

എന്‍റെ ബാല്യകാലത്ത് വീട്ടില്‍ നിന്നിരുന്ന
പന്ത്രണ്ടുവയസുകാരി റോസിക്കും
ഞാനാദ്യമായി കമ്മലിട്ടപ്പോള്‍ കമ്മലില്ലാത്തതിന്
വള്ളിച്ചോട്ടില്‍നിന്ന് സങ്കടപ്പെട്ട ലില്ലിക്കും
ട്രെയിന്‍യാത്രക്കിടയില്‍ കണ്ട
പലവര്‍ണമാലകള്‍ വിറ്റുനടന്ന
പിഞ്ചുകുഞ്ഞുങ്ങള്‍ക്കും
വഴിയോരത് തെ പൊങ്ങിപ്പറക്കുന്ന പൊടിയില്‍
തീവെയില്‍ കൊണ്ട്
ഭിക്ഷാടനം നടത്തുന്ന
കുഞ്ഞുവാവകള്‍ക്കും
മക്കളോടൊപ്പം ഹോട്ടലിലിരുന്നു
ഭക്ഷണം കഴിച്ചപ്പോള്‍
ആഴങ്ങളുള്ള ദൈന്യനോട്ടത്താലെന്നെ
കുറ്റബോധത്തിലാഴ്ത്തിയ
വരണ്ടുണങ്ങിയ കൈവിരലുകളുള്ള
ആ ബാലനും
ദിവസേന നൂറുരൂപ
ഭിക്ഷനേടാന്‍ വിധിക്കപ്പെട്ട് വന്നപ്പോള്‍
മേശമേലിരുന്ന ഓടക്കുഴല്‍
കണ്ടുകൊതിച്ച്
അതു കൊണ്ടുപോയ
പത്തുവയസുകാരനും
പിന്നെ എന്‍റെ എല്ലാ മക്കള്‍ക്കും
സ്നേഹബാഷ്പത്താലോരര്‍ച്ചന...
സഞ്ചരിക്കാനേറെ ദൂരമുണ്ടായിട്ടും
ത ൊട്ടരികെ നിന്നാണ് കരച്ചിലുകള്‍
ഞെരിഞ്ഞുടയുന്ന കുഞ്ഞസ്ഥികൂടങ്ങളാണ്
എന്‍റെ കുഞ്ഞുങ്ങള്‍
പാതിരാവോളം എനിക്കായ്
പട്ടുടയാടകള്‍ നെയ്തുനെയ്ത്
ആ ചെറുവിരലുകള്‍ പൊട്ടിപ്പോയ
കുഞ്ഞടരുകള്‍ പോലെയാകുന്നു
കഴുകന്‍റെ കാല്‍വണ്ണകളിലെ
മിനുമിനുപ്പില്‍
കരിഞ്ഞുതീരാറായ ദൈന ്യതയാണ്
തൊടുന്നത്
എന്‍റെ കുഞ്ഞുങ്ങള്‍
മരണത്തോളം തണുത്തവര്‍
നിലാവു കാണാതെ
പുന്നാരം പറയാതെ
എച്ചില്‍മേശകളെ കഴുകിത്തുടയ്ക്കുന്ന
ബാല്യത്തുടുപ്പുകള്‍
ഒരു കൈത്തലോടല്‍ പോലും നല്‍കാതെ
തണുത്ത മധുരം നുണയുന്ന
തിരക്കിലായിരുന്നു ഞാന്‍
കാറ്റനക്കങ്ങളില്‍ കൂടാരച്ചുമരുകളില്‍
ഇലകൊഴിഞ്ഞ മരങ്ങളുടെ നിഴലുകള്‍
പതിയുന്നുണ്ട്
ഹൃദയം ഛേദിച്ചെടുത്ത്
ഒരു പൈതല്‍ നോട്ടത്തിന്‍റെ തീച്ചൂളയിലിട്ട്
പൊള്ളിക്കണമെനിക്ക്
ഇന്നലെ അയാളുടെ കറുത്ത ഷൂ
മിനുക്കിക്കൊടുത്തതും
മഞ്ഞുമഴയത്തിരുന ്ന്
കത്താത്ത തീ പുകച്ചതും
വയറെരിഞ്ഞപ്പോള്‍ പീടികച്ചില്ലിലെ
അപ്പം കണ്ടു വിശപ്പാറ്റിയതും
തരിമണിമുത്തുകള്‍ കോര്‍ത്ത
മാലകള്‍ നീട്ടിയെന്നെ കൊതിപ്പിച്ചതും
അമ്മയെപ്പോലാരോ എന്നു കരുതി
ഞാനറിയാതെന്നെ നോക്കിനിന്നതും
യജമാനന്‍റെ നിറപ്പകര്‍ച്ചകള്‍ക്കിടയിലും
പകലന് തിയോളം വേലചെയ്തതും
പനിപിടിച്ചപ്പോഴും ഒന്നും മിണ്ടാതെ
വിറച്ചു നടന്നതും
എന്‍റെ കുഞ്ഞുങ്ങളായിരുന്നോ
എവിടെയവര്‍
ഏതു പ്രായശ്ചിത്തമാണിനിയെന്‍റെ
ശാപമോക്ഷം
കാല്‍ച്ചുവട്ടില്‍ ചതഞ്ഞുപോയ
പൂവിതളിനോടിനി
എന്തു സമാധാനം പറയണം
അതുകൊണ്ട്
ഇനിയെന്‍റെ കുഞ്ഞുങ്ങള്‍ക്കായിരിക്കട്ടെ
എന്‍റെ മോക്ഷങ്ങളൊക്കെയും






















