top of page

മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും കുർബാനകളും

Nov 2, 2006

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

praying with bible

മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും വി. കുർബാനയും അർത്ഥവത്താണോ. അതുകൊണ്ട് മരിച്ചവർക്ക് എന്തെങ്കിലും പ്രായാജനം ലഭിക്കുമോ എന്നത് ഇന്ന് പലരും ചോദിക്കുന്ന ഒരു സംശയമാണ്. ഇതേപ്പറ്റി തിരുവെഴുത്തുകൾ എന്തു പറയുന്നു, സഭ എന്തു പഠിപ്പിക്കുന്നു. ദൈവശാസ്ത്രപരമായി ഇതെങ്ങനെ മനസ്സിലാക്കുവാൻ സാധിക്കും? ഇതേപ്പറ്റിയുള്ള ഒരു പരിചിന്തനം പ്രയോജനകരമായിരിക്കുമല്ലോ.


ബൈബിളിൽ


ബൈബിളിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയെപ്പറ്റി പ്രത്യക്ഷമായി പരാമർശിക്കുന്ന ഒരു ഭാഗം മാത്രമേയുള്ളൂ 2മക്ക 12: 42-45 . യുദ്ധക്കളത്തിൽ മരിച്ചുവീണ തൻ്റെ പടയാളികളിൽ ചിലർ യഹൂദ വിശ്വാസത്തിനും നിയമത്തിനുമെതിരായി യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനം ചെയ്ത‌ തകിടുകൾ ധരിച്ചിരുന്നതായി യൂദാസ് മക്കാബേസും അനുയായികളും കണ്ടെത്തി. "ഇവരുടെ ഈ പാപം തുടച്ചു മാറ്റണമെന്ന് യാചിച്ച് അവർ പ്രാർത്ഥനയിൽ മുഴുകി... അനന്തരം യൂദാസ് അവരിൽ നിന്നും രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്ത് പാപപരിഹാര ബലിക്കായി ജറുസലേമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.... അതിനാൽ മരിച്ചവർക്ക് പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമ്മം അനുഷ്ഠിച്ചു. " മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് പ്രയോജനപ്രദമാണെന്ന യൂദാസ് മക്കബേയൂസിന്റെയും അനുയായികളുടെയും വിശ്വാസത്തെ ഈ ബൈബിൾ ഭാഗം സ്പ‌ഷ്ടമാക്കുന്നു.


മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രയോജനത്തെപ്പറ്റി പരോക്ഷമായി പരാമർശിക്കുന്ന ഒരു ബൈബിൾ ഭാഗമാണ് 2 തിമോ 1: 16-11. തടവുകാരനായിരുന്ന തന്നെ എഫേസോസിലും റോമായിലും വെച്ച് വിശ്വസ്‌തതയോടെ പരിചരിക്കയും പിന്നീട് മരണമടയുകയും ചെയ്‌ത ഒനേസിഫോറസ് വിധി ദിവസത്തിൽ കർത്താവിൽ നിന്ന് കാരുണ്യം കണ്ടെത്തുവാൻ അവിടുന്ന് അവന് അനുഗ്രഹം നല്‌കട്ടെ എന്ന പൗലോസ് ശ്ലീഹാ യുടെ പ്രാർത്ഥനയും ആശംസയുമാണ് ഇവിടെ നാം കാണുന്നത്. ക്രിസ്‌തു നാഥൻ്റെ മധ്യസ്ഥ പ്രാർത്ഥനയിൽ പ്രത്യാശയർപ്പിച്ചു കൊണ്ട് മരിച്ചുപോയ ഒരു വ്യക്തിയെ ദൈവത്തിൻ്റെ കാരുണ്യത്തിന് ഏല്പിക്കുന്ന ഈ വാക്യങ്ങളിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രയോജനത്തെപ്പറ്റിയുള്ള പരോക്ഷമായ സൂചന വ്യക്തമാണല്ലോ.


