
കഥ പറയുന്ന അഭ്രപാളി

ഹിംസകൊണ്ട് കവിതകളെഴുതുന്നതിനേക്കാള്‍ അപ്രിയമായി ഒന്നുമുണ്ടാകില്ല. എന്നാല്‍ എഴുതിയതെല്ലാം ഹിംസയായിരുന്നപ്പോളും, ഫ്രെയ്മുകളിലെല്ലാം രക്തം കട്ടപിടിച്ചിരുന്നപ്പോഴും ആളുകള്‍ അയാളെ സ്നേഹിച്ചു. കാരണം അയാള്‍ പറഞ്ഞതത്രയും പച്ചമനുഷ്യരുടെ കഥയാണ്, ജീവിതമാണ്. രക്തംവീണ് ചുവന്ന ഫ്രെയ്മുകളില്‍ അഭൗമമായ സൗന്ദര്യം സൃഷ്ടിച്ച വെട്രിമാരന്‍ എന്ന ഇന്ദ്രജാലക്കാരനെക്കുറിച്ചും, അയാളുടെ സിനിമകളെക്കുറിച്ചും ഒരു ചെറുകുറിപ്പ്.
ആമുഖം
1975 സെപ്റ്റംബര്‍ 4 ന് തമിഴ് നാട്ടിലെ കടലൂര്‍ ഗ്രാമത്തില്‍ ഡോ. വി. ചിത്രവേല്‍, മേഘല ചിത്ര വേല്‍ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു. ക്രിക്കറ്റ് കളിയോടുള്ള അഭിനിവേശം അവന്‍റെ പ്ലസ് ടു പഠനത്തെ ചെന്നൈയില്‍ എത്തിച്ചു.
"ചെന്നൈ"
സിനിമയില്‍ കുളിച്ചു നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ നഗരം. ക്രിക്കറ്റ് കളി പഠിക്കാന്‍ വന്ന ആ കൗമാരക്കാരന്‍ നേരമ്പോ ക്കിനായി സിനിമകള്‍ കണ്ടുതുടങ്ങി. താമസിയാതെ തന്നെ ക്രിക്കറ്റ് കളിയെ തള്ളിമാറ്റിക്കൊണ്ട് സിനിമ ആ കൗമാരക്കാരനില്‍ പരകായപ്രവേശം നടത്തി. ഇതേ സിനിമ തന്നെ അവനെ പുസ്തകങ്ങളുടെ ലോകത്തും എത്തിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ക്രിക്കറ്റ് കളിയോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ് അവന്‍ ലയോള കോളേജില്‍ ഇംഗ്ലീഷ് ബിരുദ പഠനത്തിന് ചേര്‍ന്നു.
അക്കാലത്ത് ലോയോള കോളേജിലെ ഗസ്റ്റ് പ്രൊഫസറായിരുന്ന സംവിധായകന്‍ ബാലു മഹേന്ദ്രയോട് അവന്‍ സാവധാനം അടുത്തു. ആ അടുപ്പം അവനെ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്‍റാക്കി. 'കഥൈ നേരം' എന്ന ടെലിവിഷന്‍ സീരിയലില്‍ ബാലുവിനൊപ്പം അരങ്ങേറ്റം കുറിച്ചു, പിന്നീട് 2001 നിര്‍മ്മിച്ച 'എന്‍ ഇനിയ പൊന്നിലാവേ', 2002 ല്‍ റിലീസ് ചെയ്ത 'കാതല്‍ വൈറസ്' 2005 ല്‍ റിലീസ് 'അത് ഒരു കനകാലം' എന്നീ സിനിമകളില്‍ സഹസംവിധായകനായി. 'അത് ഒരു കനകാലം' സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ധനുഷ് എന്ന നടനുമായി അയാള്‍ ചങ്ങാത്തം സ്ഥാപിച്ചു.
ആ ചങ്ങാത്തത്തിന്‍റെ പുറത്തു തന്‍റെ മനസ്സിലുള്ള ഒരു കഥ അയാള്‍ ധനുഷിനോട് പറഞ്ഞു. ധനുഷിന് കഥ ഇഷ്ടപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാവിനെ ലഭിക്കാതെ വന്നതിനാല്‍ അന്ന് ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. ഒരു നവാഗത സംവിധായകനെ അന്ന് അത്രയ്ക്ക് ആരും വിശ്വസിച്ചുകാണില്ല.
