top of page

നിങ്ങളുടെയും എന്‍റെയും ഭൂമി

Jul 4, 2004

3 min read

പി. എന്‍. ദാസ്
Our Earth

"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിൻറെ കണ്ണിലൂടെ, ഒരു പുഴുവിൻറെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിൻറെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ വാഴ്ത്തുന്നു..." സാമുവൽ ടെയിലർ കോൾറിഡ്ജ്

റാബി ബുനാം ഒരു പുലരിയിൽ തൻറെ ശിഷ്യന്മാരുടെ കൂടെ ശാന്തമായൊരു ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഏറെ നടന്നപ്പോൾ അദ്ദേഹം കുനിഞ്ഞ് ഒരു പിടി നനഞ്ഞ മണ്ണുവാരി അതിൻറെ നേരെ പ്രേമപൂർവ്വം ഒന്നുനോക്കി. അനന്തരം അത് എടുത്ത അതേസ്ഥാനത്തുതന്നെ വയ്ക്കുകയും ചെയ്തു. ഗൂഢമായ ഒരു മഹാരഹസ്യം തിരിച്ചറിഞ്ഞതിൻറെ നിർവൃതി ആ കണ്ണുകളിൽ ഓളം വെട്ടി. ശിഷ്യന്മാർക്ക് ഒന്നും മനസ്സിലായില്ല.

റാബി ബുനാം സൗമ്യമധുരമായി ആകാശത്തേക്ക് തലയുയർത്തി. പ്രാർത്ഥിക്കുന്ന സ്വരത്തിൽ അദ്ദേഹം ഇപ്രകാരം മന്ത്രിച്ചു: "ഈ ഒരു പിടി മണ്ണ് ഈ പ്രത്യേകമായ സ്ഥലത്ത് തന്നെ ഇരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് നാം ഒരിക്കലും അറിയുന്നില്ല."

ഇതു മറന്നുപോയ ഒരു മനുഷ്യരാശിയാണ് ഭൂമിയെ, ഒരിക്കൽ സ്വർഗ്ഗമായിരുന്ന ഭൂമിയെ ഇന്നിക്കാണുന്ന രൂപത്തിൽ നരകമാക്കിയത്; ഭൂമിയിലെ മുഴുവൻ പുഴകളെയും മലിനമാക്കിയത്.

ഇത് ഹൃദയംകൊണ്ടറിഞ്ഞ ഏകാകിയായ ഒരു മനുഷ്യൻ, ജെ. കൃഷ്ണമൂർത്തി എഴുതുന്നു: "നിങ്ങളിലാരെങ്കിലും വെളുപ്പിന് സൂര്യവെളിച്ചം ജലതരംഗങ്ങളിൽ പ്രതിഫലിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പ്രകാശം എത്ര അസാധാരണമാം വിധം മൃദുലമാകുന്നുവെന്നും ഇരുണ്ട ജലപ്രവാഹം എത്ര അതുല്യമായി നൃത്തം ചെയ്യുന്നുവെന്നും ആകാശത്തുള്ള ഒരേയൊരു പ്രഭാതതാരകം എങ്ങനെ തിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും നിങ്ങൾ എന്നെങ്കിലും ശ്രദ്ധിക്കുകയുണ്ടായോ? അഥവാ, ദൈനംദിന കാര്യങ്ങളിൽ നിങ്ങളത്രയ്ക്കു തിരക്കിലായതുകൊണ്ട്, നിങ്ങൾ ഇതു മറക്കുകയാണോ? അതല്ല, ഈ പൃഥ്വിയുടെ -നാമൊക്കെയും പുലർന്നു പോരുന്നതീ പൃഥ്വിയിലല്ലേ- സമ്പന്നമായ സൗന്ദര്യത്തെ നിങ്ങളൊരിക്കലും അറിഞ്ഞിട്ടില്ലെന്നോ? നാം നമ്മെ കമ്യുണിസ്റ്റോ, ഹിന്ദുവോ, ബൗദ്ധനോ, ക്രൈസ്തവനോ, ഇസ്ലാമോ എന്ന് ഏതു പേരിൽ സ്വയം വിളിച്ചാലും നാം അന്ധരോ, മുടന്തരോ, നല്ല നിലയ്ക്കുള്ളവരോ, സന്തുഷ്ടരോ ആരുതന്നെ ആയാലും ഈ ഭൂമി നമ്മുടേതാകുന്നു. നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? ഇതു നമ്മുടെ ഭൂമിയാകുന്നു, മറ്റാരുടേതുമല്ല! ഇത് ധനികനായ മനുഷ്യൻറെ മാത്രം ഭൂമിയല്ല... ഇത് നമ്മുടെയൊക്കെ ഭൂമിയാകുന്നു. നിങ്ങളുടെയും എൻറെയും." (പെൻഗ്വിൻസ് കൃഷ്ണമൂർത്തി റീഡർ).

