top of page

ലാഘവബുദ്ധി അത്ര ചെറിയ പ്രശ്നമല്ല!

Feb 4, 2025

5 min read

ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ

താലന്തുകളുടെ ഉപമ മത്തായിയുടെ സുവിശേഷത്തിലും (25:14 -30) നാണയങ്ങളുടെ ഉപമ ലൂക്കായുടെ (19:11-27) സുവിശേഷത്തിലും മാത്രം കാണുന്ന ഉപമകളാണ്. ഒറ്റ നോട്ടത്തില്‍ ഇവ സമാനമാണെന്നു തോന്നുമ്പോഴും, ശ്രദ്ധയോടെയുള്ള വായനയില്‍ ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ അനേകമാണെന്നു വ്യക്തമാകും. മൂലഭാഷയായ ഗ്രീക്കില്‍ മത്തായിയിലെ ഉപമയ്ക്ക് 301 വാക്കുകളും ലൂക്കായിലെ ഉപമയ്ക്ക് 281 വാക്കുകളുണ്ട്. ഇവക്കിടയില്‍ സമാനത പുലര്‍ത്തുന്ന വാക്കുകള്‍ ആകെ 50 എണ്ണമേ ഉള്ളൂ.


വ്യത്യാസങ്ങള്‍ ഇനിയും എത്ര വേണമെങ്കിലുമുണ്ട്. മത്തായിയുടെ ഉപമയില്‍ ദൂരയാത്രക്കു പോകുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കില്‍ (25:14), ലൂക്കായുടെ ഉപമയില്‍ അയാളൊരു പ്രഭുവാണ് (19:12). എന്തിനാണ് ദൂരയാത്രക്ക് അയാള്‍ പോയതെന്നു മത്തായി പറയുന്നില്ല. ലൂക്കായിലെ പ്രഭു പോയതു രാജപദവി സ്വീകരിച്ചു മടങ്ങാനാണ്. മത്തായിയിലെ ഉപമയില്‍ എട്ടു താലന്തുകള്‍ മൂന്നു ഭൃത്യര്‍ക്കിടയില്‍ പല അളവിലാണ് വീതം വയ്ക്കപ്പെടുന്നത് (ഒന്നാമത്തവന് 5, രണ്ടാമത്തവന് 2, മൂന്നാമത്തവന് 1). ലൂക്കായുടെ ഉപമയില്‍, പത്തു നാണയങ്ങള്‍ പത്തു പേര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നു (19:13). താലന്തുകള്‍ കിട്ടിയവര്‍ അതുകൊണ്ടു വ്യാപാരം ചെയ്തെന്നു മത്തായി പറയുമ്പോള്‍, നാണയം കിട്ടിയവര്‍ അതുകൊണ്ട് എന്തു ചെയ്തെന്നു ലൂക്കാ പറയുന്നില്ല. മത്തായിയിലെ ഭൃത്യന്മാര്‍ താലന്തുകള്‍ നേരെ ഇരട്ടിയാക്കിയെങ്കില്‍, ലൂക്കായിലെ ഒരു ഭൃത്യന്‍ പത്തിരട്ടിയും മറ്റേ ഭൃത്യന്‍ അഞ്ചിരട്ടിയുമായി നാണയം വര്‍ദ്ധിപ്പിച്ചെന്നാണു നാം വായിക്കുന്നത്. ഭൃത്യന്മാരെ വലിയ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നതാണ് മത്തായിയുടെ സുവിശേഷത്തില്‍ അവര്‍ക്കുള്ള സമ്മാനമെങ്കില്‍, നഗരങ്ങളുടെ ഭരണച്ചുമതലയാണ് ലൂക്കായിലെ സമ്മാനം. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം, ലൂക്കായിലെ പ്രഭുവുമായി ബന്ധപ്പെട്ടതാണ്. അയാള്‍ രാജപദവി സ്വീകരിക്കുന്നതിനെ കുറെ പൗരന്മാര്‍ എതിര്‍ക്കുകയും, അയാള്‍ തിരികെ വന്ന് തടഞ്ഞ വരെ കൊല്ലുകയും ചെയ്യുന്നതു ലൂക്കായിലെ ഉപമയിലുണ്ട്. ഇത്തരമൊന്നിന്‍റെ ഒരു സൂചനയും മത്തായിയിലെ ഉപമയിലില്ല.


