

പൂർണമായും ക്രിസ്തുകേന്ദ്രീകൃതമായ രക്ഷാകരപ്രവർത്തനത്തിലെ സഹകാരി എന്നതുൾപ്പടെ പരിശുദ്ധ മറിയത്തിൻ്റെ പദവികൾ സംബന്ധിച്ച നിർണായകമായ വ്യക്തത നൽകുന്നതാണ് വിശ്വാസതിരുസംഘ( The Dicastery for the Doctrine of Faith) ത്തിൻ്റെ ''വിശ്വാസ സമൂഹത്തിൻ്റെ മാതാവ് ' ( Mother of the faithful People) എന്ന പ്രബോധനം. ക്രിസ്തുവിനോടടുത്ത ആരാധനാപാത്രം എന്ന പ്രത്യേക പദവിക്കല്ല; മറിച്ച് മറിയം, ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിൻ്റെ ഭാഗമായി എന്നതിനാണ് ഈ പ്രബോധനം ഊന്നൽ നൽകുന്നത് . വിശ്വാസത്തിൻ്റെ പരമോന്നത മാതൃകയാണ് മറിയം എന്നതാണ് പ്രബോധനത്തിൻ്റെ കേന്ദ്ര പ്രമേയം. മനുഷ്യരക്ഷക്കായുള്ള ദൈവിക പദ്ധതിയിൽ മറിയത്തിനുള്ള അനന്യമായ പങ്കാളിത്തം പ്രബോധനം എടുത്തു പറയുന്നു. അത് പക്ഷേ രക്ഷാകരപദ്ധതിയിൽ രക്ഷകനായ യേശു ക്രിസ്തുവിനുള്ള പ്രഥമവും പ്രധാനവും ഏകവുമായ സ്ഥാനത്തെ പങ്കുവയ്ക്കുന്നുമില്ല.
പൂർണമായ 'സമ്മത'ത്തിലൂടെ (അങ്ങനെ ആകട്ടെ Fiat), സമർപ്പണത്തിലൂടെ ( ലൂക്ക 1:26_28, 3:38 ) സാധാരണ സ്ത്രീയിൽ നിന്ന് ദൈവമാതാവിലേക്കു അടിമുടി പരിവർത്തിതമായേടത്തു നിന്നാണ് മറിയത്തിൻ്റെ ദൗത്യം ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയായിരുന്നു മറിയം ആ സമ്മതം അറിയിച്ചതെന്ന് തോമസ് അക്വിനാസ് പറയുന്നു (ദൈവശാസ്ത്ര സംഗ്രഹം, Summa Theologiae 3a,30:1). രക്ഷാകര ചരിത്രത്തിൽ മറിയത്തിൻ്റെ പങ്ക് നിർവചിച്ചത് ആ പരിവർത്തനമായിരുന്നു. കൃത്യമായി പറഞ്ഞാൽ മനുഷ്യാവതാരമെടുത്ത വചനത്തിൻ്റെ അമ്മയാവുകയെന്നതായിരുന്നു അവളുടെ നിയോഗം . രക്ഷകൻ്റെ അമ്മ എന്ന കടമയാണ് അവളുടെ ദൗത്യത്തെ നിർവചിക്കുന്നത്. മനുഷ്യരാശിയിലേക്ക് രക്ഷ കടന്നുവന്നത് അവളിലൂടെയാണ്.
മറിയത്തിൻ്റെ മാതൃത്വം തന്നെ സംവേദനക്ഷമവും ജീവദായകവുമാണ്. ഉദാഹരണത്തിന്, തൻ്റെ മാതൃത്വം തന്നെ സേവനത്തിൻ്റെയും സന്തോഷത്തിൻ്റെയും ദൗത്യമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് , ഏലീശ്വായ്ക്കും യോഹന്നാനും അവൾ ക്രിസ്തുവിനെ പകർന്നു നൽകുന്നു. ( ലൂക്കാ 1:39_45 ). ഒടുവിൽ, കുരിശിൻ ചുവട്ടിൽ അവൾ സമസ്ത പ്രപഞ്ചത്തിൻ്റെയും അമ്മയായി ഉയരുന്നു. കുരിശിൻ ചുവട്ടിലെ മറിയം മുഴുവൻ വിശ്വാസികളുടെയും അമ്മയാണ്. പുതിയ ആദത്തിൻ്റെ ചാരെ നിൽക്കുന്ന പുതിയ ഹവ്വ (റോമ 5:15). അതിനാൽ മറിയത്തെ ദേശങ്ങളുടെ അമ്മയായും വിശ്വാസികളുടെ അമ്മയായും ക്രിസ്തുവിന് ജന്മം നൽകുക വഴി ജന്മം നൽകിയ തിരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മയായും വിശുദ്ധ അംബ്രോസ് ഓട്പെർട്ട് ( St Ambrose Autpert ) കണക്കാക്കുന്നു. സമസ്തജീവജാലങ്ങളുടെയും അമ്മയായ ഹവ്വ എന്ന പദവി കോൺസ്റ്റാൻഷ്യയിലെ എപ്പിഫാനസ് മറിയത്തിന് മുന്നേ തന്നെ കൽപ്പിച്ചു നൽകിയിരുന്നതുമാണ്.
