top of page

ലെയോ പതിന്നാലാമന്‍ പാപ്പാ

Jun 1, 2025

4 min read

ഫാ. ജോസ് വെട്ടിക്കാട്ട്

പുതിയ പാപ്പായെ തെരഞ്ഞെടുക്കാന്‍ മെയ് 7-ാം തീയതി കോൺക്ലേവ് തുടങ്ങിയ അന്നു വൈകുന്നേരം മുതല്‍ വാര്‍ത്താ സമയത്ത് ടിവിയുടെ മുമ്പില്‍ ഒന്നിച്ചു കൂടാറുണ്ടായിരുന്ന കുറെ വയസ്സനച്ചന്മാരും അവരെ സഹായിക്കുന്ന സഹായികളും ശമ്മാശന്മാരും കൊച്ചച്ചന്മാരുമടക്കമുള്ള പത്തിരുപത്തഞ്ചുപേര്. മെയ് 8-ാം തീയതി രാത്രീലും പുതിയ പാപ്പായെ തിരഞ്ഞെടുത്തോ എന്നറിയാൻ ഷെക്കീന ചാനലും തുറന്നുവച്ച് കാത്തിരിക്കുമ്പോള്‍ സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയില്‍ വെള്ളപ്പുക കണ്ടതോടെ ആകാംഷ ആകാശംമുട്ടി! പേരു കേള്‍ക്കാന്‍ കാത്തിരിക്കുന്നതിനിടയില്‍ പലരും അതാരായിരിക്കും എന്നു ശക്തമായ പ്രവചനവും നടത്തുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍ ഫ്രഞ്ചുകാരന്‍ കര്‍ദ്ദിനാള്‍ ഡോമിനിക് മാംബര്‍ത്തി, സെന്‍റ്പീറ്റേഴ്സിന്‍റെ ബാല്‍ക്കണിയിലെത്തി. വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന ലക്ഷത്തിലധികം വരുന്ന വിശ്വാസി സമൂഹത്തിന്‍റെ കൈയ്യടിയില്‍ മുങ്ങിപ്പോയ മൃദുസ്വരത്തില്‍ അദ്ദേഹം പറഞ്ഞു: 'ഹാബേമൂസ് പാപ്പാം'. നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു. ടിവി സ്ക്രീനില്‍ തെളിഞ്ഞുവന്ന പേര് 'അമേരിക്കയില്‍ നിന്നുമുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, ലെയോ പതിന്നാലാമന്‍.'


"നിങ്ങടെയൊക്കെ തമ്പുരാന്‍ കര്‍ത്താവും അമേരിക്കേലെ ട്രമ്പച്ചായനു ദക്ഷിണവച്ചെന്നു തോന്നുന്നല്ലോടാ പിള്ളാരേ, ഇതുവരെ പറഞ്ഞോണ്ടിരുന്നതെല്ലാം തിരുത്തി."


പുതിയ പാപ്പായുടെ പേരുകേട്ടപ്പോള്‍ ആരുടെയോ വായില്‍നിന്നു പുറത്തുചാടിയ ആ കമന്‍റുകേട്ട് എല്ലാവരും ചിരിച്ചുപോയി.


"അല്ല, ഇവിടിരിക്കുന്നവരെല്ലാം ഇത്രേം നേരോം എന്തൊരു തള്ളാരുന്നു! ദൈവം തമ്പുരാനെക്കാള്‍ ഉറപ്പായിട്ടല്ലാരുന്നോ പ്രവചനങ്ങള്‍! ആരാണ്ടു കൊഴപറിഞ്ഞ കൊറേ ചാനലുകാരും നെറികെട്ട യൂട്യൂബു കുണ്ടന്മാരും പടച്ചുവിട്ട വിഡ്ഢിത്തങ്ങളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയിട്ട് ചന്ദ്രനുദിക്കുമ്പോള്‍ കിഴക്കോട്ടു നോക്കിയിരുന്ന് ഇപ്പക്കിട്ടും വയറുനിറെ എന്നും കണ്ടു ഓരിയിടുന്ന കില്ലപ്പട്ടിക്കൂട്ടങ്ങള്‍."