ഇത്രയും വൈജാത്യങ്ങള്‍ ഈ രണ്ടുപമകള്‍ക്കിടയില്‍ ഉള്ളപ്പോഴും, അവയ്ക്കിടയില്‍ ചില സമാനതകളുമുണ്ട്. ഈ രണ്ട് ഉപകളിലും ഭൃത്യന്മാരെ പണം ഏല്‍പിച്ചിട്ടു ദൂരയാത്രക്കു പോകുന്നവരെ നമ്മള്‍ കാണുന്നുണ്ടല്ലോ. ഈ സമാനത പക്ഷേ ഈ രണ്ട് ഉപമകള്‍ക്കിടയില്‍ മാത്രമല്ല ഉള്ളത്. സമാനമായ കാര്യം പറയുന്ന ഉപമകള്‍ക്ക് പല ഉദാഹരണങ്ങളുമുണ്ട്: മര്‍ക്കോ. 12: 1-12; 13:34-37; മത്തായി 24:45-51 എന്നിവ അവയില്‍ ചിലതുമാത്രമാണ്. തോബിത് ഒരു മേദിയക്കാരനെ പത്തു താലന്ത് സൂക്ഷിക്കാനേല്‍പിക്കുന്ന കാര്യം ആ പുസ്തകത്തിലുണ്ട്: തോബിത് 1:14; 4:20-21; 5:3. രണ്ടുപമകളിലെയും അവസാന വാക്യം ഒന്നാണ്: "ഉള്ളവനു നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും." എന്നാല്‍, ഈ വാക്യം ഈ രണ്ടുപമകളുടെ അന്ത്യത്തില്‍ (മത്തായി 25:29; ലൂക്കാ 19:26) മാത്രമല്ല ഉള്ളത്. മര്‍ക്കോ 4:25; മത്തായി 13:12; ലൂക്കാ 8:18; തോമ സിന്‍റെ സുവിശേഷം 41 എന്നീ വചനഭാഗങ്ങളിലും ഇതേ വാക്യമുണ്ട്. ഏല്‍പിക്കപ്പെട്ട പണം വര്‍ദ്ധിപ്പിക്കാതിരുന്ന മൂന്നാമത്തവന് ഉള്ളതുകൂടി നഷ്ടപ്പെടുന്ന കാര്യം പറയുന്നിടത്തും രണ്ടുപമകളും സമാനമാണ്. ഇത്തരമൊന്ന് മറ്റു വചനഭാഗങ്ങളില്‍ കാണുന്നില്ല.


ഇതുവരെ കണ്ട കാര്യങ്ങളില്‍നിന്നും മിക്ക പണ്ഡിതന്മാരും എത്തിച്ചേര്‍ന്ന ഒരു നിഗമനം ഇതാണ്: എട്ടു താലന്തുകളുടെയും പത്തു നാണയങ്ങളുടെയും ഉപമകളിലെ വാക്കുകള്‍ക്കിടയിലുള്ള പൊരുത്തം ഏകദേശം 10 ശതമാനംമാത്രമാണ്; വ്യത്യാസമാകട്ടെ 90 ശതമാനത്തോളമുണ്ടുതാനും. പൊരുത്തമുള്ള കാര്യങ്ങളില്‍പോലും, മൂന്നാമത്തവന്‍റെ കൈയിലുള്ളത് തിരിച്ചെടുക്കുന്നത് മാറ്റി നിര്‍ത്തിയാല്‍, മറ്റു പല വചനഭാഗങ്ങളുമായും സമാനതകളുണ്ട്. അതായത്, മത്തായിയിലും ലൂക്കായിലും കാണുന്ന ഈ രണ്ടുപമകളും രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ യേശു പഠിപ്പിച്ച രണ്ടു വ്യത്യസ്ത ഉപമകളാകാനാണു സാധ്യത കൂടുതല്‍. ഇവ രണ്ടും അല്ലറ ചില്ലറ വ്യത്യാസങ്ങളോടെയുള്ള ഒരൊറ്റ ഉപമയാണെന്നുള്ള ചില വാദങ്ങള്‍ വചനത്തിന്‍റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിലനില്‍ക്കുന്നവയല്ല. തുടര്‍ന്നുള്ള ഭാഗത്ത് നമ്മള്‍ ഈ രണ്ടു പമകളെയും വേര്‍തിരിച്ചു കാണുകയാണ്.


