
സംശയിക്കുന്ന തോമ്മാ...

ഉത്തരിപ്പുകടത്തെപ്പറ്റി ആത്മീയപാലകരും ധ്യാന ഗുരുക്കന്മാരും പണ്ടൊക്കെ പ്രസംഗിക്കാറുണ്ടായിരുന്നു. ഇന്ന് അതേപ്പറ്റി പ്രസംഗപീഠത്തിൽ നിന്ന് ഒന്നും തന്നെ കേൾക്കാറില്ല. ആധുനിക ദൈവശാസ്ത്രത്തിൽ സ്‌ഥാനമില്ലാത്ത, കാലഹരണപ്പെട്ടുപോയ ഒരാശയമാണോ ഉത്തരിപ്പുകടമെന്നത്? അതോ ഇന്നും പ്രസക്തിയുള്ള കാര്യമാണോ? എന്താണ് ഉത്തരിപ്പുകടമെന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത്? എങ്ങനെയാണ് ഈ കടം ഉണ്ടാകുക? എങ്ങനെയാണതു വീട്ടേണ്ടത്? അസ്സീസിയിലൂടെ ഒരു വിശദീകരണം തന്നാൽ ഉപകാരമായിരുന്നു.
പ്രൊഫ. ഏബ്രഹാം സെബാസ്റ്റ്യൻ,
കാഞ്ഞിരപ്പള്ളി
പ്രിയപ്പെട്ട പ്രൊഫ. ഏബ്രഹാം
ഉത്തരിപ്പുകടം (Obligatory Debt/ Moral debt) ഒരിക്കലും കാലഹരണപ്പെട്ട ഒരാശയമല്ല. ഇന്നും വളരെയേറെ പ്രസക്‌തിയുള്ള, ഇന്നും കടത്തിലായവൻ വീട്ടിത്തീർക്കുവാൻ ബാധ്യതയുള്ള, ഒരു കടം തന്നെയാണത്. ഉത്തരുപ്പുകടം വരുത്തുന്ന എല്ലാക്കാര്യങ്ങളും വിവരിക്കാനോ ഈ കടത്തിൻ്റെ നാനാവശങ്ങളെപ്പറ്റി പ്രതിപാദിക്കാനോ ഒരു ചെറിയ ലേഖനത്തിൻ്റെ പരിധി യിൽ സാധ്യമല്ല. മുഖ്യമായ ചില കാര്യങ്ങൾ മാത്രം കുറിച്ചുകൊള്ളട്ടെ.
വ്യാപകമായ അർഥത്തിൽ
വ്യാപകമായ അർഥത്തിലും നിഷ്കൃഷ്ടമായ(in Strict sense) അർഥത്തിലും ഉത്തരിപ്പുകടത്തെ കാണാൻ കഴിയും. വ്യാപകമായ അർഥത്തിൽ പറഞ്ഞാൽ, മറ്റൊരാളുടെ ഹനിക്കപ്പെട്ട അവകാശങ്ങൾക്കു പരിഹാരം ചെയ്യാനും അവയെ വീണ്ടും പൂർവസ്ഥിതിയിലാക്കാനുമുള്ള ഒരുവൻ്റെ ഉത്തരവാദിത്വമാണെന്നു പറയാം ഉത്തരിപ്പുകടം. ('ഒരുവൻ', 'മറ്റൊരുവൻ' എന്നീ പദങ്ങൾ ഒരു വ്യക്തിയെയോ പല വ്യക്തികൾ ചേർന്ന ഒരു സംഘടനയെയോ (a moral person) സൂചിപ്പിക്കുന്നു.) വ്യാപകമായ അർഥത്തിൽ, ശാരീരിക ദ്രോഹം, കൊല, അപമാനം, അപകീർത്തി, ബലാത്സംഗം, വ്യഭിചാരം, തുടങ്ങിയവയെല്ലാം പരിഹാരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ് എന്നാൽ, ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്തു പരിഹാരം ചെയ്‌താലും, വരുത്തിവച്ച ദ്രോഹം പൂർണമായി ഇല്ലായ്‌മ ചെയ്യപ്പെടുകയില്ല. പൂർവസ്ഥിതി പുനഃസ്ഥാപിക്കപ്പെടുകയുമില്ല. മറ്റെന്തെങ്കിലും നന്മ പകരം ചെയ്യാനെ കഴിയുകയുള്ളു. അവകാശം ഹനിക്കപ്പെട്ടവൻ്റെ ആവശ്യവും ആഗ്രഹവും കണക്കിലെടുത്ത് കടം വരുത്തിയവൻ തൻ്റെ കഴിവനുസരിച്ച് അതു ചെയ്യാൻ ബാധ്യസ്ഥനാണ്.
