥനിലൂടെ സമാഗതമാകുന്ന ദൈവരാജ്യത്തിന്റെ അടയാളങ്ങളിൽ ഒന്നത്രേ ഈ അത്ഭുത രോഗശാന്തികൾ (മത്താ. 11: 4-5). ദൈവരാജ്യം പ്രസംഗിക്കുന്നതിനായി ശിഷ്യന്മാരെ പറഞ്ഞയച്ചപ്പോൾ അത്ഭുത രോഗശാന്തി നൽകുന്നതിനുള്ള വരവും യേശു അവർക്കു നൽകുകയുണ്ടായി (മത്താ. 10: 1-8; ലൂക്കാ 2: 1-6). ഉത്ഥാനത്തിനുശേഷം സുവിശേഷം പ്രസംഗിക്കുവാൻ ശിഷ്യന്‌മാർക്കു നല്‌കുന്ന പ്രേഷിതദൗത്യത്തോടൊപ്പം രോഗികളുടെമേൽ കൈവച്ച് അവരെ സുഖപ്പെടുത്തുവാനുള്ള അധികാരവും അവിടുന്ന് അവർക്ക് കൊടുക്കുന്നു. (മർക്കോ. 18: 17-18).
യേശു നൽകിയ രോഗശാന്തിവരം തങ്ങളുടെ പ്രേഷിതവേലയ്ക്കിടയിൽ അപ്പസ്തോലന്മാർ പലപ്പോഴും ഉപയോഗിച്ചിരുന്നുവെന്നു നമുക്കറിയാം (അപ്പ. 3, 1-6; 8:7; 9: 32-42). പരിശുദ്‌ധാത്മാവിൽനിന്നു സഭയ്ക്കു ലഭിച്ചിരിക്കുന്ന മുഖ്യ സിദ്‌ധികളിൽ (charisms) ഒന്നായിട്ടാണ് പൗലോസ് ശ്ലീഹാ രോഗശാന്തിവരത്തെ കാണുന്നത് (1 കോറി. 12:1,28:30). പ്രാർത്ഥനയേയും പ്രാർത്ഥനയോടുകൂടിയ തൈലാഭിഷേകത്തേയും രോഗശാന്തിക്കു സഹായകമായി ആദിമ പരിഗണിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് വിശുദ്‌ധ യാക്കോബു ശ്ളീഹായുടെ ലേഖനത്തിൽ നാം വായിക്കുന്നത്. "നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്‌ഠരെ വിളിക്കട്ടെ. കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്‌ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവനു മാപ്പു നല്‌കും. നിങ്ങൾ സൗഖ്യം പ്രാപിക്കുവാനായി പരസ്‌പരം പാപങ്ങൾ ഏററുപറയുകയും പ്രാർത്ഥിക്കുകയും ചെയ്യുവിൻ. നീതിമാൻ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാകുന്നു" (യാക്കോ. 3: 14-18).
രോഗീലേപനമെന്ന കൂദാശയ്ക്കും രോഗികൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്കും വെഞ്ചരിപ്പുകൾക്കും യാക്കോബ് ശ്ലീഹായുടെ ഈ വാക്കുകൾ പിൽക്കാലത്തു മുഖ്യ ആധാരമായിത്തീർന്നു. രോഗശാന്തിക്കുവേണ്ടിയുളള പ്രത്യേക പ്രാർത്ഥനകൾ സഭയിൽ എല്ലാ നൂററാണ്ടുകളിലും നാം കാണുന്നുണ്ട്-ആരാധനക്രമത്തിലും അല്ലാതെയും. ചില പ്രത്യേക രോഗങ്ങളിൽനിന്നു മോചനം നേടുവാൻ പ്രത്യേക വിശുദ്‌ധരോടുള്ള പ്രാർത്ഥന, രോഗശാന്തി തേടി ലൂർദ്‌ദിലേക്കുളള തീർത്ഥയാത്ര, ഇവയൊക്കെ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടല്ലോ. അങ്ങനെ വിവിധ രീതിയിലുളള രോഗശാന്തി ശുശ്രൂഷകൾ വിശുദ്ധ പുസ്‌തകത്തിലും സഭയുടെ പാരമ്പര്യത്തിലും അടിയുറച്ചിട്ടുള്ളവ തന്നെയാണ്.
ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനം
രോഗത്തെ വിശുദ്ധ പുസ്‌തകം കാണുന്നത് കർമ്മപാപവുമായോ ജന്മപാപവുമായോ ബന്‌ധപ്പെട്ടതായിട്ടാണ്. കർമ്മ പാപത്തിന്റെ ഫലമാണ് എല്ലാ രോഗങ്ങളുമെന്ന യഹൂദ ചിന്താഗതിയെ യേശു തിരസ്കരിക്കുന്നു (യോഹ. 5:14), പാപത്തിൽനിന്നു മാത്രമല്ല, പാപവുമായി ബന്ധപ്പെട്ട രോഗത്തിൽനിന്നും മനുഷ്യൻ മോചിതനാകണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ടാണ് തന്നിലൂടെ സമാഗതമാകുന്ന ദൈവരാജ്യത്തിൻെ അടയാളമായി രോഗശാന്തിയെ യേശു കണ്ടത് (മത്താ. 11:4-5). മനുഷ്യനെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന ദൈവം, അവൻ രോഗങ്ങൾ സഹിക്കുന്നതോ വേദനയനുഭവിക്കുന്നതോ പട്ടിണി കിടക്കുന്നതോ ചൂഷണം ചെയ്യപ്പെടുന്നതോ പാപത്തിന് അടിമയായിരിക്കുന്നതോ ഒന്നും ഇഷ്ട്‌ടപ്പെടുന്നില്ല. ഇവയിൽനിന്നെല്ലാമുള്ള മനുഷ്യന്റെ സമഗ്രമായ മോചനവും സമ്പൂർണ്ണമായ രക്ഷയുമാണ് ദൈവം ആഗ്രഹിക്കുന്നത്.
ഈ മോചനത്തിനും രക്ഷയ്ക്കുംവേണ്ടിയുളള എല്ലാ പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് ദൈവരാജ്യത്തോടു സജീവമായ ബന്ധമുണ്ടെന്നും. ഇവയിലൂടെ മനുഷ്യൻ യഥാർത്ഥത്തിൽ ദൈവരാജ്യത്തിനു പശ്ചാത്തലമൊരുക്കുകയാണു ചെയ്യുന്നതെന്നുമത്രേ രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് (സഭ ആധുനിക ലോകത്തിൽ, 38-39). അതിനാൽ, വിശ്വാസ സാന്മാർഗ്‌ഗിക നിയമങ്ങളുടെ പരിധിക്കുള്ളിൽ രോഗികൾക്കു സൗഖ്യം നൽകുന്നതിനുവേണ്ടിയുളള എല്ലാ പ്രവർത്തനവും പ്രത്യക്ഷമായോ പരോക്ഷമായോ ദൈവരാജ്യത്തിനു വേണ്ടിയുള്ള പ്രവർത്തനം തന്നെയാണ് - അത് വൈദൃശാസ്ത്രത്തിന്റെ സഹായത്തോടെയായാലും മനഃശാസ്ത്രത്തിന്റെ സഹായ ത്തോടെയായാലും, രോഗശാന്തിശുശ്രൂഷയുടെ സഹായത്തോടെയായാലും, മൗലികമായ ഈ സത്യം മനസ്സിലാക്കിക്കൊണ്ടുവേണം രോഗശാന്തിശുശ്രൂഷകളെ വിലയിരുത്തുവാൻ.
അത്ഭുതരോഗശാന്തിയോ മനശാസ്ത്രപരമായ പ്രതിഭാസമോ?
"ദൈവവചനപ്രഘോഷണവും രോഗഗശാന്തി ശുശ്രൂഷയും' എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ചിലർക്ക് യഥാർതഥത്തിൽ രോഗശാന്തി ലഭിക്കുന്നുണ്ടെന്ന പരമാർത്ഥം നിഷേധിക്കാനാവില്ല. ഇങ്ങനെ രോഗശാന്തി ലഭിച്ച ചിലരെ നമുക്കുതന്നെ നേരിട്ടു പരിചയമുണ്ടായിരിക്കുമല്ലോ. രോഗശാന്തിയെപ്പറ്റി അനുഭവസ്‌ഥർ തന്നെ നൽകുന്ന ധാരാളം സാക്ഷ്യങ്ങൾ ഈ പരിപാടിയിൽത്തന്നെ നാം കേട്ടിട്ടുമുണ്ടാകും. പത്രങ്ങളിൽ പരസ്യപ്പെടുത്തുന്ന ഉദ്‌ദിഷ്‌ട കാര്യസാധ്യത്തിനുള്ള ഉപകാരസ്‌മരണകളിൽ പലതുമെന്നപോലെ ഈ സാക്‌ഷ്യങ്ങളിൽ ഒരു നല്ലഭാഗം വ്യക്തിനിഷ്‌ഠമായ മാനസിക ഭാവങ്ങളെ മാത്രം ആധാരമാക്കിയുളളവയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ, ചില സാക്ഷ്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ച രോഗശാന്തികളെ പറ്റിത്തന്നെയാണെന്നതിൽ സംശയമില്ല. ഇവ ദൈവം പ്രവർത്തിക്കുന്ന അത്ഭുതരോഗ ശാന്തികളാണോ, അതോ മനഃശാസ്ത്രത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന സ്വാഭാവികപ്രതിഭാസങ്ങളാണോ! അതാണ് ഇന്ന് പലരേയും കുഴയ്ക്കുന്ന ഒരു ചോദ്യം
മന:ശാസ്ത്രത്തിൻറ ഉൾക്കാഴ്ചകൾ
ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. അത്ഭുതങ്ങളെപ്പറ്റി തന്നെയുള്ള മൗലികമായ ഒരു പരിചിന്തനം ഇവിടെ ആവശ്യമാണ്. എന്നാൽ, അതിനുമുമ്പ് മനഃശാസ്ത്രം ഇന്നു നമുക്കു തരുന്ന ചില ഉൾക്കാഴ്‌ചകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യൻ്റെ മനസ്‌സും ശരീരവും ആത്മാവുമെല്ലാം തമ്മിൽ അഭേദ്യമായ ബന്‌ധമാണുള്ളത്. പാപവും രോഗവും തമ്മിൽ എപ്പോഴും നേരിട്ടു ബന്ധമുണ്ടായിരിക്കണമെന്നില്ല. എന്നാൽ, ഈ സാധ്യതയെ യേശുനാഥൻ അപ്പാടെ തളളിക്കളഞ്ഞിട്ടുമില്ലെന്നു മുകളിൽ നാം കണ്ടല്ലോ; പാപം ദൈവത്തിനും സഹോദരനുമെതിരായ തിന്മയാണ്; ദൈവസ്നേഹത്തിന്റെയും മനുഷ്യ സ്‌നേഹത്തിൻ്റെയും നിഷേധമാണത്.