താലന്തുകളുടെ ഉപമ


യജമാനന്‍ ഭൃത്യരെ ഏല്‍പിച്ചത് ഭീമമായ തുകയാണ്. 6000 ദനാറയാണ് ഒരു താലന്ത്. ഒരു സാധാരണ പണിക്കാരന്‍റെ ദിവസക്കൂലി ഒരു ദനാറയാണ്. അങ്ങനെയെങ്കില്‍, വര്‍ഷത്തില്‍ 300 ദിവസം പണിയെടുക്കുന്ന ഒരാള്‍ക്ക് ഒരു താലന്ത് ഉണ്ടാക്കാന്‍ വേണ്ടത് 20 കൊല്ലമാണല്ലോ. ഉപമയിലെ ആദ്യത്തെ ഭൃത്യനെ ഏല്‍പിച്ചത് 5 താലന്താണ്; എന്നുവച്ചാല്‍ 100 കൊല്ലം കൂലിപ്പണി എടുത്താല്‍ കിട്ടുന്ന തുകയാണത്! രണ്ടാമത്തെ ഭൃത്യനെ ഏല്‍പിച്ചത് 40 കൊല്ലം പണിയെടുത്താല്‍ കിട്ടുന്ന തുകയാണ്.


യജമാനന്‍റെ അസാന്നിധ്യത്തില്‍ ഈ രണ്ടു ഭൃത്യരും കിട്ടിയത് ഇരട്ടിപ്പിക്കുകയാണ്. ആദ്യത്തെയാള്‍ക്ക് 10 ഉം രണ്ടാമത്തെയാള്‍ക്ക് 4 ഉം താലന്താണുള്ളത്. ഭീമമായ അന്തരമുണ്ട് അവര്‍ക്കിടയില്‍. എങ്കിലും യജമാനന്‍ രണ്ടു പേരെയും ഒരേ രീതിയിലാണു വിളിച്ചു പ്രശംസിക്കുന്നത്: "നല്ലവനും വിശ്വസ്തനുമായ ഭൃത്യന്‍" (മത്തായി 25:21,23).


ഇവരുടെ നേര്‍ വിപരീത ചിത്രമാണ് മൂന്നാമത്തെ ഭൃത്യന്‍. കിട്ടിയ നിധി കുഴിച്ചിടുകയാണയാള്‍! (അത്തരം രീതികള്‍ അന്നുണ്ടായിരുന്നതിന്‍റെ ഒരു തെളിവ് മത്തായി 13: 44-ല്‍ ഉണ്ട്. AD 70 ല്‍ ജറുസലെം പിടിച്ചടക്കിയ റോമാക്കാര്‍ കുഴിച്ചിട്ട ഇത്തരം നിധികള്‍ മാന്തിയെടുത്തു കൊണ്ടു പോയതിനെക്കുറിച്ച് ചരിത്രകാരനായ ഫ്ലാവിയുസ് ജൊസേഫുസ് Jewish War എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്). നിധി കിട്ടിയതും കിട്ടാത്തതും ഒരേ പോലെയാണ് അയാള്‍ക്ക്. സത്യത്തില്‍, അതു കൊടുത്ത യജമാനനെ അയാള്‍ മണ്ടനാക്കുകയാണ്. അതു മറ്റാര്‍ക്കെങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്നു യജമാനന്‍ പരിതപിച്ചു പോയിട്ടുണ്ടാകണം. അങ്ങനെ അയാള്‍ കടുത്ത നിരാശയില്‍ "ദുഷ്ടനും മടിയനുമായ ഭൃത്യന്‍" (മത്തായി 25:26) എന്നു മൂന്നാമത്തവനെ വിളിച്ചു പോകുന്നു.