എന്നാല്‍ അയാള്‍ തന്‍റെ സ്വപ്നങ്ങളെ സിനിമയില്‍തന്നെ ഉറപ്പിച്ചുനിറുത്തി. അവസരങ്ങള്‍ക്കായി അലഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ തന്‍റെ സുഹൃത്തിന്‍റെ ബൈക്ക് മോഷണം പോയി. ഈ സംഭവത്തില്‍ നിന്നും അയാള്‍ ഒരു കഥ രൂപപ്പെടുത്തി. ആ കഥ ധനുഷിനോടു പറഞ്ഞു. ധനുഷിന് കഥ ഇഷ്ടപ്പെട്ടു. സിനിമചെയ്യാന്‍ തീരുമാനമായി. അങ്ങനെ ആ യുവാവിന്‍റെ സിനിമ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
അന്ന് തങ്ങള്‍ ഒരു യുഗപ്പിറവിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു എന്ന് ആ സിനിമ കണ്ടുകൊണ്ടിരുന്ന ആരും മനസ്സിലാക്കിയില്ല. ക്ഷുഭിതമായ കഥാപാത്രങ്ങളുടെ, അവരുടെ പകയുടെ, ആ പകയില്‍ കിനിഞ്ഞിറങ്ങിയ ചോരയുടെ മണമുള്ള "വെട്രിമാരന്‍" ഫ്രെയ്മുകള്‍ക്ക് അവിടെ ആരംഭം കുറിച്ചു.

കല
2007
2007 നവംബറില്‍ റിലീസ് ചെയ്ത പൊല്ലാതവന്‍ ആണ് സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ വെട്രിമാരന്‍റെ ആദ്യത്തെ സിനിമ. അലസനായ ചെറുപ്പക്കാരന്‍റെ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ടു നടക്കുന്ന ചില സംഭവങ്ങള്‍ ആണ് ഇതിവൃത്തം. വയലന്‍സും, സ്റ്റണ്ടും, പ്രേമവും ഒക്കെ ഉള്‍ക്കൊള്ളിച്ച ഒരു വാണിജ്യ സിനിമ. എന്നാല്‍ സിനിമയുടെ അഖ്യാനരീതി ആസ്വാദകര്‍ ശ്രദ്ധിച്ചു. റിയലിസത്തില്‍ പരീക്ഷിച്ച വയലന്‍സും, കഥാ പാത്രങ്ങളുടെ പച്ചയായ ജീവിതവും എല്ലാറ്റിലും ഉപരി നോണ്‍ ലീനിയര്‍ നരേഷനും സിനിമയ്ക്ക് വിജയം സമ്മാനിച്ചു.
2011
'പൊല്ലാതവ'ന്‍റെ വിജയത്തിനുശേഷം അതേ ടീം വീണ്ടും ഒന്നിച്ചു. കോഴിപ്പോരിന്‍റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഒരു ഗ്രാമീണ കഥ പറയാന്‍. പെരുന്തച്ചന്‍ കോംപ്ലെക്സുമൂലം ഉണ്ടാകുന്ന പകയും, പ്രതികാരവും, ഒപ്പം നായകന്‍റെ പ്രണയവും ഒക്കെയായി ഒരു റിയലിസ്റ്റിക് സിനിമ. സിനിമ ദേശീയ അവാര്‍ഡില്‍ മാറ്റുരച്ചു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍ തുടങ്ങി പ്രധാന മൂന്ന് പുരസ്കാരങ്ങള്‍ 58-ാമത് ദേശീയ ഫിലിം അവാര്‍ഡില്‍ സിനിമ നേടി.