ഒന്നും മിണ്ടാതെ മൂലയ്ക്ക് ഒതുങ്ങിയിരുന്ന വയസ്സനച്ചന്‍ നല്ല കലിപ്പോടെ അത്രയുംകൂടി പറഞ്ഞപ്പോളാണ് ആദ്യത്തെ കമന്‍റടിച്ചതും അങ്ങേരാണെന്നു മനസ്സിലായത്.


"ഫ്രാന്‍സീസ് പാപ്പാ മരിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതല്ലേ ഓരോരുത്തന്മാരു മാര്‍പ്പാപ്പായെ ഉണ്ടാക്കാന്‍. കത്തോലിക്കാസഭ മൊത്തം കക്ഷത്തിലാണെന്ന മട്ടിലല്ലാരുന്നോ ഗീര്‍വാണം മുഴുവന്‍. ഏതാണ്ടൊരു കുന്ത്രാണ്ടമുണ്ടല്ലോ, ഊഗിളോ കൂഗിളോ ഏതാണ്ട്, അതിനകത്തെല്ലാം കയറി തപ്പിയിട്ട് ഏറ്റവും സാദ്ധ്യതയുള്ള കര്‍ദ്ദിനാളന്മാരുടെ പട്ടികയുമുണ്ടാക്കി വിളിച്ചുകൂവി. അതുകൊണ്ടങ്ങോട്ടു പോരാ എന്നു തോന്നിയതുകൊണ്ടാരിക്കും, ശവക്കൂഴീന്നെഴുന്നേറ്റു വന്നു മാനഹാനിക്കു കേസുകൊടുക്കുകേലെന്ന് ഉറപ്പുള്ളതുകൊണ്ട്, മുല്ലപ്പെരിയാര്‍ അണക്കെട്ടു മൂന്നാലു പ്രാവശ്യം പൊട്ടിച്ച നമ്മടെ ഫ്രഞ്ചുകാരന്‍ പ്രവാചകന്‍ നോട്ടര്‍ദാമുസിനെ വിളിച്ചോണ്ടുവന്നു പ്രവചിപ്പിച്ചു, ഉണ്ണാക്കന്മാര്! ഇനിവരുന്നത് അവസാനത്തെ പാപ്പായാണ്, പേര് പത്രോസെന്നാരിക്കും, അതോടെ ലോകാവസാനവുമായിരിക്കും പോലും! അതുകേട്ടപാടേ പത്രോസെന്നു പേരുള്ള ആരാണു കര്‍ദ്ദിനാളന്മാരിലുള്ളതെന്നു തെരഞ്ഞു പിടിക്കലല്ലാരുന്നോ. അവരൊന്നും അത്രയങ്ങോട്ടു പോരെന്നു തോന്നിയപ്പോള്‍ കര്‍ദ്ദിനാളന്മാരില്‍ അരക്കൈ നോക്കാന്‍ ആമ്പിയറുള്ള അഞ്ചാറു പേരെ തപ്പിയെടുത്ത് അവരിലൊരാള്‍ പാപ്പായാകും എന്നും പറഞ്ഞ് അവരുടെ പേരും പടോം ജീവചരിത്രോം കൈയ്യിലിരിപ്പും എല്ലാം ലോകത്തുള്ള സര്‍വ്വപത്രങ്ങളിലും തലക്കെട്ടുപിടിച്ചു. അതില്‍ ഏറ്റവും സാദ്ധ്യത ഫിലിപ്പൈന്‍സിലെ കര്‍ദ്ദിനാള്‍ ലൂയീസ് ആന്‍റോണിയോ ടാഗ്ളേ ആണെന്നും പറഞ്ഞ് പുള്ളിക്കാരനെ പാപ്പാക്കുപ്പായോം അണിയിച്ച് മുന്‍കൂര്‍ തന്നെ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിച്ചതിന് അങ്ങേരിനി മാനനഷ്ടത്തിനു കേസുകൊടുക്കുമോ ആവോ!"