സഭയുടെ പ്രബോധനം


മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന പ്രയോജനപ്രദമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു പാശ്ചാത്യ-പൗരസ്ത്യ സഭകളുടെ ഐക്യത്തിനായി കൂടിയ 2-ാം ലയൺസ് സൂനഹദോസിലും (1274) ഫ്ളോറൻസ് സൂനഹദോസിലും (1439) വെച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭയും കത്തോലിക്ക സഭയോടൊപ്പം ഈ വിശ്വാസം ഏറ്റുപറയുകയുണ്ടായി. പ്രൊട്ടസ്റ്റൻ്റ് സഭകളാണ് ആദ്യമായി "ശുദ്ധീകരണസ്ഥലവും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രയോജനവും നിഷേധിച്ചത്. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെയും ദണ്ഡവിമോചനങ്ങളുടെയും കാര്യത്തിൽ സഭയിൽ അന്നു നിലനിന്നിരുന്ന അതിശയോക്തി കലർന്നതും അനാശാസ്യവുമായ ചില പ്രവണതകളും, “നീതികരണം വിശ്വാസം വഴി മാത്രമാണെന അവരുടെ മൗലിക നിലപാടുമാണ് ഈ നിഷേധത്തിന് അവരെ പ്രേരിപ്പിച്ചതെന്നു പറയാം. (മക്കബായരുടെ പുസ്തകങ്ങളെ ബൈബിളിലെ കാനോനിക

ഗ്രന്ഥങ്ങളായി അവർ അംഗീകരിക്കുന്നില്ല). അവരുടെ നിഷേധത്തിനെതിരായി മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രയോജനത്തെ ത്രെന്തോസ് സൂനഹദോസ് ഒരിക്കൽക്കൂടി സ്ഥിരീകരിക്കയുണ്ടായി.


എന്നാൽ, ബൈബിളിൽ നിന്നോ സഭാപ്രബോധന രേഖകളിൽ നിന്നോ കുറെ വാക്കുകൾ തേടിപ്പിടിച്ച്, അവയിലൂടെ കത്തോലിക്കാ വിശ്വാസത്തെ 'തെളിയിക്കുന്ന" രീതി സഭയുടെ പഠനങ്ങൾക്കും ദൈവശാസ്ത്ര വിജ്ഞാനീയത്തിനും നിരക്കുന്നതല്ല. സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത ബൈബിൾ വാക്യങ്ങളിൽ നിന്നോ പ്രബോധന രേഖകളിൽ നിന്നോ അല്ല, പ്രത്യുത ബൈബിളിൻ്റെയും സഭാപ്രബോധന രേഖകളുടെയും പ്രതിപാദ്യ വിഷയങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും പരിണാമവുമെല്ലാം കണക്കിലെടുത്തുകൊണ്ട് അവയുടെ അന്തഃസത്തയിലേക്കും അരൂപിയിലേക്കും ആഴ്ന്നിറങ്ങി ചെല്ലുന്നതു വഴിയാണ് ബൈബിളും സഭയും എന്തു പഠിപ്പിക്കുന്നുവെന്ന് മനസ്റ്റിലാക്കുവാൻ സാധിക്കുക.


