top of page

ജപമാല മാസം

Oct 7

1 min read

ഡബ
An image of Rosary

ഒക്ടോബര്‍ ജപമാല മാസമായി നാം ആചരിക്കുകയാണല്ലൊ. ഒക്ടോബര്‍ മാസം മുഴുവനും കുടുംബങ്ങളിലും ദൈവാലയങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന പതിവ് ഇന്നും നാം കാത്തുസൂക്ഷിക്കുന്നു. കൃത്യം 800 വര്‍ഷങ്ങള്‍ക്കു മുമ്പ് 1224 ല്‍ സ്പെയിനിലെ വിശുദ്ധ ഡൊമിനിക്കിന് മാതാവിന്‍റെ ദര്‍ശനം ഉണ്ടായി. ആ ദര്‍ശനത്തില്‍ പരി. അമ്മ വിശുദ്ധന് ഒരു 'കൊന്ത' നല്‍കി. ജപമാല പ്രചാരണത്തിന് വിശുദ്ധര്‍ നേതൃത്വം നല്‍കി. ജപമാലയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു.

1571 ല്‍ ഒക്ടോബര്‍ 7-ാം തീയതി ഒട്ടോമന്‍ (ടര്‍ക്കി) യുദ്ധത്തില്‍ റോമന്‍ സാമ്രാജ്യം വിജയിച്ചപ്പോള്‍ അത് തിരുസ്സഭയുടെ കൂടെ വിജയമായിരുന്നു. അന്നത്തെ മാര്‍പ്പാപ്പ പയസ് അഞ്ചാമന്‍ മാതാവിനോട് പ്രത്യേകം പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് വിജയം നേടിയതെന്ന് വിശ്വസിച്ചു. 'വിജയമാതാവിന്‍റെ' തിരുന്നാളായി ഒക്ടോബര്‍ 7 മാറിയത് അങ്ങിനെയാണ്.

1913 ല്‍ പത്താം പീയൂസ് മാര്‍പ്പാപ്പയാണ് ഒക്ടോബര്‍ 7 ജപമാല റാണിയുടെ തിരുന്നാളായി പ്രഖ്യാപിച്ചത്. 111 വര്‍ഷങ്ങളായി ഈ തിരുന്നാള്‍ ലോകം മുഴുവന് ജപമാലയുടെ തിരുന്നാളായി ആഘോഷിക്കുന്നു. പരി. അമ്മ ലോകത്ത് പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.

1858 ല്‍ ഫ്രാന്‍സിലെ മലയോരഗ്രാമമായ ലൂര്‍ദ്ദില്‍ 14 വയസ്സുള്ള ബെര്‍ണഡീത്ത എന്ന പെണ്‍കുട്ടിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. 1858 ഫെബ്രുവരി 11 നും ഏപ്രില്‍ 16 നും ഇടയില്‍ 18 പ്രാവശ്യമാണ് ഈ പെണ്‍കുട്ടിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഈ 18 ദര്‍ശനങ്ങളിലും മഹത്തരമായ സന്ദേശങ്ങളും പ്രവചനങ്ങളുമാണ് പരി. അമ്മ പങ്കുവച്ചത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും ഇതിലുണ്ടായിരുന്നു. ഇന്ന് ലൂര്‍ദ്ദിലേക് ജനം പ്രവഹിക്കുന്നതിന് കാരണം അവിടെ നടക്കുന്ന അത്ഭുതങ്ങളാണ്. അവിടെ ജപമാല പ്രദക്ഷിണവും അഖണ്ഡജപമാലയും ദിവസവും നടക്കുന്നുണ്ട്.

1917 മെയ് 13 നാണ് പോര്‍ച്ചുഗലിലെ മലയോര ഗ്രാമമായ ഫാറ്റിമയില്‍ മൂന്ന് ആട്ടിടയക്കുട്ടികള്‍ക്ക് മാതാവിന്‍റെ ദര്‍ശനം ഉണ്ടായത്. തുടര്‍ന്ന് എല്ലാ മാസവും 13-ാം തീയതി മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. അവസാനം ഒക്ടോബര്‍ 13-ാം തീയതിയാണ് അമ്മയുടെ ദര്‍ശനം അവര്‍ക്കുണ്ടായത്. ആറു ദര്‍ശനങ്ങളിലും പല പ്രവചനങ്ങളും സന്ദേശങ്ങളും നല്‍കുകയുണ്ടായി.

ഒന്നാം ലോകമഹായുദ്ധം സമാധാനപരമായി പര്യവസാനിക്കുമെന്ന അമ്മയുടെ പ്രവചനം ഫലിച്ചു. രണ്ടാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന സൂചനയും ആ കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി. ഒക്ടോബര്‍ 13 തിരുസഭ ഫാത്തിമ മാതാവിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലം ഇതാണ്.

ഒക്ടോബര്‍ മാസം ജപമാല ചൊല്ലുന്നതിന് നീക്കിവെക്കുമ്പോള്‍ അമ്മയുടെ ചൈതന്യം നമ്മിലേക്ക് ഒഴുകിവരുവാനുള്ള അവസരം ഉണ്ടാകുന്നുവെന്നതാണ് സത്യം.

Featured Posts