സ്നേഹവും കാരുണ്യവുമൊക്കെ ആത്മാവിൻ്റെയെന്നപോലെ തന്നെ മനസ്സിൻ്റെയും ഏറ്റവും സ്വാഭാവികമായ, ജീവാത്മകമായ ഭാവങ്ങളാണ്. മറിച്ച്, വിദ്വേഷവും വെറുപ്പും കോപവും അസൂയയുമെല്ലാം മനസ്സിനെ കാർന്നുതിന്നുന്ന തിന്മകളാണ്. അതോടൊപ്പം ശരീരത്തേയും അവ ബാധിക്കുന്നുണ്ട്. ശരീരത്തിൻ്റെ ജീവകോശങ്ങളിലും നാഡീവ്യൂഹങ്ങളിലുമെല്ലാം പല താളപ്പിഴകളും അവ വരുത്തുന്നുണ്ട്. അതു ക്രമേണ ശാരീരികമായ രോഗത്തിലേക്കു നയിച്ചേക്കാം. ആത്മാവും മനസ്സും ശരീരവും തമ്മിൽ ഇപ്രകാരം ആഴമായ ബന്ധമുണ്ടെങ്കിൽ, ശാരീരികമായ ചില രോഗശാതികൾക്കു കാരണം ആത്‌മാവിനു ലഭിച്ച രോഗശാന്തിയാണെന്നു മനസ്‌സിലാക്കാൻ വിഷമമില്ലല്ലോ. ദൈവവചന പ്രഘോഷണത്തിലൂടെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കപ്പെട്ട്, ദൈവവുമായും സഹോദരങ്ങളുമായും അനുരഞ്ജനപ്പെടുന്ന വ്യക്തിയിൽ നിന്ന് ചില ശാരീരികാസ്വാസ്ഥ്യങ്ങൾക്കുള്ള കാരണങ്ങളും നീക്കം ചെയ്യപ്പെടുന്നുണ്ടെന്നു പറയാം. അത് അയാളുടെ ശാരീരികമായ രോഗശാന്തിക്കു കാരണമായിത്തീരുന്നു.
ശാരീരികമായി ചിലർക്ക് അനുഭവപ്പെടുന്ന ഗൗരവതരമായ ചില രോഗങ്ങൾ പോലും വളരെയധികം മനഃശാസ്ത്രപരമാണെന്നത് വൈദ്യശാസ്ത്രവിദഗ്‌ധന്മാരും മനഃശാസ്ത്രവിദഗ്‌ധന്മാരും ഒപ്പം സമ്മതിക്കുന്ന ഒരു വസ്തുതയാണ്. ഇങ്ങനെയുള്ള രോഗങ്ങൾക്കു വൈദൃയശാസ്ത്രത്തിന്റെ, ചികിത്സാരീതികൾകൊണ്ട് ഒരു ഫലവും ലഭുച്ചെന്നുവരില്ല. മനഃശാസ്ത്രപരമായ ചികിത്‌സയാണ് ഇവയ്ക്കു വേണ്ടത്. കരിസ്മാററിക് ധ്യാനങ്ങളിലും ദൈവവചന പ്രഘോഷണങ്ങളിലും രോഗശാന്തി ശുശ്രുഷകളിലുമൊക്കെ ഉണ്ടാകുന്ന ചില അനുഭവങ്ങൾ ഒരുതരം മനഃശാസ്ത്ര ചികിത്സയായി ചിലർക്കു പ്രയോജനപ്പെടാറുണ്ട്. ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുത്തതിന്റെ ഫലമായി പെട്ടെന്നു രോഗം മാറുകയും കുറെക്കഴിഞ്ഞ് അതു തിരിച്ചുവരികയും ചെയ്യുന്ന അനുഭവങ്ങൾ ധാരാളമുണ്ടല്ലോ. ഇവിടെയെല്ലാം രോഗത്തിലും രോഗശാന്തിയിലും മന:ശാസ്ത്രത്തിനു ഗണ്യമായ ഒരു പങ്കുണ്ടെന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. അതുപോലെതന്നെ, രോഗം സുഖപ്പെടുമെന്ന ദൃഡമായ വിശ്വാസം രോഗശാന്തിയെ സഹായിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് - രോഗിയുടെ വിശ്വാസവും രോഗശാന്തി നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്‌തിയുടെ വിശ്വാസ "ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും" എന്ന പരിപാടിയിലെ സാക്ഷ്യം പറച്ചിലുകളും പ്രാർത്ഥനകളും പ്രചാരണങ്ങളുമെല്ലാം ഇങ്ങനെയുള്ള വിശ്വാസത്തെ ഉജ്ജീവിപ്പിക്കാനും ഉറപ്പിക്കാനും പോരുന്നതാണെന്നതിൽ സംശയമില്ല. ചില രോഗശാന്തികൾ ഇങ്ങനെ സംഭവിക്കുന്നവയാണെന്ന് ഊഹിക്കുന്നതിലും തെറ്റില്ല.
