

"അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്ന് സുഖത്തിനായ് വരേണം" എന്നാണ് നാരായണ ഗുരു കേരളീയരെ ഉദ്ബോധിപ്പിച്ചത്.
ഒരു തരത്തിൽ നോക്കിയാൽ ക്രിസ്തീയ സന്ന്യാസം അവനവനാത്മസുഖത്തിനുള്ള ആചരണമാണ്. ക്രിസ്തീയതയിലാവട്ടെ, അവനവനിസം എന്നൊന്ന് സാധ്യമല്ലതാനും. അപ്പോൾ ക്രിസ്തീയ സന്ന്യാസ ജീവിതം കഴിക്കുന്നവർ സത്യത്തിൽ ക്രിസ്തുവിനെ സ്നേഹിച്ച് അടുത്തനുകരിക്കാനാണ് സന്ന്യാസജീവിതം തെരഞ്ഞെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അവർ അവർക്കു വേണ്ടി മാത്രമല്ല, തങ്ങളുടെ ജീവിതം വഴി മൊത്തം സഭയ്ക്കും ലോകത്തിനും ഒരു നവഭാവുകത്വം നല്കാനാണ് അങ്ങനെ ചെയ്യുന്നത്. മുഖ്യമായും അതാണ് അവർ സഭയ്ക്കും ലോകത്തിനും നല്കുന്ന സംഭാവനയും. വിദ്യാഭ്യാസമോ ആതുര ശുശ്രൂഷയോ ജീവകാരുണ്യ പ്രവർത്തനമോ മാധ്യമപ്രവർത്തനമോ ഒക്കെ അതിനുശേഷം മാത്രമാണ് വരേണ്ടത്. അവരുടെ അസ്തിത്വം വഴി അവർ മുഖ്യമായും സഭയ്ക്കും ലോകത്തിനും നല്കേണ്ട സംഭാവന. സഭയാകുന്ന മാവിനെയും പതുക്കെ ലോകമാകുന്ന മാവിനെയും പുളിപ്പിക്കാൻ വേണ്ടി അതിനകത്ത് ദൈവം ചേർത്ത പുളിവാവായാണ് അവർ പ്രവർത്തിക്കേണ്ടത്.
ദൈവരാജ്യത്തിൻ്റെ മൂർത്ത ഭാവങ്ങൾ അവരുടെ ജീവിതത്തിലൂടെയും അവരുടെ ആസ്തിത്വത്തിലൂടെയും അവർ ലോകത്തിന് പകർന്നു നല്കണം. കൂടുതൽ സെക്കുലർ ആയ വാക്കുകളിൽ പറഞ്ഞാൽ, അവർ ലോകത്തിൽ പ്രതിസംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നിലനില്ക്കുന്ന മൈക്രോസമൂഹം ആയിരിക്കണം.
ഭൂമിയിൽ ഏതൊരു ജീവിയും പ്രദർശിപ്പിക്കുന്ന ടെറിറ്റോറിയാലിറ്റിയുടെ പ്രവണതയുണ്ട്. മനുഷ്യരിൽ അത് അധികാരപ്രയോഗമായി രൂപം മാറും. ലോക ചരിത്രത്തിലെ അധിക പങ്ക് ഹിംസയും അധികാരത്തിൻ്റെ പേരിലാണ് നടന്നിട്ടുള്ളത്.
അധികാരം വിട്ടുപേക്ഷിച്ചും ജീവിതം സാധ്യമാണ്. ക്രിസ്തു ജീവിച്ചത് അങ്ങനെയാണ്.
നമുക്ക് പണം ആവശ്യമാണ്. എന്നാൽ പണം സ്ഥായിയല്ല.
നമുക്ക് സമ്പത്ത് വേണം. അതേസമയം നമുക്ക് മാത്രമല്ല എല്ലാവർക്കും വേണ്ടിയുള്ളതാണ് സമ്പത്ത്. ഭൂമിയിലെ നല്ലൊരളവ് ഹിംസയും നടന്നിട്ടുള്ളത് സമ്പത്തിൻ്റെ പേരിലാണ്. ഭൗതികസമ്പത്ത് ഉപേക്ഷിച്ചും ജീവിതം സാധ്യമാണ്. ക്രിസ്തു ജീവിച്ചത് ഭൗതികസമ്പത്ത് ഇല്ലാത്തവനായാണ്.
