
മരിച്ചവർക്കുവേണ്ടിയുളള പ്രാർത്ഥനയും കുർബാനകളും Part-2
Dec 4, 2006
3 min read

വി. കുർബാനയാചരണവും വി. കുർബാന ചൊല്ലിക്കലും
മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനാനുഷ്‌ഠാനങ്ങളിൽ ഏറ്റവും പ്രധാന മായി ഇന്നു കരുതപ്പെടുന്നത് വി. കുർബാന ചൊല്ലിക്കൽ ആണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉദാത്തമായ പ്രാർത്ഥനയാ ണല്ലോ വി. കുർബാനയർപ്പണം. വി. കുർബാന യേശുനാഥന്റെ ജീവിതബലി യുടെ ആചരണമത്രേ. എന്താണ് യേശുവിന്റെ ജീവിതബലി? തൻ്റെ ബോധ പൂർവ്വകമായ ജീവിതത്തിൻ്റെ ആദ്യനി മിഷം മുതൽ തന്നെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന പിതാവിന് യേശു സ്വയം സമ്പൂർണ്ണമായി സമർപ്പിച്ചു. പിതാവിൻ്റെ ഇഷ്ടം നിറവേറ്റുകയെന്നതുമാത്രമായിരുന്നു പിന്നീട് ഇങ്ങോട്ടുള്ള യേശുവിൻ്റെ ഒരേയൊരു ജീവിതനിയോഗവും ലക്ഷ്യ വും. പിതാവിന്റെ ഇഷ്ടം അവിടുന്നു കണ്ടത് മനുഷ്യരുടെ രക്ഷയിലാണ് -ഓരോ മനുഷ്യന്റെയും എല്ലാ മനുഷ്യരു ടെയും സമഗ്രമായ മോചനത്തിലും സമ്പൂർണ്ണമായ രക്ഷയിലും. ഈ മോചനത്തിനും രക്ഷയ്ക്കും വേണ്ടിയാണ് യേശു ജീവിച്ചതും പ്രവർത്തിച്ചതും പ്രസംഗിച്ചതും പ്രഘോഷിച്ചതും പ്രതി ഷേധിച്ചതും സഹിച്ചതും അവസാനം കുരിശിൽ മരിച്ചതുമെല്ലാം. സ്വന്തം താല്പര്യങ്ങളോ സുഖമോ ഇഷ്ടാനിഷ്ട ങ്ങളോ ഒന്നും നോക്കാതെ, മനുഷ്യരുടെ മോചനത്തിനും രക്ഷയ്ക്കും വേണ്ടി സ്വയം സമ്പൂർണ്ണമായി ചെലവഴിച്ച്, സ്വയം ശൂന്യനാക്കി യേശു കുരിശിൽ മരി ച്ചത് പിതാവിൻ്റെ കരങ്ങളിലേക്ക് സ്വയം സമർപ്പിച്ചുകൊണ്ടാണ്. അങ്ങനെ മരിച്ച യേശുവിനെ പിതാവ് ഉയിർപ്പിച്ചു മഹത്ത്വപ്പെടുത്തി, മനുഷ്യരക്ഷയുടെ മദ്ധ്യസ്ഥനാക്കി. യേശുവിൻ്റെ ഈ പ്രവർത്തനങ്ങളും പീഡാനുഭവവും മരണവു മെല്ലാമായിരുന്നു ജീവിതബലി. ഈ ജീവിതബലിയാണ് വി. കുർബാനയിൽ നാം അനുസ്മരിക്കുകയും ആചരിക്കയും ചെയ്യുന്നത്. ഈ അനുസ്‌മരണത്തിലും (anamnesis) ആചരണത്തിലും ഉയിർത്തെഴുന്നേറ്റ യേശു സന്നിഹിതനാകുന്നു. നമ്മുടെ ജീവിതത്തെയും ബലിയായി പിതാവിനു സമർപ്പിക്കുന്നതിനും സഹോദരീസഹോദരങ്ങൾക്കുവേണ്ടി സ്വയം ചെലവഴിക്കുന്നതിനും നമ്മെ പ്രാപ്തരാക്കിക്കൊണ്ട് വി. കുർബാന സ്വീകരണത്തിൽ അവിടുന്ന് ഐക്യപ്പെടുന്നു. നമ്മളും യേശുവിനെപ്പോലെ നമ്മെത്തന്നെ യേശുവിനു സമർപ്പിക്കുകയും നമ്മുടെ സഹോദരി സഹോദരന്മാരുടെ മോചനത്തിനും രക്ഷയ്ക്കും വേണ്ടി സ്വയം ചെലവഴിച്ചു കൊണ്ടു ജീവിക്കുവാൻ പ്രതിബദ്ധരാക്കുകയും ചെയ്യുമ്പോൾ അതുതന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രാർത്ഥന. അപ്പോൾ വി. കുർബാനയാചരണത്തിൽ നമ്മോടൊപ്പം ആയിരിക്കുന്ന യേശുവി നോടും അവിടുത്തെ പിതാവിനോടും നമുക്കു പ്രാർത്ഥിക്കാം. ജീവിച്ചിരിക്കുന്ന വരും മരിച്ചവരുമായ നമ്മുടെ എല്ലാ സഹോദരീസഹോദരങ്ങളുടെയും ആവ ശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ആ പ്രാർത്ഥന ദൈവത്തിന് തീർച്ചയായും പ്രീതികരമായിരിക്കും. അങ്ങനെ വി കുർബാനയിൽ നാം പങ്കെടുക്കുമ്പോഴാണ് വി. കുർബാന ഏറ്റവും ഉദാത്തമായ പ്രാർത്ഥനയാകുന്നത്. ഈ അർത്ഥത്തിൽ മരിച്ചവർക്കുവേണ്ടി വി. കുർബാ നയർപ്പിക്കുകയും പ്രാർത്ഥിക്കയും ചെയ്യുന്നത് വളരെ അർത്ഥവത്താണ്.