ദൈവമാതാവായി പ്രഖ്യാപിക്കുക(എഫേസൂസ് സൂനഹദോസ് എഡി 431) വഴി മാതൃത്വത്തിൻ്റെ യോഗാൽമക രഹസ്യം മറിയത്തിൽ പൂർണമാവുന്നു. കന്യാമാതാവായ അവൾ തൻ്റെ മകനെ യേശുക്രിസ്തുവിനെ നമുക്ക് നൽകി. ആ പദവി അവളുടെ അനന്യവും അടിയന്തിരവുമായ ദൗത്യത്തെ കുറിക്കുന്നു. മാംസമെടുത്ത ശാശ്വത വചനത്തെ മനുഷ്യകുലത്തിന് സമ്മാനിക്കുക എന്ന ദൗത്യം . മറിയം ദൈവമാതാവാണെന്ന് പ്രഖ്യാപിക്കുക വഴി ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യവുമായി അവൾ അവിഭാജ്യമാം വിധം കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു എന്ന് സഭ അടിവരയിടുന്നു.
അതോടൊപ്പം മറിയം വഴികാട്ടിയുമാണ്. വിശ്വാസികളുടെ അമ്മയെന്ന നിലയിൽ ക്രിസ്തു എന്ന ഏകമാർഗം നമുക്ക് കാണിച്ചുതരുന്നു. മരിയ ഭക്തി അങ്ങനെ എല്ലായ്പോഴും ക്രിസ്തുകേന്ദ്രീകൃതമാകുന്നു. അതിനാൽ , കത്തോലിക്കാ വിശ്വാസത്തിലും ഭക്തിയിലും മറിയത്തിൻ്റെ പങ്ക് പരിമിതപ്പെടുത്തുന്നതിനാലല്ല രണ്ടാം വത്തിക്കാൻ സുനഹദോസ് യഥാർത്ഥത്തിൽ ആരാധനാപരമായി പ്രധാനമാകുന്നത്. മറിച്ച് പദവി കേന്ദ്രീകൃതമായ മരിയ വിജ്ഞാനീയത്തിന് പകരം പങ്കാളിത്ത ബദ്ധമായ മരിയ വിജ്ഞാനീയത്തെ മുന്നോട്ടുവക്കുന്നതിനാലാണ്.
വിശ്വാസത്തിൻ്റെ മാതൃക എന്ന പദവിയിൽ മറിയത്തിൻ്റെ ദൗത്യത്തിൻ്റെ യഥാർത്ഥ പ്രസക്തി സാന്ദ്രീകൃതമായി കിടക്കുന്നുണ്ട്. ആ മാതൃക അത്യന്തം തെളിഞ്ഞു കാണുന്നത് മംഗളവാർത്തയിലല്ലാതെ മറ്റെങ്ങുമല്ല. മറിയത്തിൻ്റെ സംശയങ്ങളും ( ലൂക്ക 1:29,34) തുടർന്നു ദൈവഹിതം സ്വീകരിക്കാനുള്ള അവളുടെ ഉറച്ച തീരുമാനവും, അവളുടെ സമ്മതം (Yes), ('ദൈവഹിതം പോലെ ആകട്ടെ "ലൂക്ക 1:38) മനുഷ്യ ദൈവ സഹകരണത്തിൻ്റെ നിർണായക പ്രവർത്തിയായിരുന്നു. യഥാർത്ഥത്തിൽ രക്ഷാകര ചരിത്രത്തിൽ മറിയത്തിൻ്റെ പങ്ക് വെറും ജീവശാസ്ത്രപരമായ മാധ്യമത്തിൻ്റേതു മാത്രമായിരുന്നില്ല. മറിച്ച് ദൈവത്തിൻ്റെ പ്രതിച്ഛായയിലേക്ക് (ഉൽപത്തി 1:26-27 ) ഉയരാൻ മനുഷ്യന് അവസരം ഒരുക്കിയ അഗാധമായൊരു ആത്മീയ സമർപ്പണമായിരുന്നു അവളുടെ ദൗത്യം . 'അങ്ങനെയാകട്ടെ' എന്നു പ്രതികരിക്കുക വഴി മനുഷ്യരാശി കാലങ്ങളായി കാത്തിരുന്ന രക്ഷയ്ക്ക് മറിയം തുടക്കം കുറിച്ചു. ദൈവകരങ്ങളിലെ വെറും കരുവായല്ല മറിച്ച് വിശ്വാസത്താലും അനുസരണയാലും സ്വമനസാലെ മനുഷ്യരക്ഷയിൽ പങ്കാളിയായവൾ എന്ന നിലയിലാണ് മറിയത്തെ വിശുദ്ധ പിതാക്കന്മാർ കാണുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന രണ്ടാം വത്തിക്കാൻ സുനഹദോസ് ഇതിനെ പിന്തുണയ്ക്കുന്നു.. അതിനാൽ മറിയം സ്നേഹത്തിൻ്റെ വിശ്വാസത്തിൽ രക്ഷകനെ സ്വന്തം ജീവിതത്തിൽ സ്വീകരിച്ചു. മനുഷ്യരക്ഷ എന്ന ക്രിസ്തുലക്ഷ്യത്തോട് അവൻ്റെ അമ്മയായി കൊണ്ട് സഹകരിച്ചു.
