top of page
ഏഴാംക്ലാസ്സുവരെയുള്ള കുട്ടികള്‍ കാലംതെറ്റിവന്ന അവധിക്കാലത്തിന്‍റെ പിടിയിലാണിപ്പോള്‍. വൈറസ്ബാധയുടെ ഭീഷണി വന്നപ്പോള്‍ ഓര്‍ക്കാപ്പുറത്തു വന്ന കോവിഡ്വെക്കേഷന്‍. മാതാപിതാക്കള്‍ റെഡിയല്ല. ഈ പിള്ളേരെ വിടാനുള്ള അവധിക്കാലക്യാമ്പുകളും പരിശീലന കളരികളും കളിയിടങ്ങളുമൊക്കെ കോവിഡ് ഭീഷണിയില്‍ അടഞ്ഞിരിക്കുന്നു. സിനിമാശാലയില്ല. മാളില്‍ പോകാന്‍ പറ്റില്ല. ഫലത്തില്‍ ഹോം ക്വാറന്‍റ്റൈന്‍ പോലൊരു ഹോം വെക്കേഷന്‍. പുറത്തു പോകാനാവാതെ ബോറടിച്ചിരിക്കുമ്പോള്‍ ഇലക്ട്രോണിക്ക് സ്ക്രീനിലേക്ക് തിരിയാനുള്ള ആപല്‍സാധ്യതയുള്ള അവധിക്കാലമാണിത്. മറ്റൊരു വഴിയും ആലോചിക്കാത്ത മാതാപിതാക്കള്‍ മൗനാനുവാദം നല്‍കിയെന്നും വരും. കുട്ടിയുടെ ശീലങ്ങളെ ക്രമേണ തകിടംമറിക്കാനിടയുള്ള മറ്റൊരു സ്ലോ വൈറസിനെ ഈ വെക്കേഷനില്‍ കടത്തിവിടണോ?
ആസൂത്രണം എങ്ങനെ?
മുഴുവന്‍ സമയവും ഇലക്ട്രോണിക് സ്ക്രീനില്‍ കുടുങ്ങിപോകാത്ത വിധത്തില്‍ ആസ്വാദ്യമായ ദിനചര്യ ഉണ്ടാക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. കോവിഡ് അകന്നു പോകുമ്പോഴേക്കും പിള്ളേരെ വീഡിയോഗെയിം വൈറസും ഓണ്‍ലൈന്‍ പിശാചും പിടി കൂടാതിരിക്കാന്‍ എന്തുവഴി? വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. കംപ്യുട്ടര്‍സ്ക്രീനിനോ, വീഡിയോഗെയിമിനോ, ടെലിവിഷന്‍ കാണലിനോ സമ്പൂര്‍ണ്ണ വിലക്കില്ല. എല്ലാ സ്ക്രീന്‍ സമയവും കൂടി ചേര്‍ത്ത് ഒരു ദിവസം രണ്ട് മണിക്കൂറില്‍ ഒതുങ്ങണം. അതാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി നേരമെന്നു ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറയുന്നു. പിന്നെയും നേരം കിടക്കുകയാണല്ലോയെന്നു മാതാപിതാക്കള്‍ തല ചൊറിയുന്നുണ്ടാകും. വായനയും വരയും എഴുത്തുമൊക്കെ ദിനചര്യയില്‍ കയറണം. ചെസ്സും സുഡോക്കുവും പോലെയുള്ള ബുദ്ധിപരമായ കളികള്‍ പരിചയപ്പെടുത്തി കൊടുക്കണം. ബില്‍ഡിങ്ങ് ബ്ലോക്ക്സ് ഉപയോഗിച്ചുള്ള കളികള്‍ ആകാം. വീട്ട് ചുമതലകളില്‍ പങ്കുചേര്‍ക്കാം. ചെടി നനച്ചു പരിപാലിക്കാന്‍ തുടങ്ങാം. പട്ടിയോ പൂച്ചയോ മറ്റു വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ അവയെ നോക്കാം. പക്ഷേ സുരക്ഷ നോക്കണം. വളര്‍ത്തു മീനുകള്‍ ഉള്ള ഒരു ചെറിയ അക്വേറിയം പരീക്ഷിക്കാം. കുട്ടികളുമായി ചര്‍ച്ചചെയ്താല്‍ ഇതിലേക്ക് അവരെ ആകര്‍ഷിക്കാന്‍ സാധിക്കും.