2013
2012ല്‍ വെട്രിമാരന്‍ ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനി എന്ന പേരില്‍ സ്വന്തമായൊരു നിര്‍മ്മാണ കമ്പനി ആരംഭിച്ചു. 2005ല്‍ വെട്രിമാരന്‍ ആദ്യമായി ധനുഷിനോടു പറഞ്ഞ കഥ അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന മണിമാരന്‍ യാഥാര്‍ത്ഥ്യമാക്കി. ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനിയുടെ ആദ്യപ്രോജക്ട് ആയിരുന്നു 'ഉദയം NH4' എന്ന് പേരിട്ട ആ സിനിമ. 2015ല്‍ ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനി നിര്‍മ്മിച്ച 'കാക്കമുട്ടൈ' ആ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

രാഷ്ട്രീയം
2016
വെള്ളിത്തിരിയില്‍ കൃത്യമായി തന്‍റെ ചുവടുറപ്പിച്ച വെട്രിമാരന്‍റെ അടുത്ത സിനിമ രാഷ്ട്രീയമായ ഭാഷയില്‍ സംവദിച്ച ഒന്നായിരുന്നു. ആന്ധ്രാ പ്രദേശിലേയ്ക്ക് തൊഴിലന്വേഷിച്ചുപോയ നാല് ചെറുപ്പക്കാര്‍ അനുഭവിക്കേണ്ടിവന്ന പോലീസ് മര്‍ദ്ദനമായിരുന്നു 'വിസാരണൈ'യുടെ ഇതിവൃത്തം. ഭരണകൂടങ്ങള്‍ക്കുള്ള അനേകം മര്‍ദ്ദനോപാദികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പോലീസ് സേന. പോലീസ് സ്റ്റേഷനുകളില്‍ എങ്ങനെയാണ് ആലംബഹീനര്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നതെന്ന് സി നിമ സുവ്യക്തമാക്കി. സിനിമയില്‍ പോലീസിന്‍റെ ജനാധിപത്യ ധ്വംസനങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പിന്നീടൊരിക്കല്‍കൂടി കാണാനാഗ്രഹിക്കാത്ത വിധം ക്രൗര്യം നിറച്ചാണ് വിസാരണൈ അവസാനിക്കുന്നത്. എം. ചന്ദ്രകുമാറിന്‍റെ ലോക്കപ്പ് എന്ന നോവലാണ് സിനിമയ്ക്കാധാരം.
പോരാട്ടം
2018
വെട്രിമാരന്‍ അതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രോജക്ട് ആണ് 2018ല്‍ റിലീസ് ചെയ്ത 'വടചെന്നൈ'. അന്നുവരെയുള്ള കാസ്റ്റിംഗില്‍ കാര്യമായ വ്യതാസം വരുത്താതെ തന്നെ അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കി. 1987 ല്‍ നടന്ന ഒരു കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സ്ഥലം എം.എല്‍.എ കോളനികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിന്‍റെ തുടര്‍ച്ചയെന്നോണം 2003ലും ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. 1987 മുല്‍ 2003 വരെയുള്ള കോളനി നിവാസികളുടെ ജീവിതത്തിലൂടെ ആഭ്യന്തര കുടിയൊഴിപ്പിക്കലുകളും, അതിനെതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം.
2019
പൂമൊഴിയുടെ വെക്കല്‍ എന്ന നോവലിനെ അടിസ് ഥാനമാക്കി വെട്രിമാരന് 2019ല്‍ ഒരുക്കിയ സിനിമയാണ് 'അസുരന്‍'. ഇന്ത്യയിലെ കിരാതമായ ജാതി വാഴ്ചയുടെ നേര്‍ചിത്രമാണ് അസുരന്‍. ധനുഷ് തന്നെയാണ് നായകന്‍. നായകനായ ശിവ ശാമി നേരിടുന്ന ജാതിവെറിയും അതിനെതിരെയുള്ള പ്രതിരോധവുമാണ് സിനിമയുടെ കഥാതന്തു. 67-ാമത് ദേശീയ സിനിമ അവാര്‍ഡില്‍ ഏറ്റവും നല്ല തമിഴ് ചിത്രമായി സിനിമ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ധനുഷ് രണ്ടാമതും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയിലൂടെ സ്വന്തമാക്കി.

2023-2024
ബി. ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ ്പദമാക്കി 2023ല്‍ വെട്രിമാരന്‍ ഒരുക്കിയ സിനിമയാണ് 'വിടുതലൈ'. പതിനഞ്ച് വര്‍ഷത്തോളം കൊണ്ടുനടന്ന സ്വപ്നമാണ് വിടുതലൈയിലൂടെ അയാള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഒരു ഗ്രാമം മുഴുവനായി ഒരു സ്വകാര്യ കമ്പനിക്ക് തീറെഴുതിക്കൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയുള്ള പ്രതിരോധമാണ് സിനിമയുടെ ഇതിവൃത്തം. 2024ല്‍ ഇതിന്‍റെ രണ്ടാം ഭാഗവും പ്രദര്‍ശനത്തിനെത്തി. ഒന്നാം ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗം വിജയമായിരുന്നു എന്നു പറയാന്‍ കഴിയില്ല.
2025
ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനിയുടെ അവസാന സിനിമ എന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന ബാഡ്ഗേളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇതിനു തൊട്ടുമുമ്പ് നിര്‍മ്മിച്ച മാനുഷി എന്ന സിനിമയ്ക്ക് 37 വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. മാനുഷിയുടേയും പ്രദര്‍ശനം തീരുമാനമാകാതെ തുടരുകയാണ്. അതിനുശേഷമാണ് ബാഡ് ഗേളിനും സമാനമായ രീതിയില്‍ സെന്‍സര്‍ബോര്‍ഡില്‍ നിന്നും വെല്ലുവിളികള്‍ ഉണ്ടായിരിക്കുന്നത്.