സ്നേഹസമൂഹം


സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാടിലെന്നപോലെ തന്നെ, ബൈബിളിൻ്റെ കാഴ്ചപ്പാടിലും ഒരു മനുഷ്യനും ഒറ്റയ്ക്കല്ല. സമൂഹത്തിലെ അംഗമായിട്ടാണ് ദൈവതിരുമുമ്പിൽ അവൻ നിലകൊള്ളുന്നത്. താനുൾപ്പെടുന്ന സമൂഹവുമായി സൗഭാഗ്യത്തിലും ദുരന്തത്തിലും ദൃഢമായ ബന്ധമാണ് അവനുള്ളത്. ഒറ്റയ്ക്കൊറ്റയ്ക്ക് വേറിട്ടു നിന്നുകൊണ്ട് ദൈവവുമായി ബന്ധം പുലർത്തുവാൻ മനുഷ്യർക്ക് ആവില്ല. ദൈവതിരുമുമ്പിലുള്ള അവരുടെ ഈ ഐക്യത്തെയും പരസ്പരബന്ധത്തെയും തൻ്റെ രക്ഷാകര കർമ്മം വഴി ക്രിസ്‌തുനാഥൻ പൂർവ്വോപരി സുദൃഢമാക്കി. അവിടുന്ന് നമ്മുടെ മനുഷ്യപ്രകൃതി സ്വീകരിക്കുകയും തന്റെ ജീവിതവും മരണവും ഉയിർപ്പും വഴി നമ്മുടെ രക്ഷ സുസാധ്യമാക്കിത്തീർക്കുകയും ചെയ്‌തതിനാൽ, അഭേദ്യമായ ഒരു ബന്ധമാണ് നമുക്ക് അവിടുത്തോടുള്ളത്. ക്രിസ്‌തുനാഥനുമായി ഇങ്ങനെ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണ് സഭ. ക്രിസ്‌തുനാഥനുമായിട്ടെന്നപോലെ തന്നെ, സഭാംഗങ്ങൾ തമ്മിൽ തമ്മിലും പരിശുദ്ധാത്മാവിലൂടെ അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. (യോഹ. 19:1-17, റോമാ 12:41, 1 കോറി 10. 16-13, 12:12-27, തുടങ്ങിയ കാണുക). ക്രിസ്‌തു നാഥനും സഭയും തമ്മിലും സഭാംഗങ്ങൾ തമ്മിൽ തമ്മിലുമുള്ള ഈ ഐക്യത്തെയും ബന്ധത്തെയും സൂചിപ്പിക്കാനാണ് സഭയെ പൗലോസ് ശ്ലീഹാ ക്രിസ്തുനാഥൻറെ ശരീരമെന്നു വിശേഷിപ്പിക്കുന്നത്. ക്രിസ്തു‌നാഥനിൽ അങ്ങനെ ഒന്നായിരിക്കുന്ന ഒരു സ്നേഹ സമൂഹമായിട്ടാണ് ഈ സഭ പിതാവിൻ്റെ അടുത്തേയ്ക്ക് തീർത്ഥാടനം ചെയ്യുന്നത്. തൻ്റെ ജീവൻ കൊടുത്ത് രക്ഷിച്ച ഈ സഭയെ ക്രിസ്‌തുനാഥൻ നിരന്തരം നയിക്കുകയും ഓരോ സഭാംഗത്തിനും വേണ്ടി പിതാവിൻ്റെ മുമ്പിൽ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്തുതുകൊണ്ടാണിരിക്കുന്നത്.


ഈ സ്നേഹ സമൂഹത്തിൽ എല്ലാവരും എല്ലാവർക്കും ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്. ആരും ആർക്കും അന്യരല്ല. ഈ സ്നേഹസമൂഹത്തെ സൂചിപ്പിക്കാനാണ് വിശ്വാസപ്രമാണത്തിൽ "പൂണ്യവാന്മാരുടെ ഐക്യം" എന്നു നാം പറയുന്നത്. പ്രാർത്ഥനയിലും സത്കർമ്മങ്ങളിലുമെല്ലാം ഈ സ്നേഹ സമൂഹത്തിലെ എല്ലാവരും പരസ്‌പരം പങ്കുചേരുന്നു. ക്രിസ്തുനാഥനിൽ ഒന്നായിരിക്കയും അവിടുത്തെ മധ്യസ്ഥ പ്രാർത്ഥനയിൽ പങ്കുപറ്റുകയും ചെയ്യുന്നതുകൊണ്ട് ഓരോരുത്തർക്കും തങ്ങളുടെ മധ്യസ്ഥപ്രാർത്ഥന വഴി മറ്റുള്ളവരെ സഹായിക്കാൻ കഴിയും. ഈ സ്നേഹസമൂഹത്തിലെ ചിലർ പിതാവിന്റെ പക്കലേക്കുള്ള തീർത്ഥാടനം പൂർത്തിയാക്കിയവരാണ്. മറ്റുള്ളവർ ഇപ്പോഴും തീർത്ഥാടനം നടത്തുന്നവരും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ചിലർ മരണമടഞ്ഞവരും ഇതരർ ജീവിക്കുന്നവരുമാണ്. മരണം ആരെയും ഈ സ്നേഹ സമൂഹത്തിൽ നിന്ന് വേർപെടുത്തുന്നില്ല. മരിച്ചവരായാലും ജീവിക്കുന്നവരായാലും, എല്ലാവരും ഒരേ സ്നേഹബന്ധത്തിൽ ഐക്യപ്പെട്ടവരാണ്.