വിശകലനാത്മക വെക്കേഷന്‍
കായികകാര്യങ്ങള്‍ ചെയ്യുവാന്‍ പുറത്തു പോകാന്‍ പരിമിതികളുണ്ട്. അതുകൊണ്ട് ബുദ്ധിപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്ന അവധിക്കാലമാണെന്ന് പറഞ്ഞു. പ്രായത്തിനു ചേരുന്ന, വായിക്കാന്‍ കൊള്ളാവുന്ന നല്ല പുസ്തകങ്ങളുടെ ലിസ്റ്റ് ആദ്യം തയ്യാറാക്കാം. വായിച്ച പുസ്തകങ്ങളെ വിലയിരുത്താം. ഇതുപോലെ കുട്ടികള്‍ക്കു കാണാവുന്ന സിനിമകളുടെയും ടെലിവിഷന്‍ഷോകളുടെയും ലിസ്റ്റ് ഉണ്ടാക്കാം. അതിന്‍റെ ഗുണവും ദോഷവും പരിശോധിക്കാം. പറ്റുമെങ്കില്‍ ഒരു നോട്ടുബുക്കില്‍ കുറിപ്പുകള്‍ ഉണ്ടാക്കിവയ്ക്കാം. പഠനത്തിനും കുറച്ചുനേരമാകാം.
പ്രായമായ കുട്ടികള്‍ ഏതെങ്കിലും ഒരു വാര്‍ത്തയെ പിന്തുടരാം. ഏറ്റവും അനുയോജ്യം കോവിഡ് വൈറസ് തന്നെയാകാം. ഇത് ഒരു പഠനമാകും. ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെന്നാല്‍ എന്താണെന്നു കുട്ടികള്‍ മനസ്സിലാക്കട്ടെ. ഇതൊരു വലിയ അവസരമാണ്. വ്യക്തിശുചിത്വത്തെ കുറിച്ചും, എല്ലാവരുടെയും ആരോഗ്യസംരക്ഷണത്തില്‍ ഓരോരുത്തരും പാലിക്കേണ്ട സാമൂഹികപ്രതിബദ്ധത യെകുറിച്ചുമുള്ള പാഠം ഉള്ളിലേറ്റാന്‍ പറ്റിയ സാഹചര്യമാണിത്. അറിയാവുന്ന ചങ്ങാതികളുമായി ചേര്‍ന്ന് വൈകുന്നേരങ്ങളില്‍ വീടിന്‍റെ പരിസരങ്ങളില്‍ കായികമായ കളികളാകാം. സൈക്കിള്‍ ചവിട്ടാം. പൊതുകളിയിടങ്ങളില്‍ കൂട്ടംകൂടാന്‍ കോവിഡ് നാളുകളില്‍ പറ്റില്ലല്ലോ. കൈകഴുകല്‍ മറക്കാന്‍ പാടില്ല. അതു തുടര്‍ന്നും ശീലമാക്കണം.
ഫാമിലിയുമായി വീട്ടില്‍ വെക്കേഷന്‍
യാത്രപോകാന്‍ പറ്റില്ല. പാര്‍ക്കില്‍ പോകില്ല. അതുകൊണ്ട് വെക്കേഷന്‍ ബോറാകില്ല. കളിയൊക്കെ കഴിഞ്ഞ് എത്തുമ്പോള്‍ സൊറ പറയാനും അന്നത്തെ വിശേഷം പറയാനുമുള്ള ക്വളിറ്റി നേരം മാതാപിതാക്കള്‍ കുട്ടികള്‍ക്കായി ഒരുക്കണം. വീട്ടില്‍ പ്രായമായ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഉണ്ടെങ്കില്‍ അവരുടെ പഴങ്കഥകള്‍ കേള്‍ക്കണം. മിണ്ടിയും പറഞ്ഞുമൊക്കെ ഇഷ്ടംകൂടാനും ഒന്നോ രണ്ടോ മണിക്കൂറു കള്‍ ആകാം. ചില കടങ്കഥകളിലും, ബുദ്ധിപരമായ കളികളിലുമൊക്കെ മാതാ പിതാക്കള്‍ക്കും പങ്കുചേരാം. പുറത്തുപോകാനുള്ള പരിമിതി പ്രയോജനപ്പെടുത്തി വീട്ടില്‍ അടുപ്പം കൂട്ടാം. ആശയവിനിമയം വര്‍ദ്ധിപ്പിക്കാം. സ്വന്തമായ പ്രാര്‍ത്ഥനകള്‍ കുട്ടികള്‍ പ്രാര്‍ത്ഥനാനേരത്തു ചൊല്ലട്ടെ. കോവിഡ് വെക്കേഷന്‍ കഴിയുമ്പോഴേക്കും കുടുംബബന്ധത്തില്‍ കെട്ടുറപ്പ് കൂടണം. എന്തും വീട്ടില്‍ തുറന്നുപറയാനൊരു സ്വാതന്ത്ര്യം വളരണം.
ഓര്‍മ്മിച്ചുവയ്ക്കാന്‍ പോന്നതാകണം കൊറോണ ഭീഷണി നല്‍കിയ ഈ അവധിക്കാലം. സഞ്ചാരത്തിലും പുറത്തുപോകലിലും ഉണ്ടായ നിയന്ത്രണങ്ങളെ ഒരു വലിയ സാധ്യതയായി കണ്ടു മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് കൂട്ടായ്മയുടെയും ബുദ്ധിപരതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും നല്ലൊരു വെക്കേഷന്‍ രൂപപ്പെടുത്തട്ടെ.