Delicia Devassy
Oct 21
ശരീരത്തിന്‍റെ പദവി നിശ്ചയിക്കാന്‍ കഴിയുന്നു എന്നതാണ് വസ്ത്രത്തിന്‍റെ ഒരു പ്രത്യേകത. വസ്ത്രധാരണത്തിലൂടെ മനുഷ്യവര്‍ഗ്ഗം മുന്നേറുമ്പോള്‍ ഒരു വ്യക്തിയെ പ്രതിനിധീകരിക്കാന്‍ അയാളുടെ വസ്ത്രം മതി എന്ന നില സംഭവിക്കുന്നുണ്ട്. പ്രഭുവിനെ പ്രതിനിധീകരിക്കാന്‍ അയാളുടെ കോട്ടും സ്യൂട്ടും മതി എന്നതായിരുന്നു പഴയ ഒരു സങ്കല്പം. എന്നാല്‍ പിന്നീട് ജനാധിപത്യാശയങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും പ്രസരിക്കാന്‍ തുടങ്ങിയതോടെ വസ്ത്രത്തിന്‍റെ കാര്യത്തിലുള്ള അസമത്വം കുറെയൊക്കെ പരിഹരിക്കപ്പെട്ടു. ഇതോടെ മാന്യന്മാരുടെ വസ്ത്രം അമാന്യമായിത്തീര്‍ന്നു. മാന്യന്മാരുടെ കാറുകള്‍ക്കും ഇതു സംഭവിക്കുന്നുണ്ട്. ബെന്‍സ് കാര്‍ സമ്പന്നരുടെ ഒരു പദവി ചിഹ്നമായിരുന്ന കാലത്താണ് ഇന്ത്യയിലെ ഒരു നാട്ടുരാജാവ് ബെന്‍സ് കമ്പനിയുമായി പിണങ്ങി ആ കാര്‍ പട്ടണത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇതോടെ പ്രതിസന്ധിയിലായത് ബെന്‍സ് കമ്പനിയാണ്. വാങ്ങിയതിനെക്കാള്‍ കൂടുതല്‍ വിലയ്ക്ക് അവര്‍ കാര്‍ തിരിച്ചു ചോദിച്ചു. രാജാവിന്‍റെ കനിവിനായി കാത്തിരിക്കുകയും ചെയ്തു.
മറ്റൊരു തരത്തില്‍ ഇത് വസ്ത്രരംഗത്തും സംഭവിക്കുന്നുണ്ട്. വിശിഷ്ടമായ ഒരു വസ്ത്രം ഒരു തെരുവു തെണ്ടി ധരിക്കാന്‍ പാടുണ്ടോ എന്ന ചോദ്യം വരാം. ലാഭം മാത്രം ഒരേയൊരു നിയമമായി കണക്കാക്കുന്ന ആധുനിക കമ്പോളത്തിന് 'തെരുവു തെണ്ടിയെപ്പോലും വിശിഷ്ടനാക്കുന്ന വസ്ത്രം' എന്ന പരസ്യവുമായി കമ്പോളത്തിലേക്കിറങ്ങുകയും ചെയ്യാം. മൊബൈല്‍ ഫോണ്‍ ജനകീയമാക്കാനുള്ള ഒരു മാര്‍ഗ്ഗം കാട്ടിനുള്ളില്‍ ജീവിക്കുന്ന ആദിവാസി വൃദ്ധ മൊബൈല്‍ഫോണും പിടിച്ചുനില്‍ക്കുന്ന പരസ്യം നല്‍കുകയാണല്ലോ.