നിഷ്കൃഷ്ടമായ അർഥത്തിൽ
നിഷ്കൃഷ്ടമായ അർഥത്തിൽ, ഒരുവൻ്റെ അവകാശങ്ങളുടെ അന്യായമായ ലംഘനത്തിലൂടെ അവനു നഷ്ട്‌ടമായ വസ്‌തുവകകളോ ഭൗതികലാഭമോ അവയ്ക്കുള്ള നഷ്ടപരിഹാരമോ അയാൾക്കു തിരിച്ചുകൊടുക്കാനുള്ള അവകാശ ലംഘകൻ്റെ ഉത്തരവാദിത്വമാണ് ഉത്തരിപ്പുകടമെന്നു പറയാം. ഈ ഉത്തരവാദിത്വം പ്രകൃതി നിയമത്തിൻ്റെ അനുശാസനം തന്നെയാണ്. ഓരോരുത്തനും ചെല്ലേണ്ടത് അവനവനു കൊടുക്കുകയെന്നതു പ്രകൃതി നിയമത്തിൻ്റെ ഒരു പ്രാഥമിക പാഠമാണല്ലോ. ഇതു ലംഘിക്കപ്പെട്ടാൽ സാമൂഹിക ജീവിതത്തിലെ സമാധാനം തകരുകയും പുരോഗതി മുരടിക്കയും ചെയ്യും, സാമൂഹിക ജീവിതംതന്നെ അസാധ്യമായിത്തീരും.
പുറപ്പാടിൻ്റെ പുസ്‌തകം 22-ാമധ്യായം 1 മുതൽ 15 വരെയുള്ള വാക്യങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതിൻ്റെ ആവശ്യകതയെയും ഇസ്രായേൽക്കാർ അതുചെയ്തിരുന്ന രീതിയെയും വിശദമായി വിവ രിക്കുന്നുണ്ട്. "ഒരുവൻ കാളയെയോ ആടിനെയോ മോഷ്ടിച്ച് കൊല്ലുകയോ വില്ക്കുകയോ ചെയ്താൽ, അവൻ ഒരു കാളയ്ക്കുപകരം അഞ്ചു കാളയെയും ഒരാടിനു പകരം നാലാടിനെയും കൊടുക്കണം.. മോഷ്ടിച്ച വസ്‌തു മുഴുവൻ മോഷ്ടാവു തിരിച്ചു കൊടുക്കണം... മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവൻ്റെ പക്കൽ ജീവനോടെ കാണപ്പെടുന്നെങ്കിൽ മോഷ്ടിച്ചതിൻ്റെ ഇരട്ടി അവൻ തിരികെ കൊടുക്കണം." അന്യായമായി മറ്റൊരാളുടെ മുതൽ നഷ്‌ടപ്പെടുത്തുകയോ നശിപ്പിക്കുയോ ചെയ്താൽ, അതിനു പൂർണമായ നഷ്ടപരിഹാരം കൊടുക്കണമെന്നും പുറപ്പാടിൻ്റെ പുസ്‌തകം അനുശാസിക്കുന്നു. മോഷ്ടിക്കപ്പെട്ട സാധനം സമ്മാനമോ ചെയ്ത ജോലിക്കു പ്രതിഫലമോ ആയി ലഭിച്ചതാണെങ്കിൽ പോലും, അത് ഉടമസ്ഥനെ തിരിച്ചേൽപ്പിക്കേണ്ട ചുമതലയെപ്പറ്റി തോബിത്തിൻ്റെ പുസ്തകം സൂചിപ്പിക്കുന്നു (2: 11-13), കവർച്ചവസ്‌തുക്കൾ തിരികെ കൊടുക ്കുന്നത് നിത്യമായി ജീവിക്കുന്നതിനുള്ള ഒരു വ്യവസ്‌ഥയായി എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകം പറയുന്നുണ്ട് (33: 14-15).
