

ഗാസയിലെ വെടിനിർത്തൽ ആരംഭിക്കുന്നതിനും രണ്ടര മാസം മുമ്പായിരുന്നു അത്. തിബേരിയസ് പട്ടണത്തിലെ തിബേരിയസ് ഹോസ്റ്റലിൻ്റെ ഡോർമിറ്ററിയിലായിരുന്നു തലേ രാത്രി പാർത്തത്. അവിടെ പോലും ആറോ ഏഴോ പേരേ ആകെ ഉണ്ടായിരുന്നുള്ളൂ. രാവിലേതന്നെ ബസ് ടെർമിനലിൽ എത്തി. അവിടവും ആളൊഴിഞ്ഞുതന്നെ. ലഘുഭക്ഷണം എന്തോ വാങ്ങിക്കഴിച്ചു. ലൈൻ ബസ്സിൽ ഒറ്റക്ക് താബോറിൽ ചെന്നിറങ്ങുമ്പോൾ ഒരു മനുഷ്യ ജീവിയെയും അവിടെയെങ്ങും കാണാനില്ല. മലയാറ്റൂർ മലയുടെ ഏതാണ്ട് പകുതികൂടി വലിപ്പം വരും.
താബോർ പോലെ ഇത്രകണ്ട് പച്ചപ്പാർന്ന ഒരു മല വിശുദ്ധനാടുകളിൽ വേറെ കണ്ടില്ല. നടന്ന് ഒറ്റക്ക് മലകയറിയിറങ്ങിയിട്ട് ഇന്നിനി കഫർണാമിലും തിബേരിയസിലും പോക്ക് നടക്കില്ല. കാരണം, രാത്രി ബേത്‌ലഹേമിലാണ് തങ്ങേണ്ടത്. അവിടേക്കാണെങ്കിൽ ബസ്സിൽ നാലു മണിക്കൂറിലധികം ദൂരമുണ്ട്. ബസ്സാകട്ടെ, വല്ലപ്പോഴുമേ ഉള്ളൂതാനും. എന്തു ചെയ്യും എന്നാലോചിച്ച് നില്ക്കുമ്പോൾ എവിടെ നിന്നോ ബെൻസിൻ്റെ ഒരു വാൻ പ്രത്യക്ഷപ്പെട്ടു. അടുത്തുവന്ന് നിർത്തി.
"മലമുകളിലേക്കാണോ?"
"അതേ"
"കയറിക്കോളൂ"
ദൈവത്തിന് എത്ര നന്ദിപറഞ്ഞു എന്നറിയില്ല!
യൂറൊപ്പിൽ നിന്ന് ഒരു ചെറിയ ഗ്രൂപ്പ് മലമുകളിൽ ഉണ്ടത്രേ! അവരെ തിരിച്ച് കൊണ്ടുവരാൻ പോവുകയാണ് വാഹനം. അവരോടൊപ്പം തന്നെ വന്ന് കയറിക്കൊള്ളണം. കാത്തുനില്ക്കില്ല. അല്ലാത്തപക്ഷം നടന്ന് മലയിറങ്ങേണ്ടി വരും. ധൃതിയിൽ കണ്ട് ചിത്രങ്ങൾ എടുത്തു. പക്ഷേ, സമയമുണ്ട്. മൂന്നുദിവസമായി യാത്ര ചെയ്യുന്നുവെങ്കിലും ആദ്യമായാണ് ഒരു ഗ്രൂപ്പിനെ കാണുന്നത്. സ്പെയ്ൻ പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്ന് വന്ന പതിനഞ്ചുപേരോളം ഉള്ള പുരുഷന്മാരുടെ ആ ഗ്രൂപ്പ് വളരെ സാവകാശത്തിലാണ്. അതിനാൽ ആവശ്യത്തിലേറെ സമയം എനിക്കും ലഭിച്ചു.
ഈ മലയിലാണ് മൂന്നു ശിഷ്യന്മാർ പ്രാർത്ഥിക്കുന്ന ഗുരുവിന് കൂട്ടിരുന്നത്. ഇവിടെയാണവർ ഒരു മർത്ത്യ ശരീരം തേജസ്വിയാകുന്നത് കണ്ടത്.
ഇവിടെയാണ് പഴയനിയമത്തിലെ രണ്ടു വ്യക്തിത്വങ്ങൾ അഭൗമിക പ്രഭയോടെ പ്രത്യക്ഷപ്പെട്ട് തേജസ്സാർന്നവനോട് സംഭാഷിച്ചത്.