രക്ഷയിൽ മറിയത്തിൻ്റെ പങ്കാളിത്തം പരിമിതപ്പെടുന്നത് രക്ഷാകരദൗത്യത്തിലെ ക്രിസ്തുവിൻ്റെ പ്രഥമവും പ്രധാനവും ഏകവുമായ സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോഴാണ്. മനുഷ്യരാശിയുടെ അമ്മ എന്ന മറിയത്തിൻ്റെ പദവി മനുഷ്യരക്ഷക്കായി ക്രിസ്തു വഹിച്ച അനന്യമായ മാധ്യസ്ഥത്തിൻ്റെ മാറ്റ് കുറയ്ക്കുകയല്ല മറിച്ച് അതിൻ്റെ ആധികാരികത വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് രണ്ടാം വത്തിക്കാൻ സുനഹദോസ് പറയുന്നു(LG 60). അതിനാൽ മറിയത്തിലേക്കുള്ള ഏകാഗ്രതയും മരിയ ഭക്തിയും ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസത്തിന് വിരുദ്ധമല്ല .
അതിനാൽ," സർവശക്തനായ ദൈവത്തിൻ്റെ പ്രത്യേകമായ കൃപയാലും ആനുകൂല്യത്താലും യേശുക്രിസ്തുവിൻ്റെ യോഗ്യതകളാലും പരിശുദ്ധ കന്യകാമറിയം മാതൃഗർഭത്തിൽ ഉരുവം കൊണ്ട നാൾ മുതൽ ജന്മപാപത്തിൻ്റെ എല്ലാവിധ കറകളിൽ നിന്നും മുക്തയായി " ( പയസ് പതിനാലാമൻ മാർപാപ്പ ) എന്ന് അമലോത്ഭവ (Pius IX -Ineffabilis Deus,1954n ) എന്ന പ്രബോധനം പഠിപ്പിക്കുന്നു. മനുഷ്യരക്ഷയിൽ വേറിട്ട സ്ഥാനമല്ല മറിയത്തിൻ്റേത്. ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തിയുടെ സാർത്ഥകത മറിയത്തിലൂടെ ഉജ്വലമായി വെളിപ്പെടുന്നു.
രക്ഷാകര ദൗത്യത്തിൽ ക്രിസ്തുവിനുള്ള പ്രഥമവും പ്രധാനവും ഏകവുമായുള്ള സ്ഥാനം മറിയത്തിൻ്റെ ചില പ്രത്യേക പദവികൾക്ക് വ്യക്തത ആവശ്യപ്പെടുന്നു. മറിയത്തെ 'സഹരക്ഷക' (Co-redemptrix , Co-redeemer) എന്ന് അഭിസംബോധന ചെയ്യുന്നതിനെ ഫ്രാൻസിസ് മാർപാപ്പ പലവട്ടം എതിർത്തിരുന്നു. ക്രിസ്തുവിൻ്റെ രക്ഷാകര വേല പൂർണവും സഹായം ആവശ്യമില്ലാത്തതുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. "അപ്പസ്തോല സംഘത്തിൽ തനിക്ക് എന്തെങ്കിലും പ്രാധാന്യം വേണമെന്ന് മറിയം ഒരിക്കലും ആവശ്യപ്പെട്ടില്ല. അമ്മ മാത്രമായിരിക്കാൻ അവൾക്ക് സമ്മതമായിരുന്നു. യേശുവിനെ ഒരു ശിഷ്യയായി അവൾ അനുഗമിച്ചു. അവൾ യേശുവിനെ അനുഗമിച്ചു എന്നത്രേ സുവിശേഷങ്ങൾ പറയുന്നത്" ( ഫ്രാൻസിസ് മാർപാപ്പ 2020 ഏപ്രിൽ 3) എന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ക്രിസ്തുവാണ്,' ഏക രക്ഷകൻ". ആ പദവിക്ക് മറ്റൊരവകാശി ഇല്ല. "ലോകത്തെ പരിശുദ്ധാത്മാവിൽ പിതാവായ ദൈവവുമായി അനുരജ്ഞനപ്പെടുത്തിയ രക്ഷകൻ ക്രിസ്തു മാത്രമാണ്, " എന്നതാണ് മർമ്മ പ്രധാനമായ ദൈവശാസ്ത്ര പ്രബോധനം.