എല്ലാവരും ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കുകയെന്നതും പ്രഭുത്വത്തിന്‍റെ അടയാളമായി വരുന്നുണ്ട്. അധഃകൃതവര്‍ഗ്ഗക്കാര്‍ വസ്ത്രമുടുക്കാന്‍ തുടങ്ങിയതോടെ സ്വന്തം പ്രഭുത്വം പ്രകടിപ്പിക്കാന്‍ വഴിയില്ലാതായ ഒരു നമ്പൂതിരി കോണകം മാത്രമുടുത്ത് അരനാഴിക അകലെയുള്ള അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ പോയിരുന്നത് ഞങ്ങളുടെ നാട്ടില്‍ പലരും കണ്ടിട്ടുണ്ട്. മറ്റുള്ളവരെ നിസ്സാരരാക്കാന്‍ അദ്ദേഹം ചെയ്തിരുന്നത് കുളത്തിലിറങ്ങി കോണകമഴിച്ച് ഉയര്‍ത്തിപ്പിടിച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് കാറ്റത്ത് ഒന്നു വീശുകയാണ്. ചുറ്റുപാടും നിന്ന് കുളിക്കുന്നവര്‍ക്കുള്ള ഒരു താക്കീതായിരുന്നു അത്.
നഗ്നത ചിലരെ അമാന്യന്മാരാക്കുമ്പോള്‍ മറ്റുചിലരെ വിശുദ്ധന്മാരാക്കുകയാണ് ചെയ്യുക. രമണമഹര്‍ഷി ഒരു കോണകം മാത്രമുടുത്താണ് പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. അദ്ദേഹത്തിന്‍റെ നഗ്നത നഗ്നതയായിത്തന്നെ ആര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ പവിത്രത ശരീരത്തിലുടനീളം ദര്‍ശിച്ചിരുന്നവര്‍ക്ക് അത് നഗ്നതയായി തോന്നുകയില്ല. കാരണം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നഗ്നത കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന്‍റെ ആത്മീയ ശക്തി അനുവദിച്ചിരുന്നില്ല. ഒരാളുടെ ശരീരത്തില്‍ നഗ്നത കണ്ടുപിടിക്കാന്‍ കാഴ്ചക്കാരെ അനുവദിക്കുന്നത് അയാള്‍ തന്നെയാണ്. എപ്പോഴും വിലകൂടിയ വസ്ത്രം ധരിച്ചു നടക്കുന്നയാള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന നഗ്നതയുടെ അനുഭവം വളരെ വലുതായിരിക്കും.
വ്യക്തിയെ പ്രതിനിധീകരിക്കാന്‍ അയാളുടെ വസ്ത്രം മതി എന്ന നിലയോട് കലഹിച്ചാണ് പണ്ട് ബര്‍ണാഡ്ഷാ അല്‍പനായ ഒരു പ്രഭുവിന്‍റെ വിരുന്നു സല്‍ക്കാരത്തിന് തനിക്കു പകരം തന്‍റെ കോട്ടും ഹാറ്റും കൊടുത്തയച്ചത്.