മത്തായി 24 ഉം 25 ഉം അധ്യായങ്ങള്‍ മുഴുവനും മനുഷ്യപുത്രന്‍റെ മടങ്ങിവരവിനെക്കുറിച്ചും ഈ ലോകത്തിന്‍റെ വിധിയെക്കുറിച്ചും ആഗതമാകുന്ന സ്വര്‍ഗരാജ്യത്തെക്കുറിച്ചും മാത്രമാണു പഠിപ്പിക്കുന്നത്. നമ്മുടെ ഉപമ തുടങ്ങുന്നത് അതു പറഞ്ഞു കൊണ്ടാണ്: "ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്‍മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതു പോലെയാണ് സ്വര്‍ഗരാജ്യം" (മത്തായി 25 : 14). അപ്പോള്‍, ഈ ഉപമയിലെ എല്ലാ കാര്യങ്ങളും വ്യാഖ്യാനിക്കേണ്ടത് സ്വര്‍ഗരാജ്യത്തിന്‍റെ ഒരു പശ്ചാത്തലത്തിലായിരിക്കണം.


താലന്തുകള്‍ ഭരമേല്‍പിച്ചവന്‍ മടങ്ങി വരുമ്പോള്‍ ഭൃത്യന്മാര്‍ വിളിക്കുന്ന "യജമാനന്‍" എന്ന പദം ഗ്രീക്കില്‍ Kurios ആണ്. ഇതേ പദമാണു ക്രിസ്തുവിനെ വിളിക്കാന്‍ ശിഷ്യന്മാര്‍ അനേകം തവണ ഉപയോഗിച്ചു നാം കാണുന്നത്. അപ്പോള്‍, ഉപമയിലെ യജമാനന്‍ ക്രിസ്തുവിനെ കൃത്യമായും അടയാളപ്പെടുത്തുന്നു. "അല്‍പ കാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും" (മത്തായി 25 : 21) എന്നു നാം ഉപമയില്‍ വായിക്കുന്നുണ്ടല്ലോ. ഏല്‍പിച്ച താലന്തുകള്‍ ഭീമമായ തുകയാണെന്നു നാം കണ്ടതാണ്. അപ്പോള്‍, എങ്ങനെയാണത് "അല്‍പ കാര്യ" മാകുന്നത്? സ്വര്‍ഗരാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ ഭീമമായ തുകപോലും അല്‍പംമാത്രമാണ്. "ദൈവരാജ്യമെന്നാല്‍ ... നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്" (റോമാ 14 : 17). "ചെറിയ" താലന്തിന്‍റെ വിനിയോഗത്തില്‍ ഇത്രയും കരുതല്‍ യജമാനന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, വിലമതിക്കാനാകാത്ത ദൈവരാജ്യത്തിന്‍റെ കാര്യത്തില്‍ നമ്മില്‍നിന്ന് എത്ര വലിയ കരുതലാണു ക്രിസ്തു പ്രതീക്ഷിക്കുന്നത്.