എല്ലാ ജീവികൾക്കും എന്നപോലെ മനുഷ്യർക്കും ലൈംഗികത ആവശ്യമാണ്. എന്നാൽ, ലോകത്തിലെ ജീവജാലങ്ങളിൽ മനുഷ്യർ മാത്രം താരുണ്യം മുതൽ മരണം വരെ വർഷത്തിൽ 365 ദിവസവും ലൈംഗികമായി സജ്ജരും ലൈംഗിക ചോദനയുള്ളവരുമാണ്. മനുഷ്യർ മാത്രം ഭാവനാ കല്പിതമായും ഒരു നൂറായിരം മാർഗ്ഗങ്ങളിലൂടെ വെറെയും ലൈംഗികമായി ആക്റ്റീവ് ആയിരിക്കുന്നു. ലൈംഗികതയുടെ പേരിലും ഇഷ്ടപ്പെട്ട ഇണക്കു വേണ്ടിയുമാണ് ലോകത്തിൽ നടന്നിട്ടുള്ള ഹിംസകളുടെ മൂന്നാം ഭാഗം കടപ്പെട്ടിരിക്കുന്നത്. അതേസമയം, സ്വതന്ത്രമായ തീരുമാനത്താൽ ലൈംഗിക പ്രവൃത്തികളിൽ നിന്ന് വിട്ടുനില്ക്കാൻ സാധിക്കുന്നതും മനുഷ്യർക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ, ഒരു പ്രതിസംസ്കൃതി ഘടകം എന്ന നിലയിൽ അതിന് വലിയൊരു മൂല്യമുണ്ട്. ദൈവരാജ്യത്തിനു വേണ്ടി സ്വയം ഷണ്ഡനായി തന്നെത്തന്നെ കണക്കാക്കിയവനാണ് ക്രിസ്തു.
സമൂഹത്തിൽ രാഷ്ട്രീയം വേണം. എന്നാൽ രാഷ്ട്രീയത്തെ നയിക്കേണ്ടത് അധികാരഭ്രമമല്ല, മറിച്ച് സ്വയം ദാനത്തിൻ്റെ, ശുശ്രൂഷയുടെ ചൈതന്യമായിരിക്കണം. അങ്ങനെയായിരുന്നു ക്രിസ്തു ചെയ്തത്.
എല്ലാ മനുഷ്യരും ദൈവമക്കളാണ്. അതിനാൽത്തന്നെ എല്ലാ മനുഷ്യർക്കും ഉള്ളതാണ് മനുഷ്യാന്തസ്സ്. മനുഷ്യാന്തസ്സും ഒരു മനുഷ്യ വ്യക്തിയുടെ മൂല്യവും വിലമതിക്കാനാവാത്തതാണ്. അതിനോളം വലുതായി ഒന്നുമില്ല. ഒരു മനുഷ്യ വ്യക്തിയുടെ അന്തസ്സും ആന്തരികമൂല്യവുമായി താരതമ്യം ചെയ്താൽ, ഒരാളിൻ്റെ അറിവോ സമ്പത്തോ അധികാരമോ പദവിയോ സൗന്ദര്യമോ കഴിവോ അതെത്രതന്നെ വലുതാണെങ്കിലും മനുഷ്യാന്തസ്സിൻ്റെ - വ്യക്തിമൂല്യത്തിൻ്റെ അടുത്തെങ്ങും എത്തില്ല. ഓരോ വ്യക്തിയുടെയും മൂല്യം നൂറു കോടി വീതമാണെങ്കിൽ, അറിവും സമ്പത്തും അധികാരവും പദവിയും സൗന്ദര്യവും കഴിവും ഒക്കെ ഒരാൾ നേടുന്ന ചില്ലറത്തുട്ടുകൾ മാത്രമാണ്. ചില്ലറത്തുട്ടുകൾക്ക് മഹാമൂല്യം കല്പിക്കുന്ന ലോകത്തിൽ ഓരോ ആളും കൂടെ കൊണ്ടുവരുന്ന നൂറു കോടിക്കാണ് മൂല്യം എന്ന് തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്യുകയാണ് പ്രതിസംസ്കൃതി. കൃത്യമായും അതായിരുന്നു യേശു ചെയ്തതും.