വസ്ത്രം നിശ്ചയിക്കുന്ന പദവി പല നിലകളില്‍ ആളുകള്‍ക്കുള്ളില്‍ ഒരഭ്യസന (learning)മായി ഉറയ്ക്കുന്നുണ്ട്. പോലീസുകാരന്‍ എന്ന വ്യക്തിയെയല്ല, അയാളുടെ വസ്ത്രത്തിലൂടെ പ്രകടിതമാവുന്ന അധികാരത്തെയാണ് ആളുകള്‍ ഭയക്കുകയോ അനുസരിക്കുകയോ ചെയ്യുന്നത്. പദവിയെ സൂചിപ്പിക്കുന്ന വസ്ത്രത്തോടുള്ള ഭയം പിന്നീട് മറ്റൊരു മാനസികഭാവത്തിലേക്കും വരുന്നുണ്ട്. യൂണിഫോമില്‍ നില്‍ക്കുന്ന പോലീസുകാരിയോട് ലൈംഗികവികാരം തോന്നുകയെന്നതാണ് ഈ മാനസികഭാവം. ചിലരില്‍ ഈ മാനസികഭാവം രോഗാവസ്ഥയിലേക്കുതന്നെ വളര്‍ന്നിട്ടുള്ളതായും കണ്ടിട്ടുണ്ട്. ഉന്നതപദവികളെ സൂചിപ്പിക്കുന്ന വസ്ത്രം ധരിച്ചു നില്‍ക്കുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്യാനുള്ള ആഗ്രഹം അടക്കിവച്ചു നടക്കുന്ന ഒരാളെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. സെഷന്‍സ് ജഡ്ജ്, പബ്ലിക് പ്രോസിക്യൂട്ടര്‍, തഹസില്‍ദാര്‍, സുപ്രീംകോടതി ജഡ്ജ്, എസ്.പി. തുടങ്ങിയ പദവികളുടെ യൂണിഫോം ധരിച്ചു നില്‍ക്കുന്ന സ്ത്രീകളാണ് ഇയാളില്‍ ലൈംഗിക വികാരമുണര്‍ത്തിയിരുന്നത്. തന്‍റെ ബലഹീനതയെ മറികടക്കാനുള്ള ഒരു മാനസിക തന്ത്രമായും ഈ ആഗ്രഹം വരാം. പലരിലും ഇതൊരബോധാഗ്രഹമായുണ്ട്.
വസ്ത്രത്തിന്‍റെ പ്രാഥമിക പ്രയോജനം തണുപ്പില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുകയെന്നതാണെന്ന് പറയാറുണ്ട്. എന്നാല്‍ വസ്ത്രത്തിലൂടെ മനുഷ്യചരിത്രം മുന്നേറിയതോടെ വസ്ത്രത്തിന് ശരീരത്തിനു മുകളില്‍ സ്വതന്ത്രമായ ഒരു നില കൈ വന്നിട്ടുണ്ട്. ശരീരത്തെ നിര്‍ണ്ണയിക്കാന്‍ വസ്ത്രത്തിനു കഴിയുന്നു എന്നിടത്താണ് ഇതെത്തിയിട്ടുള്ളത്. ഇനി തണുപ്പില്‍നിന്നു രക്ഷപ്പെടുകയെന്ന ലക്ഷ്യമാണ് വസ്ത്രത്തിനുള്ളത് എന്ന അഭിപ്രായം തന്നെ പരിശോധിച്ചാല്‍ സത്യം മറ്റൊരു തരത്തിലാണെന്നു മനസ്സിലാവും. അന്തരീക്ഷത്തിലെ ഏതൊരു മാറ്റവും കാലാവസ്ഥാ മാറ്റവും നിത്യപരിചയംകൊണ്ട് ശരീരത്തിനനൂകൂലമാക്കി മാറ്റാം. ഹിമാലയത്തിലേക്കു പോകുന്ന സഞ്ചാരികള്‍ വസ്ത്രങ്ങളുടെ ഒരു സമാഹാരം തന്നെ ധരിച്ച് നടക്കുമ്പോഴാണ് അവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരും സന്ന്യാസിമാരുമെല്ലാം അര്‍ദ്ധനഗ്നരും പൂര്‍ണ്ണ നഗ്നരുമായി നടക്കുന്നത്.