അനീതിയും വഞ്ചനയും പ്രവർത്തിച്ചിരുന്ന സക്കേവൂസ് യേശുവിൻ്റെ ദിവ്യസാന്നിധ്യത്തിലൂടെ അനുതാപത്തിലേക്കു വന്നപ്പോൾ, തൻ്റെ സ്വത്തി ൻ്റെ പകുതി ദരിദ്രർക്കു കൊടുക്കുന്നതിനും വഞ്ചിച്ചെടുത്ത വക നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നതിനും തീരുമാനിച്ചുറയ്ക്കുന്നു. അങ്ങനെ അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ഭവനത്തിനും രക്ഷ ലഭിക്കുന്നു (ലൂക്കാ 19: 8-9) രണ്ടോ നാലോ അഞ്ചോ ഇരട്ടി നഷ്ടപരിഹാരം നല്‌കാനുള്ള പഴയനിയമത്തിലെ അനുശാസനം മോഷണത്തിൻ്റെ ഗൗരവത്തെപ്പറ്റിയും വിശിഷ്യ ഒരു പാവപ്പെട്ട മനുഷ്യന് അതുമൂലമുണ്ടാകുന്ന ക്ലേശത്തെപ്പറ്റിയും ആളുകളെ ബോധവൽക്കരിക്കാനുള്ള ഒരു മാർഗമായിരുന്നുവെന്നു പറയാം. സക്കേവൂസ് തൻ്റെ സ്വത്തിൻ്റെ പകുതി ദരിദ്രർക്കു കൊടുക്കുന്നതും വഞ്ചിച്ചെടുത്തതിനു നാലിരട്ടി നഷ്ടപരിഹാരം നല്‌കുന്നതും അദ്ദേഹത്തിൻ്റെ മാനസാന്തരത്തിൻ്റെ ആത്മാർഥതയും ആഴവും സൂചിപ്പിക്കുന്നു, ഇരട്ടിയോ പലമടങ്ങോ നഷ്ടപരിഹാരം നല്കുന്നതിനു കർശന നീതി അനുസരിച്ചു കടമയില്ലെങ്കിലും, നീതിരഹിതമായി നശിപ്പിക്കയോ നഷ്ട്‌ടം വരുത്തുകയോ വഞ്ചിച്ചെടുക്കയോ മോഷ്ടിക്കയോ മറ്റൊരാളൂടെതാണെന്ന് അറിഞ്ഞുകൊണ്ടു വെച്ചുകൊണ്ടിരിക്കയോ ചെയ്യുന്ന മുതൽ, ഉടമസ്‌ഥനു തിരിച്ചു കൊടുക്കാനുള്ള ഗൗരവമായ ഉത്തരവാദിത്വത്തെപ്പറ്റി വി. പുസ്‌തകം വ്യക്‌തമായി പറയുന്നുണ്ട്.
ആപേക്ഷിക മാനദണ്ഡവും കേവല മാനദണ്ഡവും
നഷ്ടപരിഹാരത്തെപ്പറ്റി ആദ്യമേതന്നെ പറയേണ്ട ഒരു പൊതു തത്ത്വമുണ്ട്. നീതിരഹിതമായി ഒരുവൻ എടുത്തതോ കൈവശം വെച്ചു കൊണ്ടിരിക്കുന്നതോ നശിപ്പിച്ചു കളഞ്ഞതോ ആയ അന്യൻ്റെ മുതലിൻ്റെ എറ്റക്കുറവനുസരിച്ച് കുറ്റത്തിൻ്റെ ഗൗരവവും നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വവും ഗുരുതരമോ ലഘുതരമോ ആയിരിക്കും. എന്താണു ഗുരുതരം, എന്താണു ലഘുതരം എന്നു വ്യക്തമായും ക്ലിപ്‌തമായും പറയുക സാധ്യമല്ല. നഷ്ടം സഹിക്കുന്ന ആളിൻ്റെ അവസ്‌ഥയെ അതു വളരെയേറെ ആശ്രയിച്ചിരിക്കും. പണക്കാരനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യം പാവപ്പെട്ടവനെ സംബന്ധിച്ചിടത്തോളം ഗുരുതരമായിരിക്കും. ഇതു നിശ്ചയിക്കുവാൻ ആപേക്ഷികമായ ഒരു മാനദണ്ഡവും കേവലമായ ഒരു മാനദണ്ഡവും സന്മാർഗ ദൈവശാസ്ത്രജ്‌ഞന്മാർ നൽകാറുണ്ട്.
ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരു മനുഷ്യനിൽനിന്ന് ഒരു ദിവസത്തെ കൂലിക്കു തുല്യമായ, അഥവാ ഒരു ദിവസം അയാൾക്കും കുടുംബത്തിനും ജീവിക്കാൻ ആവശ്യമായ തുക മോഷ്ടിക്കുയോ നശിപ്പിക്കുയോ അന്യായമായി കൈക്കലാക്കുകയോ ചെയ്‌താൽ, അതു ഗുരുതരമായ കുറ്റമാണ്. തിരിച്ചു കൊടുക്കാനോ നഷ്ടപരിഹാരം ചെയ്യാനോ ഉള്ള കടമയും ഗുരുതരമാണ്. ഇതാണ് ആപേക്ഷികമായ മാനദണ്ഡം. സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക സ്‌ഥിതിയുള്ള ഒരു കുടുംബത്തിന് സാധാരണ ചുറ്റുപാടുകളിൽ ഒരാഴ്ചത്തേക്കു ധാരാളിത്തമൊന്നുമില്ലാതെ ജീവിക്കാൻ ആവശ്യമായ തുകയോ അതിനു തുല്യമായ വസ്‌തുവകകളോ അന്യായമായി എടുക്കുകയോ വെച്ചുകൊണ്ടിരിക്കയോ നശിപ്പിക്കയോ ചെയ്യുന്നത് കേവല മാനദണ്ഡമസരിച്ച് ഗുരുതമായ തെറ്റാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, നഷ്ടം സഹിക്കുന്നയാൾ ആരായാലും, ഇതു ഗുരുതരമായ കാര്യമാണ്. നഷ്ടപരിഹാരം നൽകാനുള്ള കടമയും ഗുരുതരമാണ്.
നീതിരഹിതമായ നശിപ്പിക്കൽ
മറ്റൊരാൾക്കു നീതിരഹിതവും ഗുരുതരവുമായ നാശനഷ്ടങ്ങൾ വരുത്തുന്നത് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഗൗരവമായ പാപമാണ്. ഒരാളുടെ മുതൽ നശിപ്പിക്കുന്നതു മാത്രമല്ല, ന്യായമായി അയാൾക്കു ലഭിക്കാവുന്ന മുതലോ ഭൗതികലാഭമോ നീതിരഹിതമായി തടയുന്നതും നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. ആർക്കെങ്കിലും നേരിട്ടു നാശനഷ്‌ടങ്ങൾ വരുത്തുന്നതു മാത്രമല്ല, അങ്ങനെ ചെയ്യാൻ പ്രത്യക്ഷമായോ പരോക്ഷമായോ സഹകരിക്കുന്നതും നഷ്ടപരിഹാരം ചെയ്യാനുള്ള ബാധ്യസ്‌ഥത ഉളവാക്കുന്നുണ്ട്. മറ്റൊരാൾക്കു ചെയ്യപ്പെടുന്ന അനീതി തടയാൻ ഒരുവനു കഴിവും കടമയുമുണ്ടായിട്ടും, അതു ചെയ്യാതിരിക്കുന്നത് ഇങ്ങനെയുള്ള പരോക്ഷമായ സഹകരണം തന്നെയാണ്. അന്യൻ്റെ മുതൽ നശിപ്പിക്കാൻ തൻ്റെ കീഴിലുള്ളവർക്ക് ആജ്‌ഞകൊടുത്ത വ്യക്‌തി തൻ്റെ പേരിൽ ചെയ്യപ്പെട്ട എല്ലാ നാശനഷ്ടങ്ങൾക്കുമുള്ള ഒന്നാമത്തെ ഉത്തരവാദിയും നഷ്ടപരിഹാരം ചെയ്യാൻ ഒന്നാമതായി കടപ്പെട്ടവനുമാണ്. തൻ്റെ കീഴിലുള്ളവർക്ക് ഇതുമൂലം എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായെങ്കിൽ അതിനും ആജ്‌ഞകൊടുത്തവൻ ഉത്തരവാദിയും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്‌ഥനുമാണ്. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ അഭ്യർഥന നടത്തിയോ വാഗ്ദാനങ്ങൾ നൽകിയോ മറ്റുള്ളവരെക്കൊണ്ട് അനീതി പ്രവർത്തിപ്പിച്ചവർക്കും ഇതു ബാധകമത്രേ.