അത്ഭുതരോഗശാന്തികൾ തെളിയിക്കുക സാധ്യമല്ല
ഇങ്ങനെ പല രോഗശാന്തികളും മന: ശാസ്ത്രത്തിലൂടെ മനസ്‌സിലാക്കാവുന്ന പ്രതിഭാസങ്ങളാണ്. അതേസമയം, ചില രോഗശാന്തികൾ അത്ഭുതരോഗശാന്തികൾ തന്നെയാണെന്നു വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ നമുക്കു പറയുവാൻ കഴിയും. എന്താണ് ഈ അത്‌ഭുതരോഗശാന്തികൾ?
അത്ഭുതരോഗശാന്തികൾ എന്നു പറയുമ്പോൾ ഒന്നാമതായി നാം വിവക്ഷിക്കുന്നത് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലിലൂടെ സംഭവിക്കുന്ന രേഗശാന്തികൾ എന്നാണ്. പ്രത്യേകമായി ഇപ്രകാരം ഇടപെടുന്നത് എവിടെയാണെന്നും എങ്ങനെയാണെന്നും നമുക്കു തീർത്തുപറയുവാൻ കഴിയുകയി ല്ല. അതു ദൈവത്തിൻറതന്നെ രഹസ്യമാണ്. അത്ഭുതരോഗശാന്തി ലഭിച്ച വ്യക്‌തിക്കു ദൈവത്തിന്റെ ഈ പ്രത്യേകമായ ഇടപെടൽ ഒരു ബോധ്യമായിരിക്കും. അതു ദൈവത്തിലേക്ക് അയാളെ കൂടുതൽ അടുപ്പിക്കയും ദൈവസ്നേഹവും പരസ്നേഹവും അയാളിൽ വളർത്തുകയും ചെയ്യും. അയാളുടെ സാക്ഷ്യവും ജീവിതമാതൃകയും ഇതു ദൈവത്തിൻ്റെ പ്രത്യേകമായ ഇടപെടലാണെന്നതിൻറെ സൂചനയും അടയാളവുമായിരിക്കും. ദൈവത്തിന്റെ ഇടപെടലിനേയും അതിന്റെ ഫലമായുണ്ടാകുന്ന രോഗശാന്തിയേയും ശാസ്ത്രീയമായി തെളിയിക്കുന്നതിനു നമുക്ക് ഒരിക്കലും കഴിയുകയില്ല. അതിനാൽ, ഏതാണ് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടൽകൊണ്ടുണ്ടായ അത്ഭുതരോഗശാന്തി, ഏതാണ് മനഃശാസ്ത്രത്തിന്റെ അല്ലെങ്കിൽ വൈദ്യശാസ്‌ത്രത്തിന്റെമാത്രം സഹായത്തോടെ സംഭവിച്ച സ്വാഭാവികമായ രോഗശാന്തി, എന്നു കൃത്യമായി വിവേചിച്ചു പറയുവാൻ നമുക്കാവില്ല.
എന്താണ് അത്ഭുതങ്ങൾ?
അത്ഭുതങ്ങളെപ്പററിത്തന്നെ പരമ്പരാഗതമായി നിലനില്ക്കുന്ന ഒരു തെറ്റിദ്‌ധാരണ ഇവിടെ നാം തിരുത്തേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ ധാരണയനുസരിച്ച്, അത്ഭുതങ്ങൾ പ്രകൃതിനിയമങ്ങൾക്കു വിരുദ്‌ധമായി അല്ലെങ്കിൽ അവയ്ക്കതീതമായി ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ അത്‌ഭുതങ്ങളെ മനസ്‌സിലാക്കുമ്പോൾ, അത്ഭുതങ്ങൾ എന്തെന്നറിയുന്നതിന് എല്ലാ പ്രകൃതിനിയമങ്ങളേയും നാം അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. എങ്കിലേ എന്താണ് പ്രകൃതിനിയമങ്ങൾക്കു വിരുദ്‌ധമായത്", അല്ലെങ്കിൽ അവയ്ക്ക് അതീതമായത് -- എന്നു മനസ്‌സിലാക്കാൻ കഴിയൂ. എല്ലാ പ്രകൃതിനിയമങ്ങളേയും അറിഞ്ഞിരിക്കാൻ നമുക്ക് ഒരിക്കലും സാധ്യമല്ലല്ലോ. അതുപോലെതന്നെ ആദികാരണം (primary cause) ആയ ദൈവം ഒരിക്കലും നേരിട്ടല്ല, എപ്പോഴും ദ്വിതീയകാരണങ്ങളിലൂടെ (secondary causes) ആണ് പ്രപഞ്ചത്തിൽ ഇടപെടുന്നതും പ്രവർത്തിക്കുന്നതും. ദൈവം നേരിട്ടു പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നുവെന്നു പറഞ്ഞാൽ ദ്വിതീയകാരണങ്ങളുടെ സ്‌ഥാനത്തേക്ക് അവിടുന്നു സ്വയം തരംതാഴ്ത്തുന്നുവെന്നത്രെ അർത്ഥം.