"അതിനു ബദലായി ആപ്രിക്കേന്നൊരു കറുത്തപാപ്പാ വരുന്നെന്നും പറഞ്ഞ് വേറെ ഏതോ ബാബായുടെ പ്രവചനം! എന്തായാലും തെരഞ്ഞടുക്കപ്പെടുന്നയാള്‍ പീറ്ററെന്ന പേരില്‍ അന്തിപ്പോപ്പാകും, അതോടെ സഭേംതീരും. അതുംപോരാ, എത്ര കൃത്യമായിട്ടാ പറഞ്ഞത് 27-ല്‍ ലോകാവസാനോം വരും!! അത്രയുംകൂടെ കേട്ടപാടേ, അല്ലേലൂയ സ്തോത്രോം കൂവിനടക്കുന്ന കൂട്ടര് കൂട്ടപ്രാര്‍ത്ഥനേം ഉപവാസോം തുടങ്ങി! നമ്മടെതു പോലിങ്ങനൊരു നാടെന്‍റപ്പോ! നീയൊക്കെയീ പറഞ്ഞപോലെയങ്ങു സംഭവിക്കാന്‍ കത്തോലിക്കാസഭയെന്നാ നിങ്ങടെയാരുടെയെങ്കിലും അമ്മയ്ക്ക് സ്ത്രീധനം കിട്ടിയ സാധനമാണോ? അതു നിങ്ങടെയാരുടേം വരുതീലല്ല, ഒടേതമ്പുരാന്‍റെ സ്വന്തമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ നീയൊക്കെ എന്നെപ്പറ്റി പറഞ്ഞതെന്താ 'മൂപ്പരു ജീവിക്കുന്നതു 18-ാം നൂറ്റാണ്ടിലാ, മൂപ്പര്‍ക്ക് അത്ര വിവരമേയുള്ളൂന്ന്.' എന്നിട്ടിപ്പം എന്തായീ? നൂറ്റാണ്ടു പതിനെട്ടായാലും ഇരുപത്തഞ്ചുകഴിഞ്ഞാലും കത്തോലിക്കാസഭ തമ്പുരാന്‍റെ സ്വന്തമാടാ മക്കളേ, നിനക്കൊന്നും കുട്ടകളിക്കാന്‍ തമ്പുരാന്‍ അതുവിട്ടുതരത്തില്ല. അതിന്‍റെ തെളിവല്ലേടാ പിള്ളാരേ, നിന്‍റെയൊക്കെ കൂഗിളും കുന്ത്രാണ്ടോം നോട്ടര്‍ഡാമസും ഒക്കെനോക്കിയിട്ടും, ആരോരും അറിയാതിരുന്ന, ആരും കേട്ടിട്ടു പോലുമില്ലാതിരുന്ന അമേരിക്കക്കാരനെ തമ്പുരാന്‍ അമരക്കാരനാക്കിയത്!"


ഉച്ചത്തില്‍ വച്ചിരുന്ന ടിവിയുടെ സ്വരത്തിനും മുകളില്‍ സ്വരമുയര്‍ത്തി സംസാരിക്കാന്‍ അദ്ദേഹം നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. സംസാരം തുടങ്ങിയപ്പോള്‍തന്നെ, നില്‍ക്കാനും നടക്കാനും കാലിനു ബലക്കുറവുണ്ടായിരുന്ന അദ്ദേഹത്തെ എഴുന്നേല്‍പിച്ചു കൊണ്ടുപോകാന്‍ സഹായികള്‍ ചെന്നപ്പോളാണ് അദ്ദേഹം ക്ഷോഭിച്ച് വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടിയത്. സമകാല സഭയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്‍റെ കലഹം മുഴുവന്‍ ആ വാക്കുകളിലൂടെ തെറിച്ചുവീഴുന്നുണ്ടായിരുന്നു.


സഭയേയും വിശ്വാസത്തേയും ജീവനുതുല്യം വിലമതിക്കുന്ന, എന്തെല്ലാം കുറവും കുറ്റങ്ങളുമുണ്ടെങ്കിലും സഭയെ തമ്പുരാന്‍ കൈവിടില്ലെന്ന് അചഞ്ചലമായി വിശ്വസിക്കുന്ന അദ്ദേഹത്തിന്‍റെ ശുഭാപ്തി വിശ്വാസത്തെ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്ന ന്യൂജന്‍ വിശ്വാസികളോടുള്ള വെല്ലുവിളിയായിരുന്നു പരുഷമായ ആ വാക്കുകളില്‍ മുറ്റിനിന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസ തീക്ഷ്ണതയെ പരിഹസിച്ച് അദ്ദേഹത്തെ മൂലയ്ക്കിരുത്താന്‍ ശ്രമിച്ച ആരോടൊക്കെയോ ഉള്ള അമര്‍ഷവും ആ വാക്കുകളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു.


