top of page

ദൈവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും-1

Nov 1, 1990

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ്മാ

Crowd with raised hands at a Preaching; vibrant lights and stage in background create an energetic atmosphere; various colors and excitement.

ക്രൈസ്‌തവ മക്കളുടെ ആദ്ധ്യാത്‌മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക്‌ ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്‌ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരായ പലരും ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ കൂടണം? ഒരു നിശ്ച‌യവുമില്ല. രോഗശാന്തി ശുശ്രൂഷയുടെ പ്രസക്തിയെ സംബന്‌ധിച്ച് വൈദികരുടെ വിശ്വാസികളുടെ ഇടയിലും വിശ്വാസികളുടെ ഇടയിലും വിരുദ്ധ ചേരികൾ തന്നെ രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. ചിലർ വളരെ ക്രൂരമായി ഇതിന്റെ ചില നേതാക്കളെ അന്തിക്രിസ്തു എന്നുപോലും വിശേഷിപ്പിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ മേൽ പറഞ്ഞ 'ദൈവവചന പ്രഘോണവും രോഗശാന്തി ശുശ്രൂഷയും' അസ്സീസിയിലൂടെ ഒരു വിശദീകരണം നൽകിയാൽ കൊള്ളാം.


തോമസ് കോട്ടൂർ, കയ്യൂർ


കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തെപ്പറ്റി ഈ പംക്തിയിൽ കുറേ നാൾ മുമ്പ് എഴുതിയിരുന്നു (അസ്സീസി, 1988 മേയ്, ജൂൺ ലക്കങ്ങൾ കാണുക. ഇപ്പോൾ ജീവൻ ബുക്, ഭരണങ്ങാനം. പ്രസിദ്ധീകരിച്ചിരിക്കുന്ന, വെളിച്ചമേ നയിച്ചാലും, എന്ന പുസ്തകത്തിൽ പേജുകൾ 142 മുതൽ 154 വരെ). അവിടെ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെ ഏറെക്കുറെ 'ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും' എന്ന പരിപാടിയെപ്പറ്റിയും പറയുവാൻ കഴിയും. എങ്കിലും, തോമസിൻ്റെ ചോദ്യം കണക്കിലെടുത്തുകൊണ്ട് ഈ പരിപാടിയെപ്പറ്റി ചില കാര്യങ്ങൾ കൂടി പറഞ്ഞുകൊള്ളട്ടെ.


പ്രയോജനകരമായ നവീകരണ പരിപാടികൾ


ഇടവകയുടെ നവീകരണവും വിശ്വാസത്തിലുള്ള വളർച്ചയും ലക്ഷ്യമാക്കി ഏകാന്തധ്യാനങ്ങൾ, ഇടവകധ്യാനങ്ങൾ പോപ്പുലർമിഷൻ ധ്യാനങ്ങൾ തുടങ്ങിയവ നമ്മുടെയിടയിൽ ഏറെ നാളായി നടന്നു പോരുന്നവയാണ്. പത്തുകൊല്ലത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെയുള്ള നവീകരണ പരിപാടികൾ തങ്ങളുടെ കീഴിലുള്ള വിശ്വാസികൾക്കു വേണ്ടി നടത്തുവാൻ പഴയ കാനോൻനിയമം (CIC, 1340) മെത്രാന്മാർക്കു നിർദ്ദേശം നൽകിയിരുന്നു. രൂപതാദ്ധ്യക്ഷൻ്റെ നിർദ്ദേശമനുസരിച്ച് ചിലസമയങ്ങളിൽ ഇങ്ങനെയുള്ള ധ്യാനങ്ങളോ, വിശ്വാസികളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ട് മററു വിധത്തിലുള്ള വചനപ്രഘോഷണങ്ങളോ സംഘടിപ്പിക്കാൻ വികാരിയച്ചൻമാർക്കു കടമയുണ്ടെന്ന് പുതിയ കാനൻനിയമവും (C. 770) പറയുന്നു. അതിനാൽ, പരമ്പരാഗതമായ ധ്യാനങ്ങൾ പോലെ തന്നെ, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം പ്രചാരത്തിൽ വന്ന കരിസ്‌മാറ്റിക് നവീകരണ പരിപാടികളും ഇപ്പാൾ പലേടത്തും നടന്നു വരുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും പുതിയ കാനോൻ നിയമത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ തന്നെയാണ്. നവീകരണപരിപാടികൾ വേണ്ട വിധത്തിൽ നടത്തുമ്പോൾ എല്ലാം നല്ലതു തന്നെ. അവ പരസ്‌പര പൂരകങ്ങളുമാണ്. ഏതാണു കൂടുതൽ നല്ലത്, ഏതാണു തിരഞ്ഞെടുക്കേണ്ടത്, എന്നു തീർത്തു പറയാനാവില്ല. വിവിധ തരക്കാരായ ആളുകളുടെ അഭിരുചിയും താല്‌പര്യവുമനുസരിച്ച് പ്രയോജനകരമായിരിക്കുമെന്നു കരുതുന്നതു തിരഞ്ഞെടുക്കയാണു വേണ്ടത്.


