top of page

അമ്മ, ജന്മദിനം

Sep 8, 2025

3 min read

ഫാ. ഷാജി CMI
A Image of Vaikam Muhammad Basheer
Vaikam Muhammad Basheer

അനശ്വരമായ കഥകളിലൂടെ - ഓര്‍മ്മക്കുറിപ്പുകളിലൂടെയും - മലയാളത്തേയും മലയാളിയേയും അനശ്വരമാക്കിയ ബേപ്പൂര്‍ സുല്‍ത്താന്‍. വായിച്ചാലും വായിച്ചാലും തീരാത്ത അക്ഷരങ്ങളുടെ രാജശില്പി. തങ്ങളുടെ കൊച്ചു ജീവിതത്തിലെ അപ്രധാന സംഭവങ്ങള്‍പോലും പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിച്ച് സ്വന്തം മഹത്വം ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്നവര്‍ മനസ്സിരുത്തി വായിക്കണം ബഷീറിന്‍റെ 'അമ്മ' ഓര്‍മ്മയും 'ജന്മദിനം' കഥയും


സെപ്റ്റംബര്‍ എട്ടിന് നാം പരിശുദ്ധ അമ്മയുടെ ജന്മദിനം ആഘോഷിക്കുകയാണ്. തന്‍റെ അമ്മയെക്കുറിച്ചുള്ള ബഷീറിന്‍റെ ഓര്‍മ്മയും ജന്മദിനം എന്ന കഥയും ഈ അവസരത്തില്‍ ഓര്‍മ്മിക്കപ്പെടാന്‍ ഏറ്റം യോഗ്യമാണ്.. അവയില്‍ നിന്ന് പ്രസക്തമായ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുക മാത്രം ചെയ്യുന്നു.


അമ്മ

"അമ്മ ദൂരദേശത്ത് ഒരു പട്ടണത്തില്‍ നാനാവിധ ക്ലേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന മകന് ഹൃദയവേദനയോടെ എഴുതുകയാണ്. മകനേ, ഞങ്ങക്കു നിന്നെ ഒന്നു കാണണം"! ഇത്രയുമല്ല, വളരെ വളരെ വാക്യങ്ങള്‍. വ്യാകരണനിയമമോ അക്ഷരവടിവോയില്ല. എങ്കിലും, അമ്മയുടെ മനോദുഃഖം മുഴുവനും സ്പഷ്ടം. തമ്മില്‍ കണ്ടിട്ട് വളരെ കാലമായി. അമ്മ നിത്യവും പ്രതീക്ഷിക്കുന്നുണ്ടെന്നു മകനറിയാം. പക്ഷേ, എന്തു ചെയ്യും? ചെന്നു പറ്റാന്‍ പണമില്ല. നിത്യജീവിതത്തിനു തന്നെ ഞെരുക്കം.

കാലം അങ്ങനെ കടന്നു പോകയാണ്. അമ്മ മകനെ നിത്യവും പ്രതീക്ഷിക്കുന്നു.

***

പ്രതീക്ഷ

ഞാന്‍ ഓര്‍ക്കുകയാണ്. അമ്മ എന്നെ പ്രസവിച്ചു. മുലപ്പാലും മറ്റും തന്ന് എന്നെ വളര്‍ത്തി. അങ്ങനെയങ്ങനെ എന്നെ ഒരാളാക്കി തീര്‍ത്തു. ദാഹിച്ചു മോഹിച്ചുണ്ടായ സന്താനമാണ് ഞാന്‍, എന്നൊക്കെയാണ് അമ്മയുടെ വാദം.

***

എല്ലാം മറന്നു ഞാന്‍ ഗാന്ധിജിയുടെ വലതുതോളില്‍ പതുക്കെ ഒന്നുതൊട്ടു! വീഴാന്‍ പോയതിനാല്‍ കൈത്തണ്ടില്‍ പിടിച്ചു.

അന്നു സന്ധ്യക്കു വീട്ടില്‍ ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാന്‍ പറഞ്ഞു:

"ഉമ്മാ, ഞാന്‍ ഗാന്ധിയെത്തൊട്ട്!"

ഗാന്ധിജി എന്തു സാധനമാണെന്നറിയാത്ത എന്‍റെ മാതാവ് പേടിച്ച് അമ്പരന്നുപോയി. "ഹോ... എന്‍റെ മകനേ!" അമ്മ തുറന്ന വായയോടെ എന്നെ നോക്കി.