ഹോറേബ് മലയിൽ നാല്പത് ദിനരാത്രങ്ങൾ ഉപവസിച്ച് കർത്താവിനെ മുഖാമുഖം കണ്ട് ജ്വലിക്കുന്ന വദനത്തോടെ പത്തുകല്പനകൾ ഏറ്റുവാങ്ങിയവനും, നാല്പതു ദിനരാത്രങ്ങൾ ഒളിച്ചോടി ഹോറേബ് മലയിലെത്തി കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ച് കർത്താവിൻ്റെ മൃദുസ്വരം കേട്ടവനും, നാല്പതു ദിനരാത്രങ്ങൾ വിജനതയിൽ കഴിഞ്ഞ് എല് ലാ ഭൂതങ്ങളെയും അഭിമുഖീകരിച്ച് തേജസ്സിൻ്റെ പൂർണ്ണത പ്രാപിച്ചവൻ്റെ ഇരുവശവും നിന്നത് ഇവിടെയാണ്.
കടലിനെ വിഭജിച്ച് മറുകരക്ക് നടന്നവനും ജോർദ്ദാനെ വിഭജിച്ച് മറുകരക്ക് നടന്നവനും കടലിനു മുകളിൽ നടന്നവനെ ആരാധനയോടെ നോക്കിനിന്നത്. നിയമവും പ്രവാചകരും നിയമത്തിൻ്റെയും പ്രവചനത്തിൻ്റെയും പൂർത്തീകരണത്തെ പ്രണമിച്ചുനിന്നത്. തേജസ്സാർന്ന ഇതേ ശരീരം അപമാനത്തിലേക്കും പീഡനത്തിലേക്കും രക്തപങ്കിലതയിലേക്കും മരണത്തിലേക്കും കൂപ്പുകുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്.
മരുഭൂമിയിൽ പിച്ചളസർപ്പത്തെ ഉണ്ടാക്കി കഴയിൽ ഉയർത്തി നിർത്തിയവൻ കഴയിൽ സ്വയം ഉയർത്താനിരിക്കുന്നവനോട് ആ ഉയർത്തലിനെക്കുറിച്ച് സംസാരിച്ചു.
പന്ത്രണ്ട് കല്ലുകൾ അടുക്കി, ഒരു കാളക്കുട്ടിയെ കൊന്ന് അതിന്മേൽ അടുക്കി കാർമ്മൽ മലയിൽ ബലിയർപ്പിച്ചവൻ പന്ത്രണ്ട് പേരുടെ ജീവനുളള ബലിപീഠം തീർത്തവൻ കാൽവരിമലയിൽ സ്വയം ബലിമൃഗമായി മുറിഞ്ഞ് ബലിയർപ്പിക്കാനിരിക്കുന്നവനോട് ആ ബലിയർപ്പണത്തെക്കുറിച്ച് സംസാരിച്ചു.
കുരിശുമരണത്തെക്കുറിച്ച് അവൻ കേസേറിയാ -ഫിലിപ്പിയിൽ വച്ച് പറഞ്ഞപ്പോൾ തടസ്സം പറഞ്ഞ അതേ പത്രോസ്, മതിമറന്ന പോലെ വീണ്ടും അതേ തടസ്സവാദം മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചതും ഇവിടെ വച്ചാണ്. മൂന്നു കൂടാരങ്ങൾ തനിക്കവിടെ ഉയർത്താൻ കഴിഞ്ഞെന്നാൽ ലോകം അവിടേക്ക് പ ുറപ്പെട്ടുവരും എന്നയാൾ തീർച്ചയായും കരുതിയിരുന്നു. അങ്ങനെയെങ്കിൽ എന്തെളുപ്പമായിരുന്നേനേ കാര്യങ്ങൾ!!
ഇവിടെയാണ് ശോഭയേറിയൊരു മേഘം മൂന്നുപേരെ മൂടിയത്. ജോർദ്ദാനിൽ മുഴങ്ങിയ ശബ്ദം രണ്ടാം തവണ മുഴങ്ങിയത്. ഇനിയൊരിക്കൽ, "എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീ എന്നെ കൈവെടിഞ്ഞതെന്ത്?" എന്ന് ഇതേ പുത്രൻ നിലവിളിച്ചു ചോദിച്ചാലും ആ പിതൃശബ്ദം നിശ്ശബ്ദമായിരിക്കുകയേ ഉള്ളൂ!
താബോർ: കാൽവരിക്കുന്നിൻ ചുവട്ടിൽ വെട്ടിയ കരിമ്പാറക്കുള്ളിൽ വെളിച്ചം ഉറവപൊട്ടുന്ന ഗർത്തത്തിലേക്കുള്ള ഒരു മിന്നായം മാത്രം!
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.




