എന്നാൽ, ഇന്ന് വി. കുർബാന ചൊല്ലിക്കലാണ് മരിച്ചവരെ സഹായിക്കുനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി പലരും കാണുന്നത്. കുർബാന ചൊല്ലി ച്ചാൽ മരിച്ചവരുടെ ആത്മാക്കൾക്ക് യാന്ത്രികമായി (automatically) മോചനം കിട്ടുമെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് മരിച്ചവർക്കുവേണ്ടിയുള്ള കുർബാനകൾ കണ്ടമാനം വർദ്ധിച്ചിട്ടുണ്ട്. പല ദേവാലയങ്ങളിലും മിക്ക ദിവസവും മരിച്ചവരുടെ കുർബാനയാണ്; കർത്താവ് വിശുദ്ധ കുർബാന സ്ഥാപിച്ചത് മരിച്ചവർക്കുവേണ്ടിയല്ല, ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയാണന്ന സത്യം തന്നെ പലർക്കും അജ്ഞാതമാണെന്നു തോന്നുന്നു. യഥാർത്ഥത്തിൽ മരിച്ചവരെ സഹായിക്കാൻ കഴിയുന്ന നമുക്ക് ചെയ്യാൻ കഴിയുന്ന ഈ ഏറ്റവും നല്ല കാര്യം വി. കുർബാനയാചരണത്തിൽ വേണ്ടവിധം പങ്കെടുത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കയാണ്. നമ്മുടെ അത് ജീവിച്ചിരിക്കുന്ന നമുക്കും മരിച്ചുപോയ അവർക്കും പ്രയോജനകരമായി രിക്കും. കുർബാനയാചരണത്തിൽ വ്യക്തിപരമായി പങ്കെടുത്ത് മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധ്യമായിരുന്നിട്ടും അതു ചെയ്യാതെ, പണംകൊടുത്ത് നമ്മളും കുർബാന ചൊല്ലിച്ചാൽ മരിച്ചവരുടെ ആത്മാക്കൾക്ക് മോചനം കിട്ടിക്കൊള്ളുമെന്ന് കരുതുന്നത് കുർബാനയെപ്പറ്റി യുള്ള തെറ്റിദ്ധാരണയും ഒരു തരം അന്ധവിശ്വാസവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.
യൂദാസ് മക്കാബേയുസിന്റെ മാതൃക?