ഒരു വൃദ്ധ വൈദികന്‍റെ ജല്‍പനങ്ങള്‍ എന്നതിനേക്കാള്‍ കാലത്തിന്‍റെ ചുവരെഴുത്തുകളുടെ ഒരു നേര്‍വായനയും ആ വാക്കുകളിലില്ലേ? സഭയുടെ, പ്രത്യേകിച്ചും സീറോമലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് വിഷമിക്കുന്ന വിശ്വാസികള്‍ക്കും എല്ലാം നാശമോശമായി എന്നു വിലപിക്കുന്ന സന്മനസ്സുള്ളവര്‍ക്കും ദൈവം കരുതിവച്ച ഉത്തരമല്ലേ ലെയോ പതിന്നാലാമന്‍ പാപ്പായുടെ തെരഞ്ഞെടുപ്പ്? നിഷ്പക്ഷമതിയായ ഏതൊരു കത്തോലിക്കാവിശ്വാസിക്കും അഭിമാനിക്കാവുന്ന ഒരു തെരഞ്ഞെടുപ്പല്ലായിരുന്നുവോ അത്? സര്‍വ്വരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഒരു വിധിപ്രഖ്യാപനം. കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തിയും എണ്ണമില്ലാത്ത അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലും, ആഗോളസഭയിലെ അടിയൊഴുക്കുകള്‍ നിരീക്ഷിച്ചും, നൂതനസാങ്കേതിക വിദ്യകളെ അവലംബിച്ചും, നാനാ മാനദണ്ഡങ്ങള്‍ കര്‍ശനമായി കണക്കിലെടുത്തും തെറ്റുപറ്റാത്ത പ്രീപോള്‍ പ്രവചനം നടത്തിയ അതിവിദഗ്ദ്ധര്‍ നിരത്തിയ മുന്‍നിരക്കാര്‍ ആരുമല്ലായിരുന്നു, തെരഞ്ഞെടുക്കപ്പെട്ടത് എന്നുള്ളത്, സഭയിലെ തമ്പുരാന്‍ കര്‍ത്താവിന്‍റെ കൈയ്യൊപ്പല്ലാതെ പിന്നെന്താണ്! ആ വല്യച്ചന്‍റെ പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ സഭ ആരുടെയും കക്ഷത്തിലുമല്ല, ആര്‍ക്കും സ്ത്രീധനം കിട്ടിയതുമല്ല, തമ്പുരാന്‍റെ സ്വന്തമാണ്, അവിടുത്തെ അരൂപി നയിക്കുന്നതാണ് എന്നതിന് ഇതിനപ്പുറം ഒരു തെളിവുവേണോ? എത്ര പിഴച്ചാലും പൊറുക്കുന്ന തമ്പുരാന്‍ ഇന്നും സഭയെ ചേര്‍ത്തുപിടിക്കുന്നു എന്നതിന് ഇതിനപ്പുറം എന്തുറപ്പുവേണം!


ലെയോ പതിന്നാലാമന്‍ മാര്‍പ്പാപ്പായുടെ തെരഞ്ഞെടുപ്പിനുശേഷം ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വന്നുകൊണ്ടിരുന്ന നിരീക്ഷണങ്ങളില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന ഒരെണ്ണം അഗ്രെയ് എന്നു പേരുള്ള അകത്തോലിക്കനായ ഒരു കെനിയാക്കാരന്‍ ജഡ്ജിയുടേതാണ് (Justice Aggrey Otsyula Muchelule).* അദ്ദേഹം എഴുതിയതിന്‍റെഒരു സ്വതന്ത്ര വിവര്‍ത്തനം താഴെ വായിക്കുക.