അന്യൻ്റെ മുതൽ നശിപ്പിക്കാൻ ഉപകരണമായ വ്യക്‌തി താൻ വരുത്തിയ നാശനഷ്ടങ്ങൾക്കെല്ലാമുള്ള രണ്ടാമത്തെ ഉത്തരവാദിയും നഷ്ടപരിഹാരം നൽകുവാൻ രണ്ടാം സ്ഥാനത്തു കടപ്പെട്ടവനുമാണ്. ബലപ്രയോഗമോ ഭയമോ അയാളുടെ ഉത്തരവാദിത്വത്തെ പൂർണമായി ഇല്ലായ്‌മ ചെയ്‌തില്ലെങ്കിൽ, മദ്യപിച്ചുകൊണ്ടു വണ്ടി ഓടിക്കയും അതുവഴി മറ്റുള്ളവർക്കു നാശനഷ്ട്‌ടങ്ങൾ വരുത്തുകയും ചെയ്യുന്നയാൾ ആ നാശനഷ്‌ടങ്ങൾക്ക് ഉത്തരവാദിയും നഷ്ടപരിഹാരം നൽകാൻ കടപ്പെട്ടവനുമാണ്. അതുപോലെതന്നെയുള്ള ഉത്തരവാദിത്വമാണ്, തൻ്റെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ കുറ്റകരമായ അനാസ്‌ഥ കാണിക്കയും അതുവഴി മറ്റുള്ളവർക്കു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നയാൾക്കുള്ളത്. വളർത്തുമൃഗങ്ങൾ നശിപ്പിച്ചതിന് അയാൾ നഷ്ടപരിഹാര ം ചെയ്തേ മതിയാവൂ.
പൊതുമുതൽ നശിപ്പിക്കുന്നത് ഇന്നു ഗൗരവമായ ഒരു തിന്മയായിത്തീർന്നിരിക്കയാണ്. നികുതിദായകരോടും രാഷ്ട്രത്തോടു മുഴുവനും ചെയ്യുന്ന ദ്രോഹമാണിത്. എത്ര നീതിയുക്‌തമായ സമരത്തിൻ്റെ പേരിലായാലും, മനഃപൂർവം പൊതുമുതൽ നശിപ്പിക്കുന്നവരും അതിൻ്റെ യഥാർഥ കാരണക്കാരായി പിന്നണിയിൽ നിൽക്കുന്നവരും അതിൽ സഹകരിക്കുന്നവരുമെല്ലാം കുറ്റക്കാരാണ്, നഷ്ടപരിഹാരം നൽകാൻ കടപ്പെട്ടവരാണ്. സാമാന്യജനക്കൂട്ടം (mob) ചെയ്യുന്ന തിന്മയാണ്. അതിനു വ്യക്‌തിപരമായി ആരും ഉത്തരവാദികളല്ല എന്ന ചിന്താഗതി തീർച്ചയായും തെറ്റാണ്. (വൈകാരിക വിക്ഷോഭം ഒരുവൻ്റെ ബുദ്ധിയെയും സ്വാതന്ത്ര്യത്തെയും പൂർണമായി ഇല്ലാതാക്കിയെങ്കിൽ, ഒരളവുവരെ ഉത്തരവാദിത്വത്തിൽനിന്ന് അവന് ഒഴികഴിവുണ്ടായേക്കാം). പൊതുമുതൽ നശിപ്പിക്കുന്നവരും അതിൻ്റെ ഉത്തരവാദികളും സഹകാരികളുമെല്ലാം രാഷ്ട്രത്തിനു നഷ്ട പരിഹാരം നൽകാൻ കടപ്പെട്ടവരാണ്.

മോഷണവും കവർച്ചയും
മോഷണവും കവർച്ചയും നഷ്‌ടപരിഹാരം ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്നു വ്യക്ത്‌തമാണല്ലോ. കടം വാങ്ങിയതു തിരിച്ചുകൊടുക്കാൻ കഴിയുമായിരുന്നിട്ടും പറഞ്ഞൊത്ത അവധി കഴിഞ്ഞ് വെച്ചുകൊണ്ടിരിക്കുന്നതും കളഞ്ഞുകിട്ടിയ സാധനങ്ങൾ ഉടമസ്ഥനെ അറിയാമായിരുന്നിട്ടും തിരിച്ചുകൊടുക്കാതെ വെച്ചുകൊണ്ടിരിക്കുന്നതും മോഷണത്തിനു തുല്യമായി പരിഗണിക്കപ്പെടുന്നു. പകർപ്പവകാശവും നിർമാണാവകാശ കുത്തകയും ലംഘിക്കുന്നതും മോഷണമായിട്ടാണു കരുതപ്പെടുക.