നമ്മുടെ ഉപമയുടെ പാഠമെന്തെന്ന് വിശദീകരിക്കാന്‍ മറ്റൊരു വചനഭാഗം തന്നെയാണു നല്ലത്: "ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ" (1 പത്രോസ് 4 : 10). ദാനവും വരവും താലന്തുമെല്ലാം ഓരോരുത്തരുടെയും കഴിവുകളും ആഭിമുഖ്യങ്ങളും അനുസരിച്ച് ദൈവം നമ്മെ ഭരമേല്‍പില്‍ച്ചത് എന്തിനാണെന്നു പൗലോസ് ശ്ലീഹാ പറയുന്നതും ശ്രദ്ധയര്‍ഹിക്കുന്നു: "അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷ പ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു" (എഫേസോസ് 4 : 11-13).


എത്ര താമസിച്ചാലും മനുഷ്യപുത്രന്‍, ഉപമയിലെ യജമാനനെ കണക്കു മടങ്ങിവരിക തന്നെ ചെയ്യും. അതു കൊണ്ടുതന്നെ, ക്രിസ്തുവിന്‍റെ രണ്ടാം വരവിനുവേണ്ടി കാത്തിരിക്കുന്ന, അവനില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ എങ്ങനെ വ്യവഹരിക്കണമെന്നു ഈ ഉപമ പഠിപ്പിക്കുന്നു. ഭരമേല്‍പിക്കപ്പെട്ട ദാനങ്ങളും വരങ്ങളും ദൈവരാജ്യത്തില്‍ വേണ്ടി വിനിയോഗിക്കുന്നവര്‍ "യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്കും" (മത്തായി 25:21). അലസഗമനം നടത്തുന്നവര്‍ പുറന്തള്ളപ്പെടുകയും ചെയ്യും: "പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും" മത്തായി 25 : 30. (മത്തായി 8:12; 22:13 തുടങ്ങിയ ഇടങ്ങളിലെ പ്രയോഗങ്ങളില്‍ നിന്നും ഇത് അന്ത്യ വിധിയെ കുറിക്കുന്നു എന്നതു വ്യക്തമാണല്ലോ.)


നാണയങ്ങളുടെ ഉപമ


ലൂക്കാ 19 ലെ ഉപമയില്‍ കാണുന്ന "നാണയം" എന്നതിന്‍റെ ഗ്രീക്കുപദം "മീനാ" എന്നാണ്. 100 ദനാറയുടെ മൂല്യമാണ് ഒരു മീനായുടേത്. അപ്പോള്‍, ഒരു താലന്തിന്‍റെ അറുപതിലൊന്നു മൂല്യമാണ് ഒരു മീനായ്ക്ക്.

പത്തു മീനാ പത്തു ഭൃത്യരെ ഏല്‍പിച്ചിട്ട് പ്രഭു യാത്ര പോകുന്നതും, മടങ്ങിവന്ന് പത്തു പേരുടെ പ്രതിനിധികളായി മൂന്നു പേരോട് കണക്കെടുപ്പു നടത്തുന്നതും, തുടര്‍ന്ന് മത്തായിയിലെ ഉപമയിലെ സംഭവങ്ങള്‍ക്ക് സമാനമായത് നടക്കുന്നതും, അങ്ങനെ മത്തായി നല്‍കുന്ന പാഠം തന്നെ ലൂക്കാ തന്‍റെ ഉപമയില്‍ ആവര്‍ത്തിക്കുന്നതും നമുക്കറിവുള്ളതാണല്ലോ. എന്നാല്‍, മത്തായി പറഞ്ഞതു മാത്രമേ ലൂക്കായും പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടായി രുന്നുള്ളൂ എങ്കില്‍, ലൂക്കായിലെ ഉപമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ അനാവശ്യമാണ്. രാജപദവി സ്വീകരിക്കാനുള്ള പ്രഭുവിന്‍റെ ശ്രമത്തെ പൗരന്മാര്‍ എതിര്‍ക്കുന്നതും അവരെ പിന്നീട് അയാള്‍ കൊല്ലുന്നതുമെല്ലാം ലൂക്കായിലെ ഉപമയിലു ണ്ടല്ലോ. അപ്പോള്‍, ഈ ഉപമ മത്തായി പറഞ്ഞതു മാത്രം ആവര്‍ത്തിക്കുകയല്ലെന്നതു വ്യക്തം.