മനുഷ്യൻ ജീവിതത്തിൽ വളർത്തിയെടുക്കേണ്ട പരമപ്രധാനമായ സംഗതിയെന്തെന്ന ചോദ്യത്തിന് കൃഷ്ണമൂർത്തി, "ഓരോ മാനവനും പരമപ്രധാനമായി അറിയേണ്ടത് തീർച്ചയായും തൻറെ ചുറ്റുമുള്ളവയുമായി -മഹാനഗരങ്ങളിലെ കഠോരമായ ശബ്ദലോകവുമായും വൃത്തികെട്ടതും തീർത്തും മോശമായവയും ആയിപോലും- സ്വരൈക്യത്തോടെ, തൻറെ ജീവിതത്തിൻറെ സ്വച്ഛതയെ ബാധിക്കാത്ത തരത്തിൽ ജീവിക്കാൻ കഴിയുക എന്നതാണ്. ജീവിതത്തിൻറെ ഗതിക്രമം ഏറ്റവും പ്രധാനപ്പെട്ടതാണ്. പരമപ്രധാനമായവയിൽ ഒന്നാണ്. എന്നാൽ മനുഷ്യൻ അനുഭവിച്ചുപോരുന്ന സംഘർഷമാണ് ഈ ഗതിക്രമത്തെ ഇല്ലാതാക്കുന്നത്." ഇതിനെ മറികടക്കാൻ ഭൂമിയുമായി ഒരാത്മീയ ബന്ധം വളർത്തിയെടുക്കാനാകുമോ?

ആകാശം, ഭൂമി, നൃത്തംവയ്ക്കുന്ന മരങ്ങൾ, ഒഴുകുന്ന പുഴകൾ, നിശ്ശബ്ദമായ ഭൂഭാഗങ്ങൾ ഇവയുടെ വിമൂകവും സചേതനവുമായ ഭാഷ അറിയാൻ കഴിയുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ ജീവിതത്തെ, പ്രപഞ്ചത്തെ വായിക്കുന്നത്.

നാം ശരീരവും ആത്മാവുമാണ്. ശരീരം കൊണ്ടു നോക്കുമ്പോൾ ലോകം ലൗകികവും ഭൗതികവുമാണ്. ആത്മാവുകൊണ്ടു നോക്കുമ്പോൾ ലോകത്തെ ആത്മീയമായി കാണാം. അവിടെയാണ് ജീവിതത്തിൻറെ സൗന്ദര്യം, സമ്പന്നത. ഇത്തരത്തിൽ നോക്കുമ്പോൾ ലോകം ആർത്തിയിൽ, രോഗത്തിൽ, ഭോഗത്തിൽ ഭ്രാന്തനെപ്പോലെ പെരുമാറുന്നത്, ലോകം എത്ര ബാലിശമായാണ്, വൃത്തികേടായിട്ടാണ് പെരുമാറുന്നത് എന്ന് നാമറിയുന്നു.