യൂദാസ് മക്കാബേയൂസ് തന്റെ അനുയായികളിൽ നിന്ന് രണ്ടായിരത്തോളം ദ്രാക്‌മാവെള്ളി പിരിച്ചെടുത്ത് യുദ്ധത്തിൽ മരണമടഞ്ഞവരുടെ പാപപരിഹാ രത്തിനുള്ള ബലിക്കായി ജറുസലേമി ലേക്ക് അയച്ചുകൊടുത്തുവെന്ന് മക്കാബേയരുടെ പുസ്‌തകത്തിൽ പറഞ്ഞിരി ക്കുന്നത് നാം കണ്ടു. എന്നാൽ, പണം കൊടുത്ത് വി. കുർബാന ചൊല്ലിക്കുന്ന തുമായി ഇതിന് ഒരു സാമ്യവുമില്ല. പഴയനിയമത്തിൽ ജനങ്ങളുടെ പാപപരിഹാ രത്തിനായി പുരോഹിതർ ആടുമാടുകളെയും മറ്റും ബലിയർപ്പിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് യുദ്ധത്തിൽ മരണ മടഞ്ഞവരുടെ പാപപരിഹാരത്തിനായി പുരോഹിതരെക്കൊണ്ട് ബലിയർപ്പിക്കുവാൻ യൂദാസ് നടപടി സ്വീകരിച്ചത്. എന്നാൽ, പുതിയനിയമത്തിൽ ജനങ്ങൾക്കുവേണ്ടി പുരോഹിതൻ അർപ്പിക്കുന്ന പാപപരിഹാരബലികളില്ല. പൂരോഹിതനും ബലിവസ്തുവുമായ യേശു ജനങ്ങളുടെ പാപപരിഹാരത്തിനായി എന്നെന്നേയ്ക്കുമായി ഒരേയൊരു ബലി അർപ്പിച്ചു - കാൽവരിയിലെ കുരിശിൽ സമാപിച്ച അവിടുത്തെ ജീവിതബലി. ആ ബലി ഒരിക്കലും ആവർത്തിക്കപ്പെടുന്നില്ല. ആവർത്തിക്കേണ്ടയാവശ്യവുമില്ല. വി. കുർബാനയാചരണം ആ ബലിയുടെ അനുസ്മരണവും (anamnesis) പുനരവതരണവുമാണ്. അതിൽ പങ്കെ ടൂത്ത് യേശു ചെയ്‌തതുപോലെ നമ്മുടെ ജീവിതം ബലിയായി പിതാവിനും സഹോദരീ സഹോദരന്മാർക്കുംവേണ്ടി അർപ്പിക്കുമ്പോളാണ് അത് നമുക്കും മറ്റു ള്ളവർക്കും പാപമോചകമായിത്തിരുന്നത്. അല്ലാതെ കുർബാന ചൊല്ലിക്കൽ അല്ല ജീവിച്ചിരിക്കുന്നവരുടെയോ മരിച്ച വരുടെയോ പാപങ്ങൾക്കും കടങ്ങൾക്കും മോചകമായിത്തീരുന്നത്.
പാശ്ചാത്യസഭയിൽ മധ്യയുഗങ്ങളിൽ തുടങ്ങിയ പതിവ്
മധ്യയുഗങ്ങളിൽ പാശ്ചാത്യസഭയി ലാണ് മരിച്ചവർക്കുവേണ്ടിയുള്ള കുർബാന ചൊല്ലിക്കൽ ആദ്യമായി ആരം ഭിച്ചത്. ക്രമേണ അത് അവിടെ സർവ്വത്ര വ്യാപിക്കുകയും മരിച്ചവർക്കുവേണ്ടിയുള്ള കുർബാനകളുടെ നമ്പർ കണ്ട മാനം കൂടുകയും ചെയ്‌തു. അതോട് ബന്ധപ്പെട്ടാണ് വിശ്വാസികളെ കൂടാതെ അച്ചന്മാർ തനിച്ചു ചൊല്ലുന്ന "പ്രൈവറ്റ് കുർബാന്കളും തുടങ്ങിയത്. എത്ര കൂടുതൽ കുർബാനകൾ ചൊല്ലിക്കുന്നോ. അത്ര കൂടുതൽ കാര്യക്ഷമമായി ആത്മാക്കളുടെ മോചനം സാധ്യമാകുമെന്ന ചിന്താഗതിയുടെ ഫലമായി മരിച്ചവർക്കു വേണ്ടിയുള്ള “തുടർക്കൂർബാനകളും" നിലവിൽ വന്നു. ഒരു ദിവസവും മുടങ്ങാതെ തുടർച്ചയായി ഒരു നിശ്ചിത നമ്പർ കുർബാനകൾ ഒരേ നിയോഗത്തി നു വേണ്ടി ചൊല്ലുന്നതിനെയാണ് തുടർക്കൂർബാനകൾ എന്നു പറയുന്നത്. ഏഴു ദിവസത്തേക്കും മുപ്പതു ദിവസത്തേക്കുമൊക്കെ ആയിരുന്നു മിക്കപ്പോഴും ഈ തുടർക്കുർബാനകൾ. മുപ്പതുദിവസത്തെ തുടർക്കുർബാനകൾക്കാണ് "ഗ്രെഗോരിയൻ കുർബാനകൾ" എന്നു പറയുന്നത്. ഗ്രെഗരി ഒന്നാമൻ മാർപാപ്പാ പറഞ്ഞിട്ടുള്ള രണ്ടുകഥകളെ (Dial. IV, 55) ആസ്‌പദമാക്കിയാണ് ഗ്രെഗോരിയൻ കുർബാനകൾ പ്രചാരത്തിൽ വന്നത്. 13-ാം നൂറ്റാണ്ടു മുതൽ ജീവിച്ചിരിക്കുന്നവർക്കും അവരുടെ നിയോഗങ്ങൾക്കുംവേണ്ടിയുള്ള തുടർക്കൂർബാനകളും പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസം മുതൽ നാല്‌പത്തഞ്ചുദിവസംവരെ ചൊല്ലേണ്ട തുടർക്കുർബാ കളാണ് അങ്ങനെ നിലവിൽ വന്നത്. വിശുദ്ധ കുർബാനയാചരണത്തെ സംബന്ധിച്ച് ഇങ്ങനെ പ്രചാരത്തിൽ വന്ന തുടർക്കുർബാനകൾ പോലെയുള്ള പല അനാചാരങ്ങളെയും ത്രെന്തോസ് സുനഹദോസ് നിരുത്സാഹപ്പെടുത്തുകയും ചിലതെല്ലാം നിരോധിക്കയും ചെയ്തു. ഗ്രെഗോരിയൻ കുർബാനകളെ നിരോധിച്ചില്ലെങ്കിലും പ്രോത്സാഹനാർഹമായിട്ടല്ല കൗൺസിൽ അവയെ കാണുന്നത്.
മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി സാമ്പത്തികമായ കാരണ ത്താൽ കുർബാന ചൊല്ലിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് വിഷമിക്കുന്നവരുണ്ട്. വിശുദ്ധ കുർബാനയാചരണത്തിൽ വേണ്ടപോലെ പങ്കെടുത്ത് മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അജപാലകരും മറ്റ് ബന്ധപ്പെട്ടവരും അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
എത്രനാൾ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കണം?
സ്നേഹത്തിൽ അപൂർണ്ണനായ മനുഷ്യൻ മരണത്തിൽ ദൈവത്തെ അഭിമു ഖീകരിക്കുന്നതുതന്നെയാണ് ജീവിതാനന്തരശുദ്ധീകരണമെന്നും ഇത് സ്ഥല കാല പരിമിതികൾക്ക് അതീതമാണെന്നും മുമ്പ് പറഞ്ഞല്ലോ (അസ്സീസി, സെപ്റ്റം ബർ ലക്കം). അതിനാൽ, മരിക്കുന്നവർക്കുവേണ്ടിയുള്ള പ്രാർത്ഥനയെന്നും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയെന്നുമുള്ള വിവചനത്തിനു പ്രസക്തിയില്ല. ത്രികാലജ്ഞാനിയും ഭൂതവർത്തമാ നകാലങ്ങളുടെയെല്ലാം അധിപനുമാണല്ലോ ദൈവം. അതുപോലെതന്നെ മരി ച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്കാൻ എളുപ്പമല്ല. മൃതസംസ്ക്കാരത്തോട് അനുബന്ധിച്ചും ചരമ വാർഷികങ്ങളിലും മറ്റും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്‌മരിക്കയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് തീർച്ച യായും ഉചിതമാണ്. അത് അവരോടുള്ള സ്നേഹാദരവുകളുടെയും ഐക്യദാർഢ്യത്തിൻ്റെയും പ്രതീകവും പ്രകടനവുമത്രേ. എന്നാൽ, നമ്മുടെ പ്രാർത്ഥനകളും കുർബാനകളും വഴി മാത്രമേ അവർക്ക് മോചനം ലഭിക്കുകയുള്ളുവെന്ന ചിന്തയിൽ അവർക്കുവേണ്ടിയുള്ള അറുതിയി ല്ലാത്ത പ്രാർത്ഥനകളും കുർബാനകളും അനാവശ്യമെന്നു മാത്രമല്ല, അർത്ഥശ ന്യവുമാണ്. ഈ വസ്തുത കണക്കിലെടുത്തുകൊണ്ട് മരിച്ചവർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനാനുഷ്‌ഠാനങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നത് ഉചിതമാ യിരിക്കും. മരിച്ചവരോടുള്ള സ്നേഹാദ രവുകളും ഐക്യവും പ്രകടിപ്പിക്കുവാൻ ഉതകുന്ന സാമൂഹികാനുഷ്‌ഠാന ങ്ങൾക്കാണ് മുൻഗണന നല്‌കേണ്ടത്. ശ്രാദ്ധംപോലെയുള്ള നമ്മുടെ പാരമ്പര്യാചാരങ്ങൾ ഇക്കാര്യത്തിലാണ് ശ്രദ്ധയൂന്ന് യിരുന്നത്, മരിച്ചവരോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതോ ടൊപ്പം ജീവിച്ചിരിക്കുന്നവരെ വിശ്വാസത്തിലും സ്നേഹത്തിലും അതുറപ്പിക്കു കയും ചെയ്യും. മിശിഹായുടെ ശരീരം അങ്ങനെ വളരുകയും മരിച്ചവർ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന അന്ത്യമഹത്വീകരണം ഒന്നുകൂടെ സമീപസ്ഥമാകുകയും ചെയ്യും. മരിച്ചവർക്കുവേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥനയുടെ ആത്യന്തിക ലക്ഷ്യം അതുതന്നെയാണല്ലോ.