ഒരു ചരിത്രസംഭവത്തിന്‍റെ പശ്ചാത്തലം കൂടി ലൂക്കായിലെ ഉപമയിലുണ്ടെന്നു പല ബൈബിള്‍ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ബി. സി 4 ല്‍ "മഹാനായ" ഹേറോദിന്‍റെ മരണശേഷം, അയാളുടെ സാമ്രാജ്യം, റോമിന്‍റെ മേല്‍നോട്ടത്തില്‍, അയാളുടെ മൂന്ന് ആണ്‍മക്കള്‍ക്കിടയില്‍ - അര്‍ക്കലേവുസ്, ഫിലിപ്, ഹേറോദ് അന്തിപാസ് - വിഭജിക്കപ്പെട്ടു. അപ്പന്‍ ഹേറോദിന്‍റെ മരണശേഷം "രാജാവ്" എന്ന പദവിക്കുവേണ്ടിയുള്ള അര്‍ക്കലേവുസിന്‍റെ ശ്രമങ്ങളെ അക്കാലത്തെ യഹൂദര്‍ റോമിലെ സീസറിന്‍റെ മുമ്പില്‍ ശക്തിയുക്തം എതിര്‍ത്തു. (അയാളുടെ ക്രൂരത അത്രയ്ക്കും കുപ്രസിദ്ധമായിരുന്നു.) തുടര്‍ന്ന്, അയാള്‍ക്ക് "രാജാവ്" എന്ന പദവി നല്‍കാതെ, പകരം "എത്നാര്‍ക്" എന്ന പദവിയാണ് സീസര്‍ നല്‍കുന്നത്. അതിനെ തുടര്‍ന്ന് അര്‍ക്കലേവുസ് കൊടിയ പീഡനത്തിന് യഹൂദരെ ഇരയാക്കുന്നുണ്ട്. ഇതിന്‍റെ അനുരണനങ്ങള്‍ ലൂക്കായിലെ ഉപമയിലുണ്ടത്രേ.


ലൂക്കാ 9:51 മുതല്‍ 19:27 വരെ യേശുവും ശിഷ്യന്മാരും ജറുസലെമിലേക്കുള്ള യാത്രയിലാണെന്നു നാം മനസ്സിലാക്കുന്നു. യേശു ജറുസലെം ദേവാലയത്തില്‍ പ്രവേശിക്കുന്നതോടെ ദൈവരാജ്യം സമാഗതമാകുമെന്ന ഒരമിതാവേശം ശിഷ്യന്മാരെ പിടികൂടിയിരുന്നു. ജറുസലേമിലേക്കുള്ള യാത്രയില്‍ പലയാവര്‍ത്തി ദൈവരാജ്യത്തിന്‍റെ വരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നതായും, യേശുവിന്‍റെ ഉത്തരങ്ങള്‍ അത്തരം ധാരണകളെ തിരുത്തുന്നതായും നാം കാണുന്നുണ്ട് (17:20; 19:11; 21:7; നടപടി 1:6).


പക്ഷേ അപ്പോള്‍ പ്രശ്നം, യേശുവിന്‍റെ ജീവിത കാലത്തുതന്നെ ദൈവരാജ്യം സംസ്ഥാപിതമായില്ലെങ്കില്‍, യേശുവിനെ രാജാവായി (മിശിഹായായി) കരുതുന്നതിലും വിശ്വസിക്കുന്നതിലും എന്തു സാംഗത്യമാണുള്ളത്? അതിനുള്ള ഉത്തരംകൂടിയാണ് പത്തു നാണയങ്ങളുടെ ഉപമ നല്‍കുന്നത്. അര്‍ക്കലേവുസിനെ രാജത്വത്തെ എതിര്‍ത്തപ്പോള്‍ അനേകര്‍ വധിക്കപ്പെട്ടതുപോലെ, യേശുവെന്ന മിശിഹായെ അംഗീകരിക്കാത്തവരെ കൊടിയ ശിക്ഷ കാത്തിരിക്കുന്നു. അതുവഴി, ദൈവരാജ്യം സംസ്ഥാപിതമാകാത്തപ്പോഴും യേശുവിന്‍റെ മിശിഹാത്വത്തില്‍ (രാജകീയതയില്‍) വിശ്വസിക്കാനുള്ള ക്ഷണമാണ് ലൂക്കായിലെ ഉപമ നല്‍കുന്നത്.