തണുപ്പിനെ നിത്യപരിചയംകൊണ്ട് ഒരു വസ്ത്രം തന്നെയാക്കി മാറ്റാം. മനസ്സിനെ ശരീരത്തിനു മുകളില്‍ വ്യാപരിപ്പിച്ചും തണുപ്പിനെ വസ്ത്രം തന്നെയാക്കി മാറ്റാം. മനസ്സിനെ ശരീരത്തിന്‍റെ വസ്ത്രമാവാന്‍ ശീലിപ്പിക്കുകയെന്നത് ഏകാന്തധ്യാനത്തിന്‍റെ പല ലക്ഷ്യങ്ങളില്‍ ഒന്നാണ്. ശരീരത്തെ പരീക്ഷിക്കുകയെന്നതാണല്ലൊ സന്ന്യാസത്തിന്‍റെ ആദ്യപടി. ജൈന സന്ന്യാസിമാര്‍ സ്വന്തം മുതുകത്ത് ചൂരലുകൊണ്ടടിച്ചാണ് ആത്മസാക്ഷാത്കാരം നേടിയിരുന്നത്. ശരീരത്തിനെതിരായ ഒരു നില സന്ന്യാസത്തിലുണ്ട്. അതുകൊണ്ടുതന്നെ വസ്ത്രത്തിനെതിരായ നിലയും. ഫുള്‍ സ്യൂട്ടില്‍ ഹിമാലയത്തില്‍ തപസ്സിരിക്കുന്ന ഒരാള്‍ ഒരു സര്‍റിയലിസ്റ്റ് ഭാവന മാത്രമായിരിക്കും.
വസ്ത്രമില്ലായ്മയില്‍നിന്നു തുടങ്ങിയ മനുഷ്യന്‍ വസ്ത്രം ധരിച്ചുകൊണ്ടുതന്നെ പലതരത്തില്‍ നഗ്നതയെ ആഘോഷിക്കുന്നുണ്ട്. വസ്ത്രത്തിലൂടെ പലതരത്തില്‍ തുടരുന്നതും നഗ്നതയുടെ ചരിത്രംതന്നെയാണ്. ശരീരാകൃതി (body shape) യില്‍ തുന്നുന്ന വസ്ത്രം നോക്കിയാല്‍ ഇതു മനസ്സിലാവും. വസ്ത്രം കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന നഗ്നതയിലാണ് വസ്ത്രവിപണിയുടെയും ശ്രദ്ധ.
ശരീരം മൂടിപ്പൊതിയാന്‍ പാകത്തിലുള്ള വസ്ത്രം നിര്‍മ്മിക്കുന്നവരും അത് ധരിക്കുന്നവരും മറുവശത്ത് ശരീരത്തെ ലൈംഗിക വത്കരിക്കുകയാണ്. മൂടിപ്പൊതിയുക എന്നതിന്‍റെ മറുപുറം അഴിച്ചുമാറ്റുക എന്നതാണല്ലൊ. നഗ്നരായി നടക്കുന്ന ആദിവാസികള്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വളരെക്കുറവാണ്. കാരണം, അവര്‍ക്ക് ശരീരം ഒരു നിഗൂഢതയല്ല.
എതിര്‍ലിംഗത്തില്‍പ്പെട്ട വ്യക്തിയുടെ ശരീരം അതിരുകവിഞ്ഞ ആകാംക്ഷയോ ക്ഷോഭമോ ഉണ്ടാക്കാത്ത മാനസികാവസ്ഥയുള്ള ചില ജനവര്‍ഗങ്ങളുണ്ട്. ക്യൂറിയു (cureu) എഴുതിയ 'മധ്യാഫ്രിക്കയിലെ കാട്ടുമനുഷ്യന്‍' (Savage man in Central Africa) എന്ന പുസ്തകത്തില്‍ ഇത്തരം മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്. ഇവര്‍ ഏറെക്കുറെ നഗ്നരായി നടക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്.
വസ്ത്രത്തിന്‍റെ ആധിപത്യം നിലനില്‍ക്കുന്ന ലോകത്ത് നഗ്നത ആളുകളെ ഭയപ്പെടുത്തുകയും ചെയ്യും. മാന്യമായി വസ്ത്രം ധരിച്ചു നടക്കുന്ന സ്ത്രീയോ പുരുഷനോ ജനമധ്യത്തില്‍വച്ച് പെട്ടെന്ന് വസ്ത്രമഴിച്ചിട്ടാല്‍ കാഴ്ചക്കാരില്‍ ആദ്യമുണ്ടാകുന്ന വികാരം രതിവികാരമല്ല, ഭീതി ആയിരിക്കും.