ലോകത്തെ നൂറുശതമാനവും ഭൗതികമായി അറിയുന്നവരാണ് മനുഷ്യരാശി. ആധുനികലോകത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്! സയൻസിൻറെ സഹായത്തോടെ ജീവിതത്തെ നൂറ്റൊന്നു ശതമാനവും ഭൗതികസുഖപൂർണമാക്കാൻ ഉതകുന്ന തരത്തിൽ, എല്ലാ ഇന്ദ്രിയങ്ങൾക്കും സുഖം പകരുന്ന തരത്തിൽ ഉണ്ടാക്കിയ ഉപകരണങ്ങളും, അത്തരം ഉപകരണങ്ങളുപയോഗിച്ചതിൻറെ ഫലമായി ഉണ്ടായിത്തീർന്ന പുതിയൊരു പരിഷ്കൃതിയും ചേർന്നാണ് ഇന്നു നാം കാണുന്ന ഈ ലോകത്തെ നിർമ്മിച്ചിരിക്കുന്നത്. റേഡിയോ, ടി.വി., ഫാൻ, വൈദ്യുതി വാഹനങ്ങൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, ആൻറിബയോട്ടിക്കുകൾ, കുത്തിവെപ്പുകൾ, ഭക്ഷ്യപാനീയങ്ങൾ ഇവയൊക്കെയും ചേർന്ന് ഇന്ന് ജീവിക്കുന്ന മനുഷ്യൻറെ ശരീരത്തെ, മനസ്സിനെ മൂല്യരഹിതമായ ഒരു ക്ഷുദ്രഭൗതിക പിണ്ഡമാക്കിയിരിക്കുന്നു.

ഇവയൊക്കെയും നിഷേധിച്ചുകൊണ്ട് ഒരു കൃഷ്ണമൂർത്തി മാസങ്ങളോളം ഒരു മരക്കുടിലിൽ താമസിച്ചിരുന്നു. അപ്പോൾ ശരീരത്തിനും മനസ്സിനും ഉണ്ടായിരുന്ന ഉണർവ്, സംവേദനക്ഷമത അപാരമായിരുന്നുവത്രെ.

ശബ്ദം, വാക്ക് ഉപയോഗിച്ച് സൃഷ്ടിയെപ്പറ്റി, സ്രഷ്ടാവിനെപ്പറ്റി പറയാം, വിവരിക്കാം. എന്നാൽ ദൈവത്തെ അനുഭവിക്കാൻ ഇതൊന്നും വേണ്ട. മൗനത്തിൽ, അഗാധമായ നിശ്ശബ്ദതയിൽ ലയിച്ചിരിക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ദൈവത്തെയറിയാനാവുക.

രണ്ട്

ഒരാളുടെ ബന്ധത്തിൻറെ ആദ്യത്തെ തലം കണ്ണിചേർക്കപ്പെടുന്നത് സമൂഹവുമായാണ്. രണ്ടാമത്തേത് പ്രകൃതിയുമായും മൂന്നാമത്തേത് ശുദ്ധമായ അസ്തിത്വവുമായും. ഇതിൽ ആദ്യത്തെ രണ്ടു ചരടുകളും അറ്റുപോകുമ്പോൾ ശുദ്ധമായ അസ്തിത്വവുമായി ഒരാൾ കണ്ണിചേർക്കപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് അയാൾ ഏകനാകുന്നത്, അപ്പോൾ മാത്രമാണ് അയാൾ സത്യത്തിൻറെ കൂടെയാകുന്നത്, യഥാർത്ഥത്തിൽ ജീവിക്കുന്നത്.