ദൈവവചന പ്രഘോഷണത്തിൻ്റെ പ്രയോജനത്തെയും പ്രാധാന്യത്തെയും പറ്റി ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകാൻ ഇടയില്ല. ഇടവകധ്യാനത്തിലും പോപ്പുലർ മിഷൻ ധ്യാനത്തിലും കരിസ്‌മാറ്റിക് ധ്യാനത്തിലും ദൈവവചന പ്രഘോഷണ പരിപാടികളിലുമെല്ലാം മുഖ്യമായി നടക്കുന്നതു ദൈവ വചന പ്രഘോഷണം തന്നെയാണ്. ദൈവത്തിൻ്റെ ഇഷ്ടം മനുഷ്യനെ അറിയിക്കുന്ന വെളിപാടാണല്ലോ ദൈവ വചനം അതു ശ്രവിക്കയും സ്വീകരിക്കയും ചെയ്യുന്ന മനുഷ്യനെ അതു മാനസാന്തരത്തിലേയ്ക്കും നയിക്കുന്നു. മാനസാന്തരവും ജീവിത നവീകരണവും പ്രഥമവും പ്രധാനവുമായി പ്രസാദവരത്തിൻ്റെ പ്രവർത്തനമാണ്. അതേസമയം മനുഷ്യൻ്റെ സഹകരണവും കൂടിയേ തീരൂ. ഈ സഹകരണത്തിനു ദൈവവചന പ്രഘോഷണം സഹായിക്കുന്നു.


ചില വൻനേട്ടങ്ങൾ


കരിസ്മാറ്റിക് ധ്യാനത്തിലെന്ന പോലെതന്നെ, ദൈവ വചന പ്രഘോഷണ പരിപാടികളിലും ദൈവവചനത്തിന്. വിശിഷ്യാ, ബൈബിളിന്. വളരെയേറെ ഊന്നലും പ്രാധാന്യവും കൊടുക്കുന്നുവെന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ഈ പരിപാടികളിൽ സംബന്ധിക്കുന്ന പലരുടേയും ഒരു നിഷ്‌ഠയായിത്തീർന്നിട്ടുണ്ട്, അനുദിനമുള്ള ബൈബിൾ വായന. ധ്യാനാത്മകവും പ്രാർത്ഥനാനിരതവുമായ ബൈബിൾ വായനയാണല്ലോ ജീവിത നവീകരണത്തിനുള്ള സഹായി. പരമ്പരാഗത രീതിയിലുള്ള പ്രസംഗങ്ങൾ കേൾക്കുവാൻ പലർക്കും മടുപ്പും മുഷിപ്പുമായിരുന്നുവെന്നത് ഒരു പരമാർത്ഥം മാത്രമാണ്. എന്നാൽ ദൈവവചന പ്രഘോഷണ പരിപാടികൾ നടക്കുന്നിടത്ത് പതിനായിരക്കണക്കിന് ആളുകൾ ഇന്ന് സ്വമനസ്സാ ഓടിക്കൂടുന്നുവെന്നതും, പലദിവസം ദീർഘിക്കുന്ന പരിപാടികളിൽ അച്ചടക്കത്തോടും ഭക്‌തിയോടും കൂടി പങ്കെടുക്കുന്നുവെന്നതും തീർച്ചയായും സന്തോഷകരമായ ഒരു കാര്യമാണ്.


