top of page
കളംനിറഞ്ഞു കളിക്കുന്ന കാലമായിരുന്നു അത്. പണ്ട് കുട്ടികളായിരുന്നവരെല്ലാം കളംനിറഞ്ഞു കളിച്ചവരാണ്. അവരുടെ കളങ്ങള്‍ നാടുമുഴുവനുമായിരുന്നു. കംപ്യൂട്ടര്‍ സ്ക്രീനിന്‍റെ ഇത്തിരി ചതുരത്തില്‍ കളിക്കുന്നവരാണ് ഇന്നത്തെ കുട്ടികള്‍. അവരുടെ കളം മേശയിലെ ഇത്തിരി കളം. കളി വെറുമൊരു ദൃശ്യാനുഭവമായതോടെ അതൊരു കൈവിട്ട കളിയായി. നമ്മുടെ വരുതിയില്‍ നില്ക്കാത്ത കളി. വെറും കാണലിന്‍റെ കളി. നമ്മുടെ മനസ്സിനെ ഒരു ദൃശ്യത്തിന്‍റെ ഭ്രമത്തില്‍ തളച്ചിടുന്നതിലൂടെ നമ്മുടെ ശരീരത്തേയും അതിന്‍റെ വിഭ്രമങ്ങളേയും ഇളക്കങ്ങളേയും തൃഷ്ണകളേയും ആകാംക്ഷകളേയും എന്തിന് അതിന്‍റെ തനതായ സ്വത്വത്തേയുമാണ് ചങ്ങലക്കിടുന്നത്. അത് നമ്മളറിയാന്‍ വൈകുന്തോറും നമുക്ക് നമ്മെ നഷ്ടപ്പെടുന്നു.
കുട്ടികള്‍ കളിക്കാത്ത ഒരു കാലത്തില്‍നിന്ന് കുട്ടികള്‍ കളിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് ഓരോന്നോര്‍ത്തു പോയതാണ്. പഴയകുട്ടികളുടെ - ഇന്നത്തെ വൃദ്ധന്മാരുടെ - നെറ്റിയിലും പുരികങ്ങളിലും ഒക്കെ ചില മുറിവിന്‍റെ കലകള്‍ കണ്ടേക്കാം. ഇന്നത്തെ ചെറുപ്പക്കാരിലും കൗമാരപ്രായക്കാരിലും നാളത്തെ മധ്യവയസ്കരിലും വൃദ്ധരിലും അത്തരം കലകള്‍ ഇനി കാണാനിടയില്ല. കല മാറ്റുന്ന ഏതെങ്കിലും അത്ഭുത ചര്‍മലേപനത്തിന്‍റെ വിശേഷസിദ്ധികൊണ്ടല്ല അവര്‍ "കലാ"ശൂന്യരാവുന്നത്. ചെറുപ്പത്തില്‍ കയ്യും മെയ്യും മറന്ന് കളങ്ങളില്‍ നിറഞ്ഞ് കളിക്കാഞ്ഞതുകൊണ്ടാണ്. അവരുടെ കളി കംപ്യൂട്ടറില്‍ ഒതുങ്ങിയതുകൊണ്ടാണ്. കലകള്‍ പൂര്‍ണമായും അപ്രത്യക്ഷമാവുമെന്നൊന്നും ഞാന്‍ പറഞ്ഞതിനര്‍ഥമില്ല. കലകള്‍ ഉണ്ടാകാനുള്ള നിരവധി കാരണങ്ങള്‍ ഇനിയുമുണ്ട്. ആക്സിഡന്‍റിലൂടെ മുഖത്തിന്‍റെ ഒരു ഭാഗംതന്നെ ചെത്തിപ്പോയേക്കാം, ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുമാറി നമ്മുടെ "മോന്ത"യിലെ ഇരട്ട അവയവങ്ങള്‍ ഒറ്റയാവാനും തീരെ ഇല്ലാതാവാനും പഴയതിനേക്കാള്‍ സാധ്യത ഏറെയാണ്. മതതീവ്രവാദികളും ഭരണകൂട ഭീകരതയും നമ്മളെത്തന്നെ ഇല്ലാതാക്കിയേക്കാം, അപ്പോള്‍ കല തിരഞ്ഞ് നമ്മള്‍ ബുദ്ധിമുട്ടേണ്ടിവരില്ല. കലയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞു വരുന്നത്, കളിയെപ്പറ്റിയാണ്.
ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടും കണ്ടും പരിചയമുള്ള കളികള്‍ വളരെ പരിമിതമാണ്. ചില കുട്ടികള്‍ക്ക് ആകെ കേട്ടുപരിചയമുള്ള കളി ക്രിക്കറ്റായിരിക്കും. അതവര്‍ നേരില്‍ കണ്ടിട്ടുണ്ടാവില്ല. ടി.വി.യില്‍ കണ്ട് സ്നേഹിച്ചുപോയ കളിയായിരിക്കും. ചില കുട്ടികള്‍ ഫുട്ബോളിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കണ്ടിട്ടുമുണ്ടാവും. മലബാറിലെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്കേറ്റവും പരിചിതമായ കളിയും അതുതന്നെ. നഗരങ്ങളിലെ കുട്ടികള്‍ എല്ലാ കളികളും മറന്നുപോയപ്പോള്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ ചില കളികളെങ്കിലും ഓര്‍ക്കുന്നുണ്ടാവണം. കേട്ട ഓര്‍മയെങ്കിലും കാണും. എന്നാല്‍ മിക്കവാറും കളിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ കുട്ടികളെ കളിക്കാന്‍ അമ്മമാരും അപ്പന്മാരും സമ്മതിക്കാറില്ല. കുട്ടികള്‍ കളിക്കാതിരിക്കാന്‍ നേരം പുലരുന്നതിനുമുന്‍പേ അവര്‍ക്ക് റ്റ്യൂഷന്‍ ആരംഭിക്കും. നാലുമണികഴിഞ്ഞ് സ്കൂള്‍വിട്ടാല്‍ രാത്രി വൈകുന്നതുവരെ റ്റ്യൂഷനായിരിക്കും. ഇതിനിടയില്‍ കളിക്കാന്‍ അവര്‍ക്കൊരു സമയം കിട്ടാറില്ല. ഏറ്റവും രസകരമായ കാര്യം വിരല്‍ത്തുമ്പില്‍ എല്ലാ വിവരവും ലഭിക്കുന്ന കാലത്താണ് നമ്മള്‍ കുട്ടികളുടെ തലയില്‍ 'വിവരസാങ്കേതികവിദ്യ' നിറയ്ക്കുന്നത്. എല്ലാ സാങ്കേതികവികാസവും മനുഷ്യന്‍റെ ജോലിഭാരം കൂട്ടുകയും അവനെ കൂടുതല്‍ അടിമയാക്കുകയും ആണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. മനുഷ്യവംശചരിത്രം ലഘുകഥകളും സംഭവങ്ങളുമാക്കി ചുരുക്കിയെഴുതിയ ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനും സാഹിത്യകാരനുമായ ഗലിയാനോ നിരീക്ഷിക്കുന്നത് അങ്ങിനെയാണ്.