കല
സിനിമയെന്നത് വെട്രിമാരന് ഒരു വികാരമാണ്. വെട്രിമാരന്‍റെ ഫ്രെയ്മുകളിലെല്ലാം തന്നെ അയാളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. കളര്‍ടോണ്‍, ശബ്ദ-വെളിച്ചവ്യന്യാസം, ഷോട്ടുകള്‍, ആംഗിളുകള്‍, അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും തന്‍റെതായ പിടിവാശികളും, സൗന്ദര്യബോധവും അയാള്‍ക്കുണ്ട്. ഈ പിടിവാശികളും, സൗന്ദര്യബോധവും എല്ലാംകൂടി വെട്രിമാരന്‍ എന്ന മന്ത്രവാദി വരച്ചിട്ട മന്ത്രവാദക്കളത്തിലേയ്ക്ക് ആസ്വാദകനെ കൊണ്ടെത്തിക്കും. ആ ആവാഹനത്തട്ടില്‍ അയാള്‍ ചെയ്തുകൂട്ടുന്ന അതിനിന്ദ്യമായ ക്ഷുദ്രക്രിയകള്‍ ആസ്വാദകഹൃദയങ്ങളെ അതിക്രൂരമായി കുത്തിക്കീറും. സൗന്ദര്യാനുഭൂതിക്കൊപ്പം മനുഷ്യമനസ്സുകളുടെ സംസ്കരണം കൂടി ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന കലാസൃഷ്ടികള്‍ക്ക് ഇതിനുമപ്പുറം എന്താണ് നേടാനുള്ളത്.
വെട്രിമാരന്‍റെ താരങ്ങളെല്ലാംതന്നെ അയാള്‍ പറയുന്ന കഥയോട് ചേര്‍ന്നുപോകുന്ന ശരീരഭാഷയുള്ളവരായിരുന്നു. പ്രധാനമായും ധനുഷ് തന്നെ. ധനുഷ് മികച്ച നടമുള്ള രണ്ട് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതും വെട്രിമാരന്‍ അയാളുടെ ശരീരഭാഷയെ ഉപയോഗിച്ചപ്പോഴാണ്. അഭിനയമെന്ന കല പൂര്‍ണ്ണമാകുന്നത് സംവിധായകരിലൂടെയാണെന്ന് പറയുന്നതിതുകൊണ്ടാണ്.
രാഷ്ട്രീയം
'പൊല്ലാതവന്‍', 'ആടുകളം' എന്നീ രണ്ട് സിനിമകള്‍ മാറ്റിവച്ചാല്‍ വെട്രിമാരന്‍ സിനിമകളെല്ലാം തന്നെ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ളതായിരുന്നു. ഭരണകൂടം മുതലാളിത്വവുമായി ഏര്‍പ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടുകളിലോ, ജാതിവെറിയിലോ ഒക്കെ കുടിയിറക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, ജീവന്‍ നഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരാണ് വെട്രിമാരന്‍റെ കഥാപാത്രങ്ങള്‍. അത്തരം ഇതി വൃത്തങ്ങളിലേക്ക് മിഴിതുറക്കുന്നതുകൊണ്ടു തന്നെ വെട്രിമാരന്‍ ഫ്രെയ്മുകളില്‍ ഹിംസ അതിന്‍റെ പാരമ്യത്തില്‍ എത്തും. എന്നാല്‍ അതിന്‍റെ മറുവശത്ത് പ്രക്ഷുബ്ദ ജീവിതങ്ങള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് സുവ്യക്തമായി പ്രേക്ഷകന് കാണിച്ചുതരും. അതാണ് വെട്രിമാരന്‍ സിനിമകളിലെ രാഷ്ട്രീം. ആ രാഷ്ട്രീയം പച്ചയ്ക്കു പറയുന്നതാണ് വെട്രിമാരന്‍ ശൈലി. പട്ടാപ്പകല്‍ നഗരങ്ങ ളില്‍ ആഘോഷിക്കപ്പെടുന്ന ഫ്യൂഡല്‍തെമ്മാടിത്തരങ്ങളുടെ കഠാരതേടി രാത്രിയില്‍ പോലീസ് വാഹനങ്ങള്‍ എത്തുന്നത് പാലത്തിനടിയിലെ ദുര്‍ഗന്ധം വമിക്കുന്ന കോളനികളിലേയ്ക്കാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പറഞ്ഞത് ഇതിനോട് കൂട്ടിയവായിക്കാവുന്നതാണ്.