ആധുനിക ലൈബീരിയായില്‍ പട്ടാളക്കാര്‍ ശത്രുക്കളെ നടുക്കാന്‍ നഗ്നരായി പട പൊരുതാറുണ്ട്. ജനറല്‍ ജോഷ്വ ബ്ലാഹി (Joshua Blahyi) നഗ്നസേനാനികളുടെ ഒരു ബറ്റാലിയന്‍ (Naked Battalion) തന്നെ രൂപീകരിച്ചിട്ടുണ്ട്. യുദ്ധദൈവം എന്നു പറയാവുന്ന റൂസ്വെല്‍റ്റ് ജോണ്‍സന്‍റെ പ്രീതിക്കുവേണ്ടിയാണ് പട്ടാളക്കാര്‍ നഗ്നരായി പടപൊരുതിയിരുന്നത്. നഗ്നസേനാനികളുടെ ദേഹത്ത് തുകല്‍ ഷൂസും തോക്കും മാത്രമേ ഉണ്ടാവൂ. പിന്നെയെല്ലാം പിറന്നപടിയാണ്. ശത്രുക്കളെ ഭയപ്പെടുത്താന്‍ മാത്രമല്ല, സൈനികരുടെ ധീരത വര്‍ദ്ധിപ്പിക്കാനും ഇതുപകരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
വസ്ത്രം ജീവിതത്തിന്‍റെ ഭാഗമായതു മുതല്‍ വ്യക്തിയുടെ ബോധാബോധങ്ങളെയെല്ലാം വസ്ത്രം സ്വാധീനിക്കുന്നുണ്ട്. 'ചത്തു കിടക്കുമ്പോഴും ചമഞ്ഞു കിടക്കുക' എന്ന ഒരു ചൊല്ലുതന്നെയുണ്ടല്ലോ. ആത്മഹത്യ ചെയ്യുന്നവനും 'ഏതായാലും മരിക്കുകയല്ലേ, പൂര്‍ണ്ണനഗ്നനായി മരിച്ചുകളയാം' എന്ന് തീരുമാനിക്കാറില്ല. ആവുന്നത്ര വൃത്തിയായി വസ്ത്രം ധരിച്ചാണ് മരിക്കുക. തെരുവില്‍ വീണു മരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്ന ഒരു ഭയം മരിക്കുമ്പോള്‍ വസ്ത്രം സ്ഥാനംതെറ്റിക്കിടക്കുമോ എന്നതാണെന്നു കണ്ടിട്ടുണ്ട്.
എന്താണോ ചെയ്യാനാഗ്രഹിക്കുന്നത് അതിനു വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മാനസികഭാവം മനുഷ്യനുണ്ട്. അബോധമനസ്സില്‍ നിലനില്‍ക്കുന്ന അസ്വീകാര്യമായ ആസക്തികളെ ചെറുക്കാന്‍ മനസ്സ് ചിലപ്പോള്‍ അതിനു വിരുദ്ധമായ ഒരു മനോഭാവം സൃഷ്ടിക്കും. ഇത് മനസ്സിന്‍റെ ഒരു പ്രതിരോധ തന്ത്രമാണ്. വിരുദ്ധശക്തി രൂപവത്കരണം' (reaction formation) എന്നാണ് ഫ്രോയിഡ് ഈ മാനസികഭാവത്തെ വിളിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ മാത്രം കണ്ണുനട്ട് അതിനോടു ബന്ധപ്പെട്ട സദാചാര പ്രശ്നങ്ങളുന്നയിച്ചു നടക്കുന്നവരില്‍ പലരും ഫ്രോയ്ഡ് പറഞ്ഞ ഈ മാനസിക ഭാവം ഉള്ളവരായിരിക്കും. സ്ത്രീകളുടെ നഗ്നതയില്‍ അതിരറ്റ താത്പര്യമുള്ളവരാണെങ്കിലും ഇക്കൂട്ടര്‍ അതു മറച്ചുവെക്കാന്‍ സ്ത്രീകള്‍ വസ്ത്രം വേണ്ടവിധം ധരിക്കാത്തതിനെക്കുറിച്ച് ചിന്തിച്ച് സമയം കളയും. താലിബാന്‍കാരെപ്പോലുള്ള ചില മുസ്ലീം തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ ദിവസത്തിന്‍റെ മുക്കാല്‍ പങ്കും ചെലവഴിക്കുന്നത് സ്ത്രീകള്‍ ശരീരത്തിന്‍റെ ഏതെല്ലാം ഭാഗങ്ങള്‍ എപ്പോഴെല്ലാം വെളിയില്‍ കാണിക്കുന്നുണ്ട് എന്ന് ശ്രദ്ധിച്ചാണ്. ലോകത്തുള്ള മറ്റൊരു ജീവിക്കും ഇത്തരം ഒരു ബാധ്യതയില്ല. ഫ്രോയ്ഡ് പറഞ്ഞ മാനസികഭാവം തന്നെയാണ് ഇതിനു പിന്നിലുള്ളതെന്ന് ഈ തീവ്രവാദികളില്‍ പലരുടെയും സ്വകാര്യ ജീവിതവും ലൈംഗിക താത്പര്യങ്ങളും നിരീക്ഷിച്ചാല്‍ മനസ്സിലാവും. ജീവിതത്തിന്‍റെ അപകടാവസ്ഥയെ ഇവരില്‍ പലരും അതിരു കടന്ന ലൈംഗികതയിലൂടെയാണ് മറക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീശരീരത്തിന് ഇത്രമാത്രം പ്രാധാന്യം കല്പിക്കുന്നവര്‍ തന്നെയാണ് ഒരര്‍ത്ഥത്തില്‍ സ്ത്രീശരീരത്തെ അനാവശ്യമായി ലൈംഗികവത്കരിക്കുകയും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ വിപണിയെ തഴച്ചുവളരാന്‍ അനുവദിക്കുകയും ചെയ്യുന്നത്. നഗ്നതയില്‍ വലിയ അത്ഭുതമൊന്നും കാണാത്തവര്‍ ആരെന്തു വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ വഴിക്കു പൊയ്ക്കൊള്ളും.
കേരളത്തില്‍ പെണ്‍കുട്ടികള്‍ അടിക്കടി ലൈംഗിക പീഡനത്തിനിരയാവുന്നതില്‍ പ്രതിഷേധിച്ച് പുരോഗമന സാഹിത്യകാരനായ ഒരു പ്രൊഫസര്‍ ഒരിക്കല്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. പീഡകര്‍ പെണ്‍കുട്ടിയുടെ വസ്ത്രം ഇഞ്ചോടിഞ്ച് അഴിച്ചുമാറ്റുന്നത് പ്രൊഫസര്‍ വിശദമായി വര്‍ണ്ണിക്കുകയാണ്. പീഡനം നടത്തുന്നവര്‍പോലും ശ്രദ്ധിക്കാത്ത വിശദാംശങ്ങളിലെല്ലാം പ്രൊഫസറുടെ ശ്രദ്ധ ചെന്നിട്ടുണ്ട്. വാക്കുകളിലൂടെയുള്ള അദ്ദേഹത്തിന്‍റെ വസ്ത്രാക്ഷേപം ഏറെ മികച്ചതായിരുന്നു. എന്നാല്‍ വര്‍ണ്ണനയിലുടനീളം തെളിഞ്ഞത് ഏതെങ്കിലുമൊരു പെണ്ണിന്‍റെ വസ്ത്രമുരിയാനുള്ള പ്രൊഫസറുടെ അബോധാഗ്രഹമാണ്. അദ്ദേഹമറിയാതെ അത് പ്രകടമായിക്കൊണ്ടിരുന്നു.
(തുടരും)