ഒരു പക്ഷേ, ദൈവവചനം ശ്രവിക്കാൻ മാത്രമല്ലായിരിക്കാം അവർ വരുന്നത്. എങ്കിൽത്തന്നെ, അച്ചടക്കത്തോടും ക്ഷമയോടും കൂടി അവർ അതിൽ സംബന്ധിക്കുന്നു എന്നതുതന്നെ ഒരു നല്ല കാര്യമാണല്ലോ. ഇങ്ങനെ ഒരുമിച്ചു കൂടുന്ന പതിനായിരങ്ങളിൽ ക്രൈസ്തവരല്ലാത്തവരും ധാരാളം പേരുണ്ട്. ജീവദായകമായ ബൈബിൾ സന്ദേശം കേൾക്കാനും ഉൾക്കൊള്ളാനും ഈ പരിപാടികളിലൂടെ അവരിൽ പലർക്കും കഴിയുന്നുവെന്നതും ഈ പരിപാടികളുടെ ഒരു മേന്മയത്രേ. നാളിതുവരെ വെറും കേൾവിക്കാരായി കഴിഞ്ഞിരുന്ന, കഴിവും അരൂപിയുമുള്ള പല അത്മായരും ഇന്ന് സജീവമായ വിശ്വാത്തോടും ആഴമായ ബോധ്യത്തോടും കൂടി ദൈവവചനം പ്രഘോഷിക്കുകയും സ്വജീവിതത്തിലൂടെ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവെന്നത് കരിസ്‌മാറ്റിക് ധ്യാനങ്ങളുടേയും വചനപ്രഘോഷണ പരിപാടികളുടേയും ഒരു വലിയ നേട്ടം തന്നെയാണ്. അത്മായർ സഭയുടെ മുഖ്യ ഘടകമാണെന്നും ദൈവവചനപ്രഘോഷണവും സുവിശേഷവത്ക്കരണവും അവരുടേയും ദൗത്യ മാണെന്നുമുള്ള അവബോധം വളർത്തുവാൻ ഇതു തീർച്ചയായും സഹായകമായിട്ടുണ്ട്.


ബൈബിൾ വിജ്ഞാനീയത്തെ അവഗണിച്ചു കൂടാ


എന്നാൽ, ഒരു കാര്യത്തിൽ കരിസ്മാറ്റിക് ധ്യാനത്തിൻ്റെയും ദൈവവചന പ്രഘോഷണ പരിപാടികളുടേയും നേതാക്കൾ ശ്രദ്ധ പതിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഇന്നു ശാസ്ത്രീയമായി വളരെയധികം പുരോഗതി പ്രാപിച്ചിട്ടുള്ള ബൈബിൾ വിജ്ഞാനീയത്തെ അവഗണിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ മാത്രം ബൈബിളിനെ മനസ്സിലാക്കുകയും പ്രഘോഷിക്കുകയും ചെയ്യാനുള്ള ഒരു പ്രവണതയാണു പലരിലും കണ്ടുവരിക.