ദൈവം ഒരിക്കലും ദ്വിതീയകാരണങ്ങളുടെ സ്‌ഥാനം ഏറെറടുക്കുന്നില്ല. പകരം, ആദികാരണമായിരുന്നുകൊണ്ട് ദ്വിതീയകാരണങ്ങളിലൂടെ അവിടുന്നു പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നു. അത്ഭുതങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദ്വിതീയ കാരണങ്ങളിലൂടെ ദൈവം പ്രത്യേകമായി ഇടപെട്ട് നിശ്ചിതവ്യക്തിക്കു വേണ്ടി നിശ്ചിതസമയത്തു നിശ്ചിത ഫലം ഉളവാക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചു എന്നു നാം പറയുക. ശാസ്ത്രീയമായി അതു തെളിയിക്കുവാൻ നമുക്കു കഴിയില്ല. വിശ്വസിക്കാനേ കഴിയു. വിശ്വസിക്കാനുള്ള ഒരു അടയാളവും ആഹ്വാനവുമാണത്; അല്ലാതെ തെളിവല്ല. തെളിവായിരുന്നെങ്കിൽ വിശ്വസിക്കാൻ നമുക്ക് ഒട്ടു സാധ്യമാകുമായിരുന്നുമില്ല. കാരണം തെളിവ് വിശ്വാസത്തിലേക്കല്ല. വിജ്ഞാനത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടാണ് വി. യോഹന്നാൻ അത്ഭുതത്തെ "അടയാളം" (semeia) എന്ന് വിളിക്കുന്നത് (ഉദാ. യോഹ. 2: 11- 18; 10:41), ദൈവത്തിൻ്റെ പ്രത്യേകമായ സാന്നിധ്യത്തിലും ഇടപെടലിലും വിശ്വസിക്കുന്നതിനുള്ള ഒരു അടയാളമത്രേ അത്ഭുതം (cfr. Walter Kasper, Jesus the Christ, London/Ν. Υ. 1976; 89-95).
ദ്വിതീയകാരണങ്ങളിലൂടെയാണ് ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്നു പറഞ്ഞു. അത്ഭുതരോഗശാന്തികളുടെ കാര്യത്തിൽ ഈ ദ്വിതീയ കാരണങ്ങൾ വൈദ്യശാസ്ത്രപരമോ മന:ശാസ്ത്രപരമോ ആകാം. ഇങ്ങനെയുളള ദ്വിതീയ കാരണങ്ങളും ദൈവത്തിന്റെ പ്രത്യേകമായ ഇടപടലും ഒരിക്കലും പരസ്‌പരവിരുദ്‌ധമല്ല. ഒന്നു മററതിനെ മാറ്റിനിർത്തുന്നില്ല. അതിനാൽ, ഒരു രോഗശാന്തി മനഃശാസ്ത്രത്തിന്റെ നിയമങ്ങളിലൂടെ സംഭവിച്ചതാണെന്നു പറയുമ്പോൾത്തന്നെ അതു ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലിലൂടെ സംഭവിച്ചതാകാം. മററു വാക്കുകളിൽ പറഞ്ഞാൽ, അത്ഭുതരോഗശാന്തിയാകാം. അതേസമയം, അത്ഭുതരോഗശാന്തിയെന്നു പറയുമ്പോൾ, എപ്പോഴും ദൈവത്തിൻറെ പ്രത്യേകമായ ഒരു ഇടപെടൽ അവിടെയുണ്ടെന്നാണർത്ഥം. ദൈവത്തിൻറ സാധാരണ പരിപാലനയിൽ വൈദ്യശാസ്തനിയമങ്ങളോ മനഃശാസ്ത്രനിയമങ്ങളോ അനുസരുച്ചുണ്ടാകുന്ന രോഗശാന്തികൾ അത്ഭുതരോഗശാന്തികളല്ല, സാധാരണരോഗശാന്തികൾ മാത്രമാണ് .
