top of page

കാലുകൾ

Jan 3

1 min read

George Valiapadath Capuchin

നമ്മളൊക്കെ നമ്മുടെ കൗമാരത്തിൽ ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. നാം സ്വന്തം കാലിൽ നില്ക്കാൻ ആരംഭിക്കുന്നത് അപ്പോൾ മുതലാണ്. മാതാപിതാക്കൾ നമുക്ക് തന്ന, അവരുടെ കാലുകൾ കൊണ്ടാവും അത്രകാലം നാം നില്ക്കുകയും നടക്കുകയും ചെയ്തിട്ടുണ്ടാവുക. പക്ഷേ, അവയൊന്നും നമ്മുടേതല്ല. അതിനാൽ അവ നമ്മെ സംബന്ധിച്ചിടത്തോളം പൊയ്ക്കാലുകൾ മാത്രമാണ്. തങ്ങൾ കടം നല്കിയ കാലുകളിന്മേൽ മക്കൾ അവരുടെ ജീവിതകാലം മുഴുവൻ നടക്കും എന്ന് മാതാപിതാക്കളും കരുതരുത്. അവർക്ക് അവരവരുടെ കാലുകൾ തന്നെ വേണം.


ജീവിതത്തിലെ ധാർമ്മികവും ആത്മീയവുമായ ബോധ്യങ്ങളെക്കുറിച്ചാണ് പറയുന്നത്. അവിടെയും സ്വാശ്രിതരായി നാം ഏറെദൂരം താണ്ടി എന്നു വരില്ല. കൗമാരത്തിൽ ഒരു പക്ഷേ നാം അത് മനസ്സിലാക്കിയെന്നു വരില്ല. എങ്കിലും താമസിയാതെ നാം പിന്തിരിഞ്ഞു നോക്കുന്ന പക്ഷം അക്കാര്യം നാം തിരിച്ചറിയുക തന്നെ ചെയ്യും. ആത്യന്തികമായി ദൈവമാണ് നമ്മെ നടത്തുന്നതും നമുക്ക് കാലുകൾ മാത്രമല്ല ചിറകുകൾ പോലും തരുന്നത് എന്ന് നാം തിരിച്ചറിയും.


മാനസികമായും ആത്മീയമായും കരുത്തനായ മനുഷ്യനായിരുന്നു സ്നാപക യോഹന്നാൻ. മാതൃഗർഭത്തിൽ വച്ചുതന്നെ ആത്മാഭിഷേകം ലഭിച്ചവൻ. തൻ്റെ മാതാപിതാക്കൾ തനിക്ക് അഴകും കരുത്തുമുള്ള കാലുകൾ തന്നിരുന്നു. താൻ അംഗമായ എസ്സീൻ സന്ന്യാസ സമൂഹവും അവിടെ തനിക്ക് ലഭ്യമായ ഗ്രന്ഥശാലയും മേല്പറഞ്ഞ കാലുകളെ കൂടുതൽ ബലപ്പെടുത്തി. എങ്കിലും അവയ്ക്കൊക്കെ പരിമിതികൾ ഉണ്ടായിരുന്നു. സ്വന്തമായി അനുഭവം സിദ്ധിച്ചെങ്കിൽ മാത്രമേ അയാളുടെ അറിവ് പൂർണ്ണമാകൂ. അതിനയാൾക്ക് സ്വയം കഴിവില്ല. അത് ഉന്നതത്തിൽ നിന്ന് നല്കപ്പെടുക തന്നെ വേണം.


തൻ്റെ കസിനായ യോഹന്നാൻ്റെ പക്കൽ മാമ്മോദീസ സ്വീകരിക്കാനായി യേശു എത്തുന്നത് ഒരുപക്ഷേ അയാൾക്കുള്ള ബോധ്യവുമായാണ്. മാമ്മോദീസാ വേളയിൽ സ്വർഗ്ഗം തുറക്കപ്പെടുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അവൻ്റെ മേൽ ഇറങ്ങി വസിക്കുന്നതും അയാൾ തൊട്ടടുത്ത് കണ്ടു. പിതാവിൻ്റെ സ്വരവും കേട്ടു. ആ നിമിഷം അയാൾക്ക് പുതിയ കാലുകൾ ലഭിച്ചു. "ഞാനും അവനെ അറിഞ്ഞിരുന്നില്ല" എന്ന് പിന്നീട് യോഹന്നാൻ കുമ്പസാരിക്കുന്നത് കേൾക്കാം.


ഉന്നതത്തിൽ നിന്നുള്ള വെളിച്ചം എല്ലാവർക്കും ലഭ്യമാണോ? അല്ലെന്നാണ് നാം കരുതുന്നത്. എന്നാൽ, അന്വേഷിക്കണം, മുട്ടണം, ചോദിക്കണം എന്നു തന്നെയാണ് പറയപ്പെടുന്നത്. ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. എന്നാൽ, അന്വേഷിക്കുന്ന ഏവരും കണ്ടെത്തും!


Recent Posts

bottom of page