തെറ്റല്ലാത്ത "മോഷണങ്ങൾ"
"അങ്ങേയറ്റം ആവശ്യസ്‌ഥിതിയിലാകുന്നവന് മറ്റുള്ളവരുടെ സ്വത്തിൽ നിന്ന് തനിക്ക് ആവശ്യമുള്ളത് എടുക്കാൻ അവകാശമുണ്ട്" എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിക്കുന്നു (GS 69). ദൈവശാസ്ത്ര വിശാരദനായ വി തോമസ് അക്വീനാസിൻ്റെയും (Summa Theologica, II-II, q, 66, a.7; q.118, a.4, ad2) ലെയോ 13-മൻ മാർപ്പാപ്പായുടെയും (Rerum Novarum No. 36) പ്രബോധനങ്ങളെ അനുസ്‌മരി പ്പിച്ചുകൊണ്ടാണ് വത്തിക്കാൻ കൗൺസിൽ ഈ പ്രഖ്യാപനം നടത്തുന്നത്. ജീവനോ ആരോഗ്യമോ സ്വാതന്ത്ര്യമോ നഷ്ടപ്പെടാനുള്ള അപകടം ആസന്നമായിരിക്കുമ്പോളാണ് ഒരുവൻ "അങ്ങേയറ്റം ആവശ്യസ്ഥിതി" യിലാകുന്നതെന്നു പറയാം. ഈ മൂല്യങ്ങൾ സ്വകാര്യ സ്വത്തിനുള്ള അവകാശത്തെക്കാൾ വിലപ്പെട്ടവയാണ്. അതിനാൽ, അങ്ങനെയുള്ള സ്ഥിതിയിലായിരിക്കുന്ന ഒരു വ്യക്‌തിക്കോ കുടുംബത്തിനോ മറ്റു മാർഗമൊന്നുമില്ലെങ്കിൽ ജീവനും ആരോഗ്യവും സ്വാതന്ത്ര്യവും നിലനിർത്തുവാൻ ആവശ്യമായ ഭക്ഷണവും മറ്റു പ്രാഥമികാവശ്യ സാധനങ്ങളും ഉള്ളവനിൽനിന്ന് എടുക്കാവുന്നതാണ്. അതു മോഷണമേയല്ല. അങ്ങനെ എടുത്ത വസ്‌തുക്കൾ തിരിച്ചു കൊടുക്കാനോ അവയ്ക്കു നഷ്ടപരിഹാരം നൽകാനോ അവനു കടമയില്ല. ഈ അവസ്ഥയിലായിരിക്കുന്ന വ്യക്‌തികളെയും കുടുംബങ്ങളെയും സഹായിക്കുകയെന്നത് ഉള്ളവൻ്റെ നീതിക്കനുസൃതമായ കടമയാണ്.
ഇതുപോലെതന്നെ, മോഷണമല്ലാത്ത മറ്റൊരു കാര്യമാണ് ന്യായമായി തനിക്ക് അവകാശമുള്ള സ്വത്ത് (അപഹരിച്ചോ വഞ്ചിച്ചോ മറ്റൊരാൾ കൈവശമാക്കിയ പണം, വസ്തു, നൽകാത്ത വേതനം തുടങ്ങിയവ) തിരികെ ലഭിക്കാൻ മറ്റു മാർഗമൊന്നുമില്ലാത്തപ്പോൾ, കൈവശക്കാരനിൽ നിന്ന് ആ സ്വത്തിനു തുല്യമായ എന്തെങ്കിലും രഹസ്യമായി എടുക്കുന്നത് (occult compensation). കൂടുതൽ എടുത്താൽ, എടുക്കുന്നവൻ കള്ളനായി മാറുമെന്ന കാര്യം ഓർത്തിരിക്കേണ്ടതുണ്ട്. നീതിപൂർവകമായതു മാത്രം എടുക്കുന്നവൻ മോഷ്ടിക്കയല്ലാത്തതിനാൽ എടുത്തതു തിരികെ നല്‌കാനോ നഷ്ടപരിഹാരം നല്‌കാനോ അയാൾക്കു കടമയില്ല.
(തുടരും.)
ഉത്തരിപ്പുകടം,
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, മാർച്ച് 1994






