ഇവിടെ ഒരു പ്രശ്നം, അര്‍ക്കലേവുസ് എന്ന ക്രൂരനായ ഭരണാധികാരിയാട് യേശുവിനെ ഉപമിക്കാമോ എന്നുള്ളതാണ്. ഈ ഉപമയ്ക്കു തൊട്ടടുത്തുവരുന്ന ഭാഗത്തു നമ്മള്‍ വായിക്കുന്നു: "അവന്‍ അടുത്തുവന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെ ങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്‍റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. നിന്നെയും നിന്‍റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്‍മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കു കയും ചെയ്യും. എന്തെന്നാല്‍, നിന്‍റെ സന്ദര്‍ശന ദിനം നീ അറിഞ്ഞില്ല" (ലൂക്കാ 19 : 41-44). സമാനമായ ഒന്ന് മത്തായിയുടെ സുവിശേഷത്തിലുമുണ്ട്: "ജറുസലെം, ജറുസലെം, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതു പോലെ നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ് എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല" (മത്തായി 23 : 37-39). അര്‍ക്കലേവുസിന് തന്‍റെ പൗരന്മാരോടു തോന്നുന്നതു പകയാണെങ്കില്‍, യേശുവിനു തോന്നുന്നത് അനുകമ്പയും വ്യസനവുമാണ്.


ലൂക്കായുടെ സുവിശേഷം എഴുതപ്പെട്ടപ്പോഴേയ്ക്കും ജറുസലെമിന്‍റെ പതനം റോമാക്കാരുടെ കൈകളില്‍ പൂര്‍ത്തിയാക്കപ്പെട്ടിരുന്നു. പഴയ നിയമ പ്രവാചകരുടെ മാതൃകയില്‍, ഈ പതനത്തെ യേശുവിന്‍റെ മിശിഹാത്വത്തെ അംഗീകരിക്കരിക്കാതിരുന്നതിനുള്ള ശിക്ഷയായി ഉപമ വ്യാഖ്യാനിക്കുകയാണ്. ചുരുക്കത്തില്‍, ദൈവരാജ്യം ആഗതമാകാത്തപ്പോഴും യേശുവിനെ മിശിഹായായി സ്ഥാപിക്കുകയാണ് നമ്മുടെ ഉപമ.


ഉപസംഹാരം


യേശുവിനെ മിശിഹായായി അംഗീകരിക്കാത്തതു നിമിത്തം ജറുസലെം ആക്രമിക്കപ്പെട്ടു. അവന്‍റെ രാജത്വത്തെ അവഗണിക്കുന്നവര്‍ തക്കതായ വില നല്‍കേണ്ടിവരികതന്നെ ചെയ്യും. അവനെ മിശിഹായായി അംഗീകരിച്ചവര്‍, അവനു വേണ്ടി അധ്വാനിച്ചില്ലെങ്കില്‍, അവരും സമാനമായ രീതിയില്‍ ശിക്ഷിക്കപ്പെടും. ചുരുക്കത്തില്‍, യേശുവും അവന്‍റെ ദൈവരാജ്യവും വളരെ ലാഘവബുദ്ധിയോടെ കാണേണ്ട ഒരു കാര്യമേയല്ല.

Feb 4, 2025

0

249

Recent Posts

bottom of page