'ഞാനൊരു കത്തോലിക്കാവിശ്വാസിയല്ല. പ്രത്യേകിച്ച് ഒരുസഭയോടും കൂറുമില്ല. എന്നിരുന്നാലും കത്തോലിക്കാസഭയെയും അതിന്‍റെ നിലപാടുകളെയും നീക്കങ്ങളെയും ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഒരാളാണ്. നൂറ്റാണ്ടുകള്‍ നീണ്ട മതപീഡനങ്ങളെ അതിജീവിച്ച, വന്‍സാമ്രാജ്യ ശക്തികളുടെ അടിച്ചമര്‍ത്തലുകളെ മറികടന്ന, ആഭ്യന്തര ഭിന്നതകളുടെയും വിഭാഗീയതകളുടെയും കടലുകള്‍ തന്നെ നീന്തിക്കടന്ന ചരിത്രമുള്ള ആ സഭ ലോകമാസകലം ഇന്നും പ്രൗഡിയോടെയും സുസ്ഥിരതയോടെയും നേരെനില്‍ക്കുന്നു എന്നുള്ളത് തെല്ലൊരു വിസ്മയത്തോടെയാണ് ഞാന്‍ വീക്ഷിക്കാറുള്ളത്. തള്ളിക്കയറി മുന്‍പന്തിയില്‍ നില്‍ക്കാന്‍ തിടുക്കം കാട്ടാത്ത, ശ്രദ്ധാകേന്ദ്രമാകാന്‍ തന്ത്രംമെനയാത്ത, എന്നാല്‍ ശാന്തമായ സാന്നിദ്ധ്യംകൊണ്ട് ലോകത്തിന്‍റെ ഗതിവിഗതികളെപ്പോലും നിയന്ത്രിക്കാന്‍പോരുന്ന ഒരു ധാര്‍മ്മിക ശക്തികേന്ദ്രമായിരുന്ന കത്തോലിക്കാ സഭയ്ക്ക് കുറേക്കാലമായി ആഭ്യന്തരകാരണങ്ങളാല്‍തന്നെ ആ യോഗ്യത നഷ്ടമാകുന്നതും, ഭൗതീകതയുടെ കടന്നുകയറ്റം സൃഷ്ടിച്ച അധികാര വടംവലികളുടേയും കടുംപിടുത്തങ്ങളുടെയും സുഖലോലുപതയുടേയും നീരാളിപിടുത്തത്തില്‍ ആ സഭ ഇന്നു ശ്വാസംമുട്ടുന്നതും, ആഗോളതലത്തില്‍ തന്നെ ആ സഭ മുഖ്യധാരയില്‍ നിന്നും തഴയപ്പെടുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതും കണ്ട്, അതിന്‍റെ ഗതി അധോഗതിയോ എന്ന ആശങ്ക ന്യായമായും എന്‍റെയുള്ളില്‍ ഉയരാറുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം കൃത്യമായി ഉത്തരം നല്‍കുന്ന ഒരു നിര്‍ണ്ണായക സംഭവമായിരുന്നു അടുത്തിടെ നടന്ന പോപ്പ് ലെയോയുടെ തിരഞ്ഞെടുപ്പ് എന്നതാണ് എന്‍റെ അനുഭവം.