അത്ഭുതരോഗശാന്തികൾ ഇന്നും
നമ്മുടെ വിശ്വാസത്തിനും പ്രാർത്ഥനയ്ക്കും ഉത്തരമായി ദൈവം പ്രത്യേകമായി ഇടപെട്ട് രോഗശാന്തികൾ നല്കുകയും മറ്റത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ക്രൈസ്തവരായ നമുക്കു ബുദ്‌ധിമുട്ടില്ലല്ലോ. വി. പുസ്‌തകത്തിലും സഭാചരിത്രത്തിലുമെല്ലാം നാം കാണുന്നതാണ് ഇങ്ങനെയുള്ള അത്ഭുതങ്ങൾ. സഭയുടെ ആരംഭകാലത്തുമാത്രമേ അത്ഭുതങ്ങൾക്കു പ്രസക്തിയുണ്ടായിരുന്നുള്ളു, ഇന്ന് അവയ്ക്കു പ്രസക്തി നഷ് ടപ്പെട്ടിരിക്കയാണ് എന്നു കരുതുവാൻ ന്യായമില്ല. യേശുനാഥൻ തിരുസ്സഭയ്ക്കു നൽകിയ പരിശുദ്ധാത്മാവ് ഇന്നും സഭയിൽ സന്നിഹിതനും പ്രവർത്തനനിരതമാണല്ലോ. അതിനാൽ, ആദിമനുറ്റാണ്ടുകളിൽ സഭയിൽ സ്പഷ്ടമായി ദൃശ്യമായിരുന്ന പരിശുദ്‌ധാത്മാവിന്റെ ദാനങ്ങളായ രോഗശാന്തിവരവും മററു വരങ്ങളും കാരിസ്‌മാറ്റിക് നവീകരണധ്യാനങ്ങളിലും വചനപ്രഘോഷണരോഗശാന്തി ശുശ്രൂഷകളിലുമൊക്കെ പ്രവർത്തനനിരതമാകുന്നുവെങ്കിൽ, അതിൽ നാം ദൈവത്തെ സ്തുതിക്കയാണു വേണ്ടത്.
സംഭവിക്കാവുന്ന താളപ്പിഴകൾ
"ദൈവവചനപ്രഘോഷണവും രോഗശാന്തിശുശ്രൂഷയും" കൂടുതൽ ആഴമായ ക്രൈസ്തവ ജീവിതത്തിലേക്കും മാനസികവും ശാരീരികമായ ആരോഗ്യത്തിലേക്കും നയിക്കുന്നതിനു സഹായകമായ ഒരു പരിപാടിയാണെന്നതിൽ സംശയിക്കേണ്ടയാവശ്യമില്ല. എന്നാൽ, നല്ല കാര്യങ്ങളിലും മാനുഷികമായ ചില ബലഹീനതകൾ കടന്നുകൂടാൻ ഇടയുണ്ടല്ലോ. അവ തിരുത്തി മുമ്പോട്ടുപോകുന്നത് ഈ പരിപാടിയുടെ പ്രയോജനത്തെ വർദ്‌ധിപ്പിക്കും. ദൈവവചനപ്രഘോഷണത്തിൽ കടന്നുകൂടാവുന്ന ചില പാകപ്പിഴകളെപ്പറ്റി കഴിഞ്ഞ ലക്കത്തിൽ പറഞ്ഞു. രോഗശാന്തി ശുശ്രൂഷയെപ്പറ്റിയും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടേ.
മുകളിൽ പറഞ്ഞതിൽനിന്ന് "അത്ഭുതരോഗശാന്തി" എന്നും "രോഗശാന്തിവരം" എന്നും പറയുന്നതെല്ലാം അങ്ങനെയായിരിക്കണമെന്നില്ല; ചിലപ്പോൾ അവ വെറും മനശാസ്ത്രപരമായി മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളാകാമെന്നു വ്യക്‌തമായിരിക്കുമല്ലോ. തങ്ങൾ രോഗശാന്തിവരവും മററുവരങ്ങളും കിട്ടിയവരാണെന്നും അതിനാൽ മററുള്ളവരെക്കാൾ മെച്ചപ്പെട്ടവരാണെന്നും കരുതാനുളളപ്രലോഭനം ചിലർക്കൊക്കെ ഉണ്ടായേക്കാം. സൂക്ഷിക്കേണ്ട ഒരപകടമാണിത്. എളിമയും ക്രൈസ്‌തവജീവിത സാക്ഷ്യവുമാണ് യഥാർത്ഥമായ വരങ്ങൾ തിരിച്ചറിയാനുള്ള ഒരടയാളം, വരങ്ങൾ കിട്ടിയവരെന്ന് അവകാശപ്പെടുന്ന ചിലരുടെ പ്രചരണ സ്വഭാവമുള്ള പ്രസംഗങ്ങൾ ചിലപ്പോഴൊക്കെ ദൈവവചനപ്രഘോഷണ സമ്മേളനങ്ങളിൽ കേൾക്കുന്നില്ല േ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സുനിശ്ചിതമായ ദൈവവചനമാണു വി. ലിഖിതങ്ങളിലുള്ളത്. വി. ലിഖിതങ്ങളിലൂടെയല്ലാതെയും ദൈവം ചിലർക്കു ചിലകാര്യങ്ങൾ വെളിപ്പെടുത്തിയെന്നു വരാം. എന്നാൽ, ദൈവം വെളിപ്പെടുത്തിയതെന്നു ചിലർ കരുതുന്നതെല്ലാം അങ്ങനെയായിരിക്കണമെന്നില്ല. ശാസ്ത്രത്തിലൂടെയും മറ്റും വിശദികരിക്കാൻ കഴിയുന്നവയായിരിക്കും പലതും. അത്ഭുതങ്ങളെപ്പറ്റി പറഞ്ഞപ്പോൾ സൂചിപ്പിച്ചത് ഇവിടെയും ശരിയാണ്. വി. ലിഖിതങ്ങളിലുളള കാര്യങ്ങൾക്കു പുറമേ ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളേതെന്ന് സുനിശ്ചിതമായി പറയാൻ ആർക്കും സാധ്യമല്ല. വ്യക്‌തിപരമായ ബോധ്യമെന്നനിലയിൽ ചിലർക്ക് അങ്ങനെ അനുഭവപ്പെട്ടേക്കാം. പക്ഷേ, ഇങ്ങനെയുള്ള വ്യക്തിപരമായ ബോധ്യങ്ങളെ “കർത്താവ്" എന്നോടു പറഞ്ഞു", "കർത്താവ് എനിക്കു കാണിച്ചുതന്നു" എന്നെല്ലാം ഉറപ്പിച്ച് പരസ്യമായ വചനവേദികളിൽ നിന്നു പ്രസംഗിക്കുന്നത് ആശാസ്യമാണെന്നു തോന്നുന്നില്ല. ബൈബിളിലൂടെയും, ബൈബിളിനെ ആധാരമാക്കിയുള്ള ഔദ്യോഗികമായ സഭാപഠനങ്ങളിലൂടെയും കർത്താവു തീർച്ചയായി പറയുന്ന കാര്യങ്ങൾ തന്നെ പ്രസംഗിക്കയായിരിക്കും കൂടുതൽ ഉചിതമെന്നു തോന്നുന്നു. ദൈവവചനം ശ്രവിക്കുന്നതും വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും ക്ഷമിക്കുന്നതുമെല്ലാം ശാരീരികമായ രോഗശാന്തിക്കുള്ള ഉപാധിയായി ചിത്രീകരിക്കുന്ന ചില പ്രസംഗങ്ങൾ ഈ പരിപാടികളിൽ കേൾക്കുവാൻ ഇടയായിട്ടുണ്ട്. ശാരീരികമായ രോഗശാന്തി "ഒരു" നന്മയാണ്. എന്നാൽ, അതിനെ പരമമായ നന്മയാക്കി ഉയർത്തിക്കാട്ടുന്നതും, ദൈവവചനശ്രവണവും വിശ്വാസവും സ്നേഹവുമെല്ലാം അതിനുള്ള ഉപാധികൾ മാത്രമാക്കി തരം താഴ്ത്തുന്നതും ആശാസ്യമല്ലല്ലോ.
വളരെയധികം പ്രാർത്ഥിച്ചിട്ടും രോഗം ശമിക്കാത്തത് വെറുപ്പോ വിദ്വേഷമോ ക്ഷമിക്കാനുള്ള സന്നദ്ധതയില്ലായ്മയോ മറേറതോ പാപമോ അറിയാതെ ഹൃദയത്തിൽ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. അല്ലെങ്കിൽ മാതാപിതാക്കൾ ചെയ്തിട്ടുള്ള ഏതോ തെറ്റും അതിൻറ ഉത്തരിപ്പുകടവും കൊണ്ടാണ് എന്നൊക്കെ ചിലർ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. ഇതു വളരെയധികം തെറ്റിദ്‌ധാരണകൾ ഉളവാക്കാൻ പോരുന്നതാണെന്നു പറയേണ്ടിതിരിക്കുന്നു. അപൂർവ്വം ചില വ്യക്‌തികളുടെ കാര്യത്തിൽ ഒരുപക്ഷേ ഇതു ശരിയായിരിക്കാം. അതിനാൽ ഇതും ഒരു സാധ്യതയായി സൂചന നൽകുന്നതിൽ തെററില്ല. എന്നാൽ, സാർവ്വത്രികമായ ഒരു നിയമമെന്നപോലെ ഇങ്ങനെ പ്രസംഗിക്കുന്നത് അപകടകരമാണ്”. ആരോഗ്യംതേടി ഈ പരിപാടികളിൽ പങ്കെടുക്കാൻ സംബന്ധിച്ചിടത്തോളം ഇതു ശരിയായിരിക്കയില്ല. അവർക്കു പ്രാർത്‌ഥനയിൽ വിശ്വാസം നഷ്ട്‌ടപ്പെടാനും പ്രത്യാശ കൈവെടിയാനും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ മാതാപിതാക്കളോടു വിദ്വേഷമുണ്ടാകുവാനുമൊക്കെ ഇതു കാരണമായെന്നുവരാം.