സാധാരണ ഇന്ത്യന്‍ സിനിമകളില്‍, അപരവത്ക്കരണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളുടെ നായകനായി വരേണ്യവര്‍ഗ്ഗത്തില്‍നിന്നൊരാള്‍ വരികയും അവര്‍ നായകത്വം ഏറ്റെടുക്കുകയുമാണെങ്കില്‍ വെട്രിമാരന്‍ സിനിമകളില്‍ അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നു തന്നെയാണ് പ്രതിരോധങ്ങളുണ്ടാകുന്നത്. രാഷ്ട്രീയ ബോധ്യമുള്ള ഒരു മികച്ച കലാകാരന്‍റെ ലക്ഷണമായി നമുക്കിതു വായിക്കാവുന്നതാണ്.
സിനിമയ്ക്കുവെളിയിലും വെട്രിമാരന്‍ തന്‍റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ്. മോണ്‍ട്രിയല്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ തിരഞ്ഞെടുക്കപ്പെട്ട ആടുകളത്തിന്‍റെ പ്രദര്‍ശനം കഴിഞ്ഞു തിരികെവരികയായിരുന്ന വെട്രിമാരനെ തടഞ്ഞ ഡല്‍ഹി വിമാനത്താവളത്തിലെ സെക്യൂരിറ്റികളുടെ വംശീയ അതിക്രമത്തെ സര്‍ഗ്ഗാത്മകവും, അക്കാദമികവുമായ രീതിയില്‍തന്നെ വെട്രിമാരന്‍ നേരിട്ടിട്ടുണ്ട്. അന്ന് അവിടെവെച്ച് വംശീയതക്കെതിരെ, ദേശീയതക്കെതിരെ ഒക്കെ അയാള്‍ക്കുള്ള നിലപാടുകള്‍ അദ്ദേഹം തുറന്നടിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ, മതങ്ങളുടെ പൊളിറ്റിക്കല്‍ മുഖങ്ങള്‍ക്കെതിരെ, ഏറ്റവും ഒടുവില്‍ സംവിധായകന്‍ മണിരത്നവുമായി നേര്‍ക്കുനേര്‍ സംവാദത്തിനുവരെ അയ്യാള്‍ തുനിഞ്ഞു എന്നതാണ് അയാളിലെ രാഷ്ട്രീയക്കാരന്‍റെ നേര്‍ചിത്രം.
പോരാട്ടം
കല രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ച നാള്‍ മുതല്‍ ഭരണകൂടങ്ങള്‍ക്കെതിരെ, വംശീയതക്കെതിരെ ഒക്കെ അയാള്‍ സംസാരിച്ചിട്ടുണ്ട്. അത് അയാളെ ഇന്നൊരു പോരാട്ടഭൂമിയിലെത്തിച്ചിരിക്കുന്നു. ഭരണകൂടത്തിന്‍റെ പ്രതികാര നടപടിക ളില്‍ അയാളുടെ ഫിലിം കമ്പനി അടച്ചുപൂട്ടലില്‍ എത്തിനില്‍ക്കുന്നു. ഈ പോരാട്ടത്തില്‍ അയാള്‍ ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ആ പോരാട്ടത്തില്‍ അയാള്‍ ജയിക്കട്ടെ എന്നാശിക്കുന്നു.
കല-രാഷ്ട്രീയം-പോരാട്ടം
കലയും, രാഷ്ട്രീയവും, പോരാട്ടവും ഒക്കെ മനു ഷ്യജീവിതിത്തിന്‍റെ ഭാഗമാണ്. അവിടെ വഴികാട്ടി യായി വെട്രിമാരന്മാരുള്ളത് പിന് നാലെ വരുന്നവരെ സംബന്ധിച്ച് ഒരു ധൈര്യമാണ്. വെര്‍ച്വല്‍ ലോകത്ത് "പാവത്തുങ്ങളുടെ ടോരന്‍റീനോ" എന്നു വിളിപ്പേരുള്ള അയാള്‍ റിയല്‍ ലൈഫിലും, റീല്‍ ലൈഫിലും വെട്രികളുടെ രാജാവായി; യഥാര്‍ത്ഥ വെട്രിമാരനായി തുടരട്ടെ.
കല-രാഷ്ട്രീയം-പോരാട്ടം
വിനീത് ജോണ്‍
അസ്സീസി മാസിക, ജനുവരി 2026





















