

പുതിയ ഒരു വര്‍ഷം നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നു. ഒരുപാടു പ്രതീക്ഷകളോടുകൂടിയാണ് ഈ പുതിയവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്. കഴിഞ്ഞവര്‍ഷത്തിന്‍റെ ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി പുതിയ വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന ബോധ്യത്തോടെ പുതിയവര്‍ഷം നാം ആരംഭിക്കണം. ഒരു വര്‍ഷം കടന്നുപോകുന്നുവെന്നതിനേക്കാള്‍ പുതിയ ഒരു വര്‍ഷം നമുക്കു ലഭിക്കുന്നുവെന്ന ചിന്തയാണ് പ്രധാനം. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ദൈവത്തിന് ലോകത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നതു പോലെ കടന്നുവരുന്ന ഓരോ വര്‍ഷവും ദൈവം നല്‍കുന്ന പുതിയ പ്രതീക്ഷകളാണ്. പരമാവധി നന്മ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഷമായി നവവത്സരത്തില്‍ നമുക്കു പ്രതിജ്ഞയെടുക്കാം. ഒരു വിത്ത് വളരെ ചെറുതാണ്. ആ വിത്തിന് അഴുകുവാന്‍ മനസ്സുണ്ടെങ്കില്‍ അനേകവൃക്ഷങ്ങള്‍ക്കും, പഴങ്ങള്‍ക്കും, പൂക്കള്‍ക്കും ജന്മം കൊടുക്കുവാന്‍ കഴിയും. ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് ഒരു വിത്തിന് ഒരു പ്രദേശത്തെ മുഴുവന്‍ ഹരിതനിറമാക്കുവാന്‍ കഴിയുമെന്നാണ്. അഴുകുവാന്‍ മനസ്സില്ലെങ്കില്‍ ആ വിത്ത് ഉണങ്ങി വരണ്ടുപോകും. ഉണങ്ങിപ്പോകുന്ന ഒരു വിത്താകാതെ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിനും പ്രതീക്ഷ പകര്‍ന്ന് നമുക്കു ജീവിക്കുവാന്‍ നവവത്സരത്തില്‍ സാധിക്കട്ടെ.
ജീവിതയാത്രയില്‍ എളിയവരും ലാളിത്യമുള്ളവരുമായി ജീവിക്കുവാന്‍ കഴിയുന്നുണ്ടോ? ചിലരൊക്കെ നടക്കുന്നതു കണ്ടാല്‍ നമ്മുക്കു ഭയം തോന്നും. എത്ര ഗൗരവത്തോടുകൂടിയാണ് അവര്‍ ചലിക്കുന്നത്? വലിയ ഗൗരവത്തില്‍ നില്‍ക്കുന്ന മരങ്ങളെ കണ്ടിട്ടുണ്ടോ? ഗൗരവത്തിലിരിക്കുന്ന പക്ഷിയെ കാണാറുണ്ടോ? ഗൗരവമുള്ള സൂര്യോദയമോ, നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രിയോ ഇല്ല. അവയെല്ലാം അവയുടേതായ രീതിയില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. അവയെല്ലാം നൃത്തം ചെയ്തുകൊണ്ടു അവയുടെ അസ്തിത്വത്തെ ആഘോഷിക്കുന്നു. ചില മനുഷ്യര്‍ ചെറിയ ഉയര്‍ച്ചകള്‍ വരുമ്പോള്‍ അഹങ്കരിക്കുന്നു. പലരും വളരാത്തതിന്‍റെ കാരണം ഈ അഹങ്കാരമാണ്. വലുതാകുംതോറും പരമാവധി ചെറുതാകുവാന്‍ നമുക്കു കഴിയുന്നുണ്ടോ? സ്വയം ചെറുതാകുവാനും എളിമയെ പുണരുവാനും കഴിയുന്ന ഒരു നവവത്സരം നമുക്കു പണിതുയര്‍ത്താം.
ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നതുപോലെയാണ് ജീവിതം. ഓരോ സ്ഥലത്തും ഓരോ യാത്രക്കാര്‍ കയറുന്നു. ഇറങ്ങുന്നു. ഒരാള്‍ ഇറങ്ങുമ്പോള്‍ കാലിയാകുന്ന സീറ്റില്‍ അടുത്തയാള്‍ ഇരിക്കുന്നു. ഒരാള്‍ മരിക്കുമ്പോള്‍ ആ വിടവ് നികത്തുവാന്‍ അടുത്തയാള്‍ വരുന്നു. ഇതാണ് ലോകത്തിന്‍റെ ക്രമം. 2016 കടന്നുപോകുമ്പോള്‍ 2017 കടന്നുവരുന്നു. എന്‍റെ നിഴലുപോലെ എനിക്കൊപ്പം ജീവിതാനുഭവങ്ങള്‍ യാത്ര ചെയ്യുന്നു. എന്‍റെ ആയുസ്സിനൊപ്പം അതു കടന്നുപോവുകയും ചെയ്യും. ഇതൊന്നും എന്നെ ബാധിക്കരുത്. മാറ്റങ്ങള്‍ക്കു വിധേയനായി സ്വസ്ഥതയോടെ യാത്ര ചെയ്യുക. നമ്മില്‍ പലരും നാളയെക്കുറിച്ച് പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരിക്കും. ഇന്നില്‍ ജീവിച്ചുകൊണ്ടു നാളയെക്കുറിച്ചു പദ്ധതികള്‍ മെനയുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തെ നിസ്സാരമായി തള്ളരുത്. ഈ നിമിഷം ശരിക്കും ജീവിക്കുക. ഇന്നത്തെ പ്രസക്തിയുള്ള ജീവിതമാണ് നാളത്തെ നമ്മുടെ സന്തോഷം. വേദനിക്കുന്ന ഭൂതകാലസ്മരണകള്‍ സൃഷ്ടിക്കാതിരിക്കുക. ഓരോ നിമിഷവും ശരിക്കും ജീവിച്ചുതീര്‍ക്കുക.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുറച്ചു ശാന്തത അനുഭവിക്കണ്ടേ? നാമെല്ലാവരും ഓട്ടത്തിലാണ്. ആറുദിവസങ്ങളിലെ ഓട്ടത്തിനുശേഷം വീണുകിട്ടുന്ന ഏഴാംദിവസവും എന്തൊരു ബഹളമാണ്. വിവാഹമായി, വിനോദയാത്രയായി, ബീച്ചിലും പാര്‍ക്കിലുമുള്ള ചുറ്റിക്കറക്കമായി വീണ്ടും നമ്മള്‍ തിരക്കു കൂട്ടുന്നു. എല്ലാ ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി അല്പം സ്വസ്ഥത അനുഭവിക്കുവാന്‍ മറക്കുന്നു. വീണുകിട്ടുന്ന ഒഴിവുദിവസങ്ങളില്‍ ജീവിതപങ്കാളിയും കുഞ്ഞുങ്ങളുമൊത്തു ഭക്ഷണം കഴിച്ച്, വര്‍ത്തമാനം പറഞ്ഞു 'വെറുതെ' ഇരിക്കുവാന്‍ കഴിയുന്നില്ല. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ജീവിതത്തിനിടയില്‍ കാലം ചോര്‍ന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം ഒരു ശൂന്യത. അല്പംകൂടി ശാന്തമായി കുടുംബത്തോടൊപ്പം ജീവിച്ച്, സ്വയം ശാന്തതയനുഭവിച്ച് ജീവിതത്തെ ഒന്നു ബലപ്പെടുത്തുവാന്‍ നവവത്സരത്തെ ഉപയോഗിക്കാം.
സാദ്ധ്യതകളുടെ സമാഹാരമാണ് മനുഷ്യന്‍. നന്മയുടെയും തിന്മയുടെയും സാദ്ധ്യതകള്‍ നമ്മിലുണ്ട്. ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്താല്‍ ആ സാദ്ധ്യത എന്നിലുമുണ്ട്. കൊലപാതകിയുടെയും, ഭ്രാന്തന്‍റെയും സാദ്ധ്യതകള്‍ എന്നിലുണ്ട്. അതേസമയം ഒരു മദര്‍തെരേസയുടെയും, മഹാത്മാഗാന്ധിയുടെയും സാദ്ധ്യതയും എന്നിലുണ്ട്. തെറ്റായ സാദ്ധ്യതകളില്‍നിന്നും ശരിയായ സാദ്ധ്യതകളിലേക്ക് മനുഷ്യന്‍ നടന്നുനീങ്ങണം. കഴിഞ്ഞവര്‍ഷത്തില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയെങ്കില്‍ പുതിയ തീരുമാനങ്ങള്‍ ഇന്നെടുക്കണം. നടന്നുതീരാത്ത വഴികളിലെ അകലങ്ങളിലേക്ക് വളവുകളിലേക്ക് നോക്കി നെടുവീര്‍പ്പിടാതെ ഇന്നത്തെ ചെറിയകാര്യങ്ങളിലേക്കു ദൃഷ്ടിപതിപ്പിക്കുക. നന്മയുടെ അനന്തസാദ്ധ്യതകളെ മുറുകെപ്പിടിക്കുക




