മരണത്തിലും മനുഷ്യർ ഒറ്റയ്ക്കല്ല


മനുഷ്യൻ തന്റെ ദൈവത്തെ അഭിമുഖീകരിക്കുന്ന നിർണ്ണായകമായ നിമിഷമാണല്ലോ മരണം. ഈ നിമിഷത്തിലും അവൻ ഒറ്റയ്ക്കല്ല. സഭയാകുന്ന സ്നേഹസമൂഹത്തിലെ ഒരംഗമെന്ന നിലയിലാണ്, ക്രിസ്തുനാഥന്റെ സഹോദരൻ അഥവാ സഹോദരി എന്ന നിലയിലാണ്, മരണത്തിൽ മനുഷ്യൻ ദൈവത്തെ അഭിമുഖീകരിക്കുന്നത്. അവനുവേണ്ടിയുള്ള സഭയുടെ, സഭാംഗങ്ങളുടെ പ്രാർത്ഥന ഈ വസ്തുതയാണ് കണക്കിലെടുക്കുന്നത്. മരിക്കുന്നയാൾ ഒറ്റയ്ക്കല്ലെന്നും സഭയുടെ മധ്യസ്ഥ പ്രാർത്ഥന തനിക്കു തുണയായിട്ടുണ്ടെന്നും അയാൾക്കു ഉറപ്പു നല്‌കുന്നു. മനുഷ്യപാപങ്ങൾക്ക് പാപപരിഹാരബലിയായി തീർന്ന സഭാ തലവനായ ക്രിസ്തുനാഥൻ ദൈവസാനിധ്യത്തിലേക്കു തന്നെ നയിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് അതയാളെ ഓർമ്മിപ്പിക്കുന്നു. മരണത്തിൽ ദൈവത്തിൻ്റെ മുമ്പിൽ നില്ക്കുന്നത് അവിടുത്തെ ഏകജാതന്റെ ജീവൻ വിലയായി കൊടുത്ത് വീണ്ടെടുക്കപ്പെട്ട വ്യക്തിയാണെന്ന്, മാനുഷികമായി പറഞ്ഞാൽ, അത് ദൈവത്തെ ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ, നാമെല്ലാവരും ഒരു സ്നേഹസമൂഹമാണെന്നും, തനിച്ചല്ല പ്രത്യുത നമ്മുടെ എല്ലാ സഹോദരീ സഹോദരങ്ങളോടുമൊത്ത് രക്ഷയിലേക്ക് പ്രവേശിക്കാനാണ് നമ്മുടെ തീവ്രമായ ആഗ്രഹമെന്നും അത് ദൈവത്തെ അറിയിക്കുന്നു.


മരണത്തിൽ ദൈവത്തെ അഭിമുഖികരിക്കുകയെന്നത് ഒരു വ്യക്തിയുടെ വെറും വ്യക്തിപരമായ കാര്യമല്ല. അതൊരു സഭാസംഭവമാണ്. മരിക്കുന്ന വ്യക്തിയെ സഭ മുഴുവനും ദൈവസന്നിധിയിലേക്ക് അനുഗമിക്കയാണ്, പ്രാർത്ഥന വഴി. ആ വ്യക്തിയോടുള്ള നമ്മുടെ ഐക്യത്തിൻ്റെയും സ്നേഹത്തിന്റെയും പ്രഖ്യാപനവും പ്രകടനവുമാണ് ഈ പ്രാർത്ഥന. എന്നാൽ, ഈ സ്നേഹവും ഐക്യബോധവും തുടങ്ങുന്നത് ആ വ്യക്തിയുടെ മരണത്തിലും മരണശേഷവും മാത്രമാണെങ്കിൽ, ജീവിച്ചിരുന്നപ്പോൾ നിരസിച്ച സ്നേഹത്തിനുള്ള ഒരു 'കോംപൻസേഷൻ' അഥവാ നഷ്ടപരിഹാരം മാത്രമാണ് ഈ പ്രാർത്ഥനയെങ്കിൽ, അതിൽ വലിയ അർത്ഥമില്ലെന്ന് വ്യക്തമാണല്ലോ.

തുടരും...

മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും കുർബാനകളും

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക നവംബർ, 2006

Nov 2, 2006

1

593

Recent Posts

bottom of page