രക്ഷാകര ദൗത്യത്തിൽ രക്ഷകന് താഴെയും പക്ഷേ അഭേദ്യവുമായ മധ്യസ്ഥ പദവിയാണ് മറിയത്തിനുള്ളതെന്ന് ' വിശ്വാസ സമൂഹത്തിൻ്റെ അമ്മ ' എന്ന പ്രബോധന രേഖ പറയുന്നു. രക്ഷകൻ 'സ്ത്രീയിൽ നിന്ന് ' ജനിക്കേണ്ടിയിരുന്നതിനാൽ അവളുടെ മധ്യസ്ഥ പ്രവർത്തനം മനുഷ്യാവതാരം സാധ്യമാക്കിയതിൽ തുടങ്ങുന്നു. കാനായിലെ കല്യാണവിരുന്നിൽ വീട്ടുകാരുടെ ആവശ്യം യേശുവിനെ അറിയിക്കുക ( യോഹ 2: 3)വഴിയും അവനെ അനുസരിക്കാൻ ഭൃത്യർക്ക് നിർദ്ദേശം നൽകുക ( യോഹന്നാൻ 2:5) വഴിയും മറിയം വീണ്ടും മധ്യസ്ഥയുടെ പങ്ക് നിർവഹിക്കുന്നു. സഹായത്തിലും സഹകരണത്തിലും അധിഷ്ഠിതമായ അമ്മയുടെ ഇടപെടൽ ആണത്. കുരിശിൻ ചുവട്ടിലെ മറിയത്തെ ക്രൈസ്തവ ധീരതയുടെ പര്യായമായി വിശുദ്ധ പിതാക്കന്മാർ വാഴ്ത്തുന്നു. സഹനത്തിൽ, മാതൃസഹജമായ സ്നേഹത്തിൽ പങ്കാളിയാവുക. സഹരക്ഷക എന്ന സ്ഥനം പങ്കിടാതെ തന്നെ.
മനുഷ്യാവതാരം മുതൽ കുരിശുമരണവും ഉയിർപ്പും വരെ മറിയം ക്രിസ്തുവുമായി ഒന്നു ചേർന്നിരിക്കുന്നു, മറ്റൊരു വിശ്വാസിക്കും അസാദ്ധ്യമാംവിധം . അതിനാൽ 'ജനതകളുടെ വെളിച്ചം' ( Lumen Gentium 58 രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ സുപ്രധാന രേഖ ) ഇങ്ങിനെ പ്രഖ്യാപിക്കുന്നു, " അങ്ങനെ അനുഗൃഹീതയായ പരിശുദ്ധ കന്യാമറിയം അവളുടെ വിശ്വാസതീർത്ഥാടനം പൂർത്തിയാക്കി. കുരിശോളം പുത്രനുമായുള്ള ഐക്യം വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ചു. ".
ചുരുക്കിപ്പറഞ്ഞാൽ , മറിയത്തോടുള്ള അങ്ങേയറ്റത്തെ പ്രത്യേക ഭക്തിക്കും പൂർണ ക്രിസ്തുകേന്ദ്രീകൃതത്വത്തിനും ഇടയിൽ സന്തുലിതത്വം നിലനിർത്താനുള്ള ശ്രമത്തിൽ 'വിശ്വാസ സമൂഹത്തിൻ്റെ അമ്മ ' പൂർണമായും വിജയിച്ചു. അഗാധവും സ്വമനസാലെ സ്വതന്ത്രമായി സ്വീകരിച്ചതുമായ സഹകരണത്തിലൂടെ രക്ഷയുടെ വാതിൽ തുറന്ന ദൈവമാതാവിനെ വിശ്വാസത്തിൻ്റെ മാതൃകയായി അത് ഉറപ്പിക്കുന്നു. അതേ സമയം അവളുടെ അനന്യമായ അന്തസ് അവളുടെ പുതൻ യേശുക്രിസ്തുവിൻ്റെ അനന്യമായ മാധ്യസ്ഥതയോട് കടപ്പെട്ടതും അതിൽ നിന്ന് കടം കൊണ്ടതുമാണ് താനും.
വിവ. ടോം മാത്യു
(ഇംഗ്ലീഷിലുള്ള ലേഖനം വായിക്കാൻ -The Theotokos, Model of Faith)






