ബൈബിളിനെ തീർച്ചയായും ശാസ്ത്രത്തിന് അടിമയായിക്കൂടാ. എന്നാൽ, ബൈബിൾ ദൈവവചനവുമാണെന്ന അഥവാ മനുഷ്യവചനവുമാണെന്ന സത്യം വിസ്‌മരിക്കുവാൻ പാടില്ല. മനുഷ്യ വചനം സ്ഥലകാല പരിമിതികൾക്ക് അധീനമാണ്. ബൈബിൾ എഴുതപ്പെട്ട കാലഘട്ടത്തിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും നമ്മുടെ കാലഘട്ടത്തിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും കടന്നുവന്നു വേണം ഇന്നു ബൈബിൾ നമുക്കു നൽകുന്ന സന്ദേശം മനസ്സിലാക്കുവാൻ. അതിന് ആത്യന്തികമായി ദൈവമാകുന്ന ഉറവിടത്തിൽ നിന്നുതന്നെ പ്രവഹിക്കുന്ന ശാസ്ത്രീയമായ ബൈബിൾ വിജ്ഞാനീയത്തിൻ്റെ വെളിച്ചമാണു നമ്മെ സഹായിക്കുക. വിജ്ഞാനവും വിശ്വാസവും, ശാസ്ത്രവും മതവും, എതിർ പക്ഷങ്ങളിലാണെന്ന ചിന്ത തെററിദ്ധാരണകളുടെയും മുൻവിധികളടെയും ഫലമാണ്. ഈ ചിന്ത പാടേ ഉപേക്ഷിക്കുവാൻ ഇനി ഒട്ടും അമാന്തം കാണിച്ചു കൂടാ.


വികാരങ്ങളും അനുഭൂതികളും


പ്രസംഗവും പ്രാർത്ഥനയും പാട്ടുമെല്ലാം ദൈവവചന പ്രഘോഷണത്തിൻ്റെ ഭാഗങ്ങൾ തന്നെയത്രേ. ദൈവ വചനം ശ്രവിക്കാനും ഹൃദിസ്ഥമാക്കാനും അതേപ്പറ്റി ധ്യാനിക്കാനും പ്രസാദവരത്തിന്റെ സഹായത്തോടെ അതിനോടു പ്രതികരിക്കാനും ദൈവത്തിൻ്റെ ഇഷ്ടമനുസരിച്ച് ജീവിതത്തിൽ വേണ്ട പരിവർത്തനം വരുത്താനും ഇവയെല്ലാം സഹായിക്കുന്നുണ്ട്. പരമ്പരാഗതമായ പ്രസംഗങ്ങളും ധ്യാനങ്ങളുമൊക്കെ മനുഷ്യൻ്റെ ബുദ്ധിയേയും മനസ്സിനേയും സ്വാധീനിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കരിസ്‌മാറ്റിക് നവീകരണ പരിപാടികളും ബുദ്ധിയേയും മനസ്സിനേയും മാത്രമല്ല, വികാരങ്ങളേയും സ്വാധീനിക്കാനും അങ്ങനെ അനുഭൂതികളമെല്ലാം സൃഷ്ടിക്കാനും പരിശ്രമിക്കുന്നു. വികാരങ്ങളും അനുഭൂതികളുമെല്ലാം നമ്മുടെ തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും പ്രവൃത്തികളേയും ബാധിക്കുന്നുണ്ടല്ലോ. വിശിഷ്യ, മാനസാന്തരത്തിനും ജീവിത നവീകരണത്തിനുള്ള തീരുമാനങ്ങൾ രൂപം കൊള്ളുന്നത്. മനുഷ്യൻ്റെ വ്യക്തിത്വത്തിൻ്റെ കേന്ദ്രത്തിലാണ്. ആ കേന്ദ്രത്തെ സ്വാധീനിക്കാനാണ് അജപാലകർ ശ്രമിക്കേണ്ടത്. അതു സംഭവിക്കണമെങ്കിൽ, ബുദ്ധിക്കും മനസ്സിനും വികാരങ്ങൾക്കും അനുഭൂതികൾക്കുമെല്ലാം പ്രാധാന്യം കൊടുത്തേ മതിയാവൂ. പരമ്പരാഗതമായ ആരാധനക്രമവും പ്രസംഗങ്ങളും പ്രാർത്ഥനകളും ഭക്താഭ്യാസങ്ങളുമൊക്കെ വികാരങ്ങളേയും അനുഭൂതികളേയും തീർത്തും അവഗണിച്ചിരുന്നുവെന്നത് ഒരു വസ്തുത മാത്രമാണ്. എന്നാൽ, വികാരങ്ങളേയും അനുഭൂതികളേയും അവഗണിച്ചുകൊണ്ടു ജീവിക്കുക സാദ്ധ്യമല്ല. അവ മനുഷ്യ ജീവിതത്തിൻ്റെ സുപ്രധാനമായ