പ്രാർത്ഥനകേട്ട് രോഗശാന്തി നൽകുകയോ നൽകാതിരിക്കയോ ചെയ്യുന്നതു ദൈവമാണ്. അതിനുള്ളകാരണം അവിടുത്തേക്കു മാത്രമേ അറിയാവൂ. ദൈവത്തിന്റെ മുമ്പിൽ വ്യവസ്ഥകളും ഉപാധികളും വെക്കാൻ നമുക്കാവില്ല. പാപമില്ലാത്ത വ്യക്‌തിക്കു രോഗം വരാൻ പാടില്ലെന്നില്ലല്ലോ. പാപത്തിനുമോചനം, ലഭിക്കുമ്പോൾ രോഗം മാറിക്കൊള്ളണമെന്നുമില്ല. വിശുദ്‌ധരായ വ്യക്തികൾക്കുപോലും രോഗങ്ങൾ വരാറുണ്ട്. എത്ര പ്രാർത്ഥിച്ചാലും മാറാതെ അവ തുടരുന്നുമുണ്ട്. വാഴ്‌ത്തപ്പെട്ട അൽഫോൻസാമ്മയുടെ കാര്യം നമുക്കറിയാമല്ലോ. ചില രോഗങ്ങൾ കർത്താവു പറഞ്ഞതുപോലെ, ദൈവത്തിന്റെ പ്രവ്യത്തികൾ രോഗിയിൽ പ്രകടമാകുവാൻ വേണ്ടിയാകാം (യോഹ 3: 3). ക്ഷമയോടും സ്നേഹത്തോടും കുടി രോഗത്തിൻ്റെ വേദനകൾ സഹിക്കുന്നത് ദൈവസ്നേഹത്തിൽ വളരാൻ പലർക്കും കാരണമായിത്തീരുന്നുണ്ടല്ലോ. രോഗശാന്തിക്കു പകരം ദൈവതിരുമനസ്സിനോടുള്ള വിധേയ്വവും സ്നേഹത്തോടെ സഹിക്കാനുള്ള ശക്‌തിയുമായിരിക്കാം പ്രാർത്ഥനയിലൂടെ പലർക്കും ലഭിക്കുക. ലൂർദ്ദിലും മറ്റും നടക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങൾ പലപ്പോഴും രോഗശാന്തികളല്ല, ദൈവതിരുമനസ്സു സ്വീകരിക്കാനുള്ള സന്നദ്ധതയും അതുവഴിയുണ്ടാകുന്ന സമാധാനവുമാണ്. രോഗത്തേയും രോഗശാന്തിയേയും പറ്റിയുള്ള ഈ ക്രിസ്‌തീയ മനോഭാവം രോഗികളിലുണ്ടാകാനായിരിക്കണം നമ്മുടെ ശ്രദ്‌ധ.
രോഗശാന്തികളേയും മററ് അത്ഭുതങ്ങളേയും പററിയുള്ള സാക്ഷ്യംപറച്ചിൽ വെറും പ്രചരണോപാധിയായി തരംതാഴാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സാക്ഷ്യം പറഞ്ഞുകൊള്ളാമെന്നു നേർന്നിട്ട് നേർച്ച തികയ്ക്കാൻ വന്നു സാക്ഷ്യംപറയുന്നതും കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സാക്ഷ്യം പറച്ചിൽ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നു തോന്നുന്നു. വിശ്വാസം വർദ്‌ധിക്കാനും ക്രൈസ്‌തവജീവിതം സജീവമാകാനുമുതകുന്ന സാക്ഷ്യങ്ങൾ തീർച്ചയായും സ്വാഗതാർഹമാണ്. ഈ പരിപാടിയിൽ കേൾക്കുന്ന എല്ലാ സാക്ഷ്യങ്ങളും അങ്ങനെയുളളവയാണെന്നു പറയുവാൻ വിഷമമുണ്ട്.
ഈ പരിപാടിക്കു കൊടുക്കുന്ന പ്രചാരണത്തേയും അതിനുപയോഗിക്കുന്ന മാർഗ്ഗങ്ങളേയും ഇടയ്ക്കിടക്ക് വിലയിരുത്തുന്നതും വേണ്ടതിരുത്തലുകൾ വരുത്തുന്നതും ഉചിതമായിരിക്കും. ദൈവവചന പ്രഘോഷണ പരിപാടികൾ സംഘടിപ്പിക്കുന്നത് ദൈവവചനത്തിന്റെ വെളിച്ചത്തിൽത്തന്നെ ആയിരിക്കുവാൻ അതു സഹായകമായിരിക്കും.
മാനുഷികമായ പരിഗണനകൾക്കു പ്രവേശം ലഭിക്കാവുന്ന ചില പഴുതുകൾ ചൂണ്ടിക്കാണിച്ചെന്നേയുളളൂ. വേണ്ടത്ര മുൻകരുതലോടുകൂടെ മുമ്പോട്ടുപോയാൽ കേരളസഭയുടെ നവീകരണത്തിൽ മുഖ്യമായ ഒരു പങ്കുവഹിക്കുവാൻ ഈ പരിപാടിക്കു കഴിയുമെന്നു തീർച്ചയാണ് എതിർപ്പും നിരോധനവുംവഴി തടയാതെ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയും തിരുത്തിയും ഉത്തരവാദപ്പെട്ടവർ ഈ പരിപാടിയെ പ്രോത്സാഹിപ്പിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷിയും
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ഡിസംബർ 1990





















