top of page
സംഗീതം അനുപമമാണ്. മനുഷ്യമനസ്സിന്‍റെ കലുഷിതാവസ്ഥകളെ ലഘൂകരിക്കാന്‍ സംഗീതത്തിനു സാധിക്കും. എന്നാല്‍ ഈ സംഗീതം ദൈവികമാകുന്നത് എന്ന് നമുക്ക് നിശ്ശബ്ദതയുടെ പൊരുള്‍ വെളിപ്പെട്ടുകിട്ടുമോ അപ്പോള്‍ മാത്രമാണ്. തിരക്കേറിയ ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ പലപ്പോഴും അസ്വസ്ഥനാകുന്നത് അവന് ഒരിക്കലും അവന്‍റെ ആന്തരികതയിലേക്ക് തിരിഞ്ഞുനോക്കാന്‍ നേരമില്ലാത്തതുകൊണ്ടാണ്. പരാതികളുടെയും പരിഭവങ്ങളുടെയും ഈ ലോകത്ത് സ്വന്തം ആന്തരികത തിരിച്ചറിയണമെങ്കില്‍ നിശ്ശബ്ദത കൂടിയേ തീരൂ. അവിടെ മാത്രമേ ഉണ്മയെ തിരിച്ചറിയാനാകൂ. ഉള്ളില്‍ നിറയുന്ന ഉണ്മയുടെ ഈ ദൈവികചൈതന്യം മാത്രമേ ഒരുവന് സ്വസ്ഥത കൈവരുത്തൂ.
ശാന്തമാകാന്‍ ആവശ്യപ്പെടുന്ന ദൈവം
"ശാന്തമാകുക, ഞാന്‍ ദൈവമാണെന്ന് അറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്" (സങ്കീ. 46:10). ഉള്ളിലെ ആകുലതകള്‍ മാറ്റിവച്ച് തമ്പുരാന് മാത്രം ഇടം കൊടുക്കുകയാണ് പ്രധാനം. നമ്മുടെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കുമല്ല പ്രാധാന്യം നല്‍കേണ്ടത്. നമ്മുടെ നിയന്ത്രണങ്ങള്‍ക്കും അപ്പുറമുള്ളതിനെപ്പറ്റി നാം എന്തിന് വേവലാതിപ്പെടണം. മനസ്സേ ശാന്തമാകൂ...ദൈവത്തെ തിരിച്ചറിയൂ.
ദൈവം എന്നെ പ്രശാന്തതയിലേക്ക് നയിക്കും
"കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു... എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും" (സങ്കീ. 23: 1-6).
ശബ്ദകോലാഹലങ്ങളുടെ നടുവിലാണ് നാം. ഇവിടെ എങ്ങനെ നമുക്ക് സ്വയം ശാന്തമാക്കാന്‍ പറ്റും? സ്വസ്ഥനാകുക, വിട്ടുകൊടുക്കുക എന്നൊക്കെ പറയുമ്പോഴും നമ്മുടെ മാനുഷിക പ്രയത്നത്താല്‍ ഇതൊരിക്കലും എളുപ്പമല്ല. ഇവിടെയാണ് തമ്പുരാന്‍റെ കരുതല്‍. നമ്മെ സൃഷ്ടിച്ച തമ്പുരാന് നമ്മെ ശാന്തരാക്കാന്‍ സാധിക്കും. ഈ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ദൈവവുമായി ഒന്നിപ്പിക്കുന്ന പ്രശാന്തത
"കര്‍ത്താവിന്‍റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക. ക്ഷമാപൂര്‍വ്വം അവിടുത്തെ കാത്തിരിക്കുക" (സങ്കീ. 37: 7). നിശ്ശബ്ദതയുടെ ആഴങ്ങളില്‍ സ്രഷ്ടാവും സൃഷ്ടിയും ഒന്നാകുന്ന ഒരു നിമിഷമുണ്ട്. നമ്മുടെ ആത്മാവിന്‍റെ അന്തരാളങ്ങളില്‍ പതിയിരിക്കുന്ന ആത്മദാഹം സ്രഷ്ടാവില്‍ വിലയം പ്രാപിക്കാനുള്ള സൃഷ്ടിയുടെ അഗാധമായ ഉള്‍വിളിയാണ്.
ക്രിസ്തു നമ്മെ ശാന്തരാക്കും
"ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടുപോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു. ലോകം തരുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്" (യോഹ 14: 27). ആന്തരികസമാധാനം നമുക്ക് എത്രമാത്രം അനുഭവിക്കാനാകുന്നുണ്ട് എന്നതാണ് ആത്മീയതയുടെ അളവുകോല്‍. കാറ്റിലും കോളിലും ഉലയുമ്പോഴും നമ്മുടെ ഒപ്പം ഉള്ള ക്രിസ്തു നമ്മെ ശാന്തരാക്കും, പ്രഷുബ്ധതകളെ എടുത്തുമാറ്റും എന്ന പ്രത്യാശയാണ് സുവിശേഷം.
ദൈവത്തിന്‍റെ ശാന്തത നമ്മെ മാറ്റിമറിക്കും
"അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്‍റെ തികവില്‍ സംരക്ഷിക്കുന്നു" (ഏശയ്യാ 26:3). കുശവന്‍റെ കൈയിലെ കളിമണ്ണ് ഒരു മനോഹര ശില്പം ആകുന്നതുപോലെ ദൈവത്തിന്‍റെ കരവിരുതില്‍ നമ്മുടെ ജീവിതം രൂപമാറ്റത്തിന് വിധേയമാകുമെന്നതില്‍ സംശയം വേണ്ട. ദൈവതീരുമാനത്തിനു മുമ്പില്‍ മനസ്സും ആത്മാവും ശാന്തമാകുമ്പോള്‍ സംഭവിക്കുന്നതെല്ലാം ദൈവികമാകും. ഈ ദൈവികതയ്ക്ക് മാത്രമേ കലുഷിതമായ സാഹചര്യങ്ങളെ പോലും പ്രശാന്തമാക്കുവാന്‍ സാധിക്കൂ.
ഈ പ്രശാന്തതയുടെ സുവിശേഷം തിരിച്ചറിയുക എന്നതാണ് മര്‍മ്മപ്രധാനം. ആന്തരിക നിശ്ശബ്ദത അതിന് നമ്മെ സഹായിക്കും. നിശബ്ദതയുടെ പൊരുള്‍ എല്ലാ പ്രതിസന്ധികള്‍ക്കും പ്രതിവിധിയാണ്. ശാന്തമാവുക ഞാന്‍ ദൈവമാണെന്ന് തിരിച്ചറിയുക. ഈ തിരിച്ചറിവ് ഒരു സംഗീതംപോലെ നമ്മെ സ്വസ്ഥരാക്കട്ടെ.