പ്രപഞ്ചവുമായി, ഭൂമിയുമായി, പഞ്ചഭൂതങ്ങളിലോരോന്നുമായി ഒരാൾക്ക് സ്വരൈക്യം ഉണ്ടാകണമെങ്കിൽ അയാൾ പൂർണമായും ഏകാകിയാകണം. ഒരാൾ ഏകാകിയാകുമ്പോൾ, മറ്റൊരാളെപ്പറ്റിയും ചിന്തിക്കാതാവുമ്പോൾ ചുറ്റുമുള്ള പ്രകൃതി ആദ്യമായി അയാൾക്കനുഭവപ്പെടുന്നു. മണ്ണ്, വെള്ളം, വെളിച്ചം, വായു, ആകാശം ഇവയൊക്കെയുമായി ജീവനുള്ള ഒരു ബന്ധം അയാൾക്കുണ്ടാകുന്നു. മഴ, നിലാവ്, ഉദയപ്രകാശം, സന്ധ്യാവെളിച്ചം സ്വർഗീയമായ ഒരനുഭവമായി അയാൾക്കനുഭവപ്പെടുന്നു. സത്യജിത് റോയിയുടെ 'പഥേർ പാഞ്ചാലി' യിലെ ഗ്രാമീണയായ പെൺകുട്ടി എത്ര അഗാധമായ ഒരനുരാഗത്തോടെയാണ് മഴയെ ഒരുത്സവമാക്കുന്നത്. നഗരത്തിൽ, പുതിയ ലോകത്തിൽ പാർക്കുന്ന പെൺകുട്ടിക്കും ഇത്തരം ഒരേകാന്തത ഉള്ളിലില്ലാത്തതുകൊണ്ട് പ്രകൃതിയുമായി, മരങ്ങളുമായി, മഴയുമായി ഇതുപോലെ സംവദിക്കാനാവില്ല.

സെൻറ് ഫ്രാൻസിസ് ലോകവുമായി, സമൂഹവുമായി, മനുഷ്യരൊക്കെയുമായി തനിക്കുള്ള ബന്ധം പൂർണമായി അറുത്തു മാറ്റുന്നു. തന്നെ സ്നേഹിച്ച പെൺകുട്ടിയുടെ നേരെ പോലും ഒരു കടുകുമണിയോളം പോലും ബന്ധം അയാളിൽ ബാക്കി നിന്നില്ല. ദൈവമൊരാളുമായല്ലാതെ ഒന്നുമായും ബന്ധമില്ലാത്തവനായപ്പോൾ, അപ്പോഴാണ് സെയിൻറ് ഫ്രാൻസിസിൻറെ കാഴ്ചയെ മൂടിവെച്ചിരുന്ന തിരശ്ശീല മുഴുവനായി നിങ്ങിയത്. ഭൂമി, അതിലധിവസിക്കുന്ന മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, നിലാവ് എല്ലാം ദിവ്യത കളിയാടുന്ന സ്ഥലമായി അദ്ദേഹത്തിന് തോന്നിയത്.

മനുഷ്യൻ പുലർന്നുപോരുന്ന അതിമോഹനമായ ഈ ഗ്രഹത്തെ നിരവധി തവണ ചുട്ടുചാമ്പലാക്കാനുള്ള ആണവായുധങ്ങൾ ഉണ്ടാക്കി, അതിൽ അഹങ്കരിച്ച് ജീവിക്കുന്ന മന്ദബുദ്ധികളായ ഭരണാധികാരിക്കു മുന്നിൽ ചെന്നുനിന്ന്, അവരെ ഉറക്കത്തിൽ നിന്നുണർത്തി, ഭൂമിയെ ചൂണ്ടി, അതിൻറെ മഹാസൗന്ദര്യത്തെ ചൂണ്ടി, കുരുന്ന് നിഷ്കളങ്കമായി ആടിപ്പാടി കളിക്കുന്നതു കാട്ടി, സ്ത്രീകൾ പ്രേമത്തോടെ, ഭക്തിയോടെ, താഴ്മയോടെ പുഞ്ചിരിക്കുന്നതു കാട്ടി. പ്രാർത്ഥിക്കുന്നതു കാട്ടി, വെള്ളിൽപ്പറവകൾ വിശുദ്ധമായ ആകാശത്തിൻറെ വെണ്മയിൽ ദിവ്യസംഗീതംപോലെ ഒഴുകിയൊഴുകിപ്പോകുന്നതു കാട്ടി, 'ഹേ, ഭരണാധിപാ, നീയിതു കാണിന്നില്ലെ? ഇതാരുണ്ടാക്കി? ഇതില്ലാതാക്കാൻ നീയാര്?" എന്ന് ഇടിമുഴക്കത്തിൻറെ ശബ്ദത്തിൽ ചോദിക്കുന്ന സെൻറ് ഫ്രാൻസിസുകൾ ഇന്നുണ്ടാവുന്നില്ല. എന്തെന്നാൽ, ഇന്ന് ഒരു മതാത്മവ്യക്തിക്ക് പൂർണമായും ഏകാകിയാവാൻ ആകുന്നില്ല. തന്നെ പെറ്റുവളർത്തിയ ലോകവുമായി, സമൂഹവുമായി, കുടുംബവുമായി പൂർണമായ ബന്ധമറ്റവനാകുമ്പോൾ അപ്പോൾ മാത്രമാണൊരാൾ പൂർണവിശുദ്ധിയുമായി ബന്ധത്തിലാകുന്നത്. ഉള്ളിൽ പൂർണസ്വച്ഛത, വെടിപ്പ്, ഒരു പൊടിപോലുമില്ലാത്ത ശുചിത്വം ഉണ്ടാകുമ്പോൾ അത്തരം ഒരു തെളിവിലേക്കാണ് ദിവ്യത വന്നണയുക. അത് വന്നെത്തുമ്പോൾ സോക്രട്ടീസ്, ഡയോജനീസ്, ലാവോത്ത, സെൻറ് ഫ്രാൻസിസ്, യേശുക്രിസ്തു, ബുദ്ധൻ, മുഹമ്മദ് നബി, മെഹർ ബാബ, രമണമഹർഷി, ദാദാലേഖറാങ് ഉണ്ടാകുന്നു. ജീവിതത്തിൻറെ അനന്തത അതിൻറെ പരമമായ അർത്ഥത്തിലറിയാനും അതിനെ അതിൻറെ ഉറവിടത്തിൽ വെച്ച് പാനം ചെയ്യാനും ഇവർക്കു കഴിഞ്ഞു. അതാണവരെ സത്യകാമുകരാക്കിയത്, സൗന്ദര്യകാമുകരാക്കിയത്, ദൈവകാമുകരാക്കിയത്.

വിൻസ്റ്റൺ ചർച്ചിൽ സജീവ രാഷ്ട്രീയത്തിൽനിന്നും പിരിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ഒരാൾ അദ്ദേഹത്തെ വീട്ടിൽ കാണാൻ ചെന്നു. തൻറെ വാർദ്ധക്യത്തിൽ തോട്ടത്തിൽ ചർച്ചിൽ കൊത്തുകയും ചിലതു നട്ടുപിടിപ്പിക്കുകയും ആയിരുന്നു. ആഗതൻ അദ്ദേഹത്തോട് ചില രാഷ്ട്രീയകാര്യങ്ങൾ ചോദിച്ചു. ചർച്ചിൽ മൊഴിഞ്ഞു: "അതു കളയൂ, ഇപ്പോഴതു കഴിഞ്ഞു. ഇപ്പോളെന്തെങ്കിലും നിങ്ങൾക്ക് ചോദിക്കണമെന്നുണ്ടെങ്കിൽ രണ്ടു കാര്യങ്ങൾ ചോദിക്കാം. നിങ്ങൾക്കു ബൈബിളിനെപറ്റി എന്നോടു ചോദിക്കാം, കാരണം ഞാൻ പതിവായി അതു വായിക്കുന്നു. നിങ്ങൾക്കു തോട്ടപ്പണിയെപറ്റിയും ചോദിക്കാം. കാരണം, ഞാനത് ഈ തോട്ടത്തിൽ ചെയ്യുകയാണ്. ഇപ്പോൾ രാഷ്ട്രീയത്തിൽ എനിക്കൊരു താൽപര്യവുമില്ല. ഇപ്പോൾ ഞാൻ കേവലം മണ്ണിൽ പണിയെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page