ഈ പ്രപഞ്ചത്തിൽ ബാഹ്യചക്ഷുസ്സാൽ കാണുന്നതുപോലല്ല യാതൊന്നും. അതിനപ്പുറത്തേക്കും അതുണ്ട്. ശരിക്കു പറഞ്ഞാൽ പുറമേക്ക് കാണുന്നത് നന്നേ ചെറിയ ഒരംശം മാത്രം. അപ്പുറത്തേക്ക് ഉള്ളത് ഊഹിക്കാനേ ആവാത്തതാണ്. ഒരു ഭൗതികവാദിയെ സംബന്ധിച്ചിടത്തോളംനാല്പത് ലിറ്റർ വെള്ളവും ഇരുന്നൂറു രൂപക്ക് വാങ്ങാൻ കഴിയുന്ന മൂലകങ്ങളുമായിരിക്കാം ഒരു മനുഷ്യൻ. ഒരു മാനവികതാ വാദിയെ സംബന്ധിച്ചിടത്തോളം ഒരാളിൻ്റെ ബൗദ്ധികതയും യുക്തിയും വൈകാരികതയും കഴിവുകളും സ്വാധീനങ്ങളും ബന്ധങ്ങളും സമൂഹത്തിനു നല്കുന്ന സംഭാവനകളും നന്മയും ഒക്കെയാവാം അയാളുടെ മൂല്യം നിർണ്ണയിക്കുന്നത്. എന്നാൽ, ഒരു ആത്മീയവാദിയെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതൊന്നുമില്ലെങ്കിലും, ഒരാൾ സമ്പൂർണ്ണ ക്രിമിനൽ ആണെങ്കിൽപ്പോലും ആ വ്യക്തി അമൂല്യമാണ്. എൻ്റെ കണ്ണുകൾക്ക് അഗോചരമായ അസാമാന്യമായ രഹസ്യമാണയാൾ. അത്തരം ഒരാളെപ്പോലും ആദരവോടും വിസ്മയത്തോടും കൂടി മാത്രമേ ഒരു വിശ്വാസിക്ക് കാണാൻ കഴിയൂ.
പറഞ്ഞുവന്നത് ക്രൈസ്തവ സന്ന്യാസത്തെക്കുറിച്ചാണ്. ഇതെല്ലാമാണ് ഒരു സന്ന്യാസിയുടെ ജീവിത മൂല്യങ്ങൾ. തൊലിപ്പുറമേ അല്ലാതെ ക്രിസ്തുവിനെ സ്നേഹിക്കുന്നതുവഴി ലോകത്തിനും സഭയ്ക്കും പകർന്നു നല്കേണ്ട ഇത്തരം നവഭാവുകത്വം പകർന്നു നല്കേണ്ടുന്ന കാര്യം സന്ന്യാസ സമൂഹങ്ങൾ മറന്നു പോവരുതാത്തതാണ്.
നിലപാടുകളിലും അസ്തിത്വത്തിലും തങ്ങൾ സ്വീകരിക്കേണ്ട ക്രിസ്തുവിൻ്റെ പ്രതിസംസ്കൃതി മൂല്യങ്ങളും അവർ മറന്നു പോവരുതാത്തതാണ്. സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും തന്നെയാവും സന്ന്യസ്തരെ തള്ളിപ്പറയുന്നവർ. എങ്കിലും അവർ വ്യതിചലിച്ചുകൂടാ.
ഞാനും മറന്നു കിടക്കുകയായിരുന്നു ഇതെല്ലാം. ഓർത്തപ്പോൾ സ്വയം ഓർമ്മിപ്പിക്കാൻ ശ്രമിച്ചതാണ്! ഓർത്തിരിക്കുമോ എന്തോ!!