പോപ്പ് ഫ്രാന്‍സിസിന്‍റെ മരണം മുതല്‍ സഭയുടെ നടപടിക്രമമനുസരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പോപ്പിന്‍റെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. അതുകൊണ്ട് ആരായിരിക്കും തിരഞ്ഞെടുക്കപ്പെടുക എന്നതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങളും, മുന്‍നിരയില്‍ ഉള്ളവരെപ്പറ്റിയുള്ള പ്രവചനങ്ങളും, അതിനെയൊക്കെ ചുറ്റിപ്പറ്റിയുള്ള ചൂടന്‍ ചര്‍ച്ചകളും ആഗോളതലത്തില്‍ രാഷ്ട്രീയ അന്തപ്പുരങ്ങളിലും അധികാര ഇടനാഴികളിലും കലശലായി കത്തിനില്‍ക്കുമ്പോഴും, വാ തുറക്കരുതെന്നോ അഭിമുഖങ്ങള്‍ പാടില്ലെന്നോ സംയമനം പാലിക്കണമെന്നോ ഒക്കെയുള്ള പെരുമാറ്റച്ചട്ടങ്ങളോ തെരഞ്ഞെടുപ്പുചട്ടങ്ങളോ അടങ്ങുന്ന തീട്ടൂരങ്ങളൊന്നും ആരും പുറപ്പെടുവിച്ചില്ലെങ്കിലും, ഇതിലൊന്നിനും വഴിപ്പെടാതെ, വോട്ടവകാശമുണ്ടായിരുന്ന 135-ല്‍ 133 കര്‍ദ്ദിനാള്‍മാരും (രണ്ടുപേര്‍ ആരോഗ്യകാരണങ്ങളാല്‍ ഒഴിവെടുത്തിരുന്നു) മെയ് 7-ന് സിസ്റ്റൈന്‍ ചാപ്പലിലേക്കു നടന്നുകയറിയത് ആവേശമോ, പിരിമുറുക്കങ്ങളോ, വ്യാമോഹങ്ങളോ ഇല്ലാതെയായിരുന്നു എന്നത് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ആ തുടക്കത്തോടെ തന്നെ ഭൗതീകമായ കണക്കുകൂട്ടലുകളുടേയും സാങ്കേതികമായ പ്രവചനങ്ങളുടേയും മുനകളെല്ലാം  ഒടിഞ്ഞു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായതു പ്രതീക്ഷിക്കാം എന്നുള്ളതിന്‍റെ സൂചനയായിരുന്നു അത്. സംഭവിച്ചതും അതുതന്നെയായിരുന്നല്ലോ. ആ കര്‍ദ്ദിനാള്‍ സംഘം ഒന്നടങ്കം മാധ്യമ ശ്രദ്ധയില്‍നിന്നും വിട്ടുനിന്ന്, കോലാഹലങ്ങള്‍ ഒഴിവാക്കി, മൗനത്തിന്‍റെയും ഏകാന്തതയുടെയും അകമ്പടിയോടെ സര്‍വ്വനിയന്താവിന്‍റെ മന്ത്രണങ്ങളെ മാത്രം കാതോര്‍ത്ത് അകത്തേക്കു കയറിയ അവര്‍, നാളുകളെടുക്കുമെന്ന നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, വെറും രണ്ടാം ദിനം മൂന്നാമത്തെ വോട്ടെടുപ്പില്‍ തന്നെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ കിടന്ന, ഊഹാപോഹങ്ങളുടെ ഇടനാഴികളില്‍ മന്ത്രിക്കപ്പെടാതെ പോയ, ഒരു തലക്കെട്ടിലും സ്ഥാനം പിടിക്കാതിരുന്ന, പ്രീപോള്‍ വിദഗ്ദ്ധരുടെയെല്ലാം നാവടപ്പിച്ച, ഒരു പേര്: റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, ലെയോ പതിന്നാലാമന്‍ എന്ന സ്ഥാനപ്പേരില്‍ തിരഞ്ഞെടുക്കപ്പെട്ടു!! തമ്പുരാന്‍റെ വിധിയെഴുത്ത്!


ഇതിനെ ദൈവീക ഇടപെടലിന്‍റെ മകുടോദാഹരണമായിട്ടല്ലാതെ ഒരു യാദൃശ്ചിക സംഭവമായി കാണാന്‍ എനിക്കു കഴിയുകയില്ല. ഒഴുക്കിനൊത്തു നീങ്ങാനല്ല കത്തോലിക്കാസഭയുടെ നിയോഗം എന്നു വീണ്ടും ലോകത്തോടു വിളിച്ചുപറയുന്ന ദൈവത്തിന്‍റെ ഇടപെടല്‍! പ്രത്യക്ഷത്തില്‍ കാണുന്ന യോഗ്യതയോ, മാനുഷിക മാനദണ്ഡങ്ങളോ ഉടയതമ്പുരാന്‍റെ അളവുകോലുകളല്ല എന്നു വിളിച്ചുപറയുന്ന സംഭവം. നിശ്ശബ്ദതയില്‍ വിരിയുന്ന, പ്രാര്‍ത്ഥനയില്‍ ഉരുത്തിരിയുന്ന, കൂട്ടായ തിരച്ചിലില്‍ കണ്ടെത്തപ്പെടുന്ന ദൈവത്തിന്‍റെ നിയുക്തന്‍ ഒരിക്കലും ലോകം പ്രതീക്ഷിക്കുന്ന ആള്‍ ആകണമെന്നില്ലല്ലോ!