പഴയ കുട്ടികളുടെ കളിക്കളങ്ങള്‍ നാട് മുഴുവനും ആയിരുന്നു. പറമ്പുകള്‍, പാടങ്ങള്‍, നിരത്തുകള്‍, ഇടവഴികള്‍, കുന്നിന്‍പുറങ്ങള്‍, തോടുകള്‍, കുളങ്ങള്‍, പുഴകള്‍. മധ്യവേനലവധി അവരുടെ ഉത്സവവേളകള്‍ ആയിരുന്നു. മധ്യവേനലവധി തുടങ്ങുന്നതിന് തലേന്ന് സ്കൂളില്‍നിന്ന് ആര്‍ത്തലച്ചാണ് കുട്ടികള്‍ വീട്ടിലെത്തുക. പലരും പുസ്തകങ്ങള്‍ വഴിയില്‍ത്തന്നെ ചീന്തിയെറിഞ്ഞിരിക്കും. സ്ലേറ്റുകള്‍ തല്ലിപ്പൊളിച്ചിരിക്കും. ഇനിയുള്ള രണ്ടുമാസങ്ങള്‍ അവരുടെ കാലമാണ്. കുട്ടികളാരും ഒരു കളിയില്‍ മാത്രം ഭ്രമിക്കുന്നവരായിരുന്നില്ല. ഏത് കളിക്കും അവര്‍ തയ്യാറാണ്. നേരം പുലരുന്നതോടെ അവര്‍ അവരുടെ ലോകത്തേക്ക് യാത്രയാവുന്നു. പിന്നെ തിരിച്ചെത്തുന്നത് സന്ധ്യയ്ക്കായിരിക്കും. പലരേയും ഇരുട്ടിയാല്‍ അന്വേഷിച്ച് പോവേണ്ടിയും വരും. മീനച്ചൂടില്‍ ഏതൊക്കയോ തൊടികളില്‍നിന്ന് അവരുടെ ശബ്ദം ഉയരുന്നത് കേള്‍ക്കാം. നട്ടുച്ചയ്ക്കും അതിനൊക്കെ ശമനം കാണില്ല. ഇടവഴികളില്‍ ഗോട്ടികളി, അമ്പലപ്പറമ്പില്‍ കണ്ണുപൊത്തിക്കളിയും വട്ടുകളിയും, പറമ്പുകളിലും പാടങ്ങളിലും പന്തുകളിയും തലപ്പന്തുകളിയും. മുറ്റത്ത് കുട്ടിയും കോലും; ഒരു വടികൊണ്ട് ഒരു ചെറിയവടിയെ അടിച്ച് ദൂരേയ്ക്കു പറത്തുന്നതും പറന്നുവീണ ദൂരം അടയാളപ്പെടുത്തുന്നതുമായ ഈ കളി ക്രിക്കറ്റിന്‍റെ ആദിമരൂപമാണ്. ഇതിനൊക്കെപ്പുറമെ കുന്നിന്‍പുറങ്ങളിലേക്ക് കശുവണ്ടി തേടിയുള്ള യാത്രകളും കളികളില്‍പെട്ടതുതന്നെ. പേരറിയാത്ത ഒരുപാടു കളികള്‍ രൂപപ്പെടുന്നു, കളിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മകത പൂക്കുന്നതും ഇക്കാലത്താണ്. ചെറിയ പ്രഹസനങ്ങള്‍ പോലും ഉണ്ടാവുന്നു. നാട്ടിന്‍പുറങ്ങളില്‍ വന്ന് കളിച്ചുപോവുന്ന നാടകസംഘങ്ങളെ അനുകരിച്ചാണ് ഇവ ഉണ്ടാക്കപ്പെടുന്നത്.
എന്നാല്‍ ഇന്നത്തെ കുട്ടികളുടെ മധ്യവേനലവധിക്കാലം 'തീവ്രപരിചരണ വിഭാഗ'ത്തില്‍ 'അഡ്മിറ്റ്' ചെയ്യപ്പെട്ട ഒരു രോഗിയുടേതുപോലെയാണ്. കൂടുതല്‍ പാഠങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നു. അവര്‍ക്കൊരിക്കലും ജീവിതത്തില്‍ പ്രയോഗിക്കേണ്ടിവരാത്ത ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. അതോടെ അവര്‍ക്ക് കളിയും പഠിത്തവും ഒന്നിച്ച് നഷ്ടമാവുന്നു. നമ്മളെല്ലാവരുംചേര്‍ന്ന് സൃഷ്ടിപരത നിറഞ്ഞ ഒരു മനുഷ്യകുലത്തെ ഉണ്ടാക്കുന്നതിന് പകരം വിനോദവും വിശ്രമവും ഇല്ലാത്ത ഒരു ഭീകരസമൂഹത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കളിക്കാരാവുന്നതിന് പകരം കാണികളാവാന്‍ വിധിക്കപ്പെട്ടവരാണ് പുതിയ തലമുറ. അവരുടെ കളിക്കളം കംപ്യൂട്ടര്‍സ്ക്രീനില്‍ ഒതുങ്ങുന്നു. അവര്‍ക്ക് കളിക്കാന്‍ സ്ഥാനമില്ലാത്ത സ്ഥലമാണത്.