ഭാഗം തന്നെയാണ്. അതുപോലെ തന്നെ ആധ്യാത്മിക ജീവിതത്തിൻ്റെയും. വികാരങ്ങൾക്കും അനുഭൂതികൾക്കും പ്രാധാന്യം കൊടുക്കുന്ന കരിസ്മാറ്റിക് നവീകരണപരിപാടികൾക്കും ദൈവവചന പ്രഘോഷണങ്ങൾക്കും ജനപ്രീതിയേറിയിരിക്കുന്നതിൻ്റെ ഒരു കാരണം ഇതാണെന്നു പറയാം. കത്തോലിക്കാസഭയിൽത്തന്നെ ഇങ്ങനെയുള്ള പരിപാടികൾ ലഭിക്കാതെ വരുമ്പോൾ, പലരും മറ്റു സഭാവിഭാഗങ്ങളിലേക്കു കുടിയേറുന്നതിനുള്ള ഒരു പ്രധാന കാരണവും ഇതുതന്നെ.


അതേസമയം ഇവിടെ ആവശ്യമാണ്. മുന്നറിയിപ്പും വികാരങ്ങൾ അനുഭൂതികൾക്കും അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ട് ബുദ്ധിയേയും മനസ്സിനേയും അവഗണിക്കുന്നതു തീർച്ചയായും ശരിയല്ല. വികാരങ്ങൾക്കും അനുഭൂതികൾക്കും മാത്രം പ്രാധാന്യം നൽകിക്കൊണ്ടു നടത്തുന്ന പരിപാടികൾക്കു സ്ഥായിയായ ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല. വികാര ജീവികളായ ആളുകളെ ആകഷിക്കാനും കുറേ സമയത്തേക്കു സ്വാധീനിക്കാനും അവയ്ക്കു കഴിഞ്ഞെന്നുവരാം. എന്നാൽ, വികാരങ്ങൾ തണുക്കുന്നതോടെ അവരുടെ ജീവിതപരിവർത്തനവും അവസാനിക്കുന്നു. ചിലപ്പോൾ പഴയ അവസ്ഥയിൽ നിന്നുതന്നെ പിന്നോക്കം പോയെന്നും വരാം.


വികാരങ്ങൾ ഇളക്കിവിടുന്നത് ചിലരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യത്തിനും ഹാനികരമാണ്. കരിസ്‌മാറ്റിക് ധ്യാനങ്ങളിലും ദൈവ വചന പ്രഘോഷണപരിപാടികളിലും പങ്കെടുത്തതിൻ്റെ ഫലമായി മാനസിക രോഗികളായിത്തീർന്ന ചിലരെ നമുക്കെല്ലാവർക്കും പരിചയമുണ്ടായിരിക്കുമല്ലോ. വികാരങ്ങൾക്ക് എളുപ്പത്തിൽ അധീനരാകുന്നവരും മാനസികരോഗങ്ങൾക്കു പ്രവണതയുള്ളവരും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതു അപകടകരം തന്നെയാണ്. ചില കരിസ്മാറ്റിക് ധ്യാനങ്ങളിലും ദൈവവചന പ്രഘോഷണപരിപാടികളിലും നടക്കുന്ന പ്രസംഗങ്ങളും പ്രാർത്ഥനകളും സാക്ഷ്യം പറച്ചിലുമൊക്കെ വികാര ജീവികളെ ആകർഷിക്കാനും വികാരങ്ങളെ ഉജ്ജീവിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

(തുടരും..)


ദൈവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

അസ്സീസി മാസിക, നവംബർ 1990

Nov 1, 1990

0

3

Recent Posts

bottom of page