

മറ്റുള്ളവരുടെ കാതുകളിലേക്ക്
പോകും മുമ്പേ
നീ നിന്നെ തന്നെ വിളിയ്ക്കുക.
വിളിച്ച് കൊണ്ടേയിരിക്കുക'.
എന്‍റെ ചിന്ത
ശരീരം,
സ്വപ്നം,
ആസക്തി,
ഭാഷ,
ഞാന്‍ നിറയുന്ന അഭയസ്ഥാനം.
മറ്റാര്‍ക്കും വിട്ട് നല്കാതെ
അന്യമാകുമിടത്ത്
നിശബ്ദനാകാറുണ്ട് ഞാന്‍
എനിക്ക് മതഭ്രാന്തോ
ജാതി വര്‍ണ ഛത്രമോ,
ചാമരമോ ഇല്ലേയില്ല.
ആരൊക്കെയായാലും അവരെല്ലാമെനിക്ക്
ഒരേ കുലം
മനുഷ്യകുലം.
'ലോകമേ തറവാടെന്ന് ചൊല്ലുമ്പോള്‍'
എന്നുള്ളം നിറയും.
ഭാഷകള്‍
വേഷങ്ങള്‍
കുലതൊഴിലുകള്‍
ആചാരങ്ങള്‍
വിളവാര്‍ന്ന വയലേകള്‍
മണ്ണിലൂര്‍ന്നുയരും വിയര്‍പ്പിന്‍ പരിമളം.
ഇവിടെയെല്ലാം
ഞാനെന്‍ വാക്കിന്‍ വിത്തെറിയും.
ഞാനവരിലും
അവരെന്നിലും നിറയുമ്പോള്‍
'സോദരത്വേന വാഴുന്ന മാതൃക സ്ഥാനമെന്ന്'
ഊറ്റം കൊള്ളും.
ചുറ്റും ചിറകടിച്ചുയരും വെള്ളരിപ്രാവുകള്‍
പറന്നുയര്‍ന്നങ്ങനെ
ധവള മേഘങ്ങളായ് പരിണമിയ്ക്കും...
എനിക്കന്യമാകുമിടം
വേറൊരു ലോകം.
വേറിട്ടൊരു ചിരി
പല ഭാഷകള്‍, നിറങ്ങള്‍
വീമ്പ് പറച്ചില്‍
പാഴ് വാക്കുകള്‍
കെട്ടിപിടുത്തം, ചുംബന മാരി
കലഹം...!
മറ്റൊരു കപടലോകത്തിലേക്ക് മുങ്ങി താഴാതെ
ഞാനെന്നെ തിരികേ വിളിക്കും.
എനിക്കന്യമാകുമിടത്ത്
ഞാനന്യനാകുമിടത്ത്
നീ, എന്നെ തിരയാതിരിക്കുക.
നിഷ്ഫലം, കവിത,
ജയപ്രകാശ് എറവ്
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