ഒരു മാനുഷിക സംവിധാനങ്ങളും കുറ്റമറ്റതല്ല. സഭ വെറും മാനുഷിക സംവിധാനമല്ലെങ്കിലും മാനുഷിക സംവിധാനങ്ങളുടെ ചട്ടക്കൂടകളില്‍ കെട്ടിപ്പടുക്കപ്പെട്ടതായതുകൊണ്ട്, ഒരു സഭയും എല്ലാം തികഞ്ഞതല്ല; കത്തോലിക്കാസഭയും. സഭാവിശ്വാസികളെല്ലാം വിശുദ്ധരായതുകൊണ്ടല്ല, കുറ്റവും കുറവും ഇല്ലാത്തവരായതുകൊണ്ടല്ല, നയിക്കുന്നവര്‍ തെറ്റുപറ്റാത്തവര്‍ ആയതുകൊണ്ടുമല്ല, മാനുഷിക പരിമിതികള്‍ നിലനില്‍ക്കുമ്പോഴും സഭയുടെ ആത്മീയ കൂട്ടായ്മ ഭൗതീക കെട്ടുറപ്പിനു കാരണമാകുന്നതു കൊണ്ടുതന്നെയാണല്ലോ നൂറ്റന്‍പതു കോടിയോളം വിശ്വാസികള്‍ നാനാവിധ വൈവിദ്ധ്യങ്ങള്‍ അവര്‍ക്കിടയില്‍ മുറ്റിനില്‍ക്കുമ്പോളും ആന്തരിക ഐക്യം പുലര്‍ത്തുന്നത്.


പോപ്പ് ലെയോയുടെ തെരഞ്ഞെടുപ്പ് കത്തോലിക്കാസഭയിലെ ഒരു സംഭവം മാത്രമായി കാണാന്‍ എനിക്കു സാധിക്കില്ല. സര്‍വ്വ ക്രിസ്തീയ സഭകള്‍ക്കുമുള്ള സൂചനയും, മാതൃകയും ഒപ്പം മുന്നറിയിപ്പുമായി ഞാനിതിനെ കാണുന്നു.   തമ്മിലടിക്കുന്ന, തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന, പരസ്പരം അകറ്റി നിര്‍ത്തുന്ന, നിസ്സാരങ്ങളില്‍ കടുംപിടുത്തം മുറുക്കുന്ന, അന്തരങ്ങള്‍ ഊതിപ്പെരുപ്പിക്കുന്ന എണ്ണമറ്റ ക്രൈസ്തവ സഭകള്‍ക്ക്, അവരവരായിരിക്കുന്ന ദൂഷിതവലയങ്ങളില്‍ നിന്നുമുള്ള മോചനമാര്‍ഗ്ഗവിളമ്പരമായി ഞാനിതിനെ കാണുന്നു.


പോപ്പ് ലെയോയുടെ ഇലക്ക്ഷന്‍ ലോകത്തിനുമുമ്പില്‍ വയ്ക്കുന്ന ഒരു അനിഷേധ്യ പാഠം കൂടിയുണ്ട്. ക്രൈസ്തവ വിശ്വാസവും സഭയും എത്ര പഴകിയാലും പുതുമ നഷ്ടപ്പെടില്ല; പുരാതനമെങ്കിലും മ്യൂസിയത്തില്‍ വയ്ക്കേണ്ടി വരില്ല; പാരമ്പര്യാധിഷ്ടിതമെങ്കിലും കെട്ടിക്കിടക്കുന്നതല്ല. അതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ തനിമയും പ്രസക്തിയും; മൂല്യശോഷണം മൂലം ലക്ഷ്യബോധമില്ലാതെ, ദിശാബോധമില്ലാതെ നീങ്ങുന്ന, നിരാശ സൃഷ്ടിക്കുന്ന നിലയില്ലാ ചുഴിയില്‍ അറിയാതെ താണുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിനു മുമ്പില്‍ ഈ സംഭവം ഒരു ദര്‍പ്പണവും പ്രകാശ ഗോപുരവുമായി നിലകൊള്ളുന്നു.'


ഒരു സഭയുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കാത്ത, യേശുവിലും സുവിശേഷത്തിലും വിശ്വസിക്കുന്ന തികച്ചും നിക്ഷ്പക്ഷമതിയായ ഈ കെനിയക്കാരന്‍ ജഡ്ജിയുടെ ഈ ഏറ്റുപറച്ചില്‍ കാണാന്‍ കണ്ണുള്ളവര്‍ കാണട്ടെ, കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!!


ഇടിയും മിന്നലും,

ഫാ. ജോസ് വെട്ടിക്കാട്ട് ,

അസ്സീസി മാസിക ജൂണ്‍ 2025


*To Read

Election of a New Pope: The Catholic Church Made a Statement to the World: Hon. Justice Aggrey Otsyula Muchelule


Jun 1, 2025

4

182

Recent Posts

bottom of page