***


അക്കാലത്ത് എനിക്ക് ഒരു ഖദര്‍ ഷര്‍ട്ടും ഒരു ഖദര്‍ മുണ്ടും ഉണ്ടായിരുന്നു. ഒരു ഷര്‍ട്ടും ഒരു മുണ്ടും മാത്രം. അന്ന് ഖദര്‍ സ്വാതന്ത്ര്യത്തിന്‍റേയും പ്രതിഷേധത്തിന്‍റെയും ചിഹ്നമായിരുന്നു. വിദേശിത്തരങ്ങള്‍ ധരിക്കയില്ലെന്ന് ഞാന്‍ നിര്‍ബന്ധം വെച്ചിരുന്നു.

"കാന്തിക്ക് എവിടെ കിട്ടിയെടാ ഈ ചാക്കുപോലത്തെ പുഷ്ക്കടിമുണ്ട്?" ഖദര്‍ ദേഹത്ത് തൊട്ടാല്‍ ചൊറിയുമെന്നാണ് ഉമ്മയുടെ വിശ്വാസം.

ഞാന്‍ പറയും: "ഇതു നമ്മുടെ ഇന്ത്യാ രാജ്യത്തുണ്ടാക്കിയത്".

അമ്മ ചോദിച്ചു : 'എടാ ഈ കാന്തി ഞമ്മടെ പഷ്ണി തീര്‍ക്കുവോ?'

ഞാന്‍ പറഞ്ഞു: 'ഭാരതം സ്വന്ത്രമായാല്‍ നമ്മുടെ പട്ടിണി തീരും!'

***


അങ്ങനെ കേള്‍പ്പോരും കേള്‍വിയുമില്ലാത്ത കാലം. എങ്കിലും ബഹുജനങ്ങള്‍ അടങ്ങിയില്ല. സംഘടിതമായ പടപ്പാട്ട്.

"വരിക വരിക സഹജരേ, സഹനസമരസമയമായി".

അങ്ങനെ ഞാനും പോയി. ആരോടും ചോദിക്കാതെ അന്ന് സന്ധ്യക്ക് എന്‍റെ അമ്മ അടുക്കളയില്‍ ആഹാരം പാകം ചെയ്കയായിരുന്നു. ഞാന്‍ അമ്മയോട് ഒരു ഗ്ലാസ് വെള്ളം അവസാനമായി വാങ്ങിക്കുടിച്ച് ഉമ്മായെ ഒന്ന് നോക്കിയിട്ട് ഇറങ്ങി നടന്നു.

***


'പോയില്ലേ?' മിസ്റ്റര്‍ അച്യുതന്‍ എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു: 'ഇല്ല'

അദ്ദേഹം ചോദിച്ചു: "വീട്ടില്‍ പോയി ബാപ്പയേയും ഉമ്മായേയും കാണേണ്ടേ?"

മിസ്റ്റര്‍ അച്ചുതന്‍ എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തുവന്ന് മുസ്ലീം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്ക് ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും! അവസാനം ഒരു രാത്രി ബോട്ടുമാര്‍ഗ്ഗം ഞാന്‍ വൈക്കത്തെത്തി. അവിടെ നിന്ന് തലയോലപ്പറമ്പിലേക്ക് നടന്നു. നാലഞ്ചുമൈലുണ്ട്. നല്ല ഇരുട്ട്, പാമ്പും മറ്റും ഉള്ള വഴിയാണ്. ശ്രൂവേലിക്കുന്നിനടുത്ത് ഒരു മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു.


ഞാന്‍ വീട്ടില്‍, മുറ്റത്തു ചെന്നപ്പോള്‍ 'ആരാത്?' എന്ന് എന്‍റെ മാതാവ് ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോടു ചോദിച്ചു: "നീ വല്ലതും കഴിച്ചോ മകനേ?"

ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്. എന്‍റെ മാതാവു മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവച്ചിട്ട്, മാതാവ് എന്നോടു കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട് ചോറുപാത്രം നീക്കിവെച്ചു തന്നു. വെറൊന്നും ചോദിച്ചില്ല.

എനിക്കത്ഭുതം തോന്നി: "ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?"

അമ്മ പറഞ്ഞു: "ഓ... ചോറും കറിയും വെച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും".

നിസ്സാരമായ ഒരു പ്രസ്താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച് എന്‍റെ വരവും കാത്തിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു. അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു.

"മകനേ, ഞങ്ങക്കു നിന്നെ ഒന്നു കാണണം..."


('അമ്മ' - ഓര്‍മ്മക്കുറിപ്പ്)

***


ജന്മദിനം

മകരം എട്ടാം തീയതി. ഇന്ന് എന്‍റെ ജന്മദിനമാണ്. പതിവിനു വിപരീതമായി വെളുപ്പിനേ ഞാന്‍ എണീറ്റ് കുളി മുതലായവയൊക്കെ കഴിച്ചു. എന്‍റെ മുറിയുടെ അടുത്ത് വലിയ നിലയില്‍ കഴിഞ്ഞുകൂടുന്ന ബി.എ. വിദ്യാര്‍ത്ഥി മാത്യു പ്രഭാതവന്ദനം നല്‍കി.

'ഹലോ, ഗുഡ്മോര്‍ണിംഗ്'

ഞാന്‍ പറഞ്ഞു: 'യസ് ഗുഡ്മോര്‍ണിംഗ്'

അദ്ദേഹം ചോദിച്ചു: 'ഇന്നെന്താ പതിവില്ലാത്തതുപോലെ വെളുപ്പിന്...? വല്ലിടത്തും പോകുന്നുണ്ടോ?

'ഓ ഒന്നുമില്ല' ഞാന്‍ പറഞ്ഞു: 'ഇന്ന് എന്‍റെ ജന്മദിനമാണ്'

'യുവര്‍ ബര്‍ത്ത്ഡേ?'

'യസ്'

'ഓ... ഐ വിഷ് യു മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ'

'താംഖ്യൂ'

***


ഉച്ചയ്ക്കുള്ള ഊണിന്‍റെ കാര്യം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. അകാരണമായി ഹമീദ് എന്നെ ഉണ്ണാന്‍ വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ചെറിയൊരു കവിയും വലിയൊരു ധനികനുമാണ്. ഏതായാലും ഉച്ചവരെ ചായ കുടിക്കാതിരിക്കാന്‍ വിഷമം. ഒരു ചൂടു ചായക്കെന്തു വഴി? മാത്യുവിന്‍റെ വേലക്കാരന്‍ വൃദ്ധന്‍ മാത്യുവിന് ചായയുണ്ടാക്കുന്ന ജോലിയില്‍ വ്യാപൃതനായിരിക്കയാണെന്ന സംഗതി എന്‍റെ മുറിയില്‍ ഇരുന്ന് ഞാന്‍ ഗ്രഹിച്ചു. അതിനു കാരണം എന്‍റെ മുറി മാത്യുവിന്‍റെ അടുക്കളയുടെ സ്റ്റോര്‍ മുറിയാണ്.

***


മണി ഒമ്പത്. തലവേദനയുടെ നേരിയ ലാഞ്ഛന. ചൂടുചായ കുടിക്കാഞ്ഞിട്ടായിരിക്കുമോ ? എന്നെ കണ്ടപ്പോള്‍ ചായകൂട്ടുന്ന പയ്യന്‍ പറഞ്ഞു: 'പയേ കാസ് തരാണ്ട് ങ്ങക്ക് ചായ തരണ്ടാന്ന് പറഞ്ഞ്'.

ഓ!

മണി പത്ത്: ചുണ്ടുണങ്ങി, വായില്‍ വെള്ളമില്ല.

***


മണി പതിനൊന്ന്: ഹമീദ് കടയിലില്ല. വീട്ടിലായിരിക്കുമോ?

മണി പതിനൊന്നര: ഹമീദിന്‍റെ മാളികവീട്ടിലേക്കുള്ള തകര വാതില്‍ അടച്ചിരുന്നു. ഞാന്‍ അതില്‍ മുട്ടി.

'ഏയ് മിസ്റ്റര്‍ ഹമീദ്!'

ഉത്തരമില്ല.

'ഏയ് മിസ്റ്റ്ര്‍ ഹമീ...ദ്!'

കോപിഷ്ഠയായ ഒരു സ്ത്രീയുടെ ഗര്‍ജനം. 'ഇബടില്ല!'

'എവിടെപ്പോയി?'

'അത്യാവശ്യമായി ഒരിടത്തുപോയി'

'എപ്പോള്‍ വരും?'

'സന്ധ്യ കഴിഞ്ഞ്'

'സന്ധ്യ കഴിഞ്ഞ്!'

'വരുമ്പോള്‍ ഞാന്‍ വന്നു തിരക്കി എന്ന് പറയണം'.

'ആരാണ്?'

'ഞാന്‍ ആരാണ്?'

'ഞാന്‍....ഓ... ആരുമല്ല. ഒന്നും പറയണമെന്നില്ല'

***


മണി ഒമ്പത്: ഞാന്‍ പായ് വിരിച്ചു കിടന്നു. സുന്ദരമായ ഈ ഭൂഗോളത്തില്‍ എത്രകോടി സ്ത്രീ പുരുഷന്മാര്‍ പട്ടിണി കിടക്കുന്നു. അക്കൂട്ടത്തില്‍ ഞാനും! ഞാനും ഒരു ദരിദ്രന്‍. അങ്ങനെ വിചാരിച്ചുകൊണ്ടു കിടക്കുമ്പോള്‍ എന്‍റെ വായില്‍ ഉമിനീര്‍ നിറഞ്ഞു. മാത്യുവിന്‍റെ അടുക്കളയില്‍ കടുകുവറുക്കുന്ന ശബ്ദം. വെന്തുമലര്‍ന്ന ചോറിന്‍റെ വാസനയും.


മണി ഒമ്പതര: ഞാന്‍ വെളിയില്‍ ഇറങ്ങി. മുറ്റത്ത് കാത്തുനിന്നു. ഭാഗ്യം! വൃദ്ധന്‍ വിളക്കുമെടുത്ത് കുടവുമായി വെളിയിലെക്കിറങ്ങി. അടുക്കളവാതില്‍ പാതി ചാരിയിട്ടുണ്ട്. കുറഞ്ഞത് പത്തുമിനിട്ട് പിടിക്കും. ശബ്ദം കേള്‍പ്പിക്കാതെ ഹൃദയത്തുടിപ്പോടെ ഞാന്‍ വാതില്‍ തുറന്ന് പതുക്കെ അടുക്കളയിലേക്ക് കയറി.


മണി പത്ത്: സംതൃപ്തമായ നിറഞ്ഞവയറോടെ വിയര്‍ത്തു കുളിച്ച് ഞാന്‍ വെളിയിലിറങ്ങി. വൃദ്ധന്‍ മടങ്ങിയപ്പോള്‍ ഞാന്‍ പൈപ്പിന്‍റെ അടുത്ത് ചെന്ന് വെള്ളം കുടിച്ച് കൈകാല്‍ മുഖം കഴുകി തിരികെ എന്‍റെ മുറിയില്‍ വന്ന് ഒരു ബീഡി കത്തിച്ചു വലിച്ചു. ആകെ സുഖസംതൃപ്തം എങ്കിലും ഒരു വല്ലായ്മ. നല്ല ക്ഷീണം തോന്നി. ഞാന്‍ കിടന്നു. ഉറക്കം വരുന്നതിനു മുമ്പേ ശകലം ആലോചനയുണ്ടായി. വൃദ്ധന്‍ അറിഞ്ഞുകാണുമോ? എങ്കില്‍ മാത്യു അറിയും. മറ്റ് വിദ്യാര്‍ത്ഥികളും. കുറച്ചിലാകും, ഏതായാലും വരുന്നത് വരട്ടെ.

ജന്മദിനം. സുഖമായി ഉറങ്ങാം. എല്ലാവരുടേയും എല്ലാ ജന്മദിനങ്ങളും. മനുഷ്യന്‍....പാവപ്പെട്ട ജീവി...

***


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ യുദ്ധഭൂമിയില്‍ പൊറുക്കേണ്ടി വരുന്ന എല്ലാ അമ്മമാരേയും കുഞ്ഞുങ്ങളേയും ഓര്‍ക്കുന്നു. മനുഷ്യര്‍.... പാവപ്പെട്ട ജീവി. അവിടങ്ങളിലെ ജന്മദിനം ആഘോഷിക്കുന്നവര്‍ക്ക് 'ഐ വിഷ് യു മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ'! ആഗസ്റ്റ് പതിനഞ്ചിന് ടി.വി.യുടെ മുമ്പിലിരുന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വര്‍ണ്ണാഭമായ ചടങ്ങുകള്‍ കണ്ടപ്പോള്‍ വെറുതേ ഇവരെ ഓര്‍ത്തുപോയി. ഒപ്പം 'അമ്മയും' 'ജന്മദിനവും'. നമോവാകം!


അമ്മ, ജന്മദിനം

ഫാ. ഷാജി സി എം ഐ

അസ്സീസി മാസിക, സെപ്റ്റംബർ 2025

Recent